January 15, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

മാടത്തരുവിയിലെ ദുരൂഹതകൾ

Spread the love

ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒന്ന് കൂടാൻ തീരുമാനിച്ചു ഞങ്ങൾ 10 പേരുണ്ട് 8 പേര് നാട്ടിൽ തന്നെ ഉള്ളവരും ബാക്കി 2 പേര് തിരുവനന്തപുരം സ്വദേശികളും ആണ് ആരുടേയും പേര് പറയുന്നില്ല. ഞങ്ങൾക്ക് പിന്നെ കമ്പനി കൂടാൻ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല അവിടെ.

ഏങ്കിലും ഒരു ആമ്പിയൻസിനു വേണ്ടി മാടത്തരുവി പോകാൻ തീരുമാനിച്ചു ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം മേടിച്ചു ഞങ്ങൾ രാവിലെ 11 മണിയോടെ മാടത്തരുവി കേറാൻ തീരുമാനിച്ചു ഏങ്കിലും എല്ലാം മേടിച്ചു എല്ലാവരും വന്നപ്പോഴേക്കും സമയം 2 ആയി മാടത്തരുവിയിൽ ചെന്നിട്ടു എന്തെങ്കിലും മേടിക്കാൻ വരാൻ എളുപ്പമല്ല അടുത്തെങ്ങും കടകളും ഇല്ല കുറച്ചു നടക്കാനും ഉണ്ട്‌

അങ്ങനെ ഒരു 2.15 ഓടുകൂടി ഞങ്ങൾ മാടത്തരുവിയുടെ മുകളിൽ ഉള്ള റോഡിൽ ചെന്നു അവിടെ റോഡ്സൈഡിൽ വണ്ടി വെച്ചിട്ട് ഒരു റബ്ബർ തോട്ടം വഴി വേണം മാടത്തരുവിയിലേക്ക് പോകാൻ. ഞങ്ങൾ വണ്ടി അവിടെ വെച്ചിട്ട് റബ്ബർ തോട്ടം വഴി അരുവിയുടെ അവിടേക്കു ഇറങ്ങി .താഴോട്ട് ഇറങ്ങി കഴിഞ്ഞാൽ പിന്നെ വീടുകൾ ഒന്നും ഇല്ല തോട്ടത്തിൽകൂടെ നടന്ന് ചെല്ലുന്നതു അരുവിയിലെ ഒരു വെള്ളച്ചാട്ടത്തിന്റെ അവിടേക്കാണ് (ചിത്രത്തിൽ കറുത്ത കളറിൽ മാർക്ക് ചെയ്തിട്ടുണ്ട്) അവിടെ ഇരിക്കാൻ പറ്റില്ല കാരണം അവിടെ കുളിക്കാനും തുണി അലക്കാനും ഒക്കെ ആളുകൾ വരുന്നതാണ് അതുകൊണ്ടു ഞങ്ങൾ കുറച്ചു മുകളിലേക്ക് പോകാമെന്നു വെച്ചു (ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന വഴിയേ വേണം മുകളിലേക്ക് കേറിപ്പോകാൻ കഷ്ടിച്ച് ഒരാൾക്ക് കേറിപ്പോകാം) ഞങ്ങൾ ഓരോരുത്തരായി മുകളിലേക്ക് കയറി ഇതുപോലെ 2,3 ചെറിയ വെള്ളച്ചാട്ടവും കൂടെ കഴിഞ്ഞു ഞങ്ങൾ കുറച്ചു അകത്തേക്ക് പോയി പെട്ടെന്ന് ആരും വന്നു കാണാതിരിക്കാൻ വേണ്ടി ആയിരുന്നു.

അങ്ങനെ ഒരു വിശാലമായ പാറയിൽ ഞങ്ങൾ എല്ലാം സെറ്റ് ചെയ്തു കലാപരിപാടി തുടങ്ങി മദ്യപാനവും ഫുഡ് കഴിപ്പും അരുവിയിലെ കുളിയും എല്ലാംകൂടി ആയപ്പോ സമയം പോയതും അറിഞ്ഞില്ല ഇതിനിടയിൽ 2 പേര് എന്തോ അത്യാവശ്യം വന്നിട്ട് തിരിച്ചു പോയിരുന്നു മാത്രമല്ല ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന 3 പേര് ഓഫ് ആയി പോകുകയും ചെയ്തു അതിൽ ഒരാള് ബീയർ മാത്രമേ കഴിക്കുകയുള്ളായിരുന്നു പക്ഷെ അരുവിയിൽ ചാടുന്നതിനിടക്ക് ഒരു തമാശക്ക് ഞങ്ങൾ അവന്റെ ബിയറിൽ കുറച്ചു മദ്യം കൂടെ മിക്സ് ചെയ്തു കൊടുത്തു തമാശക്ക് ആയിരുന്നെങ്കിലും പിന്നീട് അത് എട്ടിന്റെ പണി ആയിപോയി. ആശാൻ വാളും വെച്ച് ഓഫ് ആയി പോയി കൂടെ വേറെ രണ്ടുപേരും

അവർക്കു ബോധം വന്നാലേ തിരിച്ചു പോകാൻ പറ്റു ഞങ്ങൾ ബാക്കി ഉള്ളവര് കുളിയും പരിപാടിയും ആയി വെള്ളത്തിൽ കിടന്നു. കുറെ കഴിഞ്ഞിട്ടും അവന്മാര് ആരും എഴുന്നേക്കുന്നില്ല അപ്പോൾ തന്നെ സമയം ഏതാണ്ട് 7 മണിയോട് അടുത്തു ഇരുട്ടുകയും ചെയ്തു എനിക്കാണെങ്കിൽ 9 മണിക്ക് വീട്ടിൽ ചെല്ലണം കാരണം എന്റെ വല്യമ്മച്ചിക്കു ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നത് ഞാനാ നേഴ്സ് ഒന്നും അല്ല കേട്ടോ ഞാൻ . എങ്കിലും രാവിലെയും വൈകിട്ടും ഞാനാ എടുക്കുന്നത്

അവസാനം എങ്ങനെയെങ്കിലും അവന്മാരെ എഴുനേപ്പിക്കാൻ തന്നെ തീരുമാനിച്ചു ഒരുത്തനെ ഒരു വിധം വെള്ളത്തിൽ മുക്കി പൊക്കി എടുത്തു എങ്കിലും കാല് നിലത്തുറക്കുന്നില്ലായിരുന്നു ബീയറിൽ മിക്സ് ചെയ്തു കുടിച്ചവനാണെങ്കിൽ ഒരു ബോധവും ഇല്ല

അങ്ങനെ അവനെ രണ്ടു കയ്യിലും കാലിലും കൂടെ തൂക്കി എടുത്തു കൊണ്ടുപോകാൻ തീരുമാനിച്ചു വേറെ ഒരുത്തനെ കൂട്ടത്തിൽ ഒരാൾ താങ്ങിപ്പിടിച്ചും എടുത്തു ഒരുവിധത്തിൽ അവനെ പൊക്കിയും പാറയിൽ കൂടെ വലിച്ചും ഒക്കെ കുറച്ചു താഴേക്ക് ഇറങ്ങി. അവസാനം അത് നടക്കില്ലെന്നു മനസിലായി കയ്യിൽ ആണെങ്കിൽ വെട്ടവും ഇല്ല സ്മാർട്ട് ഫോൺ ഒന്നും ആ സമയത്തു ആയിട്ടില്ല ആകെയുള്ളത് അന്നത്തെ കൂടിയ ഫോൺ ആയ നോക്കിയ 1100 ടോർച്ച് സെറ്റ് ആണ് . ആ പിന്നെ ഇതിന്റെ ഇടയിൽ എന്റെ ഫോൺ വെള്ളത്തിൽ പോയിരുന്നു അത് ഓഫ് ആയി പോകുകയും ചെയ്തു മറ്റൊരു സുഹൃത്തിന്റെ ഏതോ ഒരു ഫോണിന്റെ ഡിസ്‌പ്ലേയുടെ വെട്ടവും ആകെ ഒരു ലൈറ്ററും ആണ് കൈയിൽ ഉള്ളത്.

ഒരു വിധത്തിൽ പകുതി വരെ ഞങ്ങൾ ഇറങ്ങി . അവരെയും തൂക്കി ഇനി ഇറങ്ങാൻ പറ്റില്ലന്നു മനസിലായി ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിക്കുമ്പോഴാണ് ഒരുത്തൻ പറഞ്ഞു അവർക്കു ഒരടി പോലും ഇനി ഇറങ്ങാൻ പറ്റില്ല അവര് അവിടെ തന്നെ കിടന്നോളാം എന്ന് . ആദ്യം ചീത്ത പറഞ്ഞെങ്കിലും പിന്നീട് സമയം പോകുന്നതുകൊണ്ടും എനിക്ക് വീട്ടിൽ ചെല്ലണ്ടതുകൊണ്ടും അവന്മാർ 3 പേരെ അവിടെ കിടത്തിയിട്ട് 2 പേരെ കാവലും നിർത്തി ഞങ്ങൾ 3 പേര് തിരിച്ചിറങ്ങി . ഒരുവിധത്തിൽ വെള്ളത്തിൽ വീണും പാറയിൽ തെന്നി വീണും ഒക്കെ ഞങ്ങൾ ചിത്രത്തിൽ കാണിച്ചിരിക്കുന്ന കറുത്ത സ്പോട്ടിൽ വന്നു ഇനി റബ്ബർ തോട്ടത്തിൽ കൂടി കേറി മുകളിൽ വണ്ടി ഇരിക്കുന്നിടത്തു ചെല്ലണം കുറ്റാകുറ്റിരുട്ട് എന്നൊക്കെ കേട്ടിട്ടുണ്ട് അന്ന് ശരിക്കും കണ്ടു ആകെ ഉള്ള മൊബൈലിന്റെ ഡിസ്പ്ലേ വെട്ടത്തിൽ തോട്ടത്തിൽ കൂടി കേറാൻ തുടങ്ങി പക്ഷെ നടന്നിട്ടെങ്ങും മുകളിലേക്ക് എത്തുന്നില്ല ആദ്യം എല്ലാവരും നല്ല ഫോമിൽ ആയതുകൊണ്ടാകും എന്ന് വിചാരിച്ചു പക്ഷെ കുറച്ചു കഴിഞ്ഞു എന്തോ എവിടെയോ ഒരു പന്തികേട് തോന്നി പേടി തോന്നിയെങ്കിലും ആരും പുറത്തു കാണിച്ചില്ല അവസാനം രക്ഷയില്ലെന്നുകണ്ടു കൈയിൽ ഉണ്ടായിരുന്ന ലൈറ്റർ കൊണ്ടു കുറച്ചു കരിയില കൂട്ടി ഇട്ടു കത്തിച്ചു തീയുടെ വെട്ടം വന്നപ്പോ സത്യം പറഞ്ഞാൽ 3 പേരും ഒരുപോലെ ഞെട്ടി പോയി ആദ്യം ഞങ്ങൾ മുകളിൽ നിന്നും ഇറങ്ങി വന്നു (ഫോട്ടോയിൽ ഉള്ള കറുത്ത മാർക്ക് ) നിന്നതിന്റെ ഒരു 10 അടി അകലത്തിലാണ് ഇപ്പഴും നിക്കുന്നത് 3 പേരും ആകെ കിളി പോയി നിക്കുമ്പോഴാണ് വെള്ളത്തിൽ എന്തോ വന്നു വീണത് ആ അവസ്‌ഥയിൽ അലറി വിളിക്കാൻ ആണ് തോന്നിയത് പക്ഷെ ആരുടേയും ശബ്ദം പുറത്തു വന്നില്ല കൂട്ടത്തിൽ ഒരു കൂട്ടുകാരൻ കുറച്ചു കരിയില വാരി തീയിലേക്ക് ഇട്ടു തീ കുറച്ചൂടെ കത്തിയപ്പോൾ 3 പേരും വെള്ളത്തിലേക്കു നോക്കി എന്തോ വെള്ളത്തിൽ വീണു ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് ഓളം തള്ളുന്നുണ്ടായിരുന്നു പെട്ടെന്ന് എന്തോ തേങ്ങാ പോലെ ഒന്ന് അവിടെനിന്നും (ഫോട്ടോയിൽ വെള്ള കളറിൽ മാർക്ക് ചെയ്തിടത്തുനിന്നും) ഞങ്ങൾ നിൽക്കുന്നിടത്തേക്ക് ഒഴുകി വരുന്നപോലെ തോന്നി ഒണക്ക തേങ്ങാ ആണെന്നാ ആദ്യം വിചാരിച്ചതു പക്ഷെ കുറച്ചൂടെ അടുത്ത് വന്നപ്പോഴാ അത് ഒരു മനുഷ്യന്റെ തലയാണെന്നു മനസിലായത് പക്ഷെ മുഖം വ്യക്തമല്ല ബോധത്തിൽ ആയിരുന്നെങ്കിൽ 3 പേരും അവിടെ വീണേനെ എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുമ്പോഴാ വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ അത് ഞങ്ങളോട് ചോദിച്ചു
” നിങ്ങൾ ഏതാ എന്താ ഈ സമയത്തു ഇവിടെ ” ഇതുചോദിച്ചുകൊണ്ടു തന്നെ ആ രൂപം പതുക്കെ വെള്ളത്തിൽ നിന്നും കുറച്ചുകൂടെ പൊങ്ങി വന്നു ഇപ്പൊ ഏകദേശം നെഞ്ചിന്റെ അവിടെ വരെ വെള്ളത്തിലാണ് അത് നിക്കുന്നത് പക്ഷെ വെക്തമായിട്ട് മുഖമോ ഒന്നും കാണാൻ കഴിയുന്നില്ല. എന്തോ വല്ലാത്ത ഒരു ശബ്ദമായിരുന്നു ആ രൂപത്തിന്റെ പെട്ടെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞു
“ഞങ്ങൾ റാന്നിയിൽ ഉള്ളതാ ചേട്ടാ കുളിക്കാൻ വന്നതാ സമയം പോയത് അറിഞ്ഞില്ല തോട്ടത്തിൽ കൂടെ പോകാൻ വെട്ടമില്ല അതാ ഇവിടെ നിക്കുന്നതെന്നു”

അവിടെ ഉള്ള ആരെങ്കിലും ആണെന്ന് വെച്ച് കമ്പനി കൂടാൻ വന്നകാര്യവും ബാക്കി ഉള്ളവര് മേളിൽ കിടക്കുന്നതും ഒന്നും പറഞ്ഞില്ല

തിരിച്ചു ഒന്ന് മൂളിയിട്ടു ” ഇവിടെ എന്തിനാ തീയിട്ടത് എന്ന് ചോദിച്ചു”

ഭയങ്കര ഇരുട്ടായതുകൊണ്ടു വെട്ടം കിട്ടാൻ വേണ്ടി ഇട്ടതാണെന്നു പറഞ്ഞു

പെട്ടെന്ന് അയാൾ ആ തീ അണക്കാൻ പറഞ്ഞു ഇല്ലെങ്കിൽ തോട്ടത്തിൽ തീ പിടിച്ചതാണെന്നു കരുതി ആരെങ്കിലും വരുമെന്നു. ചേട്ടന്റെ കയ്യിൽ തിരിച്ചു പോകാൻ ടോർച് ഉണ്ടോന്നു ചോതിച്ചപ്പോ
“ആദ്യം നിങ്ങൾ തീയണക്ക് റോഡിൽ വരെ ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞു”
ഞങ്ങൾ കുറച്ചു മണ്ണ് വാരി തീയിലിട്ടു അത് പതിയെ കെട്ടു തീ അണച്ചപ്പോ അയാൾ വെള്ളത്തിൽ നിന്നും കേറിവരുന്ന ശബ്ദം ഞങ്ങൾ കേട്ടു.

പെട്ടെന്നു ഞങ്ങളുടെ തൊട്ടടുത്തു അയാളുടെ ശബ്ധം മുഴങ്ങി
“വാ പോകാം”
ഒരു ഇല പോലും അനങ്ങാതെ അയാൾ ഞങ്ങളുടെ തൊട്ടടുത്ത് എത്തിയിരുന്നു
ടോർച് ഉണ്ടോന്നു ഞാൻ ചോദിച്ചപ്പോൾ അതൊന്നും വേണ്ട അല്ലാതെ തന്നെ പോകാം എന്ന് പറഞ്ഞു അപ്പോഴേക്കും തീയുടെ വെളിച്ചം മുഴുവൻ അണഞ്ഞിരുന്നു വീണ്ടും ലൈറ്റർ കത്തിച്ചപ്പോ അയാൾക്ക്‌ എന്തോ ഇഷ്ടപെടാത്ത പോലെ അത് മാറ്റാൻ പറഞ്ഞു ലൈറ്റർ കെടുത്തിയിട്ട് ഫോണിന്റെ ഡിസ്‌പ്ലൈ ഓൺ ആക്കി പെട്ടെന്ന് അയാൾ എവിടെ നിന്നോ ഒരു കമ്പ് ഓടിച്ചിട്ട് അതിൽ പിടിച്ചോളാൻ പറഞ്ഞു ഞാൻ കമ്പിന്റെ ഒരറ്റത്ത് പിടിച്ചു മറ്റേ അറ്റത്തു അയാളും ബാക്കി രണ്ടുപേര് ഒരു തോർത്ത് ഉണ്ടായിരുന്നതിൽ ഒരറ്റത്ത് ഞാനും മറ്റേ അറ്റത്തു ഒരു സുഹൃത്തും 3 മൻ എന്റെ പുറകിൽ നിന്നവന്റെ ഷർട്ടിലും പിടിച്ചു പതിയെ ഫോണിന്റെ വെട്ടവും തെളിച്ചു നടക്കാൻ തുടങ്ങി ഞങ്ങൾ ആകെ ഒരു തരിപ്പിലായിരുന്നു മദ്യത്തിന്റെ ലഹരിയും അവിടെ പെട്ടുപോയതിന്റെയും എല്ലാം കൂടെ.

പകൽ സമയത്തു നല്ല പരിചയം ഉള്ള ആള് പോകുന്നപോലെ അയാൾ ആ കമ്പിന്റെ അറ്റത്തു പിടിച്ചു മുന്നിൽ നടന്നു ഒരു വെട്ടം പോലും ഇല്ലാതെ..

ഇതിനിടയിൽ ഞങ്ങൾ പലതും അയാളോട് ചോതിക്കുന്നണ്ടായിരുന്നു പക്ഷെ ഒന്ന് മൂളുന്നതല്ലതെ മറുപടി ഒന്നും ഇല്ലായിരുന്നു പിന്നെ ഞങ്ങളും മിണ്ടാൻ പോയില്ല

ഒരു 10 മിനിറ്റ് നടന്നു കാണും ഞങ്ങൾ വണ്ടി വെച്ചിരിക്കുന്നതിന്റെ ഒരു 100 മീറ്റർ താഴെ എത്തി ഇപ്പോ ഞങ്ങൾക്ക് റോഡ് കാണാം പക്ഷെ വ്യക്തമല്ല ഇത്രെയും ആയിട്ടും അയാളുടെ മുഖമോ ശരീരമോ വെക്തമായി കാണാൻ കഴിഞ്ഞിട്ടില്ല എങ്കിലും അയാളുടെ ശബ്ദം കേട്ടാൽ നല്ല ആരോഗ്യം ഉള്ള ഒരു മനുഷ്യന്റെ പോലെ ആണ്

ഇപ്പൊ ഞങ്ങൾ വണ്ടി ഇരിക്കുന്നതിന്റെ ഒരു ഈടിയുടെ താഴെ എത്തി റോഡിൻറെ അപ്പുറത്തുള്ള വീട്ടിൽ നിന്നും ചെറിയ വെട്ടം ഇപ്പൊ അവിടെ ഉണ്ട്‌

ആ വെട്ടത്തിൽ ഞങ്ങൾ കണ്ടു ആജാനുബാഹുവായ ഒരു രൂപം ഒരു 7 അടിയോളം പൊക്കം വരും നല്ല ശരീരവും ഉണ്ട്‌ പക്ഷെ തിരിഞ്ഞു നിക്കുന്നതുകൊണ്ടു മുഖം വ്യക്തമല്ല
പെട്ടെന്ന് പുറകിൽ നിന്നവൻ ഒരു അലർച്ച കൂടെ ഞങ്ങളും
തിരിഞ്ഞു നോക്കിയപ്പോ ആശാന്റെ കാല് ഒരു റബ്ബറിന്റെ വേരിൽ തട്ടിയിട്ട് ചെരുപ്പ് ഊരി പോയതാ ആശാൻ ഓർത്തു ആരെങ്കിലും കാലിൽ പിടിച്ചു വലിച്ചതാണെന്നു കിളി പോയി നിക്കുമ്പോഴാ അവന്റെ അലർച്ച ആ വെപ്രാളത്തിൽ ഞങ്ങളും അമറി പോയി

അവന്റെ ചെരുപ്പ് തപ്പി എടുത്തു തിരിച്ചു കേറാൻ തുടങ്ങിയപ്പോഴാ കിളി ശരിക്കും പോയതു മുന്നിൽ വടി മാത്രം ഉണ്ട്‌ ആ മനുഷ്യൻ ഇല്ല ചുറ്റുപാടും നോക്കിയിട്ടു അയാളെ കാണാനും ഇല്ല

അപ്പോഴാണ് റോഡിൻറെ താഴെ കുഴിയിൽ ആയിട്ട് ഒരു ചെറിയ മുറി കണ്ടത് റബ്ബർ വെട്ടി ഷീറ്റ് ഒക്കെ ആക്കുന്ന മുറിയാണ് അത്.
അയാള് ഈ തോട്ടത്തിലെ വെട്ടുകാരൻ ആയിരിക്കും അങ്ങോട്ട് പോയി കാണുമെന്നു ഒരുത്തൻ പറഞ്ഞു. അയാള് ഒരു മുരടൻ ആയതുകൊണ്ട് ഞങ്ങൾ നോക്കാനും പോയില്ല ജീവനുംകൊണ്ട് എങ്ങനെയെങ്കിലും പോകാനേ അപ്പൊ തോന്നിയുള്ളൂ
ഞങ്ങൾ വണ്ടിയും എടുത്തു റാന്നിക്ക് വിട്ടു എങ്ങനെയൊക്കെയോ ഒരു വിധത്തിൽ ഞങ്ങൾ എന്റെ വീട്ടിൽ ചെന്നു (പിറ്റേ ദിവസം റാന്നിക്ക് ഇറങ്ങിയപ്പോഴാ അവിടെ ഉള്ളവര് പറഞ്ഞത് ഇന്നലെ വണ്ടിയും കൊണ്ടു s പോലെ പോകുന്ന കണ്ടല്ലോ എന്ന്)
വീട്ടിൽ ചെന്നപ്പോഴേ വല്യമ്മച്ചി വെളിയിൽ നോക്കി ഇരിപ്പുണ്ട് ഇൻസുലിൻ എടുക്കാൻ. ഞാൻ പോയി മരുന്നും സിറിഞ്ചും എടുത്തോണ്ട് വന്ന് സാധരണ എടുക്കുന്ന പോലെ ഒറ്റ കുത്തു കുത്തി.
അയ്യോ ….. ന്നുള്ള വല്യമ്മച്ചീടെ അലർച്ച കേട്ടാ മമ്മി അകത്തൂന്ന് ഓടി വന്നത് തൊലിപ്പുറത്തു കുത്തണ്ടത് നല്ല ബോധം ഉള്ളതുകൊണ്ട് ഞാൻ തുടയിൽ കുത്തിയിറക്കി. അന്നത്തോടെ എന്റെ നേഴ്സ് പണി തീർന്നു പിറ്റേദിവസം വല്യമ്മച്ചി തന്നെ എടുക്കുന്ന സിറിഞ്ജ് മേടിപ്പിച്ചു ഇതെല്ലാം കഴിഞ്ഞു മമ്മീടെ തെറിവിളിയും കേട്ടു ഞങ്ങൾ 3 പേരും കൂടെ മുകളിൽ എന്റെ മുറിയിലേക്ക് പോയി ((ആ തെണ്ടികൾ രാവിലെയേ പോകുന്നുള്ളെന്നു പറഞ്ഞു ) മുറിയിൽ ചെന്നു വെള്ളത്തിൽ വീണ എന്റെ 1100 അഴിച്ചു എല്ലാം തുടച്ചു സെറ്റ് ചെയ്തുകഴിഞ്ഞപ്പോ ഓൺ ആയി ( അതിനു അങ്ങനെ ഒരു ഗുണം ഉണ്ട്‌ എടുത്തു എറിഞ്ഞാലും ഒന്നും സംഭവിക്കില്ല ഇപ്പഴത്തെ സ്മാർട്ട് ഫോൺ ഒക്കെ എന്ത് ) കുറച്ചു കഴിഞ്ഞു ഒരു 10.30 ആയി കാണും ഞങ്ങളുടെ കൂടെ വന്നിട്ട് ആദ്യം പോയ രണ്ടു പേരിൽ ഒരുത്തൻ എന്നെ വിളിച്ചു സാധനം വല്ലതും ബാക്കി ഉണ്ടോന്നു അറിയാൻ വിളിച്ചതാ. ഇല്ലെന്നു പറഞ്ഞപ്പോ എല്ലാരും പോയൊന്നു ചോദിച്ചു ….
ഞങ്ങൾ ഇങ്ങു പൊന്നു അവന്മാർ വരുന്നില്ലെന്ന് പറഞ്ഞവിടെത്തന്നെ കിടന്നെന്നു പറഞ്ഞു
എവിടെ……..
മാടത്തരുവിയിൽ…….
( സത്യം പറഞ്ഞാൽ അവര് അവിടെ കിടക്കുന്ന കാര്യം അപ്പഴാ ഞങ്ങളും ഓർത്തത് )
വിളിച്ച അവനു ഇത്രെയും നന്നായിട്ടു ചീത്ത വിളിക്കാൻ അറിയാമെന്നു എനിക്ക് അപ്പൊ മനസിലായി.
പെട്ടെന്ന് റാന്നിക്ക് വരാൻ പറഞ്ഞിട്ട് അവൻ ഫോൺ കട്ട് ചെയ്തു.

ഞങ്ങൾ പെട്ടെന്ന് 2 ടോർച്ചും എടുത്ത് ഇറങ്ങി . കൂട്ടത്തിൽ ഒരുത്തൻ എന്റെ ബാഗും അതിനകത്തു ഒരു ബെഡ്ഷീറ്റും ഒരു കത്തിയും ഒക്കെയായിട്ടു വന്നു . കാരണം ചോതിച്ചപ്പോ അവിടെ പോയി പിന്നേം പെട്ടുപോവാണെങ്കിൽ പാറപ്പുറത്തു കിടക്കണ്ടായല്ലോ ബെഡ്ഷീറ് വിരിച്ചു കിടക്കാം എന്ന്. ഒന്നും പറയാൻ തോന്നിയില്ല അപ്പൊ .അവനുള്ളത്‌ പിന്നെ കൊടുക്കാം

ഞങ്ങൾ റാന്നിയിൽ ചെന്നപ്പോൾ മറ്റേ കൂട്ടുകാരനും പിന്നെ വേറെ രണ്ടു സുഹൃത്തുക്കളും ഞങ്ങളെ നോക്കി അവിടെ നിൽപ്പുണ്ട്
കണ്ടപാടെ നാല് തെറി പറഞ്ഞിട്ട് അവൻ ചോദിച്ചു എന്ത് പരിപാടിയാ നീയൊക്കെ കാണിച്ചത് അവിടുത്തെ പ്രശ്നങ്ങൾ ഒക്കെ നിനക്കൊക്കെ അറിയാവുന്നതല്ലേ പിന്നെ അവരെ എന്ത് ധൈര്യത്തിലാ അവിടെ ഇട്ടിട്ടു പോന്നതെന്ന്
എനിക്കും അപ്പഴാണ് സംഗതി അത്ര പന്തിയല്ല എന്നു തോന്നിയത്

പെട്ടെന്ന് തന്നെ ഞങ്ങൾ വീണ്ടും മാടത്തരുവിയിലേക്കു വിട്ടു എങ്ങനെ എങ്കിലും അവന്മാരെ പൊക്കിക്കൊണ്ട് വരാൻ തന്നെ തീരുമാനിച്ചു

അവിടെ ചെന്നു വണ്ടി വെച്ചിട്ട് ടോർച്ചും അടിച്ചു തോട്ടത്തിലേക്ക് ഇറങ്ങി
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു നമ്മളെ കൊണ്ടു വിട്ട അയാൾ അവിടെ ഉണ്ടെങ്കിൽ അയാളെ കൂടെ വിളിച്ചോണ്ട് പോകാമെന്നു
പക്ഷെ അയാളുടെ മുരടൻ സ്വഭാവം ആയതുകൊണ്ട് ഞാൻ വേണ്ടെന്നു പറഞ്ഞു

അപ്പൊ ഇപ്പൊ കൂടെ വന്നവര് ചോദിച്ചു ആരുടെ കാര്യമാ ആര് എവിടെ കൊണ്ടു വിട്ടതാണെന്ന്
അതൊക്കെ പിന്നെ പറയാമെന്നു പറഞ്ഞു ഞങ്ങൾ താഴേക്ക് പോയി

തോട്ടത്തിൽ കൂടെ ഇറങ്ങി താഴെ ചെന്നപ്പോ മുകുളിൽ കിടന്ന 5 പേരുംകൂടെ താഴത്തെ പാറയിൽ കിടക്കുന്നു .(ഫോട്ടോയിലെ കറുത്ത മാർക്കിന്റെ അവിടെ ) ഞങ്ങൾക്ക് ഒന്നും മനസിലായില്ല ഇവരെങ്ങനെയാ താഴെ വന്നത് .ബോധം ഇല്ലാതെ കിടന്നവൻ അതുപോലെ തന്നെ കിടപ്പുണ്ട് .

നീയൊക്കെ എങ്ങനെയാടാ ഇവനേം കൊണ്ടു ഇവിടെ വരെ വന്നത് എന്ന് ചോദിച്ചപ്പോ മറുപടി കേട്ടു ഞങ്ങൾ 3 പേരും ഞെട്ടി
” നിങ്ങള്തന്നെ അല്ലെ അവനെ എടുത്തോണ്ട് ഇവിടെ കിടത്തിയിട്ട് ഇപ്പോ വരാമെന്ന് പറഞ്ഞു പോയത്. ഞങ്ങള് നിങ്ങള് വരുന്നതും നോക്കി ഇരിക്കുവാണ് “

തൽക്കാലം ഒന്നും പറയണ്ടാന്നു വെച്ച് അവനെ എല്ലാരും കൂടെ പൊക്കി ഒരു വിധത്തിൽ റോഡിൽ എത്തി
അവിടുന്ന് നേരെ റാന്നിക്ക്
എന്തായാലും അവന്മാർക്ക് ആ കണ്ടിഷനിൽ വീട്ടിൽ പോവാൻ പറ്റില്ല അതുകൊണ്ടു നേരെ ഒരു ഫ്രണ്ടിനെ വിളിച്ചു അവന്റെ ലോഡ്ജിൽ ഒരു മുറിയും എടുത്ത് എല്ലാത്തിനേം കൊണ്ടു അവിടെ ഇട്ട് അന്നവിടെ കൂടി

പിറ്റേ ദിവസം എല്ലാവനും എഴുനേറ്റ് കഴിഞ്ഞു തലേദിവസത്തെ കാര്യങ്ങൾ ഒക്കെ വിശദമായിട്ടു ചോദിക്കാൻ തുടങ്ങി

ആദ്യം ഞങ്ങൾക്ക് അറിയേണ്ടത് അവന്മാർ എങ്ങനെ താഴെ വന്നു എന്നാണ് . ബോധം പോയവനേം കൊണ്ടു ഒരു കാരണവശാലും അവന്മാർക്ക് ഇറങ്ങാൻ പറ്റില്ല 2 പേർക്ക് ബോധം വന്നെങ്കിലും കാല് നിലത്തു നിൽക്കുന്നില്ലായിരുന്നു കാവലിന് നിർത്തിയ അവരെക്കൊണ്ടു മാത്രം അവനെ പൊക്കിക്കൊണ്ട് വരാൻ പറ്റില്ല. വന്നാലും കേറിപോകുന്ന വഴിയേ അവനെ എടുത്തോണ്ട് ഇറങ്ങിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല എന്തായാലും അവന്മാരോട് ചോദിക്കാം

നിങ്ങളെങ്ങനെയാടാ താഴെ വന്നത്
” ഡാ കോപ്പേ നിങ്ങളല്ലെടാ ആദ്യം പോയിട്ട് കുറച്ചു കഴിഞ്ഞു വന്ന് ഒന്നും മിണ്ടാതെ ഇവനേം എടുത്തോണ്ട് പോയത് “

അത് കേട്ട് ഞങ്ങൾ 3 പേരും അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരുന്നു

എടാ അത് ഞങ്ങളല്ല സത്യമായിട്ടും ഞങ്ങൾ പോയിട്ട് തിരിച്ചു വന്നിട്ടില്ല മാത്രമല്ല ഞങ്ങൾ താഴെ ചെന്നു ആ തോട്ടത്തിൽ പെട്ടുപോകുകയും ചെയ്താരുന്നു പിന്നെ അവിടുത്തെ വെട്ടുകാരൻ ആയിരുന്നു ഞങ്ങളെ റോഡിൽ കൊണ്ടു വിട്ടത് എന്നിട്ട് പിന്നെ ഞങ്ങൾ തിരിച്ചു വന്നപ്പോ നീയൊക്കെ താഴെ ഇരിക്കുന്നതാ കണ്ടത്. ആ ഞങ്ങൾ എങ്ങനെയാ ഇവനെ എടുത്തോണ്ട് താഴെ വരെ വരുന്നത്

എടാ നിങ്ങൾ പോയപ്പോഴാ സത്യം പറഞ്ഞാൽ ഞങ്ങൾക്കും പേടി തോന്നിയത് അങ്ങനെ ഇരുന്നപ്പോഴാ നിങ്ങൾ തിരിച്ചു വന്നിട്ട് ഇവനെ പൊക്കി എടുത്തിട്ട് ” വാ പോകാം ” എന്നു പറഞ്ഞു ഞങ്ങൾ ഓരോന്ന് ചോദിച്ചിട്ടും നീയൊക്കെ മൂളിയതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല മാത്രമല്ല ആ പാറയുടെ മേളിൽ കൂടെ നീയൊക്കെ ഒരു കൂസലും ഇല്ലാതെയാ ഇവനെ എടുത്തോണ്ട് പോയത് ഞങ്ങൾ ആണെങ്കിൽ എവിടെല്ലാം തെന്നി വീണെന്ന് അറിയാമോ. ഇത്ര പെട്ടെന്ന് നിങ്ങളുടെ കേട്ട് എങ്ങനാ പോയതെന്ന് ആലോചിച്ചാ ഞങ്ങൾ വന്നത് എന്നിട്ട് താഴത്തെ പാറയിൽ അവനെ കിടത്തിയിട്ട് ഇപ്പോ വരാം എന്നു പറഞ്ഞാ നിങ്ങൾ പോയത് പിന്നെ ഇവന്മാരേം കൂട്ടിയാ നിങ്ങൾ വന്നത്.

എന്താണ് അവിടെ സംഭവിച്ചതെന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ല അപ്പോഴാണ് അവിടെ കാവലിന് ഇരുന്ന ഒരുത്തൻ പറഞ്ഞു

എടാ വേറെ ഒരു സംഭവം ഉണ്ടായി സ്വപ്നം കണ്ടതാണോ അതോ സത്യം ആണോ എന്നറിയില്ല ഇന്നലെ നിങ്ങൾ പോയ്കഴിഞ്ഞപ്പോ ഞങ്ങളും അവിടെ തന്നെ കിടന്നു പെട്ടെന്ന് കരിയില അനങ്ങുന്ന ഒരു ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോ ഞങ്ങൾ കിടന്ന പാറയുടെ മുകളിലേക്ക് ഒരു മരം ചാഞ്ഞു നിൽപ്പുണ്ട് എന്റെ നേരെ മുകളിലത്തെ കൊമ്പിൽ ഒരു രൂപം കെട്ടിത്തൂങ്ങി നിൽക്കുന്നു വെളിച്ചം കുറവായിരുന്നെങ്കിലും ഞാൻ കണ്ടു ഒരു സ്ത്രീ രൂപം താഴോട്ട് തൂങ്ങി കിടക്കുന്നു തൂങ്ങി മരിച്ചു കിടക്കുന്നപോലെ അതുകണ്ട് ഞാൻ ഞെട്ടി എഴുനേറ്റപ്പോഴാ നിങ്ങൾ പിന്നേം വന്ന് അവനെ എടുത്തോണ്ട് പോയത്. അപ്പൊ പറഞ്ഞാൽ എല്ലാരും പേടിക്കും എന്നുകരുതിയാ പറയാഞ്ഞത് മാത്രമല്ല സ്വപ്നം കണ്ടതാണോ എന്നും അറിയില്ല

ഇതെല്ലാം കൂടെ കേട്ടപ്പോഴേക്കും എന്തോ മാജിക് കണ്ടപോലെ എല്ലാരും കുറച്ചുനേരത്തേക്ക് തരിച്ചിരുന്നു ആർക്കും ഒന്നും മിണ്ടാൻ പറ്റുന്നില്ല

അവസാനം നടന്നതൊന്നും മറ്റാരോടും പറയണ്ടാന്ന് എല്ലാവരും തീരുമാനിച്ചു അങ്ങനെ പിരിയാൻ തുടങ്ങിയപ്പോഴാ ഞങ്ങൾ എടുത്തോണ്ട് വന്നവന്റെ ചെരുപ്പ് കാണുന്നില്ല. അവനെ എടുത്തോണ്ട് വരുന്ന കൂട്ടത്തിൽ അവന്റെ ചെരുപ്പ് ആരും എടുത്തില്ല അത് മാടത്തരുവിയിൽ തന്നെ കിടപ്പുണ്ട്
എന്തായാലും അത് പോട്ടെ വേറെ മേടിക്കാം എന്ന് പറഞ്ഞപ്പോ അവന് ആ ചെരുപ്പ് തന്നെ വേണം. വുഡ്ലാൻഡ് ചെരുപ്പാണ് അവൻ വീട്ടിൽ വഴക്കുണ്ടാക്കി മേടിച്ചതാണത്രെ.
അവസാനം ഞങ്ങൾ 4 പേര് അത് പോയി എടുക്കാൻ തന്നെ തീരുമാനിച്ചു
അങ്ങനെ വീണ്ടും മാടത്തരുവിയിലേക്ക്. അവിടെ ചെന്ന് വണ്ടി വെച്ചിട്ട് ഞാൻ ആദ്യം പോയത് തലേദിവസം ഞങ്ങളെ കൊണ്ടു വിട്ട അയാൾ കേറിപ്പോയെന്ന് ഞങ്ങൾ കരുതിയ മുറിയുടെ അവിടേക്കാണ് പക്ഷെ ആ മുറി തുറന്നിട്ട് തന്നെ കുറെ നാൾ ആയെന്ന് അതിന്റെ വാതിൽ കണ്ടാൽ അറിയാം. എല്ലാംകൊണ്ടും ഞെട്ടി ഇരിക്കുന്നതുകൊണ്ട് വീണ്ടും ഞെട്ടേണ്ട ആവശ്യം വന്നില്ല. ഞാൻ ആരോടും ഒന്നും പറയാനും പോയില്ല പിന്നെ നേരെ താഴോട്ട് പോയി ഞങ്ങൾ കരിയില കത്തിച്ചിടത്തു ചെന്നപ്പോ അവിടെ തീയിട്ടതിന്റെയോ കത്തിച്ചതിന്റെയോ ഒരു ലക്ഷണവും ഇല്ല ഞാൻ അപ്പോഴാണ് ഒരു കാര്യം ശ്രെദ്ധിച്ചതു ഇന്നലെ അയാൾ വെള്ളത്തിലൂടെ വന്ന ഭാഗത്തു അയാളുടെ തല ആദ്യം കണ്ടിടത്തുന്നു ഞങ്ങൾ നിന്നടത്തേക്കു വരാൻ അത്യാവശ്യം ആഴം ഉണ്ട്‌ അവിടുന്ന് അയാൾ നീന്തിയല്ല വന്നത് ഒഴുകിവരുന്നപോലെ ആണ് വന്നത്. എന്തോ ഒരു മന്ദത ആയിരുന്നു അപ്പോഴെല്ലാം പെട്ടെന്ന് തന്നെ ഞങ്ങൾ മുകളിൽ പോയി അവന്റെ ചെരുപ്പും എടുത്ത് വേഗം തന്നെ സ്ഥലം വിട്ടു. പിന്നെയും ഒരുപാട് തവണ മാടത്തരുവിയിൽ പോയെങ്കിലും 5 മണിക്ക് അപ്പുറം ഞങ്ങൾ അവിടെ നിക്കാറില്ല ഇരുട്ടുന്നതിനു മുൻപ് സ്ഥലം വിടും ഈ പറഞ്ഞ യാത്ര മുഴുവൻ ദുരൂഹത ആയിരുന്നു തോന്നൽ ആണെങ്കിൽ എല്ലാവർക്കും ഒരുപോലെ വരില്ലല്ലോ. എന്തായാലും ഇതുപോലെ ഉള്ള പല ദുരൂഹതകളും പേറികൊണ്ട് മാടത്തരുവി പഴയപോലെ തന്നെ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു ഒരു കൂസലും ഇല്ലാതെ

Leave a Reply

%d bloggers like this: