രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. അവയൊക്കെയും വിശ്വസിച്ചാലും ഇല്ലെങ്കിലും അതെല്ലാം രസകരങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥ ഓജോ ബോര്‍ഡ് അനുഭവങ്ങള്‍ എന്നു അവകാശപ്പെട്ടു ചില ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്ത കഥകള്‍ പരിചയപ്പെടുത്തുകയാനിവിടെ.
ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്
*****************************
ഒരു വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവമാണ്… ഞാന്‍, മാര്‍ത്ത, സെലീന.. എപ്പോഴും ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചായിരുന്നു. ചെറുപ്പംമുതലുള്ള കൂട്ടുകാര്‍. ഒരിക്കല്‍ ഞങ്ങള്‍ എന്റെ വീട്ടില്‍ പാര്‍ട്ടി ആഘോഷിക്കാന്‍ തീരുമാനിച്ചു. രാത്രി ഏഴരയോടെ അവര്‍ എന്റെ വീട്ടിലെത്തി. ഡാഡിയും മമ്മിയും പുറത്ത് ഒരു മീറ്റിങ്ങിനു പോയിരുന്നു. അവര്‍ അടുത്ത ദിവസമേ തിരികെ എത്തുകയുള്ളൂ. സമ്പൂര്ണ്ണസ്വതന്ത്യം! ഞങ്ങള്‍ അടിച്ചുപൊളിക്കാന്‍ തന്നെ തീരുമാനിച്ചു.
മാര്‍ത്തയായിരുന്നു ഒടുവില്‍ എത്തിയത്. അവളുടെ കൈയ്യില്‍ ഞങ്ങളുടെ പിന്നീടുള്ള ജീവിതം തന്നെ മാറ്റിമറിച്ച ഒരു വസ്തുവും ഉണ്ടായിരുന്നു. ഒരു ഓജോ ബോര്‍ഡ്! എന്തിനാണ് ഇത് കയ്യില്‍ കരുതിയതെന്നു ഞാന്‍ അവളോടു ചോദിച്ചു. ബോറടിക്കുമ്പോള്‍ നമുക്ക് പാര്‍ട്ടിയ്ക്ക് ‘അവരെ’യും ഉള്‍പ്പെടുത്താലോ… അവള് ചിരിച്ചുകൊണ്ടു പറഞ്ഞു. അങ്ങനെ അര്‍ദ്ധരാത്രിവരെ ഞങ്ങള്‍ പാട്ടും മേളവുമായി പാര്‍ട്ടിയില്‍ മുഴുകി. 12 മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാര്‍ത്ത കൊണ്ടുവന്ന ഓജോ കളിക്കാന്‍ തീരുമാനിച്ചു.
തുടരുന്നതിനു മുന്‍പ് ഒരു കാര്യം പറയട്ടെ. ഇനിയുള്ള ഭാഗങ്ങളില്‍ ചിലതു സംഭാഷണശകലങ്ങളായിയാവും തുടരുക.
ഞങ്ങള്‍ ഓജോ മേശപ്പുറത്തു വച്ചിട്ട് ചുറ്റും മെഴുകുതിരികള്‍ കത്തിച്ചുവച്ചു. നെറ്റില്‍ വായിച്ചറിഞ്ഞ മുന്‍കരുതലുകള്‍ എടുത്തു കളി ആരംഭിച്ചു. Planchetteല്‍ മൂവരും കൈ വച്ചു. സെലീനയാണ് തുടക്കമിട്ടത്.
സെലീന : ഞങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഇപ്പോള്‍ ഇവിടെയുണ്ടോ?
ഓജോ : (മറുപടിയില്ല)
സെലീന : ഞങ്ങളോട് സംസാരിക്കുവാന്‍ മടിക്കേണ്ടതില്ല
ഓജോ : (മറുപടിയില്ല)
ഇരുപതോളം തവണ പല ചോദ്യങ്ങള്‍ ഉരുവിട്ടു ഞങ്ങള്‍ ഇതാവര്‍ത്തിച്ചു. ഓജോ പ്രതികരിച്ചില്ല. അവസാനം മടുത്തപ്പോള്‍ കളിനിര്‍ത്തി ഞങ്ങള്‍ ടിവി ഓണാക്കി. അവരെല്ലാം എന്റെ വീട്ടില്‍ അന്നു തങ്ങാന്‍ തീരുമാനിച്ചിരുന്നു. ഓരോത്തരായി വസ്ത്രം മാറാന്‍ വാഷ്റൂമില്‍ പോയി. മാര്‍ത്തയുടെ ഊഴം വന്നപ്പോള്‍ അവളും വാഷ്റൂമില്‍ കയറി. അവള് റൂമില്‍ കയറി കുറച്ചുസമയം കഴിഞ്ഞു ഞങ്ങള്‍ കേള്‍ക്കുന്നത് അവളുടെ ഉച്ചത്തിലുള്ള നിലവിളിയാണ്. ഞെട്ടിഎഴുന്നേറ്റ് ഓടിച്ചെന്നു നോക്കിയ ഞങ്ങള്‍ കാണുന്നത് പേടിച്ചു ഭീതികലര്‍ന്ന മുഖത്തോടെ കരയുന്ന മാര്‍ത്തയെ ആണ്. “ഞാന്‍ ഇപ്പോള്‍ ഞാന്‍ തന്നെ ഈ റൂമില്‍ നടക്കുന്നത് കണ്ടു!!” ആദ്യം ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല. അവള് ഞങ്ങളെ വെറുതെ കളിപ്പിക്കാന്‍ പറയുകയാണെന്ന് വിചാരിച്ചു. അപ്പോഴാണ് അവളുടെ കൈയ്യിലെ പാടു ഞങ്ങള്‍ കാണുന്നത്. ആരോ മാന്തിയത് പോലെയുള്ള പാടുകള്‍!!
ഇതുകൂടെ കണ്ടപ്പോള്‍ ഞങ്ങളും പേടിച്ചു. ഒരുപക്ഷേ പലരും പറഞ്ഞറിഞ്ഞ അനുഭവങ്ങള്‍പോലെ ഓജോ തന്നെയാവാം ഇതിനു കാരണം. ഭയപാടോടെ ഞങ്ങള്‍ ഓജോ വീണ്ടും മേശമേല്‍ വച്ചു. ഇത്തവണ ചോദ്യങ്ങള്‍ ചോദിച്ചത് ഞാനായിരുന്നു.
ഞാന്‍ : പ്ലീസ്സ്… ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ ദയവായി മറുപടി തരൂ. ആരെങ്കിലും ഇവിടെയുണ്ടോ?
Planchette അനങ്ങി YESസിലേക്ക് വന്നു.
ഓജോ : Yes
ഞാന്‍ : ആരാണ് നിങ്ങള്‍?
ഓജോ : D
സെലീന : D എന്നുവച്ചാല്‍?
ഓജോ : D-E-A-T-H
പേടിയോടെ എന്നാല്‍ മടിച്ചുമടിച്ച് സെലീന അത് ചോദിച്ചു : “നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?!!”
ഓജോ : B-L-O-O-D. YOUR FLESH AS WELL!
ഇത്രയുംതന്നെ ധാരാളമായിരുന്നു ഞങ്ങള്‍ക്ക്… എല്ലാം അവിടെ ഇട്ടിട്ടു ഞങ്ങള്‍ ജീവനുംകൊണ്ടോടി. പുറത്തേക്ക് ഓടാനായി ഞങ്ങള്‍ കതകിന്റെ പിടിയില്‍ പിടിച്ചു. കതക് തുറക്കുന്നില്ല!!! അങ്ങനെ ഞങ്ങള്‍ എന്റെ വീട്ടില്‍ത്തന്നെ ബന്ധിക്കപ്പെട്ടു. പേടിച്ചുകരഞ്ഞ ഞങ്ങള്‍ക്ക് മുന്പില് അസാധാരണ സംഭവങ്ങള്‍ അരങ്ങേറപ്പെട്ടുതുടങ്ങി. ലൈറ്റുകള്‍ മങ്ങികത്താനും ഹാളിലുള്ള വസ്തുകള്‍ എങ്ങോട്ടെന്നില്ലാതെ എറിയാനും തുടങ്ങി. എങ്ങനെയാണെന്നറിയില്ല… എങ്ങനെയോ ഞങ്ങള്‍ എന്റെ മുറിയില്‍ കേറിപ്പറ്റി. എന്നാല്‍ അവിടംകൊണ്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് സെലീനയെ എന്തോ ഒന്നു വലിച്ചുയർത്തി മുറിയുടെ സീലിങ്ങിലേക്ക് കൊണ്ടുപോയി. ഞാനും മാര്‍ത്തയും ചേര്‍ന്നു അവളെ വലിച്ചുപിടിച്ചു താഴേക്ക് കൊണ്ടുവന്നു. ഇതൊക്കെ കണ്ടതോടെ മാര്‍ത്ത ആകെ പേടിച്ചു violent ആയിരുന്നു. സഹികെട്ട് അവള് അരിശത്തോടെ ഉറക്കെ മേലേക്ക് നോക്കി അലറി.
‘ഞങ്ങളെ ഒന്നു വെറുതെ വിടുന്നുണ്ടോ നിങ്ങള്‍?!’
അതിനുത്തരം ഭിത്തിയില്‍ തെളിഞ്ഞുവന്നു. രാത്രിയുടെ അന്ധകാരത്തിലും ആ വരികള്‍ ഭീകരമാംവിധം തിളങ്ങിനിന്നിരുന്നു.
“YOUR SCREAMS MAKE ME POWERFUL”!
എന്തുചെയ്യണം എന്നറിയാതെ ഞങ്ങള്‍ നിന്നു. സെലീനയാണ് അത് ചെയ്തത്. അവള് ഓജോ അടുക്കളയിലേക്ക് കൊണ്ടുപോയി. എന്നിട്ട് ഗ്യാസ് ബര്‍ണറില്‍ ഓജോ കത്തിച്ചുകളഞ്ഞു. ഓജോയ്ക്ക് തീപിടിച്ച നിമിഷം മുന്‍വാതില്‍ ഭയങ്കരമായ ശബ്ദത്തോടെ തുറക്കപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ ഞങ്ങള്‍ പുറത്തേക്ക് ഓടി. ഞാന്‍ പുറത്തെത്തിയപ്പോഴേക്കും ആശ്വസിച്ചു. അങ്ങനെ എല്ലാം അവസാനിച്ചല്ലോ.. അവിടെയാണ് അതുണ്ടായത്. വാതില്‍ വീണ്ടും വലിച്ചു അടയ്ക്കപ്പെട്ടു. ഒപ്പം എനിക്ക് പുറകെ വീടിനു വെളിയില്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്ന മാര്‍ത്തയേയും അതിനുള്ളില്‍ അകപ്പെടുത്തികൊണ്ട്!! ഒരു നിമിഷത്തെ ശ്മശാനമൂകത..
മാര്‍ത്തയുടെ കരച്ചില് വളരെ ദൂരെവരെ കേള്‍ക്കാവുന്നത്ര ഉച്ചത്തിലായിരുന്നു. എന്തൊക്കെയോ അവിടെ സംഭവിക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ മുരളുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ വാതില്‍ സര്‍വ്വശക്തിയും ഉപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചു. ഒന്നും ഫലംകണ്ടില്ല. മാര്‍ത്തയുടെയും ഞങ്ങളുടെയും ബഹളംകേട്ട് ഞങ്ങളുടെ അയല്‍ക്കാര്‍ ഓടിയെത്തി. മാര്‍ത്തയുടെ കരച്ചില് അപ്പോഴേക്കും അവസാനിച്ചിരുന്നു. അവര്‍ വാതില്‍ ചവിട്ടിപ്പൊളിക്കുമ്പോഴോന്നും ഞങ്ങള്‍ ഈ ലോകത്ത് ആയിരുന്നില്ല. വാതില്‍ തുറന്ന ഞങ്ങള്‍ കണ്ടത് അബോധാവസ്ഥയില്‍ പ്രജ്ഞയറ്റു കിടക്കുന്ന മാര്‍ത്തയെ ആയിരുന്നു. എല്ലാവരുംചേര്‍ന്നു അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.
ആ ദിവസത്തിനു ശേഷം മാര്‍ത്ത ഇതുവരെ സംസാരിച്ചിട്ടില്ല. ഒരുവാക്ക് പോലും ഉരിയാടാത്ത ഒരു മനോരോഗിയാണ് അവളിന്ന്. ഓജോ ബോര്‍ഡില്‍ ഞങ്ങള്‍ ക്ഷണിച്ചുവരുത്തിയ ദുരാത്മാവ് ആരായിരുന്നെന്നു ഞങ്ങള്‍ക്ക് ഇന്നറിയാം. മാസങ്ങള്‍ക്ക് മുന്‍പ് ഒരു കാറപകടത്തില്‍ മരണപ്പെട്ട DAVID ആയിരുന്നു അത്. സെലീനയുടെ അര്‍ദ്ധസഹോദരന്‍. ജീവിച്ചിരുന്നപ്പോഴും ഡേവിഡ് ഒരു നല്ല ജീവിതമായിരുന്നില്ല നയിച്ചിരുന്നത്. സാത്താന്‍സേവയും മറ്റുമായി അവന് സാത്താനു സ്വന്തം ജീവിതം കാഴ്ചവച്ചിരുന്നു.
മാര്ത്തയിന്ന് ഒരു മാനസ്സികാരോഗ്യകേന്ദ്രത്തിലാണ്. ഇപ്പോഴും അവളുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ ദേഹമാസ്കലം വിറകൊള്ളുന്നതു പോലെ തോന്നാറുണ്ട്. ഒരു മനുഷ്യനും ഉള്‍കൊള്ളാന്‍ കഴിയാത്തവിധം എന്തോ ഒന്നവിടെ അന്നു നടന്നിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും മനക്കട്ടിയുള്ള പെണ്‍കുട്ടിയെ ഈ അവസ്ഥയിലാക്കാന്‍ കഴിയുന്ന രീതിയില്‍ എന്താവും അന്നവിടെ നടന്നിരിക്കുക?! അന്നത്തെ ആ നശിച്ച ദിവസത്തെയോര്‍ത്തു ഞാന്‍ പശ്ചാത്തപിക്കാത്ത ദിവസങ്ങളില്ല. ഇപ്പോഴും ഏതോ ഒരു നെഗറ്റീവ്ശക്തി എന്റെ സമീപത്തുള്ളതായി എനിക്ക് അനുഭവപ്പെടാറുണ്ട്.