September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

കൺകെട്ട് സത്യമാണ്

ചില പ്രത്യേക സമയങ്ങളില്‍, പ്രത്യേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാല്‍ നമ്മുടെ കണ്ണുകളെ ഏതോ ശക്തികള്‍ ബലമായി മൂടിവെക്കും, പിന്നീട് അല്‍പ്പനേരത്തേക്ക് നമ്മള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലായിരിക്കും. അതിനെയാണ് കണ്‍കെട്ടെന്ന് പഴമക്കാര്‍ പറയുന്നത്. അവരുടെ ആവാസ മേഖലകളില്‍ അതിക്രമിച്ച് കടക്കുന്നവരെ തുരത്താനായാണ് പ്രധാനമായും ഈ പരിപാടി നടത്താറുള്ളത്, ആ സ്ഥലം കടന്നുകഴിഞ്ഞാല്‍പ്പിന്നെ എല്ലാം നോര്‍മല്‍ ആകും. പിന്നെ ഒരു രസത്തിനു വേണ്ടി മനുഷ്യരെ വഴി തെറ്റിച്ച് ചുറ്റിക്കുന്നതും ഇവര്‍ക്കൊരു ഹോബിയാണത്രേ. മനുഷ്യരെ മനപ്പൂര്‍വം കെണിയില്‍പെടുത്തി ജീവനെടുക്കാന്‍ കൊണ്ടു പോകാറുണ്ടെന്ന് പറയുന്ന കഥകളും ഉണ്ട്.

രാത്രികാലങ്ങളില്‍ ചില സ്ഥലങ്ങളിലൂടെ തനിയെ സഞ്ചരിച്ച ചിലര്‍ക്ക് ഇങ്ങിനെയുള്ള അനുഭവങ്ങളുണ്ടാകുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങിനെ പറഞ്ഞു പറഞ്ഞാണ് ഇതിനെക്കുറിച്ചുള്ള കഥകളൊക്കെ പരക്കാന്‍ തുടങ്ങിയത്. അവസാനം കുടിച്ച് ബോധമില്ലാതെ കണ്ട വഴികളിലൂടെ നടന്നവര്‍ പോലും കണ്‍കെട്ടിനെ പഴിച്ച് കഥകളുണ്ടാക്കാന്‍ തുടങ്ങി.

ഇനി ഈ അനുഭവമുണ്ടായ ആളുകള്‍ എങ്ങിനെ രക്ഷപ്പെട്ടുവെന്ന് നോക്കാം.

കണ്ണുകെട്ടി കൊണ്ടുപോകുന്ന സമയത്ത് ആരെങ്കിലും എതിരെ വരുകയോ, നടക്കുന്ന ആളെ വിളിക്കാനോ സ്പര്‍ശിക്കാനോ ശ്രമിക്കുകയോ ചെയ്താല്‍ അയാള്‍ ഉടനെ നോര്‍മലാകും, അതായത് കൊണ്ടുപോയ ശക്തിയുടെ പിടി വിടും.

ചിലരുടെ അനുഭവങ്ങളില്‍ (കഥകളില്‍) പറഞ്ഞത് പ്രകാരം ചില മനുഷ്യരുടെ മനസ്സിനെ പൂര്‍ണമായും കീഴ്പ്പെടുത്താന്‍ അവര്‍ക്കാകില്ല. അതായത് ധൈര്യവും മനോബലവും കൂടുതലുള്ള മനുഷ്യരുടെ ശരീരത്തെ ഈ ശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും മനസ്സിന്‍റെ പിടി മാത്രം ഒരു പരിധി വരെ അയാളുടെ കയ്യില്‍ത്തന്നെ ഉണ്ടാകും. ചുറ്റും നടക്കുന്നത് കാണാനും ചിലപ്പോള്‍ പ്രതികരിക്കാനും അവര്‍ക്ക് കഴിഞ്ഞെന്ന് വരും. പക്ഷെ രക്ഷപ്പെടണമെങ്കില്‍ മറ്റൊരാളുടെ സഹായം കൂടിയേ തീരു.

ഈ കണ്‍കെട്ടിനെക്കുറിച്ചൊരു കഥ ചെറുപ്പത്തിലാരോ പറഞ്ഞുതന്നിട്ടുണ്ട്, അല്‍പ്പം മുതിര്‍ന്നപ്പോള്‍ കുഞ്ഞമ്മയുടെ വീട്ടില്‍വച്ച് അവരുടെ ഭര്‍ത്താവ് ഈ സംഭവത്തെക്കുറിച്ച് വീണ്ടും പറഞ്ഞുതന്നു. അത്ര സീരിയസ്സായല്ലാതെ, അവരുടെയൊക്കെ ചെറുപ്പത്തില്‍ കേട്ടൊരു മുത്തശ്ശിക്കഥ പോലെ.

കുറച്ചു നാളുകള്‍ക്ക് മുന്നേ സുഹൃത്തുക്കളുടെ കൂടെയിരിക്കുമ്പോള്‍ കുഞ്ഞമ്മയുടെ വീടിനടുത്തുള്ളൊരു സ്ഥലത്തിന്‍റെ വില്‍പ്പനയെക്കുറിച്ചായി ചര്‍ച്ച. ആ സ്ഥലത്തൊരു കുളമുണ്ടായിരുന്നെന്നും, അവിടെയെന്തോ പ്രശ്നങ്ങളുണ്ടായിരുന്നത് കൊണ്ടാണ് വില്‍പ്പന നടക്കാതിരുന്നതെന്നുമാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അങ്ങിനെ പറഞ്ഞു വന്നപ്പഴാണ് കണ്‍കെട്ടായിരുന്നു അവിടത്തെ പ്രശ്നമെന്ന് മനസിലായത്.

ആ സ്ഥലം പണ്ടൊരു പറമ്പായിരുന്നു, പറമ്പിന്‍റെ മൂലയില്‍ വലിയൊരു കുളവും. പറമ്പില്‍ നിന്നും വിളിപ്പാടകലെയായി ഏതാനും ചില വീടുകള്‍ മാത്രം. കുറച്ചു മാറി ഒരു ചര്‍ച്ചും, അതിനപ്പുറത്ത് മെയിന്‍ റോഡില്‍ ഒരു ബസ്സ്‌ സ്റ്റോപ്പുമുണ്ട്. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന സുഹൃത്തിന്‍റെ ചെറുപ്പകാലത്ത് ആ പറമ്പിലൂടെ അസമയത്താരും നടക്കാന്‍ ധൈര്യപ്പെടില്ലാത്രേ. അപ്പുറത്തെ റോഡിലേക്ക് പോകണമെങ്കില്‍ ചുറ്റി വളഞ്ഞു പോകും, അല്ലെങ്കില്‍ കൂട്ടമായി പറമ്പിലൂടെ പോകും. രാത്രിയില്‍ അതിലൂടെ തനിയെ പോയിട്ടുള്ള ചിലര്‍ നേരെ ചെന്നെത്തിയത് പറമ്പിന്‍റെ മൂലയിലുള്ള കുളത്തിലാണ് പോലും.

പക്ഷെ രാത്രിയില്‍ ഒരു പ്രശ്നവുമില്ലാതെ അതിലൂടെ കടന്നു പോയവരെ എനിക്കറിയാം. കുഞ്ഞമ്മയുടെ വീട് അതിനടുത്തായത് കൊണ്ട് അവരുടെ അമ്മായിഅച്ഛന്‍ രാത്രിയില്‍ അതിലൂടെ സ്ഥിരമായി പോകാറുള്ള ആളാണ്‌. മെയിന്‍ റോഡിലുള്ള ബസ്സ്റ്റോപ്പിലേക്കും, കടയിലേക്കും മറ്റും പോകാന്‍ ഈ വഴിയാണ് പുള്ളിക്കാരന്‍ സ്ഥിരമായി ഉപയോഗിക്കാറ്. ഇതെല്ലാം വെറും തട്ടിപ്പാണെന്നാണ് പുള്ളിയുടെ ഭാഷ്യം. ഈ കഥകളാണ് കുഞ്ഞമ്മയുടെ ഭര്‍ത്താവ് എനിക്ക് പണ്ട് പറഞ്ഞു തന്നത്. ആ സ്ഥലവും കുളവും അന്നെന്നെ കൊണ്ടുപോയി കാണിച്ചും തന്നു. പക്ഷെ സുഹൃത്തുക്കളിലെ സീനിയര്‍ ഇത്ര സീരിയസ്സായി ഈ കാര്യം പറയുന്നത് കേട്ടപ്പോള്‍ എന്തായാലും ഒന്ന് അന്വേഷിക്കണമെന്ന് തോന്നി. എന്‍റെ കൂട്ടുകാര്‍ കളിച്ചു വളര്‍ന്ന സ്ഥലം കൂടിയാണത്.

അന്വേഷിച്ചപ്പോള്‍ മനസിലാക്കിയ കാര്യം:- രാത്രിയില്‍ അതിലൂടെ പോയ പലരും കുളത്തില്‍ മുങ്ങി മരിച്ചിട്ടുള്ള വാര്‍ത്ത‍ സത്യമാണ്, അതുകൊണ്ട് മാത്രമാണ് കുളം പിന്നീട് മൂടിയതും ആ പറമ്പിന്‍റെ വില്‍പ്പന നടക്കാതായതും (കുളത്തിനെക്കുറിച്ചുള്ള കഥകള്‍ ഇനിയും കുറേയുണ്ട്). അവസാനം പരിസരവാസികളും, ഉടമയുടെ ബന്ധുക്കളും, സുഹൃത്തുക്കളും തന്നെ ആ സ്ഥലം കഷണം കഷണമായി മുറിച്ച് വാങ്ങി വീടുകള്‍ വെക്കാന്‍ തുടങ്ങി.

ഇനി സീനിയര്‍ സുഹൃത്തിന്‍റെ ചെറുപ്പകാലത്ത് നടന്നൊരു സംഭവം:-

ഈ സ്ഥലത്ത് നിന്നും ഒരു 15 മിനിറ്റ് ദൂരെയായിരുന്നു പുള്ളിയുടെ വീട്, എന്നാലും പകല്‍ സമയങ്ങളില്‍ ഈ പരിസരത്തൊക്കെ കാണും. ഈ ഭാഗത്തായിരുന്നു സുഹൃത്തുക്കള്‍ അധികവും. രാത്രി ഇതിലൂടെ പലതവണ സുഹൃത്തുക്കളുടെ കൂടെ പോയിട്ടുണ്ട്, ഒറ്റയ്ക്ക് രണ്ടു തവണ പോയപ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഓടുകയായിരുന്നു എന്നാണ് പറഞ്ഞത്.

അന്നത്തെക്കാലത്ത് അവിടെയൊരു പേരുകേട്ട റൗഡിയുണ്ടായിരുന്നു, ആള് റൗഡിയും അഭ്യാസിയുമൊക്കെയാണെങ്കിലും നാട്ടുകാര്‍ക്ക് വല്യ ശല്യമില്ലായിരുന്നു. സ്വന്തം നാട്ടില്‍ പ്രശ്നമുണ്ടാക്കാതെ പുറം നാട്ടില്‍ തല്ലുണ്ടാക്കുന്നതാണ് ഹോബി. അങ്ങേര്‍ക്ക് ഈ കണ്‍കെട്ട്, പ്രേതം എന്നൊക്കെ കേള്‍ക്കുന്നതിനോടൊക്കെ പുല്ലു വിലയാണ്. അടുത്തുള്ളൊരു പ്രമാണിയുടെ വീട്ടിലെ കുളത്തില്‍ കണ്ട പ്രതിഷ്ട്ട ധൈര്യപൂര്‍വ്വം എടുത്തു കൊടുക്കാമെന്ന് പറഞ്ഞയാളാണ്‌ കക്ഷി.

പുള്ളി ഒരു ദിവസം രാത്രി ഈ വഴിയിലെത്തിയ സമയം, വഴിയിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ തന്നെ പുള്ളിയുടെ കണ്ണ് മൂടി. വന്ന വഴിയിലൂടെ നേരെ നടന്നാല്‍ ഒരു ചെറിയ തോടിന്‍റെ അരികിലേക്കാണ് എത്തുക, അതിലെയാണ് പുള്ളിയുടെ വഴി. പക്ഷെ പുള്ളിയെ കൊണ്ടുപോയത് നേരെ ഓപ്പോസിറ്റ് വഴിയില്‍, മൂലയിലുള്ള കുളത്തിന്‍റെ അടുത്തേക്ക്. ഒരു പത്തടി വച്ചതും പുള്ളിക്കാരന് ബോധം തിരിച്ചുകിട്ടി, പക്ഷെ നടപ്പ് നിര്‍ത്താന്‍ കഴിയുന്നില്ല. നേരെ കുളത്തിലേക്കാണ് പോക്കെന്ന് ആള്‍ക്ക് മനസ്സിലായി. ബലം പിടിച്ച് നോക്കി, പറ്റുന്നില്ല.

പറമ്പിന്‍റെ മൂലയായത്കൊണ്ട് ആ കുളം എത്തുന്നതിനു മുന്‍പ് കുറച്ചുമാറി പറമ്പിന്‍റെ പുറത്തായി രണ്ടു വീടുകളുണ്ട്, അതിലൊന്ന് ഇയാളുടെ ഒരു സുഹൃത്തിന്‍റെ വീടാണ്. ഈ വീടിന്‍റെ പോര്‍ഷന്‍ എത്തിയപ്പോ പുള്ളിക്കാരന്‍ പറ്റാവുന്നത്ര ഉച്ചത്തില്‍ സുഹൃത്തിന്‍റെ പേര് ഉറക്കെ വിളിച്ചു. ആ വിളി മാത്രമേ പുള്ളിക്ക് ഓര്‍മയൊള്ളൂ, പിന്നെ ബോധംവരുമ്പോള്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുന്നു, പിന്നാലെ അങ്ങേരുടെ തോളില്‍ പിടിച്ചുകൊണ്ട് സുഹൃത്തും.

ഈ സംഭവം പെട്ടെന്ന് തന്നെ ഫ്ലാഷായി, അതിന്‍റെ പ്രധാന കാരണം ഈ വ്യക്തി ഒരു റൗഡിയും നിഷേധിയും ഒക്കെയായത് തന്നെയാണ്. ഇത്ര നാളും നിഷേധിച്ച് കളിയാക്കി നടന്നൊരു മനുഷ്യന് പെട്ടെന്നൊരു ദിവസം ഇങ്ങനൊരു അനുഭവമുണ്ടായെന്ന് പറയുക, അതിന്‍റെ പേരില്‍ അയാള്‍ ദിവസങ്ങളോളം പനിച്ച്‌ കിടക്കുക. രക്ഷിച്ചതായി പറയുന്ന സുഹൃത്തിന്‍റെ വക വിശധീകരണങ്ങളും കഥകളും വേറെ. ആളുകള്‍ക്ക് വേറെ വല്ലതും വേണോ?

സത്യത്തിലയാള്‍ വെള്ളമടിച്ച് ബോധമില്ലാതെ കുളത്തിലേക്ക് പോയതാണോ? അല്ലെങ്കില്‍ ഇരുട്ടത്ത് വഴി തെറ്റി കുളത്തില്‍ വീണതാണോ? ആര്‍ക്കറിയാം.

പറഞ്ഞ സംഭവങ്ങള്‍ ഇനിയിപ്പോ സത്യമാണെങ്കിലും ഇല്ലെങ്കിലും ശരി. ഈ പ്രേതകഥകളും, അനിഷ്ട്ട സംഭവങ്ങളും ഒക്കെ ഉണ്ടാകുന്നതില്‍ സാഹചര്യങ്ങള്‍ക്കുള്ള പങ്ക്, അത് വളരെ വലുതാണെന്ന് മനസ്സിലാക്കാന്‍ ഇങ്ങിനെയുള്ള കഥകള്‍ ഉത്തമ ഉദാഹരണങ്ങളാണ്. 

2 thoughts on “കൺകെട്ട് സത്യമാണ്

Leave a Reply

%d bloggers like this: