January 14, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

പറവൂരിലെ ഭീകര രാത്രി

Spread the love

കലാപ്രോഗ്രാമുമായിട്ടുള്ള യാത്രകളിൽ ഒരു പാട് ഉത്തരം കിട്ടാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ..അത്തരം ഒരു അനുഭവം ..ഇവിടെ കുറിക്കുക ആണ് “2009 മാർച്ചു മാസം .– എറണാകുളത്തു പറവൂർ ഉള്ള ഒരു ഡാൻസ് ടീം അവർക്കൊപ്പം മിമിക്സ് ചെയ്യുവാനായി എന്നെയും 3കലാകാരന്മാരെയും വിളിക്കുന്നു” …ഞങ്ങൾ തിരുവല്ലയിൽ നിന്നും ട്രെയിൻ കയറി ആലുവയിൽ ഇറങ്ങി അവിടെനിന്നും ബസിനു കയറി പറവൂരിൽ എത്തി ..ഒരു ചായയും കുടിച്ചു എന്റെ ഒരു സുഹൃത്തായ പ്രോഗ്രാം ഏജന്റ് നന്ദു ചേട്ടനെ കണ്ടു പരിചയവും പുതുക്കി ..നില്കുമ്പോഴത്തേയ്ക്കും ..പ്രോഗ്രാം വണ്ടി വന്നു..ഞങ്ങൾനന്ദു ചേട്ടനോട് യാത്രയും പറഞ്ഞു അതിൽ കയറി പ്രോഗ്രാം നടക്കുന്ന ക്ഷേത്രത്തിലേയ്ക്ക് യാത്രയായി ..കൊടുങ്ങലൂരിനടുത്തു ഒരു ക്ഷേത്രത്തിലാണ് പ്രോഗ്രാംരാത്രി 11,മണി ആണ് ഞങ്ങളുടെ പ്രോഗ്രാം ടൈം ..ഞങ്ങളെ കമ്മറ്റിയ്ക്കാർ സ്വീകരിച്ചു ഒരു വീട്ടിൽ കൊണ്ട് വിശ്രമികുവാനായി ഇരുത്തി …ഏകദേശം 8മണിയോളമായി ..അതിനു ശേഷം ആഹാരം എത്തി …കൂടെ ഒരു അറിയിപ്പും ഏകദേശം 12,മണിയോളമാകും നിങ്ങളുടെ പ്രോഗ്രാം ആരംഭിക്കുവാൻ കുട്ടികളുടെ കലാ പരിപാടികളും ഒരു ക്ലാസിക്കൽ ട്രൂപ്പിന്റെ പ്രോഗ്രാമുകളും കഴിഞ്ഞതിനു ശേഷമേ നിങ്ങളുടെ പ്രോഗ്രാം ഉണ്ടാവുള്ളു ..ഞങ്ങൾ എല്ലാവരും കഥകളും കാര്യങ്ങളും പറഞ്ഞു സമയം തള്ളി നീക്കി .പക്ഷെ അപ്പോഴും എന്റെ മനസ്സിൽ എന്തോ ഒരു ഉത്കണ്ഠ ഉരുത്തിരിഞ്ഞു എന്താണ് എന്ന് ഒരു പിടിയുമില്ല ..വെറുതെ എന്തോ ഒരു ടെൻഷൻ പുതിയ ടീമിനൊപ്പം പ്രോഗ്രാം ചെയ്യുന്നതിന്റെ ആവാം എന്ന് ഞാൻ സമാധാനിച്ചു ..ഞങ്ങളുടെ പ്രോഗ്രാം ടൈം ആയി ..എല്ലാവരും സ്റ്റേജിനു പിന്ഭാഗത്തെത്തി മേക്കപ് ചെയ്യുവാൻ ആരംഭിച്ചു ..പെട്ടെന്ന് കമ്മറ്റിയിൽ ഉള്ള ഒരാൾ എത്തി പറഞ്ഞു നിങ്ങൾ ആ വീട്ടിൽ പോയി വെയിറ്റ് ചെയ്യണം ഞങ്ങൾ പറഞ്ഞിട്ട് പ്രോഗ്രാം ആരംഭിച്ചാൽ മതി എന്ന് ..കുറച്ചു കഴിഞ്ഞു രണ്ടു കമ്മറ്റികാർ എത്തി ..പ്രോഗ്രാമിന്റെ റേറ്റ് ട്രൂപ് മനേജരുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു പ്രോഗ്രാം നടക്കില്ല പോലീസ് ക്യാപ് ചെയ്യുകയാണ് പ്രേദേശത്തു ഘോഷയാത്രയ്ക്കിടയിൽ ജംഗ്ഷനിൽ വെച്ച് രണ്ടു വിഭാഗം ആളുകൾ തർക്കം ഉണ്ടായി തമ്മിൽ അടിപിടിയായി കമ്മറ്റിയ്ക്കാർ ഉൾപ്പെടെ ആളുകൾ ഹോസ്പിറ്റലിൽ ആയി .രണ്ടുമൂന്നു പേർക്ക് വെട്ടും ഏറ്റിട്ടുണ്ട് ..ഇനിയും പ്രോഗ്രാം തുടർന്നാൽ പ്രശ്നങ്ങൾ ഉണ്ടാവും ഏകദേശം രാത്രി ഒരുമണിയോളമായി ..അങ്ങിനെ ഞങ്ങളെ 4പേരെയും ഡാൻസ് ടീം അവിടെ നിന്നും പറവൂർ മുൻസിപ്പൽ ഹാളിനു മുൻപിൽ ഇറക്കി യാത്രയും പറഞ്ഞു പോയി ബസു പിടിയ്ക്കാം അല്ലെങ്കിൽ വല്ല ലോറിയും ആലുവയ്ക്കു വരുവോ എന്ന് നോക്കാം എന്ന് പറഞ്ഞു ഞങ്ങൾ പറവൂർ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി ചുവടു വെച്ച് … ഞങ്ങൾ നടത്തം ആരംഭിച്ചു..മനസ്സിൽ പ്രോഗ്രാം നടക്കാത്തതിന്റെ അമർഷവും വിഷമവും.. വടക്കു ഭാഗത്തു നിന്നും വരുന്ന കാറ്റിനു അല്പം തണുപ്പുണ്ട്.. വലിക്കാൻ ആണേൽ ഒരു സിഗരറ്റ് പോലും ഇല്ല… പെട്ടന്ന് എന്റെ മനസ്സിൽ ഒരു തോന്നൽ… എന്തിനു വല്ല ലോറിയും നോക്കി ബസിനു കൈയും കാട്ടി നിക്കണം… നമുക്ക് ട്രെയിനിൽ പൊയ്ക്കൂടേ .. ഞാൻ കൂടെ ഉള്ളവരോട് ചോദിച്ചു..അത് ശരി ആണല്ലോ…..നമുക്കു ട്രെയിനിൽ പോകാം.. അവർ 4പേരും ഒരേ സ്വരത്തിൽ പറഞ്ഞു…. പക്ഷെ റയിൽവേ സ്റ്റേഷനിലേക്കുള്ള വഴി എവിടെ. അവർ ചുറ്റും നോക്കി ഒരു സൈൻ ബോർഡു പോലുമില്ല… ചോദിക്കാൻ ആണേൽ ഒരു പട്ടി കുറുക്കൻ പോലുമില്ല.. ഞങ്ങൾ ചുറ്റുപാടും കണ്ണോടിച്ചു നടന്നു… എങ്ങും ഇരുട്ട് മാത്രം.. പെട്ടന്ന് എവിടെ നിന്നോ നല്ല ചന്ദനത്തിന്റെ മണം ഞങ്ങളുടെ നാസികയിൽ തുളച്ചു കയറുന്നു… ഹാ…. നല്ല മണം… എവിടുന്ന്….? ഞങ്ങൾ പരസ്പരം നോക്കി.. അതാ ദൂരെ ഒരു വെട്ടം പോലെ…. ഞങ്ങൾ സൂക്ഷിച്ചു നോക്കുമ്പോൾ ആ വെട്ടം അനങ്ങുന്നതായി തോന്നി അതൊരു മനുഷ്യ രൂപം ആണ്… ഹോ…ആശ്വാസം വഴി ചോദിക്കാൻ ആളായി… അയാൾ ഞങ്ങൾക്ക് നേരെ നടന്നു വരുന്നു… ഒപ്പം ഞങ്ങൾ അയാൾക്ക്‌ നേരെയും… അയാൾ അടുത്ത് വരും തോറും ചന്ദനത്തിന്റെ ഗന്ധം അടുത്ത് വരുന്നു.. ഹോ…. ഞങ്ങൾക്കു അതിശയമായി… ഇതിനു മുൻപ് എങ്ങും കണ്ടിട്ടില്ല അത്രക്കും തേജസുള്ള ഒരു പുരുഷ രൂപം..തിളങ്ങുന്ന കസവു കളർ വെള്ള ഫുൾ കൈ ഷർട്ടും അതെ കളർ മുണ്ടും ആണ് വേഷം… തോളിൽ ഒരു വേഷ്ടിയും..നെറ്റിയിൽ ഒരു ചന്ദന കുറിയും…. ആ ചന്ദനകുറി അയാളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചതായി എനിക്ക് തോന്നി. ഒറ്റ നോട്ടത്തിൽ പഴയ കാല റഹ്മാന്റെ രൂപ സാദൃശ്യം…അയാൾ അടുത്ത് വന്നു… മായ ലോകത്തെന്ന പോലെ ഞങ്ങൾ അയാളെ നോക്കി… അയാൾ ഞങ്ങളെയും.. പെട്ടന്നു പരിസര ബോധം വീണ്ടെടുത്ത ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു… ചേട്ടാ ഈ റെയിൽവേ സ്റ്റേഷനിൽ പോകുന്ന വഴി… അയാൾ ഞങ്ങളെ ഒന്ന് അടിമുടി നോക്കി…അയാളുടെ ആ നോട്ടത്തിൽ ഞങ്ങൾ ഒരു പ്രത്യേക തരം ലോകത്തിൽ പെട്ടത് പോലെ തോന്നി… അയാൾ അല്പം ദൂരത്തെക്ക് കൈ ചൂണ്ടി ഘന ഗംഭീരവും എന്നാൽ സൗമ്യവും ആയ ശബ്ദത്തിൽ പറഞ്ഞു…. ആ കാണുന്ന വലിയ മരത്തിന്റെ വശത്തു കൂടി ഉള്ള വഴിയിൽ ഒരു കെഎം നടന്നാൽ റയിൽവേ സ്റ്റേഷൻ ആണ്… അതും പറഞ്ഞദേഹം നടന്നു നീങ്ങി…എന്നാൽ നിക്കുന്നിടതു നിന്നും ഞങ്ങൾക്ക് അനങ്ങാൻ തോന്നിയില്ല.. അയാൾ നിലത്തിനു പോലും വേദന എടുക്കല്ലേ എന്ന രീതിയിൽ ആണ് നടന്നു നീങ്ങുന്നത്… വാ… പെട്ടന്ന് കൂടെ ഉള്ള ആളുടെ ശബ്ദം കേട്ട് ഒന്ന് ബോധം വീണ്ടെടുത്ത് ഞങ്ങൾ നടക്കാൻ ആരംഭിച്ചു.. ആരാടാ അത്…. എന്നാ ഗ്ലാമർ ആണ്… എന്തു അത്തർ ആണെടാ അയാൾ അടിച്ചിരിക്കുന്നെ… എന്ന മണം…മൂക്കിൽ നിന്നും പോകുന്നില്ല. അതും പറഞ്ഞു ഞങ്ങൾ പെട്ടന്ന് അയാളെ തിരിഞ്ഞു നോക്കി… നട്ടെല്ല് വഴി ഒരു തരിപ്പ് കേറി വന്നു എനിക്ക് അപ്പോൾ… അയാൾ പോയ വഴി ശൂന്യം… ഞങ്ങൾ ഭീതിയോടെ പരസ്പരം നോക്കി… ദൈവമേ ആ മനുഷ്യൻ എവിടെ…??എല്ലാവരുടെയും മുഖത്തു ആകെ കൂടി ഒരു ഭയം.. വാടാ… എന്നാലും അയാളിതെവിടെ പോയി… നോക്കിയിട്ട് തന്നെ കാര്യം… അതും പറഞ്ഞു കൂട്ടത്തിൽ അല്പം ധൈര്യ ശാലി ആയ പ്രശാന്തേട്ടൻ അയാൾ പോയ വഴി അല്പം മുന്പോട്ട് നടന്നു… ഒപ്പം ഞങ്ങളും.. അയാളുടെ നടപ്പിന്റെ വേഗത അനുസരിച്ചു അധികം ദൂരെ പോകാൻ ഇടയില്ല… അവർ നിക്കുന്നതിന്റെ 20മീറ്റർ അകലെ ഒരു വീടും മതിലും ഉണ്ട് അത് ചാടി കടന്നു പോകാൻ ആണെങ്കിൽ പോലും അയാൾക്ക്‌ ഇതിലും ടൈം എടുക്കും.. കൂട്ടത്തിൽ ഉള്ള സുമേഷ് പറഞ്ഞു.. വേണ്ടടാ… വിട്ടേക്ക്… ഇതെന്തോ വള്ളി ആണ്.. വാ… ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ പെട്ടന്ന് അകലെ നിന്നും ഒരു നായ ഓരി ഇടുന്ന ശബ്ദം.. ഒപ്പം തന്നെ ആ ചന്ദനത്തിന്റെ ഗന്ധവും… അതെ മുൻപ് അയാളുടെ ശരീരത്തിൽ നിന്നും വന്ന അതെ പരിമളം…ഞങ്ങൾക്ക് അല്പം ഭയം തോന്നി തുടങ്ങി… അതാ ആ പരിമളം മാറി ഇപ്പോ അതൊരു ദുർഗന്ധം ആയി മാറുന്നു.. അതെ…. ശെരിക്കും ശവം അഴുകിയ ഗന്ധം.. ഞങ്ങൾക്കു എന്തോ പന്തികേട് തോന്നി മുന്പിലേക്ക് നടക്കാൻ തുടങ്ങി.. പെട്ടന്ന് ഒരു നനുത്ത കാറ്റു ഞങ്ങൾക്ക് മേൽ പതിച്ചു.. ഒപ്പം ആ ദുർഗന്ധം അവിടെ ആകെ പരക്കുന്നു.. കാറ്റിനു ശക്തി കൂടി വരുന്നു… ഞങ്ങൾ ഒന്ന് രണ്ടടി മുന്നോട്ടു വെച്ചതും വലതു വശത്തു ആയി ഉള്ള ചെറിയൊരു പള്ളിയുടെ മുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നും ഒരു ഉണക്ക ഓല പള്ളി മുറ്റത്തേക്ക് പതിച്ചു.. അപ്രതീക്ഷിതമായ ആ ശബ്ദം കേട്ട് ഞങ്ങൾ ഭയ ചകിതരായി… വാ.. മതി…. എന്തോ പ്രശ്നം ഉണ്ട്… നമുക്ക് എത്രയും പെട്ടന്ന് റെയിൽവേ സ്റ്റേഷൻ പിടിക്കണം ഞാൻ പറഞ്ഞു.. ഞങ്ങൾ നടത്തത്തിന്റെ വേഗത കൂട്ടി…അയാൾ പറഞ്ഞ മരത്തിന്റെ അടുത്ത് എത്തും വരെ ഞങ്ങൾക്കു മിണ്ടാട്ടം ഇല്ലാരുന്നു.. അത്രക്ക് ഭയന്നിരുന്നു ഞങ്ങൾ… അതാ ആ മരത്തിന്റെ അടുത്ത് ഒരു വെട്ടം…. ഒരു തട്ടുകട ആണ്… തട്ട് കടക്കാരൻ പാത്രം കഴുകുന്ന തിരക്കിൽ ആരുന്നു ഞങ്ങൾക്കു ആശ്വാസമായി… ഇവിടെ ചിലപ്പോൾ സിഗരറ്റ് കിട്ടും വഴിയും ചോദിക്കാം… ഞങ്ങൾ കടക്കാരനോട് സിഗരറ്റ് വാങ്ങി കത്തിച്ചു കൊണ്ട് ചോദിച്ചു ചേട്ടാ… ഈ റയിൽവേ സ്റ്റേഷനിലേക്ക് എത്ര കിലോമീറ്റർ ഉണ്ട്.. എന്റെ ചോദ്യം കേട്ട് അയാൾ ഞങ്ങളെ ഒന്നു അടിമുടി നോക്കി… തുടർന്ന് അയാൾ ഞങ്ങളോട് ചോദിച്ചു…ഏതു റയിൽവേ സ്റ്റേഷൻ.. പറവൂർ റെയിൽവേ സ്റ്റേഷൻ…ഞങ്ങൾ പറഞ്ഞു…നിങ്ങളെവിടുന്നാ അയാളുടെ മറു ചോദ്യം… ഞങ്ങൾ തിരുവല്ല… ഇവിടെ അമ്പലത്തിൽ പ്രോഗ്രാമിന് വന്നതാ…നിങ്ങളോട് ആരാ പറഞ്ഞത് പറവൂർ റയിൽവേ സ്റ്റേഷൻ ഉണ്ടെന്നു…പരസ്പരം അന്താളിച്ചു നോക്കി ഞങ്ങൾ… പെട്ടന്ന് എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.. ദൈവമേ ശെരി ആണല്ലോ പറവൂർ റെയിൽവേ സ്റ്റേഷൻ ഇല്ല.. പിന്നെ ഞാൻ എന്തിനതു പറഞ്ഞു… ഞങ്ങൾ കടക്കാരനോട്‌ പറഞ്ഞു ചേട്ടാ ഇപ്പോ ഇവിടുന്നു അങ്ങോട്ട് വന്ന ഒരു മനുഷ്യൻ പറഞ്ഞല്ലോ ഇവിടുന്നു ഒരു കിലോമീറ്റർ നടന്നാൽ…. പറഞ്ഞു മുഴുവനക്കുന്നതിന് മുൻപ് കടക്കാരൻ ഇടയ്ക്കു കയറി പറഞ്ഞു ഇവിടുന്നോ.?? ..ഇവിടെ ഏതാണ്ട് ഒരു മണിക്കറായ് ഒരു കുഞ്ഞു പോലും വന്നിട്ടില്ല… ഇടക്ക് വല്ല വണ്ടിയും പോയാൽ ആയി… അയാളുടെ വാക് കേട്ട് ഞങ്ങളുടെ ദേഹം മുഴുവൻ കോരി തരിക്കുന്ന പോലെ തോന്നി… അപ്പൊ ആ മനുഷ്യൻ ആരാണ്… അയാൾ എവിടെ പോയി… 100 ചോദ്യങ്ങൾ മനസ്സിൽ നിക്കുമ്പോൾ കടക്കാരൻ പറഞ്ഞു…മക്കൾ ഒരു കാര്യം ചെയ്.. ഇവിടെ നിക്ക് വല്ല ലോറിയും വരും.. ആലുവ വരെ.. അവുടുന്നു വേഗം വീട് പറ്റാൻ നോക്ക് നേരം കെട്ട നേരം ആണ്.. ഞങ്ങൾക്ക് നെഞ്ചിൽ എന്തോ ഭാരം കേറ്റി വെച്ച പോലെ തോന്നുന്നു… കടക്കാരൻ പറഞ്ഞപോലെ ഏതാണ്ട് 10 മിനുട്ട് നിന്നില്ല ഒരു ലോറി വന്നു… ഞങ്ങൾ കൈ കാണിച്ചപ്പോൾ തന്നെ പാവം ഡ്രൈവർ വണ്ടി നിർത്തി… വിജനമായ റോഡിലൂടെ വണ്ടി നീങ്ങി തുടങ്ങി.. . നേരം പതിയെ നീങ്ങി തുടങ്ങി.. ഞങ്ങൾ പതിയെ മയക്കത്തിലേക്ക് വീണു… മയക്കത്തിലും ആ വഴിപോക്കന്റെ രൂപവും മണവും എന്നെ വേട്ടയാടികൊണ്ടിരുന്നു.. ഡ്രൈവർ കുലുക്കി വിളിച്ചപ്പോൾ ആണ് ഞങ്ങൾ കണ്ണ് തെളിച്ചത്.. മക്കളെ ആലുവ എത്തി.. ഞങ്ങൾ നോക്കുമ്പോൾ വണ്ടി പെരുമ്പാവൂർ റൂട്ടിലേക്ക് തിരിച്ചിട്ടിരിക്കയാണ്.. ഞങ്ങൾ ഇറങ്ങി ഒപ്പം ഡ്രൈവറും അടുത്ത് കണ്ട തട്ടുകടയിൽ നിന്ന് കട്ടൻ ചായ കുടിക്കുന്നതിനിടയിൽ ഡ്രൈവർ ചോദിച്ചു… നിങ്ങൾക് വഴി പറഞ്ഞു തന്ന ആ ആളുടെ രൂപം ഒന്ന് പറയാമോ… ഞങ്ങൾ ചോദിച്ചു എന്താ കാര്യം… അയാൾ ഇങ്ങോട്ട് ആ വഴി പോക്കന്റെ രൂപം പറഞ്ഞു… ഞങ്ങൾക്ക് അതിശയം ആയി… അയാൾ പറഞ്ഞത് കൃത്യമായിരുന്നു… തുടർന്ന് ഡ്രൈവർ പറഞ്ഞു… നിങ്ങൾ മയക്കത്തിൽ ആയിരുന്ന സമയത്ത് ഈ പറഞ്ഞ മനുഷ്യൻ നമ്മുടെ വണ്ടിയെ ക്രോസ്സ് ചെയ്തു പോയി.. അയാൾ അപ്പൊ വണ്ടിയെ ഉറ്റു നോക്കുന്നുണ്ടാരുന്നു…. സംശയം തോന്നിയ ഞാൻ വണ്ടി ചവിട്ടി നിർത്തി മിറർ ഗ്ലാസിൽ കൂടി നോക്കുമ്പോൾ ആ. മനുഷ്യൻ നമ്മുടെ വണ്ടിയിലേക്കു തന്നെ നോക്കി നിൽക്കുകയാണ് റോഡിൽ… ഞാൻ പെട്ടന്ന് ഗ്ലാസിൽ നിന്നും കണ്ണു എടുത്ത് തിരിഞ്ഞു നോക്കിയപ്പോ ആ മനുഷ്യനെ കാണുന്നില്ല…. കൂടാതെ വണ്ടിക്ക് ഉള്ളിൽ ചന്ദനമണവും.. കുടിച്ച ചൂട് ചായ തൊണ്ടയിൽ നിന്നും ഇറങ്ങാത്ത അവസ്ഥ… പരസ്പരം.. നോക്കി ഞങ്ങൾ… ഡ്രൈവർ പറഞ്ഞു.. ഇനി എന്തായാലും ഞാൻ നേരം വെളുത്തിട്ടെ പോകുന്നുള്ളൂ… മക്കള് പൊക്കോ… പരസ്പരമൊന്നും മിണ്ടാതെ ഞങ്ങൾ ട്രെയിനിൽ കയറി…. വർഷങ്ങൾക്കിപ്പുറവും ആ മനുഷ്യനെ കുറിച്ച് ഞങ്ങൾ 4 സുഹൃത്തുക്കളും സംസാരിക്കാറുണ്ട്….. ആരാണ് അയാൾ…. എന്തു നിഗൂഡത ആണ് അയാൾക്ക്‌ പിന്നിൽ… അയാളുടെ ജ്വലിക്കുന്ന ആ മുഖം ഇപ്പോഴും എന്റെ മനസ്സിൽ തങ്ങി നിക്കുന്നു… ആ മുഖം ഓർക്കുമ്പോഴെ ആ പഴയ ചന്ദന ഗന്ധം എന്റെ നാസികാഗ്രത്തിൽ എത്തും.. ദാ… ഇപ്പോ ഇതു എഴുതുമ്പോഴും എനിക്ക് ചുറ്റും ആ ഗന്ധം തളം കെട്ടി നിൽക്കുന്നു … ആ മനുഷ്യന്റെ ശരീരത്തിൽ നിന്നുയർന്ന അതെ പരിമളം… സനൽ മല്ലപ്പള്ളി

Leave a Reply

%d bloggers like this: