May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

നിലം തൊടാതെ ഒഴുകുന്ന പോലെ തോന്നി

Spread the love

എന്റെ ഫ്രണ്ടിന്റെ കസിൻ ബ്രദറിന് ഉണ്ടായ ഒരു അനുഭവം പങ്കു വെക്കട്ടെ.. അവൻ ഡിഗ്രി പഠിക്കുന്ന കാലം. ഇപ്പോൾ അവൻ വാഹന വില്പന ശാലയിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആള് നല്ല ധൈര്യ ശാലിയും ഭൂത പ്രേത പിശാച്ചിലൊന്നും വിശ്വാസമില്ലാത്ത ടൈപ്പ് ആയിരുന്നു. ഇനി സംഭവത്തിലേക്ക് വരാം. കാണാൻ നല്ല മൊഞ്ചൻ ആയിരുന്നത് കൊണ്ട് ആൾക്ക് പെൺകുട്ടികൾ ഒരുപാട് സുഹൃത്തുക്കളായി ഉണ്ടായിരുന്നു. കോളേജിലും അല്ലാതെയുമുള്ള ഈ പെൺ സൗഹൃദങ്ങളെ ഒരു ത്രില്ല് ആയി ആണ് അവൻ കണ്ടിരുന്നത്. മിക്കപ്പോളും ഫോണിൽ ആരെങ്കിലുമായി സൊള്ളുന്നതു കാണാം. ക്ലാസ് കഴിഞ്ഞു വന്നാൽ നേരെ ഫോണും എടുത്തു ഒരു ഇരിപ്പാണ്. അപ്പൻ ഡെയിലി വഴക്ക് പറയും അമിതമായ ഈ ഫോൺ വിളികൾ കണ്ടു. രാത്രി ഒരു 9 മണി കഴിഞ്ഞാൽ ആശാൻ സ്വകാര്യമായി ആരുടേയും ശല്യം ഇല്ലാതെ സ്വസ്ഥമായിരുന്നു ഫോൺ ചെയ്യാൻ ഒരു സ്ഥലം കണ്ടു പിടിച്ചു വീടിനു നേരെ എതിര്വശത്തു റോഡിനപ്പുറം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഒഴിഞ്ഞ വീട്. റയില്വേക്ക് സ്ഥലം എടുത്തപ്പോൾ aa സ്ഥലത്തിൽ ഉള്ളതായിരുന്നു ഈ വീട്. ആദ്യകാലങ്ങളിൽ റെയിൽവേ ഉദ്യോഹസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്‌സ് ആയി ഇത് ഉപയോഗിച്ച്. പിന്നീട് കാടും പടലും പിടിച്ചു വീടും ഭാഗികമായി നശിച്ചു. സാമൂഹ്യ വിരുദ്ധരുടെയൊക്കെ താവളമായി മാറി. ആ വീടിന്റെ തിണ്ണയിൽ ഇരുന്നു ഫോണിൽ ആരോടോ സൊള്ളിക്കൊണ്ടിരിയ്ക്കയായിരുന്നു കക്ഷി. ഏകദേശം സമയം 10 മണി കഴിഞ്ഞിട്ടുണ്ടാകും റോഡിലൂടെ ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങൾ ഒഴിച്ചാൽ പരിസരം വിജനമാണ്. കുറച്ചകലെയായി മുനിഞ്ഞു കത്തുന്ന വഴിവിളക്കിന്റെ വെട്ടം മാത്രമേയുള്ളു. റെയിൽവേ ട്രാൿകും ഈ വീടും തമ്മിൽ 10 മീറ്ററോളം അകലം ഉണ്ടു. മുഴുവൻ കമ്യൂണിസ്റ് പച്ച പോലെയുള്ള ചെടികൾ വളർന്നു നിൽക്കുന്ന കാടാണ്. സ്വസ്ഥമായിരുന്നു ഫോൺ വിളിക്കുന്നതിനിടയിൽ താൻ ഇരിക്കുന്നതിന് നേരെ എതിർ വശത്തു അല്പം ദൂരെയായി ഒരു പുളിമരംത്തിന്റെ ചുവട്ടിൽ ഒരാൾ ഇരുന്നു തന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു. മുഷിഞ്ഞ വേഷമാണ്. വഴിപോക്കരായ പിച്ചക്കാരോ മറ്റോ ആയിരിക്കുമെന്ന് കരുതി അവൻ ഫോൺ വിളി തുടർന്നു. അതിനിടയിലാണ് പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ഒരു കാര്യം ഓർമ്മ വന്നത്. ഏഴെട്ടു മാസങ്ങൾക്ക് മുൻപ് ആ പുളിമരത്തിന്റെ ചുവട്ടിൽ ഒരാൾ വിഷം കഴിച്ചു ആത്മഹത്യ ചെയ്തിരുന്നു.അവനൊന്നു കൂടി അങ്ങോട്ടേക്ക് നോക്കി അയാൾ അവിടെത്തന്നെയുണ്ട്. പാറിപ്പടർന്ന മുടി, പക്ഷെ തീഷ്ണതയുള്ള കണ്ണുകൾ. മുഖം വ്യക്തമാണ് തന്നെ തന്നെ രൂക്ഷമായി നോക്കുകയാണയാൾ. എന്തോ ഒരു കാന്തിക ശക്തി അയാളുടെ നോട്ടത്തിനുണ്ട്. പേടി പൊതുവെ കുറവായ അവൻ ഫോൺ കട്ട് ചെയ്തു ആരാ ഈ അസമയത് ഇവിടെ ഇരിക്കുന്നത് എന്നറിയാൻ നേരെ അങ്ങോട്ട് നടന്നു. നടന്നു അടുത്തെത്തും മുൻപ് അയാൾ അപ്രത്യക്ഷനായി. ശെടാ…. ഇതെന്തു കഥ… അയാൾ എണീക്കുന്നതോ നടന്നു നീങ്ങുന്നതോ ഒന്നും കണ്ടില്ല. പക്ഷെ ആള് അവിടില്ല. അരണ്ട വെളിച്ചത്തിൽ അവൻ ചുറ്റും കണ്ണോടിച്ചു. കമ്മ്യൂണിസ്റ് പച്ച നിറഞ്ഞ ആ കാട്ടിനുള്ളിലൂടെ അയാൾ നടക്കുന്നു. നടക്കുന്നു എന്നതിനേക്കാളുപരി വളരെ പതിയെ നീങ്ങുന്ന സ്‌കേറ്റിങ് വീൽ പോലെയുള്ള ഉപകരണത്തിൽ നീങ്ങുന്ന പോലെയാണ് തോന്നിയത്. ഇതിന്റെ രഹസ്യം കണ്ടുപിടിക്കാൻ അവൻ തീരുമാനിച്ചു. പിന്നാലെ വച്ചുപിടിച്ചു. സ്വയം തോന്നല് കൂടാതെ ഏതോ ഒരു ശക്തി തന്നെ അയാളുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത് പ്രേരിപ്പിക്കുന്നത് പോലെ തോന്നി. അവൻ നടത്തിനു വേഗത കൂട്ടി. അതിനനുസരിച്ചു മുന്നേ പോകുന്ന ആളും വേഗത്തിലായി. സാധാരണ നമ്മളൊക്കെ നടക്കുമ്പോൾ ശരീരത്തിന് ഒരു തുളുമ്പ് ഉണ്ടാവില്ലേ… കാലു എടുത്തു വെക്കുന്ന രീതിക്ക് പക്ഷെ ഇയാൾ നിലം തൊടാതെ ഒഴുകുന്ന പോലെയാണ് തോന്നിയത്. ഇങ്ങനെ ഒരു മായികവലയത്തിൽ പെട്ട പോലെ അവൻ അയാളുടെ പിന്നാലെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരോ അവന്റെ കയ്യിൽ പിടിച്ചു. പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോൾ കയ്യിൽ പിടിച്ചിരിക്കുന്നത് റെയിൽവേ ഗേറ്റ് കീപ്പറും, പരി ചയക്കാരനുമായ ഡേവിഡ് ചേട്ടനാണ്. പുള്ളിക്കാരൻ അല്പം ദേഷ്യത്തോടെ ചോദിച്ചു “നീ ഈ അസമയത് ട്രാക്കിലൂടെ എങ്ങോട്ടു പോകുവാ ? ബൊക്കാറോ വരുന്ന ടൈം അല്ലെ “. അപ്പോളാണ് ശെരിക്കും അവൻ ഞെട്ടിയത് താൻ നിൽക്കുന്നത് കൃത്യം റെയിൽവേ ട്രാക്കിനു നടുവിലാണ്. ട്രാക്കിലേക്ക് കയറിയതും അതിലൂടെയാണ് നടക്കുന്നത് എന്നും അവനു ഓർമ്മ കിട്ടിയില്ല. ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ഡേവിഡ് ചേട്ടൻ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ……….. ഇതിനിടയിൽ നേരത്തെ കണ്ട ആള് അപ്രത്യക്ഷമായിരുന്നു. അവൻ കാര്യം പുള്ളിയോട് പറഞ്ഞു. പക്ഷ ഡേവിഡ് ചേട്ടൻ കാണുമ്പോൾ ഇവൻ ട്രാക്കിലൂടെ അലക്ഷ്യമായി നടക്കുന്നതാണ്. പേര് വിളിച്ചിട്ടും കേൾക്കാതെ കൃത്യം ട്രാക്കിലൂടെ നടക്കുന്നു. ബൊക്കാറോ ട്രെയിൻ പാസ് ചെയ്യേണ്ട ടൈം ആണ് അത്. പന്തികേട് തോന്നിയത് കൊണ്ട് പുള്ളിക്കാരൻ ഓടി വന്നു ഇവന്റെ കയ്യിൽ കയറിപ്പിടിച്ചതു. എന്തായാലും ഡേവിഡ് ചേട്ടനും കൂടി അവന്റെ കൂടെ വീട്ടിലേക്ക് വരെ വന്നു. സംഭവങ്ങളൊന്നും വീട്ടിൽ പറഞ്ഞില്ല.
അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നപ്പോൾ വല്ലാത്ത അസ്വസ്ഥത. ആരോ കൊല്ലാൻ ശ്രമിക്കുന്ന പോലെ. കഴുത്തിന് ആരോ അമർത്തിപ്പിടിക്കുന്ന പോലെ. അവന്റെ ഞരക്കവും, മൂളലും കേട്ട് വീട്ടിലെല്ലാവരും ഉണർന്നു വന്നു നോക്കുമ്പോൾ ബെഡിൽ കിടന്നു വല്ലാതെ അസ്വസ്ഥത കാണിക്കുകയാണ്. അപ്പനു എന്തോ കാര്യം മനസ്സിലായ പോലെ പൊടുന്നനെ പ്രാർത്ഥനാ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ആനന്ദം വെള്ളം ( Holy water ) എടുത്തു കൊണ്ട് വന്നു അവന്റെ നെറ്റിയിൽ കുരിശു രൂപത്തിൽ വരച്ചു. ആ സെക്കൻഡിൽ അസ്വസ്ഥത നിലച്ചു ശാന്തമായി ഉറങ്ങാൻ ആരംഭിച്ചു. പിറ്റേന്ന് കാര്യങ്ങൾ വിശദമായി അറിഞ്ഞപ്പോൾ എല്ലാവർക്കും ഒരു ഉൾക്കിടിലം തോന്നി
ഇടവക പള്ളിയിലെ കൊച്ചച്ചൻ ഭൂതപ്രേത പിശാചുക്കളെയൊക്കെ പറ്റി പഠനവും ഗവേഷണവും നടത്തുന്ന ഒരാൾ ആണ്. അദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ നിസ്സംശയം പറഞ്ഞു ദുരാത്മാവിന്റെ സാന്നിധ്യം കൊണ്ടാണ് അങ്ങനൊരു സംഭവം ഉണ്ടായതെന്ന്. പക്ഷെ കസിൻ ഇതൊന്നും കാര്യമായി എടുത്തില്ല. നമ്മുടെ ഒരു അങ്കിൾ ആയിരുന്നു അന്ന് സ്ഥലം സ്റ്റേഷനിലെ A. S. I അവൻ ആ റെയിൽവേ പറമ്പിൽ വിഷം കഴിച്ചു മരിച്ച ആളുടെ ഡീറ്റയിൽസ് അങ്കിൾ വഴി പോലീസ് സ്റ്റേഷനിൽ നിന്ന് കരസ്ഥമാക്കി. ഒരു ഞായറാഴ്ച ആ വീട് അന്വേഷിച്ചു യാത്രയായി. നമ്മുടെ സ്ഥലത്തു നിന്ന് പത്തു പന്ത്രണ്ടു കിലോമീറ്റെർ ദൂരെയാണ് വീട്. അന്വേഷിച്ചു വീട് കണ്ടുപിടിച്ചു. സ്ഥലം വിൽക്കാനുണ്ട് എന്നറിഞ്ഞു വന്നതാണെന്ന മട്ടിൽ കാര്യങ്ങൾ അന്വേഷിക്കാം എന്ന ധാരണയിലാണ് വീട്ടിലേക്ക് കയറിയത്. ബെല്ലടിച്ചു വാതിൽ തുറക്കാൻ കാത്തു നിൽക്കുമ്പോൾ ഉമ്മറത്ത് തൂക്കിയിരുന്ന ഒരു ഫോട്ടോയിൽ കണ്ണുടക്കി. അന്ന് ആ പുളിമരത്തിന്റെ ചുവട്ടിൽ കണ്ട അതേമുഖം… ഒരു നിമിഷത്തേക്ക് ശരീരത്തിലെ രക്തം വാർന്നു പോകുന്ന പോലെ തോന്നി. പൂമാലയിട്ടു അലങ്കരിച്ചു വെച്ചിരിക്കുന്ന ആ ഫോട്ടോയിലെ ആളിന്റെ കണ്ണുകളിൽ അന്ന് കണ്ട തീഷ്ണതയില്ലായിരുന്നു. പക്ഷെ കൃത്യമായി മുഖം അത് തന്നെ..

Leave a Reply

%d bloggers like this: