May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

എന്റെ പുറകിൽ ആരോ നിൽക്കുന്നു

Spread the love

എന്‍റെ പഴയ ഓഫീസ്, അത് ഞങ്ങളുടെ ബന്ധത്തിലുള്ള ഒരു വ്യക്തിയുടെ തറവാട്ട് വീട്ടില്‍, ഒരു പോര്‍ഷന്‍ പണിത് അതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ കൂടെ തറവാടിന്‍റെ കോലായ സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്നുണ്ട്. അങ്ങോട്ട്‌ കടക്കാന്‍ ഓഫീസില്‍ നിന്ന് ഒരു വാതിലും, അവിടന്ന് വീടിന് അകത്തേക്ക് മറ്റൊരു വാതിലുമാണ് ഉള്ളത്. വര്‍ഷങ്ങളായി അവിടെ ഓഫീസും, സ്റ്റോറും പ്രവര്‍ത്തിക്കുന്നതല്ലാതെ തറവാട്ടില്‍ ആരും താമസമില്ല, അതിന് ചുറ്റുമായി ഒരേക്കറോളം സ്ഥലവും, മൂന്ന് കുളവും ഒക്കെയായി മൊത്തത്തില്‍ കാട് പിടിച്ച് കിടക്കുകയാണ്. ഏതാണ്ട് നടുക്കാണ് ഈ വീട്.

ഈ വീടിനെക്കുറിച്ച് ഞാന്‍ ആദ്യമായി അങ്ങോട്ട്‌ ചെന്നത് മുതല്‍, ധാരാളം കഥകള്‍ സമീപവാസികള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്‍റെ സ്റ്റാഫില്‍ ഭൂരിഭാഗവും സമീപത്ത് തന്നെയുള്ളവര്‍ ആയതിനാല്‍ പലപ്പോഴും രാത്രിയായാല്‍ ആരും തനിച്ച് അങ്ങോട്ട്‌ വരാറില്ല. പക്ഷെ ഞങ്ങള്‍ എല്ലാവരും രാത്രി വൈകി വരെ സിനിമ കണ്ടും, ക്യാരംസ് കളിച്ചും, ചിലപ്പോള്‍ ചിക്കന്‍ ഗ്രില്ല് ചെയ്തും ഒക്കെ അവിടെ കൂടാറുണ്ട്. തനിച്ച് വരാനാണ് പലര്‍ക്കും പേടി, ആരെങ്കിലും ഉണ്ടെങ്കില്‍ കുഴപ്പമില്ല. പലപ്പോഴും രാത്രി ഒന്‍പത് മണിവരെയൊക്കെ ഞാനവിടെ തനിച്ചായിരിക്കും. സ്റ്റാഫ്, വര്‍ക്ക് കഴിഞ്ഞ് ലേറ്റ് ആയി വരുമ്പോള്‍ കണക്ക് നോക്കാനും, മഷീനും സംഭവങ്ങളും ചെക്ക് ചെയ്യാനും എനിക്കവിടെ നില്‍ക്കേണ്ട ആവശ്യമുണ്ട്. ഒരിക്കല്‍പ്പോലും എന്നെ ഭയപ്പെടുത്തുന്ന തരത്തില്‍ ഒന്നും അവിടെ ഉണ്ടായിട്ടില്ല. ഓഫീസില്‍ നിന്നിറങ്ങിയാല്‍ ഗേറ്റ് വരെ ഒരു മിനിറ്റ് ഇരുട്ടത്ത് നടന്നാലേ എത്തൂ, ഓഫീസിന് മുന്നിലെ ലൈറ്റ് ഓഫ് ആയാല്‍ പിന്നെ വെളിച്ചം ഉള്ളത് ഗേറ്റ് തുറക്കുമ്പോള്‍ റോഡിലാണ്.

അവിടെ ആദ്യമായി ഒരു പ്രശ്നം അനുഭവപ്പെട്ടത് ഒരിക്കല്‍ ഞങ്ങള്‍ ഒരു വണ്ടി നന്നാക്കുന്നതിനിടെയായിരുന്നു. ഏകദേശം ഞങ്ങള്‍ എട്ടോളം പേര്‍ ഒരു ദിവസം, ഏഴ്-എട്ട് മണിയോട് അടുപ്പിച്ച് പുറത്തെ ഷെഡില്‍ ഓംനി ശരിയാക്കുന്നതിനിടെ കരണ്ട് പോയി. ആ ഗ്യാപ്പില്‍ ഒന്ന് യൂറിന്‍ പാസ് ചെയ്യാന്‍ പോയതാണ് ഞാന്‍, അത് പറയാന്‍ വിട്ടു, അവിടെ ടോയിലെറ്റ്‌ തറവാടിന്‍റെ ഉള്ളിലായത് കൊണ്ട് പ്രധാന ആവശ്യങ്ങള്‍ക്ക് മാത്രേ അങ്ങോട്ട്‌ പോകൂ. ഓഫീസിന് പിന്നിലായി അവിടത്തെ പഴയ, പൊളിഞ്ഞ ടോയിലെറ്റ്‌ ഉണ്ട്, അതിനടുത്താണ് ഞങ്ങള്‍ കാര്യം സാധിക്കുക. അങ്ങിനെ ഇരുട്ടത്ത് ഫോണിലെ ടോര്‍ച്ചും കത്തിച്ച് കാര്യം സാധിക്കാന്‍ പോയി നിന്നതാണ് ഞാന്‍, പെട്ടെന്നാണ് എന്‍റെ പുറകില്‍ ആരോ നില്‍ക്കുന്നതായി എനിക്ക് അനുഭവപ്പെട്ടത്. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍, കുറച്ചു മാറി, മതിലിന്‍റെ മറവിലേക്ക് (പുരയിടത്തിന് ഉള്ളിലുള്ള മതില് തന്നെയാണ്) ആരോ മറയുന്നത് ഞാന്‍ കണ്ടു. ഉടന്‍ തന്നെ ഞാന്‍ ഒരു സ്റ്റാഫിനെ ഉറക്കെ വിളിച്ചു, ആ വിളി അത്ര പന്തിയല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാവരും അങ്ങോട്ട്‌ ഓടിയെത്തി (പലര്‍ക്കും ആ സ്ഥലത്തോടുള്ള ഭയം നേരത്തെ പറഞ്ഞതാണല്ലോ). ഞാന്‍ നിന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് അഞ്ച് അടിയോളം ദൂരെയാണ് ആ മതില്‍, അതിനടുത്തായി ഒരു പുളിമരമുണ്ട്. ടോര്‍ച്ചും കത്തിച്ച് ഓടിവന്ന അവര്‍ക്ക് അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല, പക്ഷെ ആരോ തട്ടിയിട്ട് പോയപോലെ മരത്തിന്‍റെ കൊമ്പുകളും, ഇലകളും അനങ്ങുന്നുണ്ടായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ഞങ്ങള്‍ ആ ഏരിയ അരിച്ചു പെറുക്കി, ആരെയും കണ്ടില്ല. പറമ്പിന് പുറത്തായി, ആ ഭാഗത്തുള്ള വീടുകള്‍ ഒക്കെ ഞങ്ങള്‍ക്ക് അറിയാം, അവരില്‍ പലരും ആ സമയം പുറത്തിറങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഒരാള്‍ അവിടന്ന് പോയിട്ടുണ്ടെങ്കില്‍ അവരുടെ കണ്ണില്‍പ്പെടാതെ ഒരിക്കലും മുങ്ങാന്‍ സാധിക്കില്ല.

അതിന് ശേഷം പലതവണ ഞാനവിടെത്തന്നെ പോയി കാര്യം സാധിച്ചിട്ടുണ്ട്, വെളിച്ചം ഉള്ളപ്പഴും ഇല്ലാത്തപ്പഴും, പിന്നീട് അങ്ങിനെ ഒന്നും അവിടെ കണ്ടിട്ടില്ല. അതിനിടെ ഒരു രാത്രി ഞാനും ഒരു സ്റ്റാഫും അവിടെ തങ്ങുകയും ചെയ്തു.

ഞാന്‍ അവിടത്തെ ജോലി നിര്‍ത്തുന്നതിന് ഒരാഴ്ച്ച മുന്‍പ്, ഒരിക്കല്‍ ഞാന്‍ പുറത്തെവിടെയോ പോയിട്ട് തിരിച്ച് വരികയാണ്. ഏതാണ്ട് സന്ധ്യ സമയം. ഈ സമയമാണ് എന്നെ കാണാനായി സൂപ്പര്‍വൈസര്‍ അങ്ങോട്ട്‌ എത്തുന്നത് (ഇതിനിടെ വേറെ ചിലര്‍ക്ക്, ചില്ലറ അനുഭവങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്). ഞാനവിടെ ഇല്ലെന്ന് മനസ്സിലാക്കിയ അയാള്‍, ഓഫീസില്‍ കയറാതെ പുറത്ത് പടിയില്‍ ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. പെട്ടെന്നാണ് അകത്ത് നിന്ന് എന്തോ കാല്‍പെരുമാറ്റം കേട്ടത്. അയാള്‍, ആരെങ്കിലും ഉണ്ടോ എന്നറിയാന്‍ സ്റ്റോര്‍ റൂമിന്‍റെ വാതില്‍ പതുക്കെ തുറന്ന് നോക്കി, ഇല്ല ആരുമില്ല. സ്റ്റോര്‍ റൂമിനകത്ത് കയറിയപ്പഴാണ് അയാള്‍ക്ക് കാര്യം മനസ്സിലായത്, ശബ്ദം കേള്‍ക്കുന്നത് തറവാടിന്‍റെ അകത്ത് നിന്നാണ്. അതും ആരോ അടിവച്ച് അടുത്തേക്ക് വരുന്ന പോലുള്ള ശബ്ദം. തറവാട്ടിലേക്കുള്ള രണ്ട് വാതിലുകളും പൂട്ടി, അതിന്‍റെ താക്കോല്‍ എന്‍റെ കയ്യിലാണ്. ഞാനില്ലാതെ ആര്‍ക്കും അതിനകത്തേക്ക് കയറാന്‍ പറ്റില്ല. പെട്ടെന്ന് അകത്ത് നിന്ന് എന്തോ തട്ടുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ പുള്ളിയുടെ ഗ്യാസ് പോയി, ഉടനെ സ്റ്റോറും പൂട്ടി വണ്ടിയെടുത്ത് റോഡിലേക്ക് വിട്ടു. പുള്ളി റോഡില്‍ എത്തിയ സമയമാണ് ഞാന്‍ അവിടെ എത്തുന്നത്. എന്നെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം തമാശയായിരുന്നു, കാരണം രാത്രി പത്ത് മണി വരെയൊക്കെ ഞാനവിടെ തനിച്ച് ഇരിക്കയല്ലേ, ഇന്നേവരെ എന്‍റെ അടുത്തോട്ട് ആരും വന്നിട്ടില്ലല്ലോ. പക്ഷെ പുള്ളി സീരിയസ് ആണെന്ന് മനസ്സിലായപ്പോള്‍ ഒന്ന് കയറി നോക്കാന്‍ തീരുമാനിച്ചു. ആദ്യം പുള്ളി വന്നില്ലെങ്കിലും ഞാന്‍ പൂട്ടൊക്കെ തുറന്ന് അകത്തേക്ക് കയറിയപ്പോള്‍ പുള്ളിയും പിറകെ വന്നു. ചെന്ന് നോക്കിയപ്പോള്‍ എല്ലാ വാതിലുകളും, ജനലുകളും നന്നായി പൂട്ടിയിട്ടുണ്ട്, ഒരു പൂച്ച പോലും അകത്തില്ല. എന്തായാലും ഈ സംഭവത്തോടെ അവിടത്തെ രാത്രി പരിപാടികള്‍ ഒക്കെ തീര്‍ന്നു, പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ ഞാന്‍ മാത്രമായി.

ഞാന്‍ അവിടന്ന് ഇറങ്ങുന്ന ദിവസം. അന്ന് വരെയുള്ള കണക്കുകള്‍ എല്ലാം എഴുതി തീര്‍ത്ത്, മുഴുവന്‍ സാധനങ്ങളും ബാഗിലാക്കി, ലഗേജ് ഒക്കെ കൊണ്ട് പോകാന്‍ ആ സൂപ്പര്‍വൈസര്‍ വണ്ടിയുമായി വരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഏതാണ്ട് ഏഴ് മണിയോടടുത്ത് സമയം, താക്കോലുകള്‍ എല്ലാമെടുത്ത് ഓഫീസിന്‍റെ മുന്നില്‍ ഇരിക്കുമ്പോഴാണ് പെട്ടെന്ന് അകത്ത് നിന്നൊരു കിലുക്കം ഞാന്‍ കേട്ടത്, ആരോ താക്കോല്‍കൂട്ടം കിലുക്കുന്ന പോലെ. ഞാന്‍ വേഗം പോയി സ്റ്റോര്‍ റൂം തുറന്ന് നോക്കി, കാരണം അതിനകത്ത് കിലുങ്ങാനുള്ള ധാരാളം സാധനങ്ങളുണ്ട്. പക്ഷെ പിന്നെയും ഞാന്‍ ആ കിലുക്കം കേട്ടപ്പോള്‍ മനസ്സിലായി, അത് തറവാടിന്‍റെ അകത്ത് നിന്നായിരുന്നു. പതുക്കെ വാതിലില്‍ ചെന്ന് ചെവിയോര്‍ത്തപ്പള്‍ വീണ്ടും കിലുക്കം കേട്ടു, വളരെ പതുക്കെയുള്ള കാലടി ശബ്ദങ്ങളും. ഞാന്‍ പതുക്കെ ഫ്രണ്ടില്‍ ചെന്ന് മേശയുടെ മുകളില്‍ വച്ചിരുന്ന താക്കോല്‍ എടുത്തിട്ട് വന്ന് വാതില്‍ തുറന്നു. ഇപ്പോള്‍ എനിക്ക് കിലുക്കം കേള്‍ക്കുന്നില്ല, പക്ഷെ ആരോ നടക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. പൂച്ച ചാടുന്നതും, എലി ഓടുന്നതും ഒന്നുമല്ല, ശരിക്കും ഒരു മനുഷ്യന്‍, കട്ടിയുള്ള സോളിന്‍റെ ചെരുപ്പിട്ട് നടക്കുന്ന ശബ്ദം. ശബ്ദം കേട്ട മുറിയിലേക്ക് ചെന്ന് നോക്കിയപ്പോള്‍ അവിടെ ഒന്നുമില്ല, ഒരനക്കം പോലും. പക്ഷെ അപ്പോഴേക്കും എന്‍റെ ധൈര്യം മൊത്തം ചോര്‍ന്ന് പോയിരുന്നു, കാരണം ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത്, ആ ശബ്ദം ഞാന്‍ വന്ന ദിക്കില്‍ നിന്ന്, എനിക്ക് നേരെ നടക്കുന്നതായിട്ടാണ്. ധൈര്യം സംഭരിച്ച് ഞാന്‍ ഒരുവിധം തിരിഞ്ഞു നോക്കി, സ്റ്റോര്‍റൂമിന്‍റെ അപ്പുറത്തുള്ള ഓഫീസ് റൂമില്‍ നിന്നുള്ള ഇച്ചിരി വെളിച്ചമല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ അങ്ങോട്ട്‌ കയറിയപ്പോള്‍ ഏതാണ്ടൊക്കെ കാണാന്‍ പറ്റിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. അവിടന്ന് എങ്ങിനെയെങ്കിലും പുറത്ത് കടക്കണം എന്നുറപ്പിച്ച് ഞാന്‍ വേഗം സ്റ്റോര്‍റൂമിലേക്ക് ഓടിയെത്തി, അങ്ങോട്ട്‌ കാലെടുത്ത് വച്ചതും സ്വിച്ച് ഇട്ടപോലെ കരണ്ട് പോയി. ആകെക്കൂടെ ഇരുട്ടും, പിന്നില്‍ എന്തൊക്കെയോ ഉള്ളപോലെ തോന്നലും. ഞാന്‍ വേഗം ഓടി സ്റ്റോര്‍റൂമും, ഓഫീസ് റൂമും കടന്ന്, ഓട്ടത്തിനിടയ്ക്ക് തന്നെ ബാഗും എടുത്ത് പുറത്തേക്ക് എത്തി. ആ സമയത്തെ മാനസികാവസ്ഥ എനിക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. പുറത്തെത്തി ധൃതിയില്‍ വാതിലടയ്ക്കുന്നതിനിടെയാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയുന്നപോലെ ഒരു മഴ തുടങ്ങുന്നത്. ശരിക്കും എന്നെ എന്തോ അവിടന്ന് പോരാന്‍ സമ്മതിക്കാത്ത പോലെ, സാഹചര്യം വച്ച് എങ്ങിനെ അളന്നാലും മൊത്തം നെഗറ്റീവ്. രണ്ട് മിനിറ്റ് എങ്കിലും ഞാനവിടെ ആ മഴയും നോക്കി ഷോക്ക് അടിച്ചപോലെ നിന്ന് കാണും, പക്ഷെ അപ്പോഴേക്കും കുറച്ചൊക്കെ ധൈര്യം എനിക്ക് വന്നിരുന്നു.

ഞാന്‍ നോക്കിയപ്പോള്‍ വെറും ഒരു മിനിറ്റ് ദൂരത്തിലാണ് റോഡ്‌, പിന്നെ ഞാന്‍ എന്തിനെയാണ് ഭയക്കേണ്ടത്. അപ്പോഴേക്കും സൂപ്പര്‍വൈസര്‍ വിളിച്ചു, അവിടെ അടുത്ത് തന്നെയുണ്ട്, മഴയായത് കൊണ്ട് എവിടെയോ കയറി നില്‍ക്കുകയാണെന്ന് പറഞ്ഞു. അഞ്ച് മിനിറ്റില്‍ മഴയും തീര്‍ന്നു, അയാളും വന്നു. അയാള്‍ വന്ന ശേഷം ഞാന്‍ പതുക്കെ, എന്തോ എടുക്കാന്‍ എന്ന മട്ടില്‍, തറവാട്ടിനകത്ത് കയറി നോക്കിയിരുന്നു, ഒരു ആശ്വാസത്തിന്. പക്ഷെ മുന്‍പ് പലതവണ രാത്രി അവിടെ കയറിയപ്പോള്‍ ഉണ്ടായിരുന്ന ധൈര്യത്തിന്‍റെ പകുതി പോലും ആ സമയം എനിക്കുണ്ടായിരുന്നില്ല. ഈ കാര്യം അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞില്ല, വെറുതെ എനിക്കുള്ള nerves of steel ഇമേജ് കളയണ്ടാന്ന് കരുതി. പക്ഷെ പിന്നീട് എപ്പഴോ ഞാന്‍ പറഞ്ഞിരുന്നു, അപ്പോഴേക്കും കാര്യങ്ങളുടെ ഏകദേശ രൂപം എനിക്ക് പിടികിട്ടിയിരുന്നു. പല സംഭവങ്ങളിലും സാഹചര്യങ്ങളാണ് പലപ്പോഴും വില്ലനായി മാറുക.

Leave a Reply

%d bloggers like this: