മരണത്തിനപ്പുറം ജീവിതമുണ്ടോ

Spread the love

1960-കളിൽ ബീഹാറിൽ വളരെ പ്രശസ്തമായ ജിറാത് തീയേറ്ററിൽ നടന്ന ഒരു സംഭവം. ശാകുന്തളം നാടകം അരങ്ങേറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൊൽക്കൊത്തയിലെ പ്രസിദ്ധ നാടക അഭിനേത്രിയായിരുന്ന മഞ്ചുശ്രീയാണ് നായികാവേഷം ഇടേണ്ടത്. റിഹേഴ്‌സലിനുശേഷം നാട്ടിലേക്കുപോയ അവർ ഇതുവരെ തിരികെ എത്തിച്ചേരാത്തതിനാൽ ആധിപൂണ്ടു നടക്കുകയാണ് നാടകസംഘം. ഒടുവിൽ ഇനി അവരെത്തിച്ചേരില്ലെന്ന തിരിച്ചറിവിൽ ഒരു മുട്ടുശ്ശാന്തിക്കാരിയെ കണ്ടെത്തി മേക്കപ്പിടാൻ തുടങ്ങിയപ്പോൾ മഞ്ചുശ്രീ എത്തി. പെട്ടന്ന് വേഷമണിഞ്ഞ് സ്റ്റേജിൽ കയറി. നാടകം ഭംഗിയായി അവസാനിച്ചതിനിടെ നായികയും അപ്രത്യക്ഷയായി. അടുത്തദിവസം അവരെ കണ്ടു നന്ദി പറയാനും പ്രതിഫലം നൽകാനും കൊൽക്കത്തയിലെത്തിയ സംഘാടകർ അറിഞ്ഞത് ഒരാഴ്ചമുമ്പൊരു വാഹനാപകടത്തിൽ മഞ്ചുശ്രീയും മകനും കൊല്ലപ്പെട്ടിരുന്നു എന്നാണ്. ഞെട്ടിപ്പോയ സംഘാടകർ നാടകത്തിന്റെ ഫോട്ടോഗ്രാഫുകൾ പരിശോധിക്കവെ വീണ്ടും ഞെട്ടി, അതിൽ നായിക ഉണ്ടായിരുന്ന രംഗങ്ങളുടെ ഫോട്ടോകളിലെല്ലാം ആ സ്ഥലം ശൂന്യമായിരുന്നു. ഈ കഥ ഡോ. മുരളീകൃഷ്ണയുടെ മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന ഗവേഷണഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന പ്രേതാനുഭവങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒട്ടേറെ അനുഭവങ്ങളിലൊന്നാണ്.
മരണത്തിനപ്പുറം ജീവിതമുണ്ടോ? മനുഷ്യൻ കാലങ്ങളായി ഉത്തരം തേടുന്നൊരു ചോദ്യമാണ്. ദാർശനികവും ശാസ്ത്രീയവുമായ തലങ്ങൾക്കോ വിശ്വാസത്തിന്റെ തലത്തിനോ അവനെ തൃപ്തിപ്പെടുത്താൻ ഇന്നും സാധിച്ചിട്ടില്ല. ജനനം മുതൽ മരണംവരെ നടക്കുന്നതെല്ലാം നമുക്കറിയാം, അനുഭവിക്കാം. എന്നാൽ കേവലഭൗതികശരീരത്തിനപ്പുറം ജീവൻ എന്ന പ്രതിഭാസത്തിന് ജനനത്തിനുമുമ്പും മരണത്തിനുശേഷവും എന്തൊക്കെ സംഭവിക്കുന്നു എന്നതിൽ നമുക്ക് അധികമൊന്നും അറിവില്ലതന്നെ. മരണവുമായി ബന്ധപ്പെട്ട് ഈ ചോദ്യത്തിന്റെ ചില തലങ്ങൾക്ക് ഉത്തരം തേടാനുള്ളൊരു ശ്രമമാണ് ഡോ. മുരളീകൃഷ്ണയുടെ മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന കൃതി.
വിശ്വാസിയുടെയും യുക്തിവാദിയുടെയും സന്ദേഹിയുടെയും കുപ്പായങ്ങളെല്ലാം അഴിച്ചുവച്ച് മരണാനന്തരജീവിതത്തിന്റെ ലോകമെമ്പാടുനിന്നുമുള്ള ഒട്ടേറെ നേർസാക്ഷ്യങ്ങളും പഠനഗവേഷണ രേഖപ്പെടുത്തലുകളും സ്വാനുഭവങ്ങളും രേഖപ്പെടുത്തുകയാണ് ഡോ. മുരളീകൃഷ്ണ. മരണാനന്തരജീവിതത്തെപ്പറ്റി ഇന്നുവരെ ഉരുത്തിരിഞ്ഞിട്ടുള്ള വ്യത്യസ്ത സിദ്ധാന്തങ്ങളെ വിശകലനം ചെയ്യുകയും അവയ്ക്ക് ശാസ്ത്രസമൂഹം നൽകുന്ന മറുപടികളും ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു. മരണാനന്തരജീവിതത്തിന്റെ കടംകഥയിലെ പ്രധാന അനുഭവസാക്ഷ്യങ്ങൾ ആത്മാക്കളുടെ ദർശനമാണ്. കൽക്കത്ത, ഡൽഹി, ആഗ്ര തുടങ്ങിയ ഇന്ത്യൻ നഗരങ്ങളാകട്ടെ ലണ്ഡൻ, പാരീസ് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളാകട്ടെ ഒന്നും ഇത്തരം പ്രേതാനുഭവങ്ങളിൽനിന്നോ പ്രേതഭവനങ്ങളിൽനിന്നോ മുക്തമല്ല എന്നതാണ് സത്യം. അതേപോലെ മുജ്ജന്മബന്ധങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നവരും ലോകത്തെവിടെയും കാണാൻ സാധിക്കുന്നു. നേരത്തെ മരണമടഞ്ഞ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിക്കുന്നു എന്നു പറയുന്ന ഒരേപോലെയുള്ള മരണാനുഭവങ്ങളും മരണാനന്തരജീവിതത്തിന്റെ സാക്ഷ്യപത്രമായി പലേ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
പ്രേതലോകത്തെപ്പറ്റിയും ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റിയും ആധുനികശാസ്ത്രസങ്കേതങ്ങളെ ഉപയോഗിച്ച് പഠിക്കാനിറങ്ങിയവർക്കൊന്നും അതിനെ നിരാകരിക്കത്തക്ക തെളിവുകൾ ലഭ്യമായില്ലെന്നു മാത്രമല്ല അവയുടെ അസ്തിത്വം സംശയിക്കത്തക്ക പല തെളിവുകളും കിട്ടുകയും ചെയ്തു എന്നും ഡോ. മുരളീകൃഷ്്ണ സൂചിപ്പിക്കുന്നു. അത്തരം പല പഠനങ്ങളും ഈ പുസ്തകത്തിൽ ഉദ്ധരിച്ചു ചേർത്തിരിക്കുകയും ചെയ്യുന്നു. ഊർജ്ജത്തിന്റെ വികസിതരൂപമായി ജീവനെക്കണക്കാക്കുകയാണെങ്കിൽ മരണം ഒന്നിന്റെയും അവസാനമാകുകയില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.
കേരള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഡയരക്ടറായിരുന്ന ഡോ. മുരളീകൃഷ്ണ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു. 1981-ൽ ആദ്യമായി പ്രസിദ്ധീകരിച്ച മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന പഠനഗ്രന്ഥം പിന്നീട് പരിഷ്‌കരിച്ച് പ്രസിദ്ധപ്പെടുത്തി. ഇതിനകം ഒട്ടേറെ പതിപ്പുകൾ പ്രസിദ്ധപ്പെടുത്തിയ ഈ കൃതി മലയാളത്തിൽ മരണാനന്തരജീവിതത്തെപ്പറ്റി ചർച്ച ചെയ്യുന്ന ആധികാരികരചനതന്നെയാണ്.

മരണത്തിനപ്പുറം എന്താണ്‌..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? പുനര്‍ജന്മമുണ്ടെന്ന് പറയുന്നതിന്‌ തെളിവുകള്‍ വല്ലതുമുണ്ടോ..? യക്ഷിയും പ്രേതവും ഉണ്ടോ..? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? അതീന്ദ്രിയ ശക്‌തിയുള്ള മനുഷ്യന്‍ ഉണ്ടെന്ന് പറയുന്നത്‌ ശരിയാണോ..? ഒരു പ്രപഞ്ചാതീതശക്‌തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം..? എന്താണ്‌ ജീവിതം..? എന്താണ്‌ ആത്മാവ്‌..?

മനുഷ്യന്‌ ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. പുരാണങ്ങള്‍ മുതല്‍ ആധുനിക ലോകത്തെ ലബോറട്ടറികള്‍ വരെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രഹേളികകള്‍. മഹാചിന്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേപോലെ ആലോചിക്കുന്ന വിഷയം. മനുഷ്യചിന്തയുടെ നല്ലൊരംശം ഇത്തരം സന്ദേഹങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ട്‌. എന്നിട്ടും നമുക്ക്‌ കൃത്യമായ ഒരുത്തരം ഇതുവരെയും കിട്ടിയിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാവുന്നതരം വ്യത്യസ്‌തങ്ങളായ തെളിവുകള്‍ മാത്രമാണ്‌ നമ്മുടെ കയ്യിലുള്ളത്‌. അവയെക്കുറിച്ച്‌ ആഴത്തിലുള്ള ഒരു വിശകലനപഠനമാണ്‌ ഡോ. മുരളീകൃഷ്ണയുടെ ‘മരണത്തിനപ്പുറം ജീവിതമുണ്ടോ..?’ എന്ന പുസ്‌തകം.

നമുക്ക്‌ പരിചിതവും അപരിചിതവുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഗൗരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്നു. പുരാണങ്ങളിലെ വ്യാഖ്യാനങ്ങള്‍ തുടങ്ങി ആധുകമായ പരീക്ഷണങ്ങള്‍ വരെ. യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ്‌ എന്ന സങ്കല്‌പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്‌ത്രത്തിന്റെ ഇതുവരെയുള്ള പഠങ്ങളും വിലയിരുത്തലുകളും പാരാസൈക്കോളജിയില്‍ ശാസ്‌ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച്‌ പോലീസ്‌ തെളിയിച്ച കേസുകള്‍. ശാസ്‌ത്രത്തിന്‌ ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്‌, ടെസ്‌റ്റൂബ്‌ ശിശു, ജീനോം മാപ്പ്‌, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രത്യേകത.

ഇത്തരം പഠനങ്ങളില്‍ സാധാരണ കാണുന്ന ന്യൂനത ഒന്നുകില്‍ അത്‌ വിശ്വാസത്തിന്റെ ഭാഗത്ത്‌ നിന്നുള്ള അന്ധമായ ഉറപ്പുപറയലായിരിക്കും അല്ലെങ്കില്‍ യുക്‌തിയുടെ ഭാഗം ചേര്‍ന്ന് കണ്ണടച്ചുള്ള എതിര്‍പ്പായിരിക്കും. എന്നാല്‍ ഇതിന്റെ രണ്ടിനെയും ഇഴപിരിച്ചു കാണാനും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ പഠിക്കാനും ഈ പുസ്‌തകം ശ്രമിക്കുന്നുണ്ട്‌ എന്നതാണ് ഈ പുസ്‌തകത്തിന്റെ എടുത്തു പറയാവുന്ന സവിശേഷത.

നമ്മുടെ പ്രാചീനമായ ആകാംക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പുസ്‌തകം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നു

Leave a Reply