January 14, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?

Spread the love

ആത്മാവ് കയറിയ ശരീരത്തിന് അമാനുഷിക കഴിവുകൾ ഉണ്ടാകുന്നതെങ്ങനെ?

കുറച്ഛ് വർഷങ്ങൾക് മുൻപ് എൻ്റെ കസിനും എൻ്റെ വീടിനടുത്തു താമസിക്കുന്നതുമായ ഒരു പെൺകുട്ടിയുടെ ദേഹത്തു അവള് ജനിക്കുന്നതിന് മുന്നേ മരിച്ചുപോയ അവളുടെ അമ്മയുടെ അച്ഛന്റെ ആത്മാവ് കയറുകയും അവളുടെ അമ്മച്ചൻ സംസാരിക്കുന്നത് പോലെ സംസാരിക്കുകയും ചെയ്യുകയുണ്ടായി. അവളുടെ വീട്ടുകാർ പാലിക്കാതെ പോന്നിരുന്ന പല കർമങ്ങൾ ചെയ്യണം കുഴിമാടത്തിനടുത്ത് വിളക്ക് കൊളുത്തണം തുടങ്ങിയ ഒരുപാട് നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. ഇതിനെക്കുറിച്ചു പിന്നീടൊരിക്കൽ ഞാൻ അവളോട് നേരിട്ട് ചോദിച്ചു. അവൾ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ താല്പര്യം കാണിച്ചില്ല അവൾ പറഞ്ഞു “ഞാൻ എന്തൊക്കെയോ പറഞ്ഞെന്നു വീട്ടുകാർ പറയുന്നു എനിക്കൊന്നും ഓർമയില്ല. അന്നേദിവസം പകൽ സമയത്ത് അവൾ അമ്മച്ഛന്റെ കുഴിമാടത്തിനടുത്തുകൂടി പോയി ചാടി കടന്നിരുന്നത്ര.

ഇതുപോലെയുള്ള പലരുടെയും അനുഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജർമൻ യുവതി അന്നെലീസ് മിഷേലിൻറെ ജീവിതം .

അന്നെലീസ് മിഷേലിൻറെ ടീനേജ് പ്രായത്തിൽ തന്നെ അവൾക്ക് ചില മാനസിക പ്രശ്നങ്ങൾ ഉള്ളതായി രക്ഷിതാക്കൾ തിരിച്ചറിഞ്ഞു തുടർന്ന് രക്ഷിതാക്കൾ അവളെ ഒരു സൈക്യാട്രിക് ഹോസ്പിറ്റലിൽ കാണിക്കുകയും സൈക്യാട്രിസ്റ്റ് ടെംപോറൽ ലോബ് എപിലെപ്സി (Temporal lobe epilepsy ) എന്ന മനസികാവസ്ഥയാണെന്നു വിധിയെഴുതുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാൽ മിഷേൽ പറഞ്ഞുകൊണ്ടിരുന്നത് താൻ പിശാചുക്കളുടെ മുഖങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണെന്നും ഏഴു വ്യത്യസ്ത ആത്മാക്കൾ തന്റെ അകത്തുണ്ടെന്നും അവർ തന്നോട് സംസാരിക്കുന്നെണ്ടെന്നുമൊക്കെയാണ്. വളരെ കഷ്ടതകൾ നിറഞ്ഞ മാനസികാവസ്ഥയിൽ അഞ്ചു വർഷത്തോളം മിഷേലിനെ സൈക്യാട്രിക് ഹോസ്പിറ്റലിൽ ചികിൽസിക്കുകയും ചെയ്തു. എന്നാൽ അഞ്ചു വർഷക്കാലത്തെ ചികിത്സ നടത്തിയിട്ടും മിഷേലിന്റെ മാനസികാവസ്ഥയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. മിഷേൽ ഇരുപതാം വയസു മുതൽ മതപരമായ കാര്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങി. ദേവാലയത്തിൽ കയറാൻ മടി കാണിച്ചു ദേവാലയത്തിനകത്തു നിലം തീ പോലെ കത്തുന്നു എനിക്ക് ചവിട്ടാനും നിൽക്കാനും കഴിയുന്നില്ല എന്നവൾ പറഞ്ഞു. അതുപോലെ ദൈവീകമായ ഒന്നിലും നോക്കാൻ കഴിഞ്ഞിരുന്നില്ല. താമസിയാതെ ഇവളുടെ പലതരത്തിലുള്ള വ്യക്തിത്വങ്ങൾ കണ്ട് രക്ഷിതാക്കളും വിശ്വസിച്ചു അവളിൽ ബാധ അല്ലെങ്കിൽ ആത്മാക്കൾ കയറിയതാണെന്ന്. തുടർന്ന് കത്തോലിക്ക ചർച്ചിൽ ബാധ ഒഴിപ്പിക്കൽ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചു. പലപ്പോഴായി മാസങ്ങളോളം നടത്തിയ ബാധ ഒഴിപ്പിക്കൽ ചടങ്ങിൽ അവസാനം അവൾ മരണത്തിനു കീഴടങ്ങി. അന്നെലീസ് മിഷേൽ അവളുടെ ഇരുപതിനാലാമത്തെ വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മാനസികാവസ്ഥ ഉണ്ടാകുന്നത് ? ഇത് ആത്മാവ് അല്ലെങ്കിൽ ബാധ കയറിയതാണോ ?

നമ്മുടെ തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ഫലമായാണ് ഇത്തരത്തിൽ ഉള്ള ഒരു മാനസികാവസ്ഥ ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത്. അതായത് ഇതൊരു രോഗമാണ് ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ഒരു രോഗം. ഈ രോഗത്തിന് ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ (DID ) അല്ലെങ്കിൽ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ (MPD) മലയാളത്തിൽ അപര വ്യക്തിത്വം, ദ്വന്ദവ്യക്തിത്വം എന്നൊക്കെ പറയാം. ഇത്തരം രോഗികളുടെ തലച്ചോറിലെ അമിഗ്ദല(വികാരങ്ങൾ അനുഭവപ്പെടുന്നത് ഇവിടെയാണ് ) , ഹിപ്പോകാമ്പസ്സ്(ഓർമ അനുഭവപ്പെടുന്നത്) , ഓർബിറ്റോഫ്രണ്ടൽ കോർടെക്സ്(തീരുമാനങ്ങൾ എടുക്കുന്നത്) തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന മാറ്റം(രക്തയോട്ടം , വ്യാപ്തം തുടങ്ങിയവയിൽ ) മുകളിൽ പറഞ്ഞ അനുഭവങ്ങൾ തമ്മിലുള്ള പരസ്പരബന്ധങ്ങൾക് പ്രശ്നമുണ്ടാക്കുന്നു. ഇത് വ്യക്തിത്വം നഷ്ടപ്പെടാനും ഇത്തരത്തിലുള്ള മനസികാവസ്ഥയിലേക്കും രോഗിയെ എത്തിക്കുന്നു.

പ്രധാനമായും കുട്ടികാലത്തുണ്ടാകുന്ന പലതരത്തിലുള്ള കടുത്ത മനസികാഘാതമോ ശാരീരികാഘാതമോ അല്ലെങ്കിൽ അപകടങ്ങൾ ഒറ്റപെടലുകൾ തുടങ്ങിയവയൊക്കെയാണ് ഇത്തരത്തിൽ തലച്ചോറിൽ ഒരു മാറ്റമുണ്ടാകാനുള്ള കാരണം എന്നാണ് പറയുന്നത്. ഇത്തരം സംഭവങ്ങൾ അവരുടെ ഉപബോധമനസിൽ ഉറങ്ങികിടക്കുകയും പിന്നീട് ചില സാഹചര്യങ്ങളിൽ ഉണരുകയും ചെയ്യുന്നു.

മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുള്ള എല്ലാവർക്കും അറിയാം ശോഭനയുടെ കുട്ടിക്കാലത്തു ശോഭന അനുഭവിച്ച ഒറ്റപെടലുകളും രക്ഷിതാക്കൾ ശോഭനയെ കൽക്കട്ടയിലേക് പറിച്ചു നടാൻ പോകുന്നു എന്ന വാർത്തയും കുഞ്ഞു മനസിനെ ഒരുപാടു ആഘാധമേൽപ്പിച്ചു എന്ന് മോഹൻലാൽ വിവരിക്കുന്നത്.

ഇത്തരം മാനസികാവസ്ഥയിൽ എത്തിയ രോഗിക്ക് അമാനുഷികമായ പല കഴിവുകളും ഉണ്ടാകും എന്ന് പാരാ സൈക്കോളജി വിശദീകരിക്കുന്നു . നമ്മൾ കാണാറില്ലേ കണ്ണിനു കാഴ്ച കുറവുള്ളവർക്ക് കേൾവിശക്തി ഒരു പക്ഷെ മറ്റുള്ളവരെക്കാൾ കൂടുതൽ ആയിരിക്കും. സാധാരണ മനുഷ്യർക്കു അഞ്ചു ഇന്ദ്രിയങ്ങൾകൊണ്ട് അറിയാൻ കഴിയാത്ത പലതും ഇവർക്ക് മനസിന്റെ ആറാം ഇന്ദ്രിയത്തിലൂടെ അറിയാൻ കഴിയുമെന്ന് പറയുന്നു. ഈ ആറാം ഇന്ദ്രിയത്തെ എക്സ്ട്രാസെന്സറി പെർസെപ്ഷൻ (ESP ) എന്ന് പറയുന്നു. ഒരു ആറര അടി ഉയരമുള്ള മതിലിനു സൈഡിലൂടെ നാല് പേര് നടന്നു പോകുന്നു അതിൽ മൂന്ന് പേരുടെ ഉയരം 6 അടിയിൽ താഴെയാണ് ഒരാളുടെ ഉയരം മാത്രം 7 അടിയാണ്. ഇതിൽ എല്ലാവരും ഒരുമിച്ചു നടക്കുന്നുവെങ്കിലും ഇവരിൽ 7 അടി ഉയരമുള്ള ആൾക്കുമാത്രം മതിലിനപ്പുറം എന്തൊക്കെയാണ് എന്നുള്ളത് കാണാൻ കഴിയുന്നു ഇതുപോലെയാണ് ഇ എസ്‌ പി. ഇ എസ്‌ പി യിലൂടെ ഇത്തരം രോഗികൾക്കു ഉണ്ടായേക്കാവുന്ന ചില കഴിവുകൾ…

ടെലിപതി

ടെലിപതി എന്നാൽ വളരെ അടുത്ത ബന്ധം ഉള്ള മറ്റൊരാളുടെ ഉള്ളിലുള്ള കാര്യങ്ങൾ ഇവർക്കു മനസിലാക്കി എടുക്കാൻ കഴിയുന്നു. മണിച്ചിത്രത്താഴ് സിനിമയിൽതന്നെ മോഹൻലാൽ പറയുന്നുണ്ട് ” ഗംഗക്ക് നകുലന്റെ ഉറക്കത്തിന്റെ ആഴം അളക്കാൻ കഴിയും , നകുലൻ എപ്പോൾ ഉണരും ഉറക്കത്തിന്റെ ദൈർഘ്യം എല്ലാം അറിയാൻ കഴിയും”

പ്രീകോഗ്നിഷൻ

പ്രീകോഗ്നിഷൻ എന്നാൽ മുൻകൂട്ടി അറിയൽ ആണ്. ഇത്തരക്കാർക്ക് പല കാര്യങ്ങളും മുൻകൂട്ടി അറിയാൻ കഴിയും എന്ന് പറയുന്നു.

റെട്രോകോഗ്നിഷൻ

റെട്രോകോഗ്നിഷൻ കഴിഞ്ഞുപോയ അതായത് ഭൂതകാലത്തെകുറിച്ചു ഇത്തരക്കാർക് അറിവുണ്ടായിരിക്കും എന്ന് പറയുന്നു.

ക്ലയർവോയൻസ്

ക്ലയർവോയൻസ് പലർക്കും തോന്നാറുള്ളതാണ് ഇ എസ്‌ പി വഴി മറ്റേതോ സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ അറിയുന്നു, നമ്മുടെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ നമ്മൾ അറിയുന്നു.

ടെലികൈനിസിസ്

ശാരീരികമായ ഒരു ബന്ധമില്ലാതെ വസ്തുക്കളിൽ മനസുകൊണ്ട് സ്വാധീനം ചെലുത്താൻ ഉള്ള കഴിവിനെയാണ് ടെലികൈനിസിസ് എന്ന് പറയുന്നത്. യോദ്ധ സിനിമയിൽ കണ്ടിട്ടില്ലേ റിംപോച്ചെ നോട്ടം കൊണ്ട് ഗ്ലാസ് നീക്കി വെക്കുന്നത് അതുപോലെ മണിച്ചിത്രതാഴിൽ സാരി കത്തിക്കുന്നതും ക്ലോക്ക് എറിഞ്ഞു പൊട്ടിക്കുന്നതും എല്ലാം ഇത്തരം കഴിവുകൊണ്ടാണെന്നു പറയുന്നു.

ഈ പറഞ്ഞ കഴിവുകളൊക്കെ ചിലപ്പോൾ എല്ലാര്ക്കും ഉള്ളതായിരിക്കും. മുൻപ് ഞാൻ ഒരു ഉത്തരത്തിൽ പറഞ്ഞിട്ടുണ്ട് നമ്മുടെ കഴിവിന്റെ 90 % വും സബ്‌കോൺഷ്യസ് മൈന്റിൽ ആണുള്ളതെന്നും നമ്മൾ അത് ഉപയോഗിക്കുന്നില്ല എന്നുള്ളതും. ഇത്തരം രോഗാവസ്ഥയിൽ ഉള്ളവർക്കു ഒരു പക്ഷെ സബ്‌കോൺഷ്യസ് മൈൻഡ് നന്നായി ഉപയോഗിക്കാൻ കഴിയുമായിരിക്കും.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേതബാധ അല്ലെങ്കിൽ ആത്മാവ് ശരീരത്തിൽ കയറൽ എന്നതിന് സയൻസിന്റെ വിശദീകരണം. എന്നാൽ അവർക്കുണ്ടാകുന്ന കഴിവുകളിൽ പലതിലും സയൻസ് അംഗീകരിക്കുന്നില്ല. പാരാ സൈക്കോളജി അഥവാ അതീത മനഃശാസ്ത്രം മനഃശാസ്ത്രത്തിനും മുകളിൽ നിൽക്കുന്ന ഈ വിഷയത്തെയും സയൻസ് പൂർണമായും അംഗീകരിക്കുന്നില്ല.

ഈ ലോകത്തുള്ള എല്ലാം നിർമിച്ചിരിക്കുന്നത് മാറ്റർ കൊണ്ടാണെന്നു പറയുന്നു അതിൽത്തന്നെ ഇന്ന് മനുഷ്യന് അറിയാവുന്ന മാറ്റർ ഏതാണ്ട് 5 % മാത്രമേ ഉള്ളു ബാക്കി വരുന്ന 95 % വും ഡാർക്ക് മാറ്റർ ആണ് അതായത് മനുഷ്യന്‌ അറിയാത്ത കാര്യങ്ങൾ ആണ്. നമ്മുക്ക് മുന്നിൽ വായുവിൽ നമ്മൾ അറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടായിരിക്കാം ഈ ലോകത്തുള്ള എല്ലാം ഒരു വൈബ്രേഷൻ ഓഫ് എനർജി ആണ് (തരംഗം രൂപം). എനെർജിയെ ഒരിക്കലും നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല അപ്പോൾ ഒരു പക്ഷെ മരിച്ചവരുടെ ഏതെങ്കിലും രീതിയിലുള്ള എനർജി ചുറ്റുപാടും ഉണ്ടായേക്കാം അല്ലെങ്കിൽ നമ്മൾ ആത്മാക്കൾ എന്ന് പറയുന്ന എനർജി തരംഗങ്ങൾ ഉണ്ടായേക്കാം. ഈ തരംഗങ്ങളെ ഡീകോഡ് ചെയ്യാൻ കഴിവുള്ളവർക്ക് ഒരു പക്ഷെ അതറിയാൻ കഴിയുമായിരിക്കും. ഉദാരണത്തിനു നമ്മുടെ കണ്മുന്നിൽ “റേഡിയോ മാൻഗോയുടെ” പാട്ടുപാടിക്കൊണ്ടിരിക്കുന്ന തരംഗങ്ങൾ ഉണ്ട് പക്ഷെ നമ്മുക്ക് സാധാരണ അവസ്ഥയിൽ അത് കാണണോ അനുഭവിക്കാനോ കഴിയുന്നില്ല. എന്നാൽ എപ്പോൾ നമ്മൾ അതിനെ ഡീകോഡ് ചെയ്‌തെടുക്കാൻ കഴിയുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട് ഉണ്ടാക്കി ട്യൂൺ ചെയ്ത് ഡീകോഡ് ചെയ്തെടുക്കുന്നുവോ അപ്പോൾ നമ്മൾക്ക് അത് അറിയാനും സ്വീകരിക്കാനും കഴിയുന്നു. അതുപോലെ ഒരു അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിന്റെ ശരീരം ഇത്തരത്തിൽ പുറമെ ഉള്ള ഒരു എനർജി സ്വീകരിക്കാൻ സജ്ജമാവുകയും സ്വീകരിക്കുകയും ചെയ്യുന്നതാകാം ആ കുഞ്ഞിന് കിട്ടുന്ന ആത്മാവ്. നമ്മുടെ മൈൻഡ് ചുറ്റുപാടുമുള്ള ഇത്തരം തരംഗങ്ങളെ ഡീകോഡ് ചെയ്യുന്ന രീതിയിൽ ട്യൂൺ ചെയ്താൽ ഒരു പക്ഷെ പലതും നമ്മുക് അറിയാൻ കഴിഞ്ഞേക്കും. ഭൂകമ്പത്തിനു മുന്നേ സാധാരണ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് അറിയാൻ കഴിയാത്ത അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൃഗങ്ങൾക്കു അറിയാൻ കഴിയുന്നത് കൊണ്ടാണ് മൃഗങ്ങൾ ഓടി രക്ഷപ്പെടുന്നത്. അപ്പോൾ നമ്മൾ അറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടെന്നുള്ളത് സത്യം.

Leave a Reply

%d bloggers like this: