January 15, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

പ്രേതം 2 – ശരിക്കും നിങ്ങൾ ഞെട്ടിയോ

Spread the love

സവർണതയും അന്ധവിശ്വാസവും സമാസമം ഒത്തുചേർന്ന പശ്ചാത്തലം. ‘തന്റേതല്ലാത്ത കാരണത്താൽ’ മരണപ്പെട്ട ആത്മാവ് വരുന്നു. മരണത്തിന് കാരണമായ ആളോടോ ആളുകളോടോ പ്രതികാരം വീട്ടാനാണ് കക്ഷിയുടെ വരവ്. പക്ഷേ ഉപദ്രവം ജീവിച്ചിരിക്കുന്ന മറ്റുള്ളവർക്കാണ്. മറ്റുള്ളവർ എന്നു പറയുമ്പോൾ- അതിൽ ‘വെളുത്ത്’ സുന്ദരികളായ തരുണീമണികൾ, കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ, ചിരിപ്പിക്കാൻ വേണ്ടി സംസാരിക്കുകയാണെന്ന് മനസിലാവുകയേ ചെയ്യാത്ത കൊമേഡിയൻസ് ഒക്കെ ചേർന്ന ഒരു വ്യത്യസ്ത കൂട്ടുകെട്ട്. ഉപദ്രവം തീർക്കാൻ ഒരാൾ വരുന്നു. അയാളെ ചിലർ പുച്ഛിക്കുന്നു, ചിലർ അഭയമായി കാണുന്നു. അയാൾ പ്രേതശല്യം തീർക്കുന്നു. സംഭവം നടന്ന സ്ഥലത്തിന്റെ മുന്നിൽ പുച്ഛിച്ചവരും സ്നേഹിച്ചവരുമായ എല്ലാവരും ഒന്നിച്ചുനിന്ന് രക്ഷകനെ പുകഴ്ത്തുന്നു. ആരെങ്കിലും ഒരു തമാശ പറയുന്നു. എല്ലാവരും കൂടി ചിരിക്കുന്നു. ശുഭം.
സാമാന്യമായി ഇറങ്ങുന്ന ഒരു പ്രേതസിനിമയുടെ കഥയാണ് ഇതെന്ന് വായിക്കുമ്പോഴേ മനസിലാവുമല്ലോ. ജയസൂര്യ- രഞ്ജിത് ശങ്കർ ടീമിന്റെ ആറാമത്തെ ചിത്രവും 2016ൽ റിലീസായ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായ പ്രേതം 2 ഭാഗ്യവശാൽ ഈ പാറ്റേൺ കൃത്യമായി പിന്തുടർന്നിരിക്കുന്നു എന്നത് ആശാവഹമാണ്. പുതിയ തരത്തിലുള്ള മേക്കിംഗ് രീതി പിന്തുടരാതിരിക്കാൻ സംവിധായകൻ കാണിച്ച ശ്രദ്ധ, സിനിമ കാണുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള കൺഫ്യൂഷനോ ആലോചനകളോ ഒഴിവാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ അശ്രദ്ധമായി കണ്ടു’തീർക്കാൻ’ പറ്റിയ ചിത്രമാണ് പ്രേതം 2.
പ്രേതം 2 എന്ന ഹൊറർ കോമഡി ചിത്രത്തിൽ ഹൊററോ കോമഡിയോ കാര്യമായി ഇല്ല എന്നതല്ലാതെയുള്ള മറ്റ് കുഴപ്പങ്ങൾ സാമാന്യേന ചെറുതാണ്. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയുടെ ‘കുഞ്ഞമ്മയുടെ അളിയന്റെ മോന്റെ’ ഛായ പൂർണമായും ആവാഹിച്ച ജോൺ ഡോൺബോസ്കോ എന്ന മെന്റലിസ്റ്റിനെ കേന്ദ്രീകരിക്കുന്ന കഥയാണ് പ്രേതം ഒന്നിലെ പോലെ രണ്ടിലും ഉള്ളത്. മറ്റു രഞ്ജിത് ശങ്കർ ചിത്രങ്ങളിൽ നിന്ന് പ്രേതം ഒന്നിനെ വ്യത്യസ്തമാക്കിയ തിരക്കഥാ ദാരിദ്ര്യം രണ്ടാം ഭാഗത്തേയും സവിശേഷമാക്കുന്നുണ്ട്. തിരക്കഥയിലുള്ളത് തരക്കേടില്ലാതെ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായ വിഷ്ണുനാരായണനായിട്ടുണ്ട്. സിനിമയുടെ ഇഴഞ്ഞു പോക്ക് ആസ്വാദനത്തിലെ ബോറഡിയെ തീരെ സ്വാധീനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മൂന്നിനു പകരം അഞ്ചു ചെറുപ്പക്കാരാണ് പ്രേതം രണ്ടിൽ പ്രശ്നത്തിൽ അകപ്പെടുന്നത്. കട്ട ഏട്ടൻ ഫാനായ രാമാനന്ദ് കളത്തിങ്കൽ (സിദ്ധാർത്ഥ ശിവ), ഹ്രസ്വസിനിമയുടെ സിനിമയുടെ സ്ക്രിപ്റ്റും ക്യാമറയും സംവിധാനവുമൊക്കെ ചെയ്യാനെത്തിയ തപസ് മേനോൻ (അമിത് ചക്കാലയ്ക്കൽ), നഴ്സായ അനു (ദുർഗ കൃഷ്ണ), ഡാൻസറായ നിരഞ്ജന (സാനിയ ഇയ്യപ്പൻ), ലുലുവിൽ ജോലി ചെയ്യുന്ന ജോഫിൻ (ഡെയ്ൻ ഡേവിസ്) എന്നിവരാണവർ. ഓൺലൈൻ ഫേസ്ബുക്ക് ഗ്രൂപ്പായ ‘സിനിമാ പ്രാന്തന്മാരി’ലൂടെ കണ്ടുമുട്ടിയ അഞ്ച് ഫേക്ക് ഐഡികൾ നേരിൽക്കാണുന്നു. തിരക്കുകളിൽ നിന്ന് വേറിട്ട് റിഫ്രഷ് ചെയ്യാനുള്ള ഒരു ശ്രമം- കൂട്ടത്തിൽ ഒരു ഷോർട്ട് ഫിലിമും.
എന്തും ഏതും ഒറ്റനോട്ടത്തിൽ കണ്ടുപിടിച്ചുകളയുന്ന മെന്റലിസ്റ്റ് ജോൺ ഡോൺബോസ്കോ നേരത്തേ മനയിലുണ്ട്- കായകല്പ ചികിത്സയാണ് ഉദ്ദേശം. അവിടേയ്ക്കാണ് ഈ അഞ്ചു ചെറുപ്പക്കാർ എത്തുന്നത്. ഇവർക്കു പിന്നാലെ മറ്റൊരാൾ കൂടി ഇക്കൂട്ടത്തിലേയ്ക്കെത്തുന്നു- പ്രേതം. മനുഷ്യനെ പേടിപ്പിക്കാനല്ലാതെ മറ്റൊന്നുമറിയാത്ത ഈ പാവം പ്രേതത്തെ സഹായിക്കുക എന്ന സൽക്കർമമൊന്ന് മാത്രമേ മെന്റലിസ്റ്റിനറിയൂ. അത് ട്രെയിലറിൽ തന്നെ കക്ഷി ചെയ്യുന്നുണ്ട്. പ്രേതത്തെയും വീട്ടുകാരേയും ആ അഞ്ച് യുവാക്കളേയും സമൂഹത്തേയുമൊക്കെ മെന്റലിസ്റ്റ് രക്ഷിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പ്രേതം, പിശാച് പോലുള്ള സാധനങ്ങളിൽ കാര്യമുണ്ടെന്ന് തോന്നാത്ത ഹൈ ഗ്രേഡ് അന്ധവിശ്വാസികളെ ആത്മാവുണ്ടെന്ന് വിശ്വസിപ്പിക്കൽ അഥവാ ആത്മാവിനും പ്രേതത്തിനും ശാസ്ത്രഭാഷയിൽ വ്യാഖ്യാനം ചമയ്ക്കുക എന്ന പുണ്യപ്രവൃത്തി ചിത്രം ഭംഗിയായി നിർവഹിക്കുന്നുണ്ട്. ജ്യോതിഷം, വാസ്തു മുതലായ അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവർക്ക് പലർക്കും പക്ഷിശാസ്ത്രവും കൈനോട്ടവുമൊക്കെ അന്ധവിശ്വാസമായാണ് അനുഭവപ്പെടുക. അതുപോലെ സാരിയഴിച്ചിട്ട് മുഖത്ത് പാടൊക്കെയുള്ള ആത്മാവ് സങ്കല്പത്തെ പൊളിച്ചടുക്കി മറ്റൊരു തരം ന്യൂജെൻ പ്രേതത്തെയാണ് ഒന്നാം ഭാഗത്തിലെന്ന പോലെ ഇതിലും അവതരിപ്പിക്കുന്നത്. ഐപി അഡ്രസൊന്നും ട്രാക്ക് ചെയ്യാൻ പറ്റാത്ത തരത്തിൽ ഹൈ സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് ഓൺലൈനിൽ കയറാനൊക്കെ പറ്റുന്ന ശക്തമായ ആത്മാവ്. ഈ ആത്മാവിനെ കാണാനും ആശയവിനിമയം മനസിലാക്കാനുമൊക്കെ മെന്റലിസ്റ്റിനു പറ്റും. ബാക്കി സത്യം മുഴുവൻ തന്റെ കഴിവു വച്ച് മെന്റലിസ്റ്റ് തെളിയിക്കുന്നതോടെ കഥ കഴിയും.
നിരന്തരമായി ഉപയോഗിച്ച് പഴകിയ സെറ്റാണ് വരിക്കാശേരി മനയെന്ന് തോന്നിക്കാതിരിക്കാനായി ആ പേരിൽ തന്നെ മനയെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. പാവം പ്രേതമായതിനാൽ ആ ഭീകരത വച്ച് ഹൊറർ സൃഷ്ടിക്കാൻ കഴിയില്ല. പിന്നെ ഹൊറർ പടമാക്കാനുള്ള സിറ്റുവേഷനുകളും ടൈമിംഗും ശബ്ദവിന്യാസവും നിശബ്ദതകളുമെല്ലാം ഉപയോഗിച്ച് പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രീതിയാണ്. ഉദ്വേഗത്തിന്റേതായ അത്തരം നിമിഷങ്ങളൊന്നും നൽകി പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ സംവിധാകനായിട്ടുണ്ട്. മറ്റൊന്ന് തമാശയാണ്. ചിരിപ്പിക്കാനുദ്ദേശിച്ച് എഴുതിയ രംഗങ്ങളിൽ ചിലതിലെങ്കിലും ചെറിയ ചിരി പടർത്താനായതിൽ സംവിധായകന് ആശ്വാസത്തിന് വകയുണ്ട്. ചിരിപ്പിക്കാനെത്തിയ സിദ്ധാർത്ഥ് ശിവ കഥാപാത്രം പ്രകടന പരത കൊണ്ടോ തിരക്കഥാ മഹത്വം കൊണ്ടോ, ഒത്തില്ല(മുകേഷ്.ജെപിജി).
പലയിടങ്ങളിലും മണിച്ചിത്രത്താഴിനെ അനുസ്മരിപ്പിക്കുന്നുണ്ട് പ്രേതം 2. മരണത്തിനു പിന്നിലെ കാരണം കണ്ടെത്താൻ ‘ശാസ്ത്രം’ അറിയാവുന്ന മെന്റലിസ്റ്റ് നടത്തുന്ന കഷ്ടപ്പാടും അപ്പുറത്ത് നടക്കുന്ന കളം പൂജയും മാറി മാറി കാണിക്കുന്ന സീക്വൻസ്, വാതിൽ തുറന്നിട്ട് നിഴലു കാണിക്കുന്ന പ്രേതം തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ ആ അനുസ്മരണം നന്നായി നടക്കുന്നുണ്ട്. വീട്ടിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിത് രവിയെ കണ്ട് വിലയിരുത്തുന്ന സീക്വൻസിന്റെ ശൈലിയിലും ദൃശ്യരൂപത്തിലും അറിയാതെയായിരിക്കാമെങ്കിലും ഷെർലക്ക് ഹോംസ് മുദ്ര വളരെ ദൃശ്യമായി കിടപ്പുണ്ട്. മോതിരത്തിന്റെ പാട് കണ്ട് വിവാഹ മോചനം ഊഹിക്കുന്ന ട്രിക്കൊക്കെ കാണാൻ അതുപോലെ തന്നെയുണ്ട്. നഴ്സിംഗ് സമരത്തിൽ വയലൻസ് കാണിച്ച് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ ആളായും ഭാര്യ പിണങ്ങിപ്പോയതിനാൽ സദാചാര കുരു പൊട്ടുന്ന ആളായും എസ്‌ഐയ്ക്ക് കൊടുക്കുന്ന നെഗറ്റീവ് ടച്ച് ഒരു ആശ്വാസമാണ്.
അനു എന്ന കഥാപാത്രം മനയിൽ വന്നിറങ്ങുമ്പോൾ തന്നെ ഫെമിനിസ്റ്റാണ് എന്നു തോന്നിപ്പിക്കാനുള്ള ചേരുവകൾ സിനിമ നൽകുന്നുണ്ട്. ഫെമിനിസ്റ്റാണല്ലേ എന്ന് സിദ്ധാർത്ഥ ശിവയുടെ കഥാപാത്രം അർത്ഥം വച്ചും ഇഷ്ടമീൻ ചാളയാണോ എന്ന് ഡെയിന്റെ കഥാപാത്രം കളിയാക്കിയും ചോദിക്കുന്നുണ്ട്. മലയാള സിനിമയിൽ നിന്ന് ഫെമിനിസത്തെ പറ്റി ഉയർന്നു കേട്ട മികച്ചൊരു പ്രസ്താവനയെ കളിയാക്കി ആരോടാണ് കൂറ് എന്ന് രഞ്ജിത് ശങ്കർ ടീം തെളിയിക്കുന്നുണ്ട്. പിന്നെയങ്ങോട്ട് കുലസ്ത്രീത്വം വിളങ്ങി നിൽക്കുന്ന കഥാപാത്രമാക്കി ‘അനു’വിനെ മാറ്റാനും രഞ്ജിത് ശങ്കർ ശ്രദ്ധിച്ചിട്ടുണ്ട്. മീ റ്റൂ മൂവ്മെന്റിനെ കളിയാക്കി ആണധികാര സ്നേഹം തിരുകിക്കേറ്റാനുള്ള ശ്രമങ്ങൾ നടത്തുന്ന രഞ്ജിത് ശങ്കർ സവർണതയേയും ജാതി ബന്ധങ്ങളേയും അധികാരത്തേയും ദൃശ്യതയേയും കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട് പ്രേതം രണ്ടിൽ.
പ്രേതമുണ്ടെന്നോ, അത്തരം പാരാനോർമൽ കാര്യങ്ങൾ ചെയ്യാനാകുമെന്നോ അവകാശപ്പെടാത്ത, ഒരു പെർഫോമൻസ് ആർട്ട്(പ്രകടന കലാരൂപം) മാത്രമാണെന്ന് സ്വയം പറയുന്ന ഒരു കല മാത്രമാണ് മെന്റലിസം. മാജിക്, സൈക്കോളജി, ബിഹേവിയറൽ സൈക്കോളജി, ബോഡി ലാംഗ്വേജ്, എൻ‌എൽ‌പി, മൈക്രോ എക്സ്പ്രഷൻ തുടങ്ങിയ കാര്യങ്ങളുടെ സമ്മേളനത്തിലൂടെ മുന്നിലുള്ള ആളെ/ആളുകളെ അമ്പരപ്പിക്കുക എന്നതുമാത്രമാണ് ആ കലയുടെ ഉദ്ദേശവും സാധ്യതകളും. അതിനെ ഉപയോഗിച്ചുള്ള പ്രേതത്തെ പിടിക്കൽ പരിപാടി ആ കലാരൂപത്തെ തന്നെ മോശമായി ചിത്രീകരിക്കുന്നതാനെങ്കിലും സിനിമയുടെ ആവിഷ്കാര സാധ്യതകൾ ഉപയോഗിക്കാനുള്ള അവകാശം സംവിധായകനുണ്ട്. മെന്റല്ലിസം എന്ന, ഇന്നും മലയാളിക്കത്ര പരിചിതമല്ലാത്ത ഒരു നിഗൂഢ സാധനമുപയോഗിച്ച് ന്യൂജെൻ കുപ്പായമിടീച്ച പ്രേതത്തെ സമാസമം ചേർത്ത്, വിദ്യാഭ്യാസമുള്ളവരിലേയ്ക്ക് കൂടി അന്ധവിശ്വാസം വിൽക്കുന്ന കലാരൂപമായി നിൽക്കുമ്പോഴും സിനിമയുടെ വിനിമയ സാധ്യതകളുപയോഗിക്കുന്നതിൽ വരുത്തിയ പരാജയം ആശ്വാസകരമാണ്. കായകല്പം തെളിയിക്കപ്പെട്ട ശാസ്ത്രമാണെന്നു പറഞ്ഞുകളയുന്ന പ്രേതം രണ്ട് മെന്റലിസത്തിൽ ഇക്കാണിക്കുന്നതെല്ലാം അതുപോലെയാണെന്നും വച്ച് കാച്ചുന്നുണ്ട്. തീപ്പെട്ടിക്കൊള്ളി നോക്കിക്കത്തിച്ചാണ് അതിന്റെ ശാസ്ത്രീയത ജോൺ ഡോൺബോസ്കോ തെളിയിക്കുന്നത് എന്നു മാത്രം.
സ്ത്രീവിരുദ്ധത, സവർണത, സ്ഥിരം സീനുകൾ, പുതുമയില്ലാത്ത മേക്കിംഗ് ശൈലി, ദുർബലമായ തിരക്കഥ എന്നിവ സമം ചേർത്ത ഒരു ക്ലീഷേ പ്രേത പടമാണ് പ്രേതം രണ്ട്. പേടിപ്പിക്കാനുള്ള ഒരു സാധ്യതയും പ്രയോജനപ്പെടുത്താത്ത ദുർബലമായ ഹൊറർ സീനുകളും ഏൽക്കാത്ത കോമഡികളുമുള്ള ഹൊറർ കോമഡി സിനിമ. സാധാരണ കാഴ്ച വയ്ക്കുന്ന പ്രകടനം അല്ലെങ്കിലും തരക്കേടില്ലാതെ ചെയ്ത ജയസൂര്യയുടെ അഭിനയം മാത്രമാണ് ഏക ആശ്വാസം. നല്ല സിനിമകൾ മലയാളത്തിനു സമ്മാനിച്ചിട്ടുള്ള രഞ്ജിത് ശങ്കറും ജയസൂര്യയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടും നിരാശപ്പെടുത്തി എന്നേ ഒറ്റ വാചകത്തിൽ പറയാനാവൂ.
ഇനി അതിലെ പ്രേതത്തെ പറ്റി പറയുക ആണെങ്കിൽ..കണ്ടും കെട്ടും പരിചയിച്ചും ഉള്ള സ്ഥിരം സാരി ചുറ്റിയ പ്രേതങ്ങളിൽ നിന്നും ഒരാശ്വാസം എന്ന നിലക്ക് ആയിരിയ്ക്കും ഇത്തരം ഒരു ന്യൂ ജൻ പ്രേതത്തെ അവതരിപ്പിക്കാൻ അവർക്കു തുനിയേണ്ടി വന്നത് .ആ സിനിമയിൽ കാണുന്ന തരത്തിൽ കാണുന്ന തരം പ്രേതം വെറും ഒരു ഫാൻസി മാത്രം ആണ് .ഒരു കഥക്ക് വേണ്ടി ഉണ്ടാക്കി എടുത്ത ഒരു തട്ടി കൂട്ട് പ്രേതം.ശരി ആയിട്ടുള്ള പ്രേതങ്ങൾക്ക് ശരീരം ഇല്ല.ഇനി പ്രതികാരം ചെയ്യണം എന്ന് വിചാരിച്ചാൽ തന്നെ അതിനു അവർക്ക്‌ പ്രകൃതി ശക്തികളെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ .ഈ സിനിമയിൽ കഥ കൃത് കാട്ടി കൂട്ടുന്ന വിഡ്ഢിത്തങ്ങൾ കണ്ടിട്ട്  ഊറി ഊറി ചിരികേണ്ടി വന്നിട്ടുണ്ട് .പല രംഗങ്ങളും റിയാലിറ്റി യുമായി ഒരു ബന്ധവും ഇല്ലാത്തതാണ് .അതിൽ ഓരോന്ന് താഴെ പറയാം
1 .പ്രതികാരം ചെയ്യാൻ പ്രതങ്ങൾക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കാൻ ആവില്ല .
2 .പ്രേതങ്ങൾക്ക് കാറിലോ ബൈക്കിലോ ജീപ്പിലോ സഞ്ചരിക്കാൻ ആവില്ല .
3 . പ്രേതങ്ങൾക്ക് ഇലക്ട്രോണിക് , ഡിജിറ്റൽ മീഡിയകളെ സ്വാധീനിക്കാൻ കഴിയില്ല .
4 .ഫേസ്ബുക് പോലെ ഉള്ള വസ്തുക്കൾ , മൊബൈൽ എന്നിവ ഒന്നും ഉപയോഗിക്കാൻ പ്രേതങ്ങൾക്ക് അറിയില്ല .
5 .ഒരു പോലീസ് സ്റ്റേഷന്റെ ലോക്കപ്പ് മുറിയിൽ ഇട്ടൊന്നും ഒരു പ്രേതത്തിനും ആരെയും കൊല്ലാൻ കഴിയില്ല
6 .പകൽ സമയത് അവർക്ക് ശക്തി സംഭരിക്കാൻ കഴിയില്ല

ഇങ്ങനെ പ്രേതത്തിന്റെ രീതികളിൽ പുല ബന്ധം പോലും ഇല്ലാതെ ആണ് ചിത്രത്തിന്റെ പോക്ക്.പിന്നെ ഒരു വ്യത്യസ്‍തമായ രീതിയിൽ ഇനി ഉള്ള കാലത്തെ പ്രേതങ്ങൾ ഇങ്ങനെ ഒക്കെ പെരുമാറും എന്ന് കാണിക്കാൻ വേണ്ടി മാത്രം , ഈ കഥയിൽ എന്തൊക്കെ ഉണ്ട് പുതുമ എന്ന് കാണണമെങ്കിൽ മാത്രം ഇരുന്നു സമയം പോക്ക് ആവാം എന്ന് മാത്രം  

Leave a Reply

%d bloggers like this: