May 24, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

Spread the love


1980 ൽ.
അന്ന് ടൂറിസ്റ്റ് ഹോമും റിസോർട്ടും ഒന്നും ഇല്ല.
എല്ലാം ലോഡ്ജ് ആണ്.

കോഴിക്കോട് ഓയസീസ് ലോഡ്ജിൽ വെച്ചാണ്.

ഏഴാം നമ്പർ മുറി.
107 എന്നാണ് മുറിയുടെ നമ്പർ പെയിന്റിൽ കട്ടിളയിൽ എഴുതിയിരിക്കുന്നത്.

15 രൂപയുടെ ഡബിൾ റൂമാണ്.
25 രൂപാ അഡ്വാൻസ് കൊടുത്താണ് റൂമെടുത്തിരിക്കുന്നത്.

സിംഗിൾ റൂം പത്ത് രൂപയാണ്.
പക്ഷേ അത് ബാത്ത് അറ്റാച്ച്ഡ് അല്ല.

രാത്രി ഒമ്പത് മണി.

ലൈറ്റ് ഓഫാക്കി കിടന്ന ശേഷം മൂന്നാല് മിനിറ്റ് കഴിഞ്ഞു കാണും.

എന്റെ നെഞ്ചിൽ ഒരുത്തൻ കയറിയിരുന്ന് കഴുത്ത് ഞെക്കിപ്പിടിച്ചിരിക്കുകയാണ്.

ഞാൻ കുതറിപ്പിടഞ്ഞ് എണീറ്റു.

നെഞ്ചത്ത് ഇരുന്നവൻ മറിഞ്ഞു വീണ ശബ്ദം കേട്ടു.

ഞാൻ ചാടി വീണ് ലൈറ്റ് ഇട്ടു.

മുറിയിൽ ആരുമില്ല.
വാതിൽ കുററിയിട്ടിട്ടുണ്ട്.

പക്ഷേ, ആരോ ഉണ്ട്……
അനക്കവും ശ്വാസോച്ഛ്വാസവും കേൾക്കാം.

ഞാൻ ഒരു ലൈറ്റ് കൂടി ഇട്ടു.
കട്ടിലിന്റെ അടിയിൽ നോക്കി.
ബാത്ത്റൂം നോക്കി.
ആരുമില്ല.

ബാത്ത്റൂമിന്റെ വാതിൽ അടച്ചു ഓടാമ്പലിട്ടു ഞാൻ മുറിയുടെ പുറത്തേക്കുള്ള വാതിൽ തുറന്നു.

വരാന്തയിൽ വെളിച്ച പ്രളയമാണ്.
റോഡിനപ്പുറം കടകളിൽ തിരക്കൊഴിഞ്ഞിട്ടില്ല.

സ്വപ്നമാണോ ?
അതിന് ഞാൻ ഉറങ്ങിയിട്ടേ ഇല്ലല്ലോ…

വാതിലടച്ച് സംശയിച്ച് സംശയിച്ച് ലൈറ്റ് ഓഫാക്കി കിടന്നു.

ഒരു അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞു കാണും.

ഉറക്കം വരുന്നില്ല.

പെട്ടെന്ന് ഫാൻ കറങ്ങാൻ തുടങ്ങി.

അതെങ്ങനെ?
ലൈറ്റ് ഓഫാക്കിയപ്പോൾ ഫാനിന്റെ സ്വിച്ച് വിരൽ തട്ടി ഓണായിപ്പോയോ?
അപ്പോൾ കറന്റ് ഉണ്ടായിരുന്നില്ലേ?

പെട്ടെന്ന് ഒരാൾ എന്റെ നെഞ്ചത്ത് കയറിയിരുന്ന് കഴുത്ത് മുറുക്കിപ്പിടിച്ചു..

ശ്വാസം വിടാൻ വയ്യ.

ഇത്തവണ പ്രാണഭയത്തോടെ ഞാൻ കുതറിപ്പിടഞ്ഞ് എണീറ്റു.

നെഞ്ചത്ത് ഇരുന്നയാൾ നിലത്ത് മറിഞ്ഞു വീണ ശബ്ദം വ്യക്തമായി കേൾക്കാം.
കേട്ടു.

ഞാൻ ചാടിപ്പിടച്ച് ലൈറ്റ് ഇട്ടു.

മുറി ശൂന്യമാണ്
വാതിൽ ഞാൻ കുററിയിട്ട പോലെ തന്നെ ഉണ്ട്.

അകത്ത് പക്ഷേ, ആരോ ഉണ്ട്……
നിലത്ത് ചവിട്ടുന്ന ശബ്ദം കേൾക്കാം.
പതുക്കെ ശ്വാസം വിടുന്നതും കേൾക്കാം.

ഞാൻ വിശ്വാസം വരാതെ
കട്ടിലിന്റെ അടിയിൽ നോക്കി.
ആരുമില്ല.
ബാത്ത്റൂം ഞാൻ അടച്ചു വെച്ചതു പോലെ തന്നെ ഉണ്ട്.

ഇത്തവണ കർട്ടനിട്ട ജനലിന്റെ അടപ്പ് ഞാനൊന്നു പരിശോധിച്ചു.
കുഴപ്പമില്ല.
കുറ്റിയിട്ടിട്ടുണ്ട്.
ഇരുമ്പഴികൾ ഭദ്രം.

ബാത്ത്റൂമിന്റെ വാതിൽ തുറന്നു നോക്കാൻ ധൈര്യമില്ലാതെ നിന്ന ഞാൻ ഒന്നു സംശയിച്ച് പുറത്തേക്കുള്ള വാതിൽ തുറന്നു.

പഴയതു പോലെ തന്നെ.

വരാന്തയിൽ വെള്ളിവെളിച്ചമാണ്.
റോഡിനപ്പുറം കടകളിലെ ലൈറ്റുകൾ കത്തിത്തെളിഞ്ഞു നിൽക്കുന്നു.
ഓട്ടോ റിക്ഷകൾ ചറപറാ ….. തിരക്ക് കൂടിയിട്ടേ ഉള്ളൂ..

ഉറപ്പായും സ്വപ്നമല്ല.
ഉറങ്ങിയിട്ടു തന്നെ ഇല്ല…

അകത്തെ കസേര വാതിൽക്കൽ വരാന്തയിലേക്ക് ചരിച്ച് ഇട്ട് റൂമും വരാന്തയും കാണുന്ന തരത്തിൽ ഞാൻ ഇരുന്ന് ആലോചിച്ചു.

എന്താണിത്?
ഒരു പിടിയും ഇല്ല.

ഫാൻ കറങ്ങുന്നുണ്ട്.
അകത്ത് കയറി അത് ഓഫാക്കി.

കുറച്ച് നേരം ഇരുന്നപ്പോൾ ഇനി കിടക്കാം എന്നു തോന്നി.

കസേര വലിച്ചിട്ട് വാതിൽ അടച്ച് ഭദ്രമായി കുറ്റിയിട്ടു.

ലൈറ്റ് ഓഫാക്കാതെ കിടക്കാമല്ലോ.

കിടന്നു.
ഉറങ്ങിയിട്ടില്ല.
ഉറക്കം വരുന്നുമില്ല.

പൊടുന്നനവേ ലൈറ്റ് ഓഫായി.
കറന്റ് പോയതാണോ?

പുറത്തെ വെളിച്ചം അകത്തേക്ക് വരുന്നുണ്ട്.

പെട്ടെന്ന് ഫാൻ കറങ്ങാൻ തുടങ്ങി.
അപ്പോൾ കറന്റ് പോയതല്ല.
ഫാൻ ഞാൻ ഓഫാക്കിയതാണ് സംശയമില്ല.

ഞാൻ പിടച്ച് ചാടിയെണീറ്റ് വാതിൽ തുറന്നു വരാന്തയിലേക്കിറങ്ങി മുറിയിലേക്ക് തലയിട്ടു നോക്കി.

ഒന്നുമില്ല.
അരിച്ചു കയറുന്ന ഭയം.
ഞാൻ വിയർത്തിരുന്നു.

കൈയ്യെത്തിച്ച് മേശപ്പുറത്ത് ഇരുന്ന പൂട്ടും താക്കോലും എടുത്തു.
കസേര വലിച്ച് പുറത്തിട്ടു.

മുറിപൂട്ടി താക്കോൽ കീശയിലിട്ടു.
എന്നിട്ട് വരാന്തയിൽ കസേരയിലിരുന്നു.

അഞ്ച് പത്ത് മിനിറ്റ് ഇരുന്നപ്പോൾ നോർമലായ പോലെ…
ഒരു ധൈര്യം.
വരാന്തയുടെ അറ്റത്തെ സ്റ്റെപ്പിറങ്ങി ഞാൻ മാനേജരുടെ ക്യാബിനിൽ ചെന്നു.

“എന്താ?”

“എന്റെ റൂമിൽ ….. അല്ലാ എന്റെ റൂമിൽ വരെ ഒന്ന് വരണം ….'”

“എന്താ ഏതാ റൂമ് …..”

മാനേജർ ബെല്ലടിച്ചു.

“അല്ല നിങ്ങൾ …. നിങ്ങൾ തന്നെ വരണം…”

“അതെന്തിനാ …. ഏതാ റൂമ്….”

ഞാൻ പോക്കറ്റ് തപ്പി നോക്കി.
107 ന്റെ താക്കോൽ പോക്കറ്റിൽ ഭദ്രം.

“ഇരുനൂറ്റേഴ്”

മാനേജർ എന്നെ സൂക്ഷിച്ചു നോക്കി.
റൂം ബോയ് ഓടി വന്നു.
ഞങ്ങൾ സ്റ്റെപ്പ് കയറി …..

” …..തിനകത്ത് ആരോ…”
ഞാൻ മന്ത്രിയ്ക്കുന്നതു പോലെയാണ് പറഞ്ഞത്.

കസേര പുറത്തുണ്ട്.
മാനേജർ എന്റെ താലക്കാൽ വാങ്ങി മുറിയുടെ വാതിൽ തുറന്നു.

ലൈറ്റ് കത്തി നിൽക്കുന്നു.
ഫാൻ ഓഫാണ്.

ഉണ്ടായതൊക്കെ വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു.
വിക്കി വിക്കി…

മാനേജർ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
സഹതാപമാണോ ആ കണ്ണുകളിൽ?
എനിയ്ക്ക് സംശയം.

എന്റെ ബാഗും എല്ലാം പെറുക്കിയെടുത്ത് റൂം ബോയ് മുന്നിൽ നടന്നു.
മാനേജർ മുറി പൂട്ടി.

എനിക്ക് താഴത്തേ നിലയിൽ മാനേജരുടെ ക്യാബിന്റെ ഇടത്തു ഭാഗത്ത് ഒരു മുറി തുറന്നു തന്നു.

” ഇവിടെ കുഴപ്പമില്ല”
മാനേജർ പറഞ്ഞു.

“അവിടെ എന്താണ് …..”
എന്നു ഞാൻ മുഴുമിപ്പിക്കുന്നതിനു
മുമ്പ്
മാനേജർ പറഞ്ഞു.
“” അവിടെ ഒന്നുമില്ല. നിങ്ങൾ ഇവിടെ കിടന്നോളൂ …””

കിടന്ന് പത്ത് മിനിറ്റിനകം ഞാൻ ഉറങ്ങിപ്പോയി.

രാവിലെ മുറി ഒഴിവാകുമ്പോൾ അഡ്വാൻസ് ബാക്കി തന്നു കൊണ്ട് മാനേജർ പറയുകയാണ്….
ഒരാൾ തൂങ്ങി മരിച്ച റൂമാണത്.
ഇതിനു മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
ഇനിയും ഉണ്ടാവുമോ എന്ന് നോക്കണമല്ലോ…

എനിയ്ക്ക് വന്ന അരിശത്തിനു കണക്കില്ല.
കള്ള ബഡുക്കൂസുകളുടെ ഒരു പരീക്ഷണം !

ശരിക്കും ആ റൂമിൽ പ്രേതമുണ്ടോ ?
മരിച്ചയാളുടെ ആത്മാവുണ്ടോ?
ഇന്നു വരെ അതിന്റെ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല.

Leave a Reply

%d bloggers like this: