ഇരുട്ടിന്റെ മറവിൽ കഞ്ചാവ് കച്ചോടം

Spread the love

എന്‍റെ ഫ്രണ്ട് സര്‍ക്കിളിലെ ഒരു സുഹൃത്തിന്‍റെ അച്ഛന്‍ അറവുകാരനാണ്, അവനും ഇടയ്ക്കൊക്കെ അച്ഛനെ പോയി സഹായിക്കുന്ന ശീലമുണ്ട്. സ്കൂള്‍ കാലം തൊട്ട് ഇവനെ സ്ഥിരമായി കൂടെ കൂട്ടിയിരുന്നെങ്കിലും ഒരു സ്ഥലത്ത് മാത്രം അച്ഛന്‍ ഇവനെ കൊണ്ട് പോയിട്ടില്ല. ഇവിടെ പഷ്ണിത്തോട് എന്നൊരു തോടുണ്ട്, ഹൈവേയില്‍ തോടിന് കുറുകെയായി ഒരു പാലവും. ഏതാനും വര്‍ഷം മുന്‍പ് വരെ പാലത്തിന് കീഴെയായി അറവ് നടന്നിരുന്നു (ഇപ്പോഴുണ്ടോന്ന് അറിയില്ല).

ഞങ്ങളുടെ +2 വെക്കേഷന്‍ സമയം. ഏതോ ഒരു കല്യാണത്തിന് ഓര്‍ഡര്‍ കൊടുക്കാനുള്ളതിനാല്‍ അച്ഛനും സഹായികളും സ്ഥലത്തില്ലായിരുന്നു. ആ സമയമാണ് ഇവിടെത്തെക്ക് ഒരു അത്യാവശ്യ ഓര്‍ഡര്‍ വന്നത്, പെട്ടെന്ന് പാലത്തിന്‍റെ അടിയിലേക്ക് എത്തണം. അച്ചന്‍റെ കൂടെയുള്ള കുഞ്ഞപ്പന്‍ ചേട്ടന്‍ സ്ഥലത്തുണ്ട്, പക്ഷെ പുള്ളിക്ക് ഒറ്റയ്ക്ക് പണിയാന്‍ പറ്റില്ല. ആരെങ്കിലും കൂടെ വേണം എന്ന് പറഞ്ഞു. മനസ്സില്ലാമനസ്സോടെ അച്ഛന്‍ അവനെ പറഞ്ഞയച്ചു, അങ്ങിനെ അവന്‍ പാലത്തിന്‍റെ കീഴെ, തോടിന്‍റെ കരയില്‍ ആദ്യമായി പണിക്കെത്തി.

ഇനി തോടിനെക്കുറിച്ച് പറയാം. പലതവണ മൃതദേഹങ്ങള്‍ ഒലിച്ചു നടക്കുന്നത് കാണപ്പെട്ട തോടാണ് ഈ പഷ്ണിത്തോട്. കൂടാതെ ഇതിന്‍റെ കരയില്‍ ഒരിടത്തായി ഒരു നാഗക്ഷേത്രവും, അതിനോട് അനുഭന്ധിച്ച് കര്‍മ്മങ്ങള്‍ ഒക്കെ നടത്തുന്ന ഒരു സ്ഥലവും ഉണ്ട്. അവിടത്തെ ആള്‍ എന്‍റെ അച്ചന്‍റെ സുഹൃത്തായിരുന്നു, ചെറുപ്പത്തില്‍ ഞങ്ങളാ തോടിന്‍റെ കരയില്‍ താമസിച്ചിരുന്നപ്പോള്‍, തോടിലൂടെ ഒഴുകി വരുന്ന ഒന്നും എടുക്കരുതെന്ന് ഞങ്ങളെ അയാള്‍ warn ചെയ്തിരുന്നു. ഒരിക്കല്‍ ഒരു മൃതദേഹം ഒഴുകിപ്പോകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി മറ്റൊന്നും തന്നെ ഞങ്ങളാരും കണ്ടിട്ടില്ല. സ്ഥിരമായി അതിന്‍റെ കരയിലിരുന്നാണ് ഞാന്‍ രാത്രി ഫോണ്‍ ചെയ്തിരുന്നത്.

ഇനി സംഭവത്തിലേക്ക്.

ഫ്രണ്ട് അവിടെയെത്തി, വര്‍ക്ക് തുടങ്ങി. കൊതുകിന്‍റെ ശല്യമല്ലാതെ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. അവിടെ സഹായത്തിന് രണ്ട് മൂന്ന് പേരുണ്ടായിരുന്നത് കൊണ്ട് മൂന്ന് മണിക്ക് മുന്‍പേ സംഭവം കഴിഞ്ഞ് വണ്ടി ലോഡ് ചെയ്തു. വര്‍ക്ക് കഴിഞ്ഞതും, അവിടെ സഹായത്തിന് നിന്നിരുന്നവര്‍ എല്ലാവരും സ്വിച്ചിട്ട പോലെ ഓടി വണ്ടിയില്‍ കയറി. കുഞ്ഞപ്പന്‍ ചേട്ടന്‍ അവനോടും വണ്ടിയിലേക്ക് കയറാന്‍ പറഞ്ഞു, പക്ഷെ അതിലൊരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ല.

അവന്‍ പറഞ്ഞു ‘ഇവിടെ അടുത്തല്ലേ, ഞാന്‍ നടന്നോളാം’.

കുഞ്ഞപ്പന്‍ ചേട്ടന്‍ അത് സമ്മതിച്ചില്ല, ‘ഞാന്‍ വന്നിട്ട് പോകാം. ഇത് മാര്‍ക്കറ്റില്‍ ഇറക്കിയിട്ട്‌ വേഗം തിരിച്ച് വരാം’. എന്നിട്ട് പതുക്കെ അവന്‍റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു: ‘അകത്ത് ഷെഡില്‍ പോയി ഇരുന്നോ, കുറച്ച് ചോരയെടുത്ത് കാലില്‍ തേച്ചിട്ട് ഇരുന്നാല്‍ മതി. പിന്നെ വെള്ളത്തിന്‍റെ അടുത്തേക്ക് പോകണ്ട.’ അവന് ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞപ്പന്‍ ചേട്ടന്‍ പറഞ്ഞപോലെ അല്പം ചോരയെടുത്ത് കാലില്‍ തേച്ചിട്ട് അവന്‍ ഷെഡില്‍ കയറിയിരുന്നു. കുഞ്ഞപ്പനും, ഗ്യാങ്ങും വണ്ടിയെടുത്ത് നീങ്ങി. കുറച്ചുനേരം ഒരു ബീഡിയൊക്കെ കത്തിച്ച് അവിടിരുന്ന് അവന്‍ പതുക്കെ മയങ്ങിപ്പോയി, ഇടയ്ക്ക് കൊതുക് കടി കൊണ്ടപ്പോഴാണ് എഴുന്നേറ്റത്. പതുക്കെ എണീറ്റ്‌ ഒരു കൊതുകുതിരി കത്തിച്ച് വീണ്ടും കിടന്നു. സിമന്‍റ് തറയായതിനാല്‍ കിടപ്പ് ഒട്ടും സുഖമല്ല. ഇടയ്ക്ക് തോട്ടില്‍ നന്നായി ഓളം വെട്ടുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്, അതിലൂടെ സ്ഥിരമായി ചെറിയ ബോട്ടുകള്‍ ഒക്കെ പോകുന്നതാണ്. പക്ഷെ മോട്ടോറിന്‍റെ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല, കൈ കൊണ്ട് തുഴയുന്ന വള്ളങ്ങള്‍ക്ക് ഇത്ര ശബ്ദവും ഉണ്ടാകില്ല. കുറെ നേരം ഇത് തന്നെ കേട്ട് കിടന്ന ശേഷം അവന്‍ ഉറങ്ങിപ്പോയി. പിന്നെ എപ്പോഴോ കുഞ്ഞപ്പന്‍ ചേട്ടന്‍ സൈക്കിളില്‍ വന്ന് അവനെ വിളിച്ചു, രണ്ട് പേരും വീട്ടിലേക്ക് പോയി.

പിറ്റേന്ന് അച്ഛന്‍ വന്നപ്പോള്‍ അവനെ വിളിച്ചിട്ട് ഇനി നീ അങ്ങോട്ട്‌ പണിക്ക് പോകണ്ട എന്ന് പറഞ്ഞു. കാരണം ഒന്നും ചോദിച്ചിട്ട് പറഞ്ഞില്ല. ഇത്രയും ആയപ്പോഴേക്കും ഞങ്ങള്‍ക്ക് സംശയമായി. അങ്ങിനെ ഞങ്ങള്‍, ഞങ്ങളുടെതായ രീതിയില്‍ അന്വേഷണം തുടങ്ങി. ആദ്യം ഇവന്‍റെ കഥ തന്നെ ഒന്ന് evaluate ചെയ്തു, അവന്‍ പറഞ്ഞത് പ്രകാരം കുഞ്ഞപ്പന്‍ ചേട്ടന്‍ വന്നപ്പോള്‍ അവനെ വിളിച്ചുണര്‍ത്തിയിട്ട് മൂലയില്‍ കത്തിച്ച് വച്ചിരുന്ന കൊതുകുതിരിയിലേക്കും നോക്കി രണ്ട് മിനിറ്റ് നിന്നു, എന്നിട്ട് വേഗത്തില്‍ അവനെയും കൊണ്ട് സൈക്കിളില്‍ കയറി പോയി. പോകും മുന്‍പ് അവന്‍റെ കാലില്‍ ചോര തേച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

ഞങ്ങള്‍ ആദ്യം കുഞ്ഞപ്പന്‍ ചേട്ടനെ പോയി കണ്ടു. പുള്ളിയും അച്ഛനെപ്പോലെ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, അങ്ങോട്ട്‌ പോകരുതെന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. ഞങ്ങള്‍ നേരെ പാലത്തിന്‍റെ അക്കരയുള്ള സുഹൃത്തുക്കളെ പോയിക്കണ്ടു, എന്നിട്ട് ഈ തോടിന്‍റെ കരയില്‍, ആ ഭാഗങ്ങളിലായി താമസിക്കുന്ന അവരുടെ പരിചയക്കാരോട് സംഭവങ്ങള്‍ ഒക്കെ അന്വേഷിപ്പിച്ചു. കാര്യം സിമ്പിളാണ്, അറവ് നടക്കുന്ന സ്ഥലമായതിനാല്‍, അവിടത്തെ പണിക്കാരല്ലാതെ അധികമാരും അങ്ങോട്ട്‌ പോകാറില്ല. ആരും പോകാത്ത സ്ഥലമായത് കൊണ്ട് സ്വാഭാവികായി അവിടെ കഥകളും വന്ന് നിറഞ്ഞു. കൂടാതെ അവിടെ വച്ചാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഴുകിവന്ന ഒരു പെണ്ണിന്‍റെ ശരീരം വലിച്ചു കയറ്റിയതും, പരിശോധിച്ചതും. അതോടൊപ്പം നാഗക്ഷേത്രത്തില്‍ നിന്ന് കുടത്തിലാക്കി വിടുന്ന ആത്മാക്കള്‍ ഒക്കെ ഇവിടെ എത്തുമ്പോള്‍ റിലീസ് ആകും, എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കഥകളും, രാത്രി അതിലേ പോയവര്‍ കണ്ട രൂപങ്ങളുടെ വര്‍ണ്ണനകളും കേട്ടു. ഇതൊക്കെ കേട്ടിട്ട് അവിടെ പണിക്ക് നില്‍ക്കുന്നവര്‍ക്ക് വരെ രാത്രി ഒറ്റയ്ക്ക് നില്‍ക്കാന്‍ പേടിയായിരുന്നു. എന്തായാലും ഒരു രാത്രി അവിടെ തങ്ങി എന്ത് സംഭവിക്കും എന്ന് നോക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

അടുത്ത ചൊവ്വാഴ്ച്ച ദിവസം രാത്രിയായിരുന്നു അതിനായി തിരഞ്ഞെടുത്തത്, ഒരു സുഹൃത്ത് ഗള്‍ഫില്‍ പോകുന്നത് കൊണ്ട് രാത്രി അവിടെയായിരിക്കും എന്ന് വീട്ടില്‍ പറഞ്ഞ് മുങ്ങി. അന്നവിടെ വര്‍ക്ക് ഒന്നുമില്ലെന്ന് ആദ്യം ഉറപ്പ് വരുത്തിയെങ്കിലും രാത്രി പത്തര വരെ അവിടെ ചെറിയ പണികള്‍ ഒക്കെ ഉണ്ടായിരുന്നു. ഞങ്ങള്‍ പതുക്കെ അടുത്തുള്ള ഷാപ്പില്‍ കയറി ഫുഡ് കഴിച്ച് പതുക്കെ വച്ച് പിടിച്ചപ്പോള്‍ അവിടെ ആളും വെളിച്ചവും ഉണ്ട്, ഉടനെ റൂട്ട് മാറ്റി പാലത്തിന്‍റെ അക്കരെ പോയി ഇവിടെ ലൈറ്റ് കെടുന്നതും നോക്കിയിരുന്നു. പത്ത് കഴിഞ്ഞതും ലൈറ്റ് കെട്ടു, ഇറച്ചിയൊക്കെ വണ്ടിയില്‍ കയറ്റി അവര്‍ പോയെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട്‌ വച്ച് പിടിച്ചു. പാലത്തിന്‍റെ അടിയിലായി ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ട്, അതില്‍ നിന്നും ഒരു മുപ്പത് മീറ്റര്‍ ദൂരത്തിലാണ് ഇവരുടെ ഷെഡ്‌. അവിടെ ലൈറ്റ് ഉണ്ടെങ്കിലും ഇട്ടില്ല, ആരെങ്കിലും കണ്ട് വന്നാലോ എന്ന് കരുതി.

പന്ത്രണ്ടര വരെ ഞങ്ങളവിടെ കഥയും പറഞ്ഞിരുന്നു. ഇടയ്ക്കൊക്കെ വെള്ളത്തിലൂടെ വഞ്ചികള്‍ പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഇറങ്ങി നോക്കും, വഞ്ചിക്കാരെയും കണ്ട് അകത്ത് കയറും. അവന്‍റെ മുടിഞ്ഞ ബീഡിവലി കാരണം അകത്ത് ഇരിക്കാന്‍ തന്നെ പാടായിരുന്നു, കൊതുകിന്‍റെ ശല്യം കൊണ്ട് മാത്രമാണ് പുറത്ത് ഇരിക്കാഞ്ഞത്. ഷെഡിന്‍റെ അകത്ത് അത്ര വൃത്തിയില്ലാത്തതിനാല്‍ ഞങ്ങള്‍ ഒരു തൂണില്‍ ചാരിയാണ് കിടന്നത്. മൂലയ്ക്ക് ഒരു കൊതുകുതിരിയും കത്തിച്ച് വച്ചിരുന്നു. ഏതാണ്ട് രണ്ട് – മൂന്ന് മണി ആയിട്ടുണ്ടാകും, തോട്ടില്‍ ഭയങ്കരമായിട്ട് ഓളം വെട്ടുന്ന ശബ്ദം കേട്ടിട്ടാണ് ഞങ്ങള്‍ എഴുന്നേല്‍ക്കുന്നത്. അവന്‍ പറഞ്ഞപോലെ വെള്ളത്തിന്‍റെ ഭയങ്കര ശബ്ദം, പക്ഷെ ബോട്ട് ഒന്നും പോകുന്ന ശബ്ദമില്ല. പതുക്കെ ഇറങ്ങി നോക്കിയപ്പോ നല്ല ഓളമുണ്ട്, പക്ഷെ ബോട്ട് ഒന്നും വന്നതായോ പോയതായോ കാണുന്നില്ല. ഞങ്ങള്‍ പിന്നെയും ഉറങ്ങാന്‍ കിടന്ന് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും അതേ ശബ്ദം. ഇത്തവണയും വെള്ളം നന്നായി ഇളകുന്നുണ്ട്, ഒന്നും പോയതായി തോന്നുന്നില്ല. എണീറ്റപാടെ അവന്‍ ഫോണിലെ ടോര്‍ച്ച് തെളിച്ച് അവന്‍റെ ലൈറ്റര്‍ തപ്പാന്‍ തുടങ്ങി, ആ സമയമാണ് ഞങ്ങള്‍ മറ്റൊരു കാഴ്ച്ച കണ്ടത്. മൂലയ്ക്ക് കത്തിച്ച് വച്ചിരുന്ന കൊതുകുതിരിയുടെ പുക, ഒരു കാറ്റ് പോലും ഇല്ലാഞ്ഞിട്ടും അത് പടര്‍ന്നാണ് പൊങ്ങുന്നത്, ആരോ ഊതി അകറ്റുന്ന പോലെ. നേരത്തെ കത്തിച്ച് വച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചതാണ്, അതിന്‍റെ പുക സ്ട്രൈറ്റ്‌ ആയിരുന്നു.

ഞങ്ങള്‍ പതുക്കെ പുറത്തിറങ്ങി ചുറ്റും ഒന്ന് നടന്നു. വെള്ളത്തിന്‍റെ അടുത്തേക്ക് ചെന്നപ്പോള്‍ വല്ലാതെ ഓളം വെട്ടുന്നുണ്ട്, ഇപ്പോഴും എന്തോ അതിലൂടെ പാസ് ചെയ്യുന്നുണ്ടെന്ന പോലെ. അത് കണ്ടപ്പോ കുറച്ചൊക്കെ പേടിയായി, എങ്കിലും രണ്ടാളും പേടി പുറത്ത് കാണിച്ചില്ല. അവന്‍ പതുക്കെ ഒരു കല്ലെടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞു, സൈഡില്‍ കിടന്ന അറുത്തതിന്‍റെ ഇച്ചിരി വേസ്റ്റ് ഞാനും തട്ടില്‍ വെള്ളത്തിലേയ്ക്ക് ഇട്ടു. പതുക്കെ വെള്ളം ശാന്തമായി, ഞങ്ങള്‍ അകത്തേക്ക് കയറി തറയില്‍ ഇരുന്നു, ഉറങ്ങാന്‍ പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ശബ്ദം, പക്ഷെ അത്ര ഉച്ചത്തിലല്ല. ഞങ്ങള്‍ ഇറങ്ങാതെ അകത്ത് നിന്ന് തന്നെ നോക്കി, അതാ തോടിന്‍റെ മറുവശത്തായി ഇരുട്ടില്‍ എന്തോ നീങ്ങുന്നു. മറുകരയോട് ചേര്‍ന്ന് നീങ്ങുന്നതിനാല്‍ ഒട്ടും വ്യക്തമായി കാണാന്‍ പറ്റുന്നില്ലായിരുന്നു. എന്തോ അതിലെ പോകുന്നുണ്ട് എന്നതൊഴിച്ചാല്‍ അതിന്‍റെ രൂപമൊന്നും പറയാന്‍ ഒക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ആ അനക്കം ഇല്ലാതായി, ഞങ്ങള്‍ ഉറങ്ങാതെ കാത്തിരുന്നു. ഏതാണ്ട് അരമണിക്കൂറിന് ശേഷം വീണ്ടും ആ ശബ്ദം കേട്ടു, ഇത്തവണ തിരികെ പോകുന്നത് പോലെ. പിന്നെ ഞങ്ങളവിടെ നിന്നില്ല, പതുക്കെ അവിടന്നിറങ്ങി ഫ്രണ്ടിന്‍റെ വീടിന്‍റെ ടെറസ്സില്‍ പോയി കിടന്നു.

രാവിലെ എണീറ്റപ്പോഴാണ് ട്വിസ്റ്റ്. രണ്ട് പേരുടെയും കാലിലും, ചെരുപ്പിന്‍റെ അടിയിലും ഒക്കെ ചോര. വേഗം കാലും കഴുകി ഒരു കാലിച്ചായയും കുടിച്ച് പാലത്തിന്‍റെ അടിയിലേക്ക് വിട്ടു. നോക്കിയപ്പോള്‍ ഇന്നലെ പണിക്ക് നിന്നിരുന്നവര്‍ അവിടെ മുഴുവനായി ക്ലീന്‍ ചെയ്തിരുന്നില്ല, അതിന്‍റെ ചോരയാണ് ഞങ്ങള്‍ ചവുട്ടി കയറ്റിയത്. പക്ഷെ ബാക്കിയുള്ള സംഭവങ്ങള്‍ക്ക് ഒന്നും വിശദീകരണമില്ല.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളവിടെ പോയ കാര്യം എങ്ങിനെയോ കുഞ്ഞപ്പന്‍ ചേട്ടന്‍ അറിഞ്ഞു, പുള്ളി ഞങ്ങളെ വിളിച്ച് ചോദിക്കുകയും ചെയ്തു: ‘ഭാഗ്യം കൊണ്ടാ നിങ്ങള് രക്ഷപ്പെട്ടത്, അവിടെ പണി നടന്ന് കിടന്നത് കൊണ്ട് നിലത്ത് ചോരയുണ്ടായിരിക്കും. അത് കൊണ്ടായിരിക്കും നിങ്ങള്‍ രക്ഷപ്പെട്ടത്, ഇനി മേലാല്‍ അവിടെ കണ്ട് പോകരുത്’. പക്ഷെ ഞങ്ങള്‍ പിന്നെയും അവിടെ പോയി, സമാന അനുഭവങ്ങളും ഉണ്ടായി. എങ്കിലും മാസങ്ങള്‍ എടുത്തു, ഞങ്ങള്‍ രാത്രി കണ്ട രൂപം എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍. അത് മറ്റൊന്നും ആയിരുന്നില്ല, അവിടെ കുറച്ചു മാറി ഒരു വീട്ടില്‍ കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നു. രാത്രി അങ്ങോട്ട്‌ കൊച്ച് വള്ളത്തില്‍ വന്നവരെയാണ് ഞങ്ങള്‍ കണ്ടത്. ആ വീട്ടിലെ ആളെ പോലീസ് പൊക്കിയപ്പോഴാണ് ഈ പോക്ക്-വരവിന്‍റെ കഥയൊക്കെ പുറത്ത് വന്നത്, അവരുടെ കച്ചവടവും, സ്റ്റോക്ക് എടുക്കലും ഒക്കെ രാത്രി മാത്രമാണ്. അതും ഫുള്‍ ഇരുട്ടിന്‍റെ മറവില്‍. പലപ്പോഴും ഇവരുടെ പോക്ക് കണ്ടാണ്‌ ആളുകള്‍ പേടിച്ചിട്ടുണ്ടാവുക. 

Leave a Reply