May 24, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

സിമിത്തേരിയിലെ ഒരു രാത്രി

Spread the love

ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ കല്യാണത്തിന് പോയിട്ട് വൈകീട്ട് ഞങ്ങളാരും വീട്ടില്‍ പോയില്ല. സ്കൂളിലെയും, ട്യൂഷന്‍ ക്ലാസ്സിലെയും സുഹൃത്തുക്കള്‍ ഒത്ത് കൂടിയതിന്‍റെ സന്തോഷത്തില്‍ അന്ന് രാത്രി ഹാളില്‍ത്തന്നെ കഥയും പറഞ്ഞ് ഇരുന്നു. രാത്രി വൈകിയപ്പോള്‍ അവിടത്തന്നെ കിടക്കാനായി അവന്‍റെ വീട്ടില്‍ നിന്ന് എല്ലാവര്‍ക്കും പുതപ്പും, തലയിണയും ഒക്കെ എത്തിച്ചിരുന്നു.

ഏകദേശം പന്ത്രണ്ടര – ഒരു മണി അടുത്താണ് ഓരോരുത്തരായി കിടക്കാന്‍ തുടങ്ങിയത്, പക്ഷെ കൊതുകും ചൂടും കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. കൊച്ചിയിലെ കൊതുകിന്‍റെ വിശേഷങ്ങള്‍ ഒന്നും പറയണ്ടല്ലോ, കൂടെ ഏപ്രില്‍ മാസത്തിലെ ചൂടും. അങ്ങിനെ എന്ത് ചെയ്യണം എന്നറിയാതെ വണ്ടറടിച്ച് നില്‍ക്കുന്ന സമയം കൂട്ടത്തിലെ മുതിര്‍ന്ന സുഹൃത്ത് ഒരു ഐഡിയ പറഞ്ഞു, തൊട്ടപ്പുറത്തെ പള്ളി സിമിത്തേരിയിലെ ഏതെങ്കിലും മാര്‍ബിള്‍ കല്ലറയുടെ മുകളില്‍ കിടക്കാമെന്ന്, നല്ല തണുപ്പാണത്രേ. പെട്ടെന്ന് ഇങ്ങനെ കേട്ടപ്പോ കൂടെയുള്ളവര്‍ക്ക് പേടിയായി. കാരണം ഞങ്ങള്‍ അന്ന് +2, അവന്‍ ഡിഗ്രി കഴിഞ്ഞതും. കൂടാതെ രാത്രി സുഹൃത്തുക്കള്‍ കൂടുമ്പോള്‍ സാധാരണ പ്രേതകഥകള്‍ ആണല്ലോ പറയാറുള്ളത്.

അവന്‍ പറഞ്ഞു, ഇതിലൊന്നും വലിയ കാര്യം ഇല്ല, പലരും ചെയ്യാറുള്ള സംഭവം തന്നെയാണ്. പുതപ്പ് ചുറ്റി കിടന്നാല്‍ മതി, കൊതുകൊന്നും കടിക്കില്ല. രാവിലെ ആരെങ്കിലും കാണും മുന്‍പ് എഴുന്നേറ്റ് പോണം എന്ന് മാത്രം. അതിനൊപ്പം, മുന്‍പ് ഏതോ കല്യാണത്തിന് ഇതേ ഹാളില്‍ത്തന്നെ വന്നപ്പോള്‍, രാത്രി അവനും സുഹൃത്തുക്കളും കൂടി സിമിത്തേരിയിലാണ് കിടന്നത് എന്നും പറഞ്ഞു. ഇതൊക്കെ കേട്ടപ്പോ ഞങ്ങള്‍ക്ക് ധൈര്യമായി. പക്ഷെ അവിടെപ്പോയി കിടക്കാനുള്ള അത്ര ധൈര്യം ഒന്നുമില്ല.

എല്ലാവരെയും പുച്ചിച്ച് കൊണ്ട് അവന്‍ ഒരു പുതപ്പും എടുത്ത് ഇറങ്ങി, ‘നിനക്കൊന്നും ധൈര്യം ഇല്ലെങ്കില്‍ വരണ്ടടാ’ എന്നും പറഞ്ഞ് ഇറങ്ങിപ്പോയി. അഭിമാനത്തിന് ഇച്ചിരി മുറിവേറ്റെങ്കിലും, പേടിയുള്ളത് കൊണ്ട് ഒന്നും മിണ്ടിയില്ല. ഞങ്ങള് പതുക്കെ ഓരോ കഥയും ഒക്കെ പറഞ്ഞ് കിടന്നു.

ഏകദേശം രണ്ട് മണിയോളമായി, കൊതുക് ഒരു തരത്തിലും കിടത്തുന്നില്ല. ഞാന്‍ പതുക്കെ എണീറ്റ്‌ ഒരു ഫാനിന്‍റെ കീഴില്‍ ചെന്ന് ഇരുന്നു, പെട്ടെന്ന് ഉറങ്ങി എന്ന് കരുതിയ ഒരു സുഹൃത്തും എണീറ്റ് എന്‍റടുത്ത് വന്നിരുന്നു. ബാക്കി എല്ലാവരും ഏതാണ്ട് ഉറങ്ങിക്കാണും, ഞങ്ങള്‍ക്ക് പക്ഷെ ഉറങ്ങാന്‍ പറ്റുന്നില്ല. എന്നോട് പതുക്കെ അവന്‍ ചോദിച്ചു, ‘നമുക്കും പോയി കിടന്നാലോ? ഒന്നും പേടിക്കണ്ടാന്നല്ലേ അവന്‍ പറഞ്ഞത്?’ കാര്യം ശരിയാണ്, അവന്‍ കൂട്ടത്തില്‍ സീനിയറായത് കൊണ്ട് പറയുന്നത് തെറ്റാന്‍ സാദ്ധ്യതയില്ല. ഇപ്പൊ അങ്ങോട്ട്‌ ചെന്നാല്‍ അവനും അവിടെ ഉണ്ടാകുമല്ലോ, പിന്നെ എന്തിനാ പേടിക്കുന്നത്? ‘ഒന്ന് പോയി നോക്കാല്ലേ…’ എനിക്കും ഏതാണ്ട് ധൈര്യമായി. അങ്ങിനെ ഞങ്ങള്‍ പതുക്കെ ഓരോ പുതപ്പും എടുത്ത് അങ്ങോട്ട്‌ വിട്ടു. ഹാളില്‍നിന്നിറങ്ങിയാല്‍ ജസ്റ്റ് രണ്ട് മിനിറ്റ് പോലും വേണ്ട സിമിത്തേരി എത്താന്‍. ഞങ്ങള്‍ നടക്കുന്ന റോഡിലൂടെ അതിന്‍റെ പുറകിലാണ് എത്തുക.

സിമിത്തേരിയുടെ മൂന്ന് വശത്തും റോഡ്‌ ആണ്, ഒരു വശത്ത് പള്ളിയും. മുന്നിലേത് മെയിന്‍ റോഡ്‌ ആണ്, അവിടെയാണ് മെയിന്‍ ഗേറ്റ്. പള്ളിയുടെ അകത്തൂടെയുള്ള കൊച്ച് ഗേറ്റ് വഴിയാണ് ഞങ്ങള്‍ കയറിയത്. ‘കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ, ല്ലേ’ ഞാന്‍ ചോദിച്ചു. ‘ഏയ്‌ എന്ത് കുഴപ്പം? എന്തെങ്കിലും ഉണ്ടായാല്‍ നമുക്ക് പള്ളിയിലേക്ക് ഓടിക്കയറാടാ….’ അവന്‍റെ വാക്കുകള്‍ കേട്ടപ്പോ എനിക്കും ധൈര്യം ആയി. സിമിത്തേരിയായത് കൊണ്ട് പറയാണെന്ന് തോന്നരുത്, നല്ല ശ്മശാനമൂകതയായിരുന്നു അവിടെ. ചുറ്റും നോക്കിയപ്പോള്‍, ഞങ്ങള്‍ വന്ന റോഡിനോട് ചേര്‍ന്നുള്ള മൂലയിലെ ഒരു കല്ലറയില്‍ ആരോ പുതച്ച് മൂടി കിടപ്പുണ്ട്. മുന്നേ പോയ തെണ്ടിയായിരിക്കും, എന്തായാലും അവന് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി ഇപ്പോള്‍ ചെന്ന് വിളിക്കണ്ടാന്ന്‍ തീരുമാനിച്ചു. രാവിലെ എണീക്കുമ്പോള്‍ ചെന്ന് വിളിക്കാം.

ഞങ്ങള്‍ കയറിയ വഴിക്ക് തന്നെ ഒരു ചെറിയ മരത്തിന്‍റെ കീഴെയായിട്ട് ഒരു വലിയ കല്ലറയുണ്ട്, അത് ഞാന്‍ ചൂസ് ചെയ്തു. സിമിത്തേരിയുടെ ഒത്ത നടക്കുള്ള വെളുത്ത ഒരു കല്ലറയില്‍ കിടക്കാനായി അവനും അങ്ങോട്ട്‌ പുറപ്പെട്ടു. എനിക്കെന്തോ അപ്പോഴും കല്ലറയ്ക്ക് മുകളില്‍ കിടക്കാന്‍ തോന്നുന്നില്ല, മറ്റൊരാള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമല്ലേ. ഞാന്‍ പതുക്കെ മരത്തിന്‍റെ കീഴേക്ക് ഒതുങ്ങി നിന്ന് സുഹൃത്തിന്‍റെ നീക്കങ്ങള്‍ വീക്ഷിച്ചു. മൂന്ന് സൈഡില്‍ സ്ട്രീറ്റ് ലൈറ്റും, പള്ളിയുടെ മുന്നിലെ ഹാലൊജന്‍ ലൈറ്റും ഉള്ളത്കൊണ്ട് ഞാനിരുന്നിടത്ത് നിന്ന് അത്യാവശ്യം നല്ല കാഴ്ച ഉണ്ടായിരുന്നു. അവന്‍ പതുക്കെ ദേഹം മുഴുവനും ആ വെളുത്ത പുതപ്പ് കൊണ്ട് പുതച്ച് കല്ലറയ്ക്ക് മേല്‍ കിടന്നു, ഇപ്പോള്‍ ശരിക്കും അവിടെ ഒരു ഡെഡ്ബോഡി കൊണ്ട് വച്ചപോലുണ്ട്. എങ്ങിനെയൊക്കെ ധൈര്യം വരുത്താന്‍ നോക്കിയിട്ടും മരിച്ച ഒരാളുടെ മുകളില്‍ കിടക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. പതുക്കെ ആ കല്ലറയുടെ താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബില്‍ ഞാനിരുന്നു.

ഏകദേശം അഞ്ച് മിനിറ്റോളം കഴിഞ്ഞ് കാണും, പെട്ടെന്ന് തന്നെ സുഹൃത്ത് കിടന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റ് പുതപ്പാസകലം കുടയാന്‍ തുടങ്ങി. ഇത് കണ്ട് ഞാനും പതുക്കെ എണീറ്റു. ഒരു മിനിറ്റോളം അവിടെക്കിടന്ന് ചാടിയശേഷം അവന്‍ എന്‍റെ അടുത്തേക്ക് ഓടിവന്നിട്ട് പറഞ്ഞു. ‘അവിടെ മൊത്തം ഉറുമ്പാ, മേലാസകലം കയറി.’ അപ്പൊ ഞാനും പറഞ്ഞു, ‘ഇവിടെയും ഉറുമ്പാ, കിടക്കാന്‍ പറ്റുന്നില്ല. നമുക്ക് പോയി പള്ളി വരാന്തയില്‍ കിടന്നാലോ?’ അത് കേട്ടപ്പോ അവനും സന്തോഷം, എനിക്കും സന്തോഷം. നേരെ പോയി വരാന്തയില്‍ പുതച്ച് മൂടി സുഖമായി കിടന്നു, അവിടെയും മാര്‍ബിള്‍ തന്നെയായിരുന്നത് കൊണ്ട് നല്ല തണുപ്പ് ഉണ്ടായിരുന്നു. നാല് മണിക്ക് ഫോണില്‍ അലാം അടിച്ചപ്പോള്‍ ചാടി എണീറ്റ്‌ പതുക്കെ ഹാളിലേക്കും, അവിടെയുള്ളവരെ എഴുന്നേല്‍പ്പിച്ച്, പുറത്തിറങ്ങി ഒരു ചായയൊക്കെ കുടിച്ച് അഞ്ചരയ്ക്ക് വീട്ടിലേക്കും പോയി.

ഞങ്ങള്‍ സിമിത്തേരിയില്‍ കിടക്കാന്‍ പോയ കാര്യം ആരോടും പറഞ്ഞിരുന്നില്ല, കൂടെയുള്ള സുഹൃത്തുക്കളില്‍ ചിലരുടെ ബന്ധുക്കളെ അവിടെ അടക്കിയിട്ടുള്ളത് കൊണ്ട് വെറുതെ അവരുടെ വികാരം വൃണപ്പെടുത്തണ്ട എന്ന് കരുതി. പക്ഷെ ആദ്യം കിടക്കാന്‍ പോയ ആ സുഹൃത്തിന്‍റെ കാര്യം, അത് ഞങ്ങള്‍ വിട്ട് പോയി. അവനെ രാവിലെ ഞങ്ങള്‍ വിളിക്കാന്‍ മറന്നു എന്ന് മാത്രമല്ല, അവനെ കല്യാണത്തിനും കണ്ടില്ല. അതുകൊണ്ട് കല്യാണം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നേരെ അവന്‍റെ വീട്ടിലേക്ക് ചെന്നു, അവിടെത്തിയപ്പോള്‍ രംഗം ബഹു കോമഡിയാണ്, ചെക്കന്‍ പനിച്ച്‌ വിറച്ച് കിടക്കുന്നു. രാത്രി എന്തോ കണ്ട് പേടിച്ചത്രേ.

പറഞ്ഞു വന്നപ്പോ ഇതാണ് കഥ.

രാത്രി ഒറ്റയ്ക്ക് അവിടന്ന് വാശിക്ക് ഇറങ്ങിയെങ്കിലും കക്ഷിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷെ വെല്ലുവിളിച്ച് പോന്നത് കൊണ്ട് കിടന്നില്ലെങ്കില്‍ മോശമല്ലേ. അങ്ങിനെ സിമിത്തേരിയുടെ പിന്നിലെത്തി, കുറച്ച് നേരം അവിടെ ആലോചിച്ച് നിന്നു, വേണോ/വേണ്ടയോ എന്ന്. അങ്ങിനെ മതില് ചാടാന്‍ നില്‍ക്കുമ്പോഴാണ് പുള്ളി ആ കാഴ്ച്ച കണ്ടത്, കല്ലറകള്‍ക്കിടയിലൂടെ പതുക്കെ നീങ്ങുന്ന ഒരു കറുത്ത രൂപം. അതിന്‍റെ കാലുകള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല, അത് മൂലയിലുള്ള ഒരു കല്ലറയുടെ മുകളില്‍ എത്തിയപ്പോള്‍ അതിലേക്ക് ചാഞ്ഞ് പെട്ടെന്ന് കാണാതായി. ഇത് കണ്ടതും പുള്ളീടെ ഗ്യാസ് പോയി, അവിടന്ന് വീട്ടിലേക്ക് ഓടി.

ഇന്നലെ ഞങ്ങള്‍ സിമിത്തേരിയില്‍ കിടക്കുന്നത് കണ്ട ആളെ കണ്ടായിരിക്കും പുള്ളി പേടിച്ചിരിക്കുക. കല്ലറകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കാല് കാണില്ലല്ലോ, ഒഴുകി നീങ്ങുന്ന പോലെ തോന്നും. കൂടാതെ അയാള്‍ കിടന്നത് ഒരു മൂലയ്ക്ക് ഉള്ള കറുത്ത കല്ലറയുടെ മുകളിലാണ്. സിമിത്തേരിയുടെ അകത്ത് നിന്നല്ലാതെ, പുറത്ത് നിന്ന് അകത്തേക്ക് അത്ര നല്ല വ്യൂ കിട്ടില്ല, സൊ അയാള്‍ ഇരിക്കുന്നതല്ലാതെ കിടക്കുന്നത് വ്യക്തമായി കാണാന്‍ ഒക്കില്ല.

‘എന്തൊരു മണ്ടനാല്ലേ…’ ഞങ്ങള്‍ മനസ്സില്‍ പറഞ്ഞ് ചിരിച്ചു. പക്ഷെ അവന്‍റെ കഥ തീര്‍ന്നിരുന്നില്ല. വീടിനടുത്ത് എത്തിയപ്പോള്‍ അവിടെ, അവന്‍റെ ലോക്കല്‍ സുഹൃത്തുക്കള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. ഇവന്‍റെ മട്ടും, ഭാവവും ഒക്കെ കണ്ട് വിവരം തിരക്കിയപ്പോള്‍ അവര്‍ ചിരിക്കാന്‍ തുടങ്ങി. കാരണം അവരൊക്കെ രാത്രി സിമിത്തേരിക്കകത്ത് കയറിയിട്ടുള്ളവരാണ് (ഇത്പോലെ കിടക്കാനും, ബെറ്റ് വച്ചും ഒക്കെ). ഇവന്‍റെ അവസ്ഥ കണ്ടപ്പോള്‍ അവര്‍ക്ക് ഒരു സമാധാനവുമില്ല, കുറെയൊക്കെ ആശ്വസിപ്പിക്കാന്‍ നോക്കിയിട്ടും അവന്‍ പിന്നേം പഴയപോലെ തന്നെ. അവസാനം അവര്‍ അവനെയും കൂട്ടി സിമിത്തേരിയിലേക്ക് പുറപ്പെട്ടു, സത്യം മനസ്സിലാക്കി കൊടുക്കാന്‍. നടന്ന് വന്നത് കൊണ്ട് ഇച്ചിരിസമയം എടുത്തു എന്ന് മാത്രം.

അങ്ങിനെ അവര്‍ സിമിത്തേരിയുടെ പുറകില്‍, അവന്‍ നേരത്തെ നിന്ന സ്ഥലത്തെത്തി. അവിടന്ന് നോക്കുമ്പോള്‍ പിന്നിലേക്ക് ഒക്കെ ഇരുട്ടാണ്‌, ആ മതില് പിടിച്ച് നടന്ന് മൂലയ്ക്ക് എത്തുമ്പോള്‍, അവിടന്ന് കുറച്ചൂടെ അടുത്തായി ആ കല്ലറ കാണാം. അവര്‍ കുറച്ചു നേരം അവന്‍ നിന്നിടത്ത്‌ തന്നെ നിന്ന് ആ കല്ലറ വീക്ഷിക്കാന്‍ തുടങ്ങി, എന്നിട്ട് പുറത്തൂടെ തന്നെ മൂലയ്ക്ക് നടക്കാനും. ഏതാണ്ട് മൂല എത്താറായപ്പോള്‍ കല്ലറയുടെ മുകളില്‍ എന്തോ ഉണ്ടെന്ന തോന്നല്‍ അവന്‍റെ സുഹൃത്തുക്കള്‍ക്കും വന്ന് തുടങ്ങി, കൂടെ ഭയവും. പെട്ടെന്നാണ് അവര്‍ ഒരു ശബ്ദം കേള്‍ക്കുന്നത്, അതും സിമിത്തേരിയുടെ ഒത്ത നടുക്ക് നിന്ന്. അവിടെ കുറച്ച് വെളിച്ചമുണ്ടായിരുന്നത് കൊണ്ട് അങ്ങോട്ടുള്ള കാഴ്ച്ച വ്യക്തമായിരുന്നു, ദൂരത്തിന്‍റെ കുറച്ച് കുഴപ്പം മാത്രമേ ഒള്ളൂ.

ശബ്ദം കേട്ട് സിമിത്തേരിയുടെ നടുക്കോട്ട് നോക്കിയ അവര്‍ മൂന്ന് പേരും പെട്ടെന്ന് തരിച്ച് നിന്ന് പോയി. അതാ നടുക്കത്തെ കല്ലറയില്‍ നിന്നും ഒരു വെളുത്ത രൂപം പൊങ്ങി വരുന്നു. ആ വെളുത്ത കല്ലറയുടെ ഉള്ളില്‍ നിന്നും ഉയര്‍ന്ന വന്ന അതിന്‍റെ ശരീരത്തിന്‍റെ മധ്യഭാഗം മുതല്‍ താഴേക്ക് ഒന്നുമില്ല, മരണത്തിന്‍റെ മാലാഖയെപ്പോലെ വലിയ ചിറകുകള്‍ വീശി അതാ കല്ലറയുടെ ചുറ്റും ഒഴുകി നീങ്ങുകയാണ്. അല്‍പസമയത്തിനകം അത് പള്ളിയുടെ നേരെ നീങ്ങി പെട്ടെന്ന് കാണാതായി. എങ്ങിനെയോ ഓടി വീടെത്തിയത് മാത്രമേ അവര്‍ മൂന്ന് പേര്‍ക്കും ഓര്‍മ്മയൊള്ളൂ, നേരം വെളുത്തപ്പോള്‍ മൂന്നെണ്ണത്തിനും നല്ല പനി.

വിവരങ്ങള്‍ ഒക്കെ കേട്ട് കഴിഞ്ഞ് ഞങ്ങള്‍ പതുക്കെ അവിടന്ന് ഇറങ്ങി. സത്യം പറഞ്ഞാല്‍ ചിരി വന്നിട്ട് ഒരു രക്ഷയും ഇല്ലാത്തത് കൊണ്ടാണ് അവിടന്ന് വേഗം ഇറങ്ങിയത്. ഇന്നലെ അവന്‍ കണ്ട പ്രേതം, രാത്രി കിടക്കാനിടം നോക്കി വന്ന ഏതോ പാവവും. അവര് കണ്ട മരണത്തിന്‍റെ മാലാഖ, ഇന്നലെ, വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും, കറുത്ത ജീന്‍സും ഇട്ട കൂട്ടുകാരനും ആണെന്ന സത്യം ഇന്നേ ദിവസം വരെ അവര്‍ ആരും അറിഞ്ഞിട്ടില്ല. പിന്നീട് എപ്പഴോ ഈ ‘പ്രേതസംഭവം’ അവിടെ ഫ്ലാഷ് ആയിരുന്നു, രാത്രി സിമിത്തേരിയില്‍ കിടക്കാന്‍ പോയതിന്‍റെ പേരില്‍ അവനും സുഹൃത്തുക്കള്‍ക്ക് ചെറുതല്ലാത്ത പ്രശ്നങ്ങളും നേരിടേണ്ടി വന്നു. ഇന്നും ഇതിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് പള്ളിയുടെ പേരോ, കൃത്യസ്ഥലത്തിന്‍റെ പേരോ എഴുതാന്‍ കഴിയില്ല. 

Leave a Reply

%d bloggers like this: