1988ല്‍ ഇറങ്ങിയ ‘ചൈല്‍ഡ്സ് പ്ലേ’ എന്ന ചിത്രം ഒരു ഞെട്ടലോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഓമനത്വം തുളുമ്പുന്ന, നല്ലൊരു മുഖമുള്ള പാവയിലേക്ക് പ്രവേശിക്കുന്ന ഒരു കൊലയാളിയുടെ ആത്മാവും, ആ പാവ നടത്തുന്ന കൊലപാതകങ്ങളും.
കണ്ടപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. കാര്യം സിനിമയാണ്, ഫിക്ഷനാണ്. എന്നിരുന്നാലും അത്ര നല്ലൊരു മുഖത്തേക്ക് വന്നെത്തിയ ആ ഭീകരത, പെട്ടെന്ന് അങ്ങോട്ട് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കൊന്നും സാധിച്ചില്ല. അത്ര മാത്രം ഭയാനകമായിരുന്നു ചക്കിയുടെ മുഖവും, ആ മുഖത്ത് വിരിഞ്ഞ ഭാവങ്ങളും. അത്യാവശ്യം നല്ലൊരു ഹൊറര്‍ ചിത്രമായ ചൈല്‍ഡ്സ് പ്ലേ ശ്രദ്ധിക്കപ്പെട്ടത് ചക്കി എന്നൊരു കഥാപാത്രത്തിന്റെ ഭീകരത കൊണ്ട് മാത്രമായിരുന്നു. ചൈല്‍ഡ്സ് പ്ലേ’യ്ക്ക് ശേഷം അനവധി മോശം സീക്വലുകളുമായി വന്ന് ആരാധകരെ വെറുപ്പിക്കാന്‍ ചക്കി ശ്രമിച്ചെങ്കിലും, ആ സിനിമകളുടെ പേരില്‍ ചക്കിയോട് ആര്‍ക്കും, ഒരു തരത്തിലും വെറുപ്പ് തോന്നിയിരുന്നില്ല. അത്രമാത്രം ആഴത്തില്‍ ചക്കി പ്രേക്ഷകരുടെ ഉള്ളില്‍ പതിഞ്ഞിരുന്നു. കൂടാതെ സിനിമ കണ്ടശേഷം വീട്ടിലെ കുഞ്ഞുങ്ങളുടെ പാവ കാണുമ്പോള്‍ അതിനെയൊക്കെ സംശയത്തോടെ നിരീക്ഷിക്കുന്ന അവസ്ഥയിലേക്ക് ചക്കി പലരെയും കൊണ്ടെത്തിച്ചിട്ടും ഉണ്ടായിരുന്നു.
പലര്‍ക്കും അറിയാതിരുന്ന ഒരു കാര്യം കൂടിയുണ്ട്. സിനിമയിലെ ചക്കിയുടെ കഥയ്ക്കും, ആ കഥാപാത്രത്തിനും പിന്നില്‍ മറ്റൊരു പാവയുള്ള കാര്യം.
ഫ്ലോറിഡയിലുള്ള കീ-വെസ്റ്റിലെ Martello മ്യൂസിയത്തില്‍ ചെന്നാല്‍ അവിടെ ഒരു പാവയെ കാണാം. അടച്ചുപൂട്ടിയ ചില്ലിന്റെ കൂടിനുള്ളില്‍, ഒരു നാവികനെപ്പോലെ വസ്ത്രം ധരിച്ച്, കയ്യില്‍ ഒരു സിംഹത്തിന്റെ പാവയുമായി, കാലിന്മേല് കാലും കയറ്റിവച്ച് ഒരു കസേരിയില്‍ ഇരിക്കുന്ന റോബര്‍ട്ടിനെ. നൂറിലധികം വര്‍ഷം പ്രായമുണ്ട് റോബര്‍ട്ടിന്, ഇന്നും വര്‍ഷത്തില്‍ ഒരിക്കല്‍ പാരാനോര്‍മ്മല്‍ സൊസൈറ്റിയുടെ ചിലവില്‍ റോബര്‍ട്ട് നാട് ചുറ്റാനിറങ്ങും. താനിവിടെയൊക്കെ തന്നെയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കാനായി.
വളരെ രസകരമാണ് റോബര്‍ട്ടിന്റെ കഥ. റോബര്‍ട്ട് യുജീന് ഓട്ടോ (Robert Eugene Otto) എന്നൊരു കലാകാരനായിരുന്നു റോബര്‍ട്ടിന്റെ ഉടമ. തന്റെ പേര് തന്നെയാണ് യുജീന് പാവയ്ക്കും ഇട്ടത്. 1904ല്‍, യുജീന് നാല് വയസ്സുള്ളപ്പോഴാണ് അവന് ആ പാവയെ സമ്മാനമായി കിട്ടുന്നത്, വീട്ടിലെ ബഹാമസ് സ്വദേശിനിയായ ജോലിക്കാരിയില്‍ നിന്ന്. 3 അടി ഉയരമുണ്ടായിരുന്ന ആ പാവ വളരെ പെട്ടെന്ന് തന്നെ യുജീന്റെ ഉറ്റതോഴനായി മാറി. പിന്നീട് റോബര്‍ട്ടിന്റെ കൂടെയായിരുന്നു അധിക സമയവും യുജീന് ചിലവഴിച്ചിരുന്നത്.
പിന്നീടാണ് യുജീന്റെ മാതാപിതാക്കള്‍ അവനിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. പലപ്പോഴും അടച്ചിട്ട മുറിക്കുള്ളില്‍ നിന്നും യുജീനും റോബര്‍ട്ടും തമ്മിലുള്ള സംസാരം അവര്‍ക്ക് കേള്‍ക്കാമായിരുന്നു. ആദ്യം യുജീന്റെ ശബ്ദം കേള്‍ക്കും, പിന്നെ മറ്റൊരു ശബ്ദത്തില്‍ റോബര്‍ട്ട് മറുപടി പറയുന്നത് കേള്‍ക്കും. യുജീന് കളിക്കുന്നതാണെന്ന് കരുതി മാതാപിതാക്കള്‍ സമാധാനിച്ചെങ്കിലും പല തവണ യുജീനോട് റോബര്‍ട്ട് കയര്‍ത്ത് സംസാരിക്കുന്നത് അവര്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ രാത്രി ‘കൊല്ലും, കൊല്ലും’ എന്ന് ആരോ വിളിച്ചു പറയുന്നത് കേട്ട് അവര്‍ മുറിയിലേക്ക് ചെന്നപ്പോള്‍ പേടിച്ച് അരണ്ടിരിക്കുന്ന യുജീനെയും, തൊട്ടടുത്ത് കസേരയിലായി ഇരിക്കുന്ന റോബര്ട്ടിനെയുമാണ് കാണാന്‍ കഴിഞ്ഞത്. വീട്ടില്‍ കസേരയും മേശയും ഒക്കെ തട്ടി മറിച്ചിടുന്നതും, സാധനങ്ങള്‍ താഴെയിട്ട് പൊട്ടിക്കുന്നതും എല്ലാം റോബര്‍ട്ട് ആണ് ചെയ്യുന്നതെന്ന് യുജീന് അവരോട് പരാതി പറയുമായിരുന്നു. ഇത്രയൊക്കെയായിട്ടും യുജീന് റോബര്‍ട്ടിനെ ജീവനായിരുന്നു, തീന്മേശയില് പോലും റോബര്‍ട്ടിനായി ഒരു കസേര വരെ സ്ഥിരമായി ഒരുക്കി വച്ചിരുന്നു.
യുജീന്റെ ബാല്യത്തിലും, കൌമാരത്തിലും, അതിനു ശേഷവും റോബര്‍ട്ട് കൂടെയുണ്ടായിരുന്നു. മാതാപിതാക്കള്‍ മരിച്ചപ്പോള്‍ ആ വീട് യുജീനാണ് ലഭിച്ചത്. വിവാഹത്തിന് ശേഷം യുജീന്, റോബര്‍ട്ടിനെ വീടിന്റെ ഏറ്റവും മുകളിലുള്ള ഒരു കൊച്ചു മുറിയിലേക്ക് മാറ്റി. യുജീന്റെ ഭാര്യയുടെ നിര്ഭന്ധം കാരണമാണ് മാറ്റിയതെന്ന് പറയപ്പെടുന്നു. അത്രയും കാലം വീടിനകത്ത് മാത്രം നടന്നിരുന്ന സംഭവങ്ങള്‍ പിന്നീടാണ് പുറത്തും സംസാരമാകാന്‍ തുടങ്ങുന്നത്.
റോബര്‍ട്ടിനെ വച്ചിരുന്ന മുറിയില്‍, റോഡിലേക്ക് തുറക്കും വിധം നാല് ജനാലകളുണ്ടായിരുന്നു. പലപ്പോഴും അതിലെ പോകുന്നവര്‍ റോബര്‍ട്ട് മുറിയുടെ ജനലിലൂടെ നോക്കുന്നതായി കണ്ടിട്ടുണ്ട്. ചിലര്‍ നടന്ന് പോകുമ്പോള്‍ റോബര്‍ട്ട് അവരെ നോക്കി കണ്ണ് ചിമ്മുന്നതും, ചിരിക്കുന്നതും കണ്ടതായി പറയപ്പെടുന്നു. ഒരിക്കല്‍ അതിലൂടെ പോയ കുട്ടികള്‍ റോബര്‍ട്ട് നോക്കി കണ്ണ് ചിമ്മുന്നത് കണ്ട് ഭയന്ന് ഓടിയതായും, അന്ന് തന്നെ അതിലൂടെ തിരികെ വന്നപ്പോള്‍ റോബര്‍ട്ടിനെ തൊട്ടപ്പുറത്തെ ജനലില്‍ കണ്ടതായും പറഞ്ഞിട്ടുണ്ട്. ആ ഒരു അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ട്, രാവിലെ ഒരു ജനലില്‍ കാണുന്ന റോബര്‍ട്ടിനെ ഉച്ചയാകുമ്പോഴേക്കും മറ്റൊരു ജനലിലായിരിക്കും കാണുക. ആ മുറിയിലേക്ക് ആരും തന്നെ കടക്കാറില്ലെന്ന് മാത്രമല്ല, യുജീന്റെ ഭാര്യയ്ക്ക് റോബര്‍ട്ടിനെ കാണുന്നത് തന്നെ കലിയായിരുന്നു. ഒരിക്കല്‍ മുകളിലെ മുറിയില്‍ കാല്പെരുമാറ്റം കേട്ട് യുജീനും ഭാര്യയും ചെന്ന് നോക്കിയപ്പോള്‍; തന്റെ കസേരയില്‍ ശാന്തനായി, കാലിന്റെ മേല്‍ കാലും കയറ്റി വച്ച്, തന്റെ സിംഹ പാവയെ മടിയില്‍ വച്ച് ഇരിക്കുന്ന റോബര്‍ട്ടിനെയാണ് കണ്ടത്. അങ്ങിനെയായിരുന്നില്ല റോബര്‍ട്ടിനെ അവര്‍ വച്ചിരുന്നത്. കൂടാതെ മുറി പൂട്ടി താക്കോല്‍ ഭാര്യയുടെ കയ്യിലുമായിരുന്നു. ഇടയ്ക്ക്, പൂട്ടിയ മുറിയില്‍നിന്നും പുറത്തിറങ്ങുന്ന റോബര്‍ട്ട്, തന്റെ പ്രിയപ്പെട്ട കസേരയില്‍ ഇരിക്കുന്നത് കണ്ടതായും പറയപ്പെടുന്നു.
റോബര്‍ട്ട് ചിരിക്കുന്നതും, കണ്ണുകള്‍ അടച്ച് തുറക്കുന്നതും, റൂമില്‍ ചുറ്റി നടക്കുന്നതും ഒക്കെ കണ്ടിട്ടുള്ളതായി ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആ വീട്ടില്‍ വന്നിട്ടുള്ള സുഹൃത്തുക്കളും, അയല്‍ക്കാരും. യുജീന് കുഞ്ഞായിരുന്ന സമയത്തും ഇതൊക്കെ കണ്ടിട്ടുള്ളതായി ചിലര്‍ അവകാശപ്പെടുന്നു. എന്തായാലും യുജീന്റെ മാതാപിതാക്കള്‍ക്ക് പാവയുടെ കഥയില്‍ ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല, പക്ഷെ അത് വിശ്വസിച്ചിരുന്ന ഒരാളുണ്ടായിരുന്നു, യുജീന്റെ ഭാര്യ. തന്റെ ഭര്‍ത്താവിന് ആ പാവയോട് ഉണ്ടായിരുന്ന ഒരു പ്രത്യേക ഇഷ്ടം, അവര്‍, പലരോടായി പങ്കു വച്ചിട്ടുണ്ട്. അവര്‍ ഒറ്റയ്ക്ക് ആ വീട്ടില്‍ ഉള്ളപ്പോള്‍ മുകളില്‍ നിന്ന് വിചിത്ര ശബ്ദത്തില്‍ ചിരിയും, ആരോ നടക്കുന്ന ശബ്ദവും കേള്കാറുള്ളതായി പറഞ്ഞിട്ടുണ്ട്. ഭയം കാരണം പോയി നോക്കാറില്ല. 1974ല്‍, യുജീന്റെ മരണ ശേഷം അവര്‍ ആ വീട്ടില്‍നിന്നും താമസം മാറി.
പക്ഷെ റോബര്‍ട്ടിനെ അവര്‍ കൊണ്ടുപോയില്ല. അതോ റോബര്‍ട്ട് തനിയെ പോകാഞ്ഞതാണോ എന്നറിയില്ല. പുതിയ താമസക്കാര്‍ക്കും മുകളിലെ മുറിയില്‍ ആരൊക്കെയോ ഉള്ളതായി തോന്നാറുണ്ടായിരുന്നു. ഒരിക്കല്‍ ആ കുടുംബത്തിലെ പത്തു വയസ്സുകാരി റോബര്‍ട്ടിനെ മുറിയില്‍ കൊണ്ട് വച്ചപ്പോള്‍, രാത്രി റോബര്‍ട്ട് നോക്കി ചിരിച്ചെന്നും, അവള് പേടിച്ച് കരഞ്ഞപ്പോള്‍ റോബര്‍ട്ട് ആക്രമിക്കാന്‍ ചെന്നെന്നും പറയപ്പെടുന്നു. പല തവണ റോബര്‍ട്ട് അവളെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടത്രെ. ആ പെണ്‍കുട്ടി വളര്‍ന്ന് വലുതായ ശേഷം ഇന്നും ആ കാര്യങ്ങള്‍ ഒന്നും തന്നെ നിഷേധിച്ചിട്ടില്ല.
അതേ വീട്ടുകാര്‍ തന്നെയാണോ എന്നറിയില്ല, ആ വീട്ടില്‍ താമസിക്കുമ്പോള്‍ വാള്‍പ്പേപ്പര്‍ എത്ര ഒട്ടിച്ചാലും മതിലില്‍ നില്‍ക്കില്ലായെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ പലപ്പോഴും വാതിലുകള്‍ തുറക്കാനാകാതാവുക, താനേ തുറന്നു വരിക, ഷെല്‍ഫില്‍ നിന്നും പുസ്തകങ്ങള്‍ താനേ പറന്ന് താഴേ വീഴുക. അങ്ങിനെ പല സംഭവങ്ങളും ആളുകള്‍ പറയുന്നുണ്ട്.
എന്താണ് റോബര്‍ട്ടിന്റെ പ്രശ്നം:- വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല. പക്ഷെ എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് ഒരാളിലേക്കാണ്, ആ പാവയെ യുജീന് സമ്മാനിച്ച വേലക്കാരിയിലേക്ക്. ബഹാമസ് സ്വദേശിനിയായ അവര്‍ക്ക്, തന്നെ കഷ്ടപ്പെടുത്തിയിരുന്ന യുജീന്റെ കുടുംബത്തോട് ദേഷ്യമുണ്ടായിരുന്നു എന്നും, ആ ദേഷ്യത്തില്‍ വൂഡൂ മന്ത്രവാദം ചെയ്ത ആ പാവയെ മനപൂര്‍വ്വം യുജീന് കൊടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. പാവയുടെ തലമുടി, ശരിക്കും അതിനകത്തുള്ള ആത്മാവിന്റെ മൃതശരീരത്തില്‍ നിന്നുള്ള മുടിയാണത്രേ. ആ പാവ കൊടുത്ത ശേഷം അധിക കാലം അവര്‍, അവിടെ നിന്നിരുന്നില്ല. ഒരു പെണ്‍കുട്ടിയുടെ ആത്മാവാണ് റോബര്‍ട്ടിന്റെ ഉള്ളിലെന്നും കേള്‍ക്കുന്നുണ്ട്.
1994ലാണ് റോബര്‍ട്ട് മ്യൂസിയത്തിലേക്ക് താമസം മാറുന്നത്. മ്യൂസിയത്തിലും അവന് അടങ്ങിയിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പലപ്പോഴും അവന്റെ മുഖത്തെ ഭാവങ്ങള്‍ മാറാറുണ്ടെന്നും, അവിടന്ന് മാറി ഇരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞപ്പോള്‍, അതറിഞ്ഞ് സഞ്ചാരികളുടെ ഒരു വന്‍ പ്രവാഹമാണ് പിന്നീട് മ്യൂസിയത്തിലേക്ക് എത്തിയത്. അടുത്തിടെ പാവയുടെ സഞ്ചാരം നേരിട്ട് കാണാന്‍ ABC ടിവി ക്രൂ അവിടെ ഒരു രാത്രി തങ്ങിയിരുന്നു.
റോബര്‍ട്ടിന്റെ ഫോട്ടോയ്ക്ക് പിന്നിലെ കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധിച്ചോ? അവന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആളുകളുടെ ക്യാമറ കേടായെന്നും, അനുവാദമില്ലാതെ ആ ഫോട്ടോ എടുത്തതിന് മാപ്പ് എഴുതി റോബര്‍ട്ടിന്റെ പിറകില്‍ ഒട്ടിച്ചപ്പോള്‍ ശരിയായി എന്നുമാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്. സന്ദര്‍ശകര്‍ തന്നെ ഒട്ടിച്ചതായി പറയുന്ന, ഫോട്ടോ എടുക്കാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പുകളും, കാര്യ-കാരണ സഹിതം പുറകിലുണ്ട്.
ഇനി ട്വിസ്റ്റ്:- ഫ്ലോറിഡയിലുള്ള ഒരു കസിന്റെ കീയ്സ് യാത്രയ്ക്കിടയിലാണ് റോബര്ട്ടിനെകുറിച്ച് കേട്ട്, കാണാനായി മ്യൂസിയത്തിലേക്ക് പോകുന്നത്. എന്നാല്‍ ആ സമയം റോബര്‍ട്ട് തന്റെ വാര്‍ഷിക ടൂറിലായിരുന്നു. റോബര്‍ട്ട് ഇല്ലാത്തപ്പോള്‍ മ്യൂസിയത്തിന് ആകെ ഒരു ശ്മശാന മൂകതയാണത്രേ, എന്നാല്‍ അവനേക്കാള്‍ ഭീതി ജനിപ്പിക്കുന്ന പലതും അവിടെ ഉണ്ട് താനും. മ്യൂസിയത്തിന്റെ അകം കണ്ടാല്‍ത്തന്നെ ആര്‍ക്കും ഇവിടെ പ്രേതമുണ്ടോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കസിനോട് അവിടത്തുകാരനായ ഒരു സുഹൃത്ത് പറഞ്ഞത്, റോബര്‍ട്ടിന്റെ കഥ ശുദ്ധ തട്ടിപ്പാണെന്നാണ്. അധികമൊന്നും അറിയപ്പെടാത്ത ആ ചെറു പട്ടണത്തിന്റെ പ്രധാന വരുമാനം തന്നെ ടൂറിസമാണ്, അതും റോബര്‍ട്ടിനെ കാണാന്‍ വരുന്ന സന്ദര്‍ശകരാണ് കൂടുതലും. വര്‍ഷാവര്‍ഷം അവിടത്തെ ഹോളിഡേ സീസണ് തുടങ്ങുന്നതിന് മുന്‍പ്, റോബര്‍ട്ടിനെയും കൊണ്ട് മേയര്‍ ചില പബ്ലിസിറ്റി മീറ്റ് ഒക്കെ നടത്താറുണ്ട്. അവിടത്തുകാര്‍ ആരോട് ചോദിച്ചാലും റോബര്‍ട്ടിന്റെ കഥ പല വെര്‍ഷനുകളായി കേള്‍ക്കാം. അത് കേട്ടാല്‍ തോന്നും, റോബര്‍ട്ട് അവര്‍ക്കൊക്കെ വളരെ വേണ്ടപ്പെട്ട പയ്യനാണെന്ന്.
കൂടാതെ ഒരു ബ്ലോഗില്‍, അവിടത്തെ മ്യൂസിയം ജീവനക്കാരിയുടെ സഹായത്തോടെ, രണ്ട് സന്ദര്‍ശകര്‍ റോബര്‍ട്ടിന്റെ മുടി പരിശോധിച്ച കാര്യം പറയുന്നുണ്ട്. ഒരിക്കല്‍ മേയറുടെ പരിപാടി കഴിഞ്ഞ് റോബര്‍ട്ട് തിരികെ എത്തിയപ്പോള്‍, ഫ്രണ്ട്-ഓഫീസിലെ സ്ത്രീയല്ലാതെ മറ്റാരും അവിടെ ഇല്ലാഞ്ഞത് കൊണ്ട് റോബര്‍ട്ടിനെ കൂടിലേക്ക് എടുത്ത് വെക്കാന്‍ കഴിഞ്ഞില്ല. ആ സമയം അവിടെയെത്തിയ രണ്ട് സന്ദര്‍ശകര്‍, ആ സ്ത്രീയുടെ സമ്മതത്തോടെ തൊപ്പി മാറ്റി റോബര്‍ട്ടിന്റെ മുടി പരിശോധിക്കുകയും, അത് മനുഷ്യന്റെ മുടിയല്ല, കമ്പിളിനാരോ മറ്റോ ആണെന്ന് മനസിലാക്കുകയും ചെയ്തു. അവര്‍ ധാരാളം ചിത്രങ്ങളും എടുത്തിരുന്നു. സന്ദര്‍ശകര്‍ എത്തുമ്പോള്‍ റോബര്‍ട്ട് ആ സ്ത്രീയുടെ അടുത്തായിരുന്നു ഇരുന്നിരുന്നത്, അവിടെ മറ്റാരും ഉണ്ടായിരുന്നില്ല താനും.
പലപ്പോഴും അവിടെ താന്‍ മാത്രമേ ഉണ്ടാവുകയോള്ളൂ എന്നും, തനിക്ക് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലായെന്നും അവര്‍, അവരോട് പറഞ്ഞു. റോബര്ട്ടിനെപറ്റി കേള്‍ക്കുന്ന കഥകള്‍ ഒന്നും അവര്‍ വിശ്വസിച്ചിരുന്നില്ല. ആ പ്രദേശത്തെ ഒരു പ്രധാന വരുമാന സ്രോതസാണ് റോബര്‍ട്ടിനെ ബേസ് ചെയ്തുള്ള ടൂറിസം എന്നത് കാരണം, അവരെപ്പോലെ പലരും എല്ലാം അറിഞ്ഞ്കൊണ്ട് കണ്ണടയ്ക്കുകയാണ്.