ഡിബുക്ക് ബോക്സ്

Spread the love

അടുത്തിടെ ഇറങ്ങിയ എസ്ര എന്ന ചലച്ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒന്നാണ് dybukk box. ജൂതമത വിശ്വാസപ്രകാരം ഗതികിട്ടാതെ മരണമടഞ്ഞ ജൂതന്റെ ആത്മാവിനെ വിളിക്കുന്ന പേരാണ് ഡിബുക്ക്. ഡിബുക്ക് എന്ന ഹീബ്രു വാക്കിന് മലയാളത്തിൽ “വിടാതെ പിടിച്ചിരിക്കുന്നത്” എന്നതാണ് തർജ്ജിമ. ഇത്തരം ആത്മാക്കളെ അടക്കം ചെയ്തു എന്ന് വിശ്വസിക്കുന്ന വൈൻ പെട്ടികളെയാണ് ഡിബുക്ക് ബോക്സ് എന്ന് വിളിക്കുന്നത്. ഒരിക്കൽ ഈ ആത്മാക്കളെ സ്വതന്ത്രരാക്കിയാൽ അത് ഒരു ശരീരത്തിലേക്ക് (Host body) പ്രവേശിക്കുകയും, ആ ആത്മാവിന്റെ ലക്ഷ്യത്തിനായി ആ ശരീരത്തെ ഉപയോഗിക്കുകയും, ആവിശ്യത്തിന് ശേഷം ആ ശരീരം വിട്ടു പോവുകയും ചെയ്യും എന്നാണ് വിശ്വാസം. ഡിബുക്ക് ക്രൂരകൃത്യങ്ങൾ മാത്രമല്ല, സഹായങ്ങൾ ചെയ്യാനും കഴിവുള്ള ആത്മാവാണ് (അറബിക്കഥകളിലെ ഭൂതങ്ങളെ പോലെ) .
ഡിബുക്ക് എന്ന വാക്ക് ആദ്യമായി വരുന്നത് പതിനാറാം നൂറ്റാണ്ടിലെ ലിഖിതങ്ങളിലാണ്. എന്നാൽ എസ്. ആൻസ്കിയുടെ “ദി ഡിബുക്ക് ” എന്ന നാടകത്തിലൂടെയാണ് ഡിബുക്ക് എന്ന വാക്കു ജനങ്ങൾ ശ്രദ്ധിക്കുന്നത്. ഗതികിട്ടാത്ത ആത്മാവിനെ ഡിബുക്ക് പെട്ടികളിലേക്ക് ആവാഹിക്കുകയും ആ പെട്ടികൾ തുറക്കാതെ ഭദ്രമായി സൂക്ഷിച്ചു വെക്കുന്നു എന്നെല്ലാം കഥകൾ ഉണ്ട്..
ഡിബുക്ക് ബോക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 2012-ൽ അമേരിക്കയിലെ പോർട്ട്ലാൻഡ് നിവാസിയായ കെവിൻ മാന്നിസ്‌ എന്നയാളാണ്. അതെ, വെറും 5 വർഷം മുൻപ്. പുരാവസ്തുക്കളുടെ വ്യാപാരം ചെറിയ തോതിൽ നടത്തിവന്നിരുന്ന എഴുത്തുകാരൻ കൂടിയായ കെവിൻ മാന്നിസ് 2003-ൽ ഒരു എസ്റ്റേറ്റ് വ്യാപാരത്തിന്റെ ഭാഗമായാണ് ഒരു വൈൻ ക്യാബിനറ്റ് വാങ്ങുന്നത്. പുരാവസ്തു മൂല്യവും കാഴ്ചയിലെ അസാധാരണത്വവും ആയിരുന്നു കെവിനെ ആകർഷിച്ചത്. ആ ക്യാബിനറ്റ് കെവിന് ലഭിക്കുന്നതിന് മുൻപ് ഹിറ്റ്ലറുടെ കൂട്ടക്കുരുതിയിൽ നിന്നും രക്ഷപെട്ട്, സ്പെയിനിൽ കുടിയേറിയ പോളണ്ട്കാരിയായ ഹവേല എന്ന സ്ത്രീയിൽ കൈവശമായിരുന്നു. ഹവേലയുടെ കൊച്ചുമകളുമായി ആശയവിനിമയം നടത്തിയപ്പോൾ ആ പെട്ടി ഹവേല സ്പെയ്നിൽ നിന്നും വാങ്ങിയതാണ് എന്ന് അറിയാൻ കഴിഞ്ഞു.ആ പെട്ടി പാരമ്പരാഗതമായ സ്വത്താണെന്നു മനസിലാക്കിയ കെവിൻ, അത് ഹവേലയുടെ കൊച്ചുമകൾക്ക് തിരിച്ചുകൊടുക്കാം എന്ന് പറഞ്ഞു. പക്ഷെ കൊച്ചുമകളുടെ മറുപടി കെവിനെ ഞെട്ടിച്ചു. “ഞങ്ങൾക്കത് വേണ്ട. ആ പെട്ടി മുത്തശ്ശിയുടെ തയ്യൽമുറിയിൽ സൂക്ഷിച്ചിരുന്നതാണ്. അതിനുള്ളിൽ ഡിബുക്ക് വസിക്കുന്നുണ്ട്.”
കെവിൻ ആ പെട്ടി തുറന്നു നോക്കാൻ തീരുമാനിച്ചു. പെട്ടി തുറന്നപ്പോൾ വിചിത്രമായ കുറെ വസ്തുക്കൾ ആയിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്. 1920-കളിലെ കുറെ നാണയങ്ങൾ, ചരട് കൊണ്ട് കെട്ടിയ സ്വർണനിറത്തിലും (Blond), കറുത്തതും ആയ തലമുടിയുടെ രണ്ടു ചെറിയ കെട്ടുകൾ, “ശാലോം” എന്ന് ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്ത ഒരു ചെറിയ പ്രതിമ, ഒരു ചെറിയ സ്വർണ പാനപാത്രം, നീരാളിയുടെ കാലിന്റെ രൂപത്തിലുള്ള ഒരു മെഴുകുതിരി സ്റ്റാൻഡ് എന്നിവയാണ് ആ പെട്ടിയിൽ ഉണ്ടായിരുന്നത്.
കെവിൻ തന്റെ അമ്മക്ക് ഈ പെട്ടി പിറന്നാൾ സമ്മാനമായി കൊടുക്കുകയുണ്ടായി. അന്ന് തന്നെ കെവിന്റെ അമ്മക്ക് പക്ഷാഘാതം ഉണ്ടായി. തുടർന്ന് ഒരുപാട് പേടിപ്പെടുത്തുന്ന അനുഭവങ്ങളും ദുസ്സ്വപ്നങ്ങളും മൂലം കെവിന്റെ കുടുംബം പൊറുതിമുട്ടി. അങ്ങനെ കെവിൻ ആ പെട്ടി വിൽക്കാൻ Ebay-ൽ പരസ്യം നൽകി. വൈൻ ക്യാബിനറ്റ് എന്ന പേരിലാണ് ആ പരസ്യം നൽകിയത്. ലേലത്തിൽ വിൽക്കുവാനാണ് ഉദ്ദേശിച്ചത്. മേൽപ്പറഞ്ഞ പരസ്യത്തിന്റെ ഡിസ്ക്രിപ്ഷൻ കോളത്തിൽ ആണ് “ഡിബുക്ക് ബോക്സ്” എന്ന പദപ്രയോഗം കെവിൻ കൂട്ടിച്ചേർത്തത്. അങ്ങനെ ഡിബുക്ക് ബോക്സ് ലേലത്തിൽ വിറ്റുപോയി. എന്നാൽ കയ്യിലെത്തുന്ന ഓരോ ഉടമക്കും ദുരനുഭവങ്ങളുടെ പരമ്പരതന്നെ ഉണ്ടായപ്പോൾ, ഡിബുക്കിന്റെ പ്രവർത്തികളാണ് അതിനെല്ലാം കാരണം എന്നവർ വിശ്വസിച്ചു.
ഡിബുക്ക് ബോക്സ് കൈവശം വെച്ചവർക്കെല്ലാം രാത്രികാലങ്ങളിൽ പൂച്ചമൂത്രത്തിന്റെയും മുല്ലപ്പൂക്കളുടെയും മണം അനുഭവിക്കാറുണ്ടത്രെ. അവരെല്ലാം ഒരു വയസായ സ്ത്രീയെ ദുസ്വപ്നം കാണുകയും ചെയ്യാറുണ്ട് എന്ന് വെളിപ്പെടുത്തി. ഏറ്റവും അവസാനമായി ഡിബുക്ക് ബോക്സ് Ebay-ൽ നിന്ന് വാങ്ങിയ ഇയോസീഫ് എന്നയാളിന്റെ വീട്ടിൽ ബൾബുകൾ അകാരണമായി പൊട്ടുകയും ഇയോസിഫിന്റെ അനിയന്ത്രിതമായി മുടികൊഴിയുകയും ചെയ്തു. ഇയോസിഫിന്റെ അനുഭവം ബ്ലോഗിലൂടെ അറിഞ്ഞ ജേസൺ ഹസ്റ്റോൺ എന്ന മ്യുസിയം ഡയറക്ടർ ഡിബുക്ക് ബോക്സ് വാങ്ങാൻ തയ്യാറായി. ഡിബുക്കിനെ കീഴ്പ്പെടുത്തി ദുരൂഹത ഇല്ലാതാക്കുകയായിരുന്നു ജേസന്റെ ലക്‌ഷ്യം. എന്നാൽ ജേസണും ദുരനുഭവങ്ങളുണ്ടായി രക്തം ചുമച്ചു തുപ്പുകയും, ത്വക്ക് രോഗങ്ങൾ ഉണ്ടാവുകയും ചെയ്തു. എങ്കിലും ജേസൺ ജൂതപുരോഹിതന്മാരായ റബ്ബായ്മാരുടെ സഹായത്തോടെ ഡിബുക്ക് ബോക്സ് വീണ്ടും വിധിപ്രകാരം സീൽ ചെയ്തു,ഒരു സ്ഥലത്തു സൂക്ഷിച്ചിരിക്കുന്നു. ജേസണ് മാത്രം അറിയാവുന്ന ഏതോ ഒരു സ്ഥലത്താണ് നിലവിൽ ആ ഡിബുക്ക് ബോക്സ്.
ശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്ത രഹസ്യമായി ഡിബുക്ക് ബോക്സ് ഇന്നും എവിടെയോ നിഗൂഢതയിൽ ആരെയോ കാത്തിരിക്കുന്നു. 

Leave a Reply