മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ

Spread the love

എന്റെ സുഹൃത്തിനു വടക്കേ ഇന്ത്യയിൽ ആയിരുന്നു ജോലി. ചെന്നെ നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടി. കുടുംബം നാട്ടിൽ ആയതുകൊണ്ടും , അവനു എപ്പോളും ഔദ്യോഗിക യാത്ര ഉള്ളത് കൊണ്ടും ഒറ്റക്കാണ് താമസം. ചെന്നൈയിൽ വന്നു 2 ദിവസ്സം ഹോട്ടലിൽ താമസിച്ചു. പിന്നീട് 3 നിലകൾ ഉള്ള ഒരു ഫാളാറ്റുകളുടെ ഇടയിൽ ഒരു ഫ്‌ളാറ്റിൽ ഗ്രൗണ്ട് ഫ്ലോർ കിട്ടി. രണ്ടു മുറി അടുക്കള ഒരു ഹാൾ. അവൻ ഒറ്റയ്ക്ക് ആയതുകൊണ്ട് ഹാളിൽ ആണ് കിടന്നതു. കട്ടിൽ ഒന്നും വാങ്ങിയിരുന്നില്ല.മാത്രം അല്ല വീട് കുറെ നാളായി പൂട്ടി കിടക്കുകയായിരുന്നു.ഹാളിൽ രണ്ടു ഫാൻ ഉണ്ടായിരുന്നു .അവൻ ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന കാര്യം അറിഞ്ഞപ്പോൾ അവന്റെ ഓഫീസിലെ ഡ്രൈവർ , അയാൾ തിരുവണ്ണാമലൈ ആണ് വീട് കുപ്പുസ്വാമി , അവനോടു അയാൾകൂടി അവിടെ കിടന്നോട്ടെ എന്ന് ചോദിച്ചു. ഒറ്റയ്ക്ക് ആയതു കൊണ്ട് ഒരു സഹായി ആയി ഡ്രൈവർ തന്നെ ഉള്ളത് അവനെ നല്ലതാണു എന്ന് കണക്കാക്കി ,അയാളെ കൂടെ താമസിപ്പിച്ചു.എന്നാൽ രാത്രി ഏതാണ്ട് 12 മണി ആയാൽ കുപ്പുസ്വാമി എഴുന്നേറ്റിരുന്നു ഒച്ച എടുക്കുകയും കരയുകയും ചെയ്യും. എന്റെ സ്നേഹിതൻ കുപ്പുസ്വാമിയെ തട്ടിവിളിച്ചു ചോദിക്കുമ്പോൾ അയാളെ ആരോ കൊല്ലാൻ നോക്കി എന്നും , മുകളിൽ കയറി ഒരു സ്ത്രീ കഴുത്തിന് കുത്തി പിടിച്ചു എന്നും ആണ് പറയുക . ഇതിനു മുൻപ് കുപ്പുസ്വാമിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും പറഞ്ഞു. കൂടാതെ അവർ താമസിക്കുന്ന വീട്ടിലെ ഒരു മുറിയിലെ ജനൽ അവർ കുറ്റി ഇട്ടു പോയാലും തിരിച്ചു വരുമ്പോൾ തുറന്നു കിടക്കും. അവർ പല തവണ ഇത് നോക്കി എങ്കിലും എന്ത് കൊണ്ടാണ് എന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. മിക്കവാറും ദിവസ്സങ്ങളിൽ കുപ്പുസ്വാമി രാത്രി കരഞ്ഞു വിളിക്കാറുണ്ട്. എന്നാൽ എന്റെ സ്നേഹിതന് ഒരു പ്രശ്നവും ഇല്ലായിരുന്നു. അങ്ങിനെ ഏതാണ്ട് ഒരു മാസം പോയപ്പോൾ എന്റെ സ്നേഹിതന്റെ സഹോദരിയുടെ മകൻ അവിടെ താമസിക്കാൻ ചെന്നു. അവനും കുപ്പുസ്വാമിയെപ്പോലെ രാത്രീ ഉറക്കെ കരയുകയും ഒച്ച ഉണ്ടാക്കുകയും ചെയ്തു. രണ്ടു പേർക്കും ഒരേ പോലെ ഉണ്ടായതു കൊണ്ട് അവർ അടുത്തുള്ള ഫ്ലാറ്റിൽ മലയാളികൾ ഉണ്ടോ എന്ന് അന്വേഷിച്ചു.അപ്പോൾ ഒരു ആളുമായി പരിചയപെട്ടു. അവർ ഈ വിവരം പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.എന്നിട്ടു അവരോടു ചോദിച്ചു നിങ്ങൾക്ക് അഞ്ഞൂറ് രുപ കൂടുതൽ കൊടുക്കാമെങ്കിൽ ,അവിടെ വേറെ ഫളാറ്റ്‌ ഒഴിഞ്ഞു കിടക്കുന്നുണ്ട്.അങ്ങോട്ട് മാറാം എന്ന്. ഇവർ സമ്മതിച്ചു പിറ്റേന്ന് തന്നെ വേറെ ഫ്ലാറ്റിലേക്ക് മാറി. രണ്ടു ദിവസ്സം കഴിഞ്ഞു , അദ്ദേഹം അവരോടു പറഞ്ഞു അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഒരു ഗർഭിണി മണ്ണെണ്ണ ഒഴിച്ച് മരിച്ചിട്ടു ഒരു കൊല്ലം മാത്രമേ ആയിട്ടുള്ളു എന്ന്. മാത്രമല്ല അവരുടെ ഒരു മുറിയിലെ ജനലിന്റെ താഴെ ഇരിക്കുന്ന രൂപത്തിൽ ആയിരുന്നു ആ സ്ത്രീ മരിച്ചത്. ഇപ്പോളും അവർ കത്തി കരിഞ്ഞ പാട് അവിടെ ഉണ്ട് കാണിച്ചു തരാം എന്ന്. അവർ ആ ഫ്ലാറ്റിന്റെ ഉടമസ്ഥനോട് ഒരു സാധനം എടുക്കാൻ മറന്നു പോയി എന്ന് പറഞ്ഞു താക്കോൽ വാങ്ങി പോയി നോക്കി . അപ്പോൾ അടച്ചിട്ടാലും തുറന്നു കിടക്കാറുള്ള ജനലിന്റെ താഴെ കറുത്ത കത്തി പടർന്ന അടയാളം അവർ കാണുകയുണ്ടായി. ഇപ്പോളും ആ ഫ്ലാറ്റ് അടഞ്ഞു കിടക്കുകയാണ്. എന്തുകൊണ്ട് അവിടെ താമസിച്ച രണ്ടു പേർക്ക് പേടിപ്പിക്കുന്ന അനുഭവം ഉണ്ടായി?

Leave a Reply