September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ആരായിരുന്നു ബോധിധർമ്മൻ ?

ഏഴാം അറിവ്’ എന്ന സിനിമ ഇറങ്ങും വരെ തീർത്തും അപരിചിതമായ ഒരു പേരായിരുന്നു ബോധിധർമ്മൻ .
മറ്റ് സന്യാസികളിൽ നിന്നും അദ്ദേഹത്തെ വേർതിരിച്ചു നിർത്തുന്ന ഏറ്റവും വലിയ സവിശേഷത ,,മനസിനെ പോലെ തന്നെ അദ്ദേഹം ശരീരത്തിനെയും സ്‌നേഹിക്കാൻ പഠിപ്പിച്ചു എന്നതാണ്.

ബുദ്ധൻ ആത്മീയതക്ക് മുൻ തൂക്കം കൊടുത്തെങ്കിൽ ബോധിധർമ്മൻ ആത്മീയതക്കൊപ്പം ആരോഗ്യത്തിനും മനോബലത്തിനും കൂടി പ്രാധാന്യം നല്കി.
‘ഏഴാം അറിവ്’ എന്ന സിനിമ ബോധിധർമ്മന്റെ ഏകദേശ വിവരണം മാത്രമേ ആകുന്നുള്ളൂ.
യഥാർഥത്തിൽ എന്തായിരിക്കണം ഒരു സെൻ സന്യാസിയെന്ന് അറിയണമെങ്കിൽ നമ്മൾ ബോധിധർമ്മൻ എന്തായിരുന്നു എന്നറിഞ്ഞേ തീരൂ.

നാലാം നൂറ്റാണ്ടിൽ പല്ലവ രാജവംശത്തിലെ മൂന്നാമത്തെ പുത്രനായാണ് ബോധി ജനിച്ചത്.
വളരെ ചെറുപ്പത്തിൽ തന്നെ ബോധിയും സാധാരണ രാജകുമാരന്മാരെ പോലെ കുതിര സവാരിയും ആയോധനകലയും പഠിച്ചു.

ഈ കാലത്താണ് ബുദ്ധന്റെ ഇരുപത്തിയേഴാമത് പിന്‍ഗാമിയായ ‘പ്രചനധാര ‘ എന്ന സെൻ ഗുരു കൊട്ടാരത്തിൽ എത്തിയത് .
പല്ലവ രാജവംശത്തിന്റെ ആസ്ഥാനമായ ഈ കൊട്ടാരം തമിഴ്‌നാട്ടിലെ കാഞ്ചിവരത്താണ് സ്ഥിതി ചെയ്തിരുന്നത്.
പ്രചനധാരയെ രാജാവ് വളരെയധികം ബഹുമാനപൂർവ്വം സ്വീകരിച്ചു. സാധാരണ ബുദ്ധശിക്ഷ്യർ സദാ സമയവും ബുദ്ധസൂക്തങ്ങൾ ഉരുവിടുകയും ബുദ്ധമത പ്രഭാഷണങ്ങൾ നടത്തുകയും പതിവാണ്.
പ്രചനധാര അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനായിരുന്നു.
വിലപിടിപ്പുള്ള ഒരു രത്‌നം സന്യാസിക്ക് സമ്മാനിച്ചു കൊണ്ട് രാജാവ് പറഞ്ഞു.

” എനിക്കു മൂന്ന് പുത്രന്മാരുണ്ട്.
അങ്ങ് അവരെ അനുഗ്രഹിച്ചാൽ നന്നായിരുന്നു. “
പ്രചനധാര രാജാവിനൊപ്പം മൂന്ന് പുത്രന്മാരെയും കണ്ടു.
തന്റെ കൈയിലിരുന്ന രത്‌നം ആദ്യം മുതിർന്ന രാജകുമാരനെ ഏല്‍പ്പിച്ചിട്ട് സന്യാസി ചോദിച്ചു
‘ഈ രത്‌നത്തെ കുറിച്ച് എന്താണ് കുമാരന്റെ അഭിപ്രായം?’
കുമാരൻ മറുപടി പറഞ്ഞു.
‘ഈ രത്‌നം വളരെ അപൂർവവും വിലപിടിപ്പുള്ളതുമാണ്. …”
രണ്ടാമത്തെ രാജകുമാരനും ഇതേ മറുപടി തന്നെയാണ് പറഞ്ഞത്.
പ്രചനധാര പിന്നീട് വെറും ഏഴു വയസുമാത്രമുള്ള മൂന്നാമത്തെ രാജകുമാരന് രത്‌നം നല്കി.
ബോധി എന്നായിരുന്നു ആ കുമാരന്റെ പേര്.
ബോധി രത്‌നം നോക്കി ഏതാനും നിമിഷം പുഞ്ചിരിയോടെ നിന്നു.
എന്നിട്ട് പറഞ്ഞു.
‘ഇത് വെറും കല്ലാണ് ,എനിക്കിത് വേണ്ട ഗുരോ.
എനിക്കുവേണ്ടത് അങ്ങയുടെ ഉള്ളിലുള്ള അമൂല്യ രത്‌നങ്ങളാണ്.’

പ്രചനധാര ആനന്ദത്തോടെ രാജാവിനോടു പറഞ്ഞു.
‘മഹാരാജാവേ, ഈ കുട്ടിക്ക് ഉണ്മ തിരിച്ചറിയാനുള്ള അപൂർവ സിദ്ധിയുണ്ട്.
ഉള്ളിലെ ശക്തിയാണ് ഏതൊരു ശക്തിയേക്കാളും അമൂല്യമായതും ശക്തിമത്തായതുമെന്നും അവൻ തിരിച്ചറിഞ്ഞിരിക്കുന്നു.
ഞാനിത്രയും നാൾ തേടിനടന്നത് ഇവനെയാണ്.
ഇവനെ ഞാൻ കൊണ്ടുപോകുകയാണ്. എന്റെ പിന്‍ഗാമിയായി.
സെൻ സന്യാസിയായി ഇവനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.’
സെൻ ഗുരുവിനോടു വളരെയധികം ബഹുമാനം ഉണ്ടായിരുന്നെങ്കിലും മകനെയൊരു ബുദ്ധസന്യാസിയാക്കാൻ രാജാവ് തയ്യാറല്ലായിരുന്നു.
രാജാവ് വിനയപൂർവം തന്റെ തീരുമാനം പ്രചനധാരയോട് പറഞ്ഞു.
ഇത് കേട്ട ബോധി പിതാവിനോടു ചോദിച്ചു.

‘അങ്ങേക്ക് എത്രനാൾ എന്നെയിവിടെ തടഞ്ഞു വയ്ക്കാൻ സാധിക്കും? കൂടിപോയാൽ മരണം വരെ.
എന്റെ മരണത്തെ തടഞ്ഞു വയ്ക്കാൻ അങ്ങേക്ക് സാധിക്കുമോ?’
മരണമാണ് ഏറ്റവുംവലിയ സത്യം.
മരണത്തെ അതിജീവിക്കാൻ ആർക്കാണ് സാധിക്കുക ? എന്ന സത്യത്തിന് മുന്നിൽ രാജാവ് ബോധിയെ പോകാൻ അനുവദിച്ചു.
മരണത്തിന് മുമ്പ് ഈ സമൂഹത്തിനുവേണ്ടി നമ്മളാൽ കഴിയുന്ന എന്തെങ്കിലുമൊക്കെ ചെയ്യണം.
അതാണ് എന്റെ ആഗ്രഹം.
പ്രചനധാര ബോധിയുടെ പേര് ബോധിധർമ്മൻ എന്നാക്കി.

പ്രധാനമായും മനസിനെ നിയന്ത്രിക്കുന്ന വിദ്യയാണ് പ്രചനധാര ബോധിയെ പഠിപ്പിച്ചത്.
മനശക്തികൊണ്ടു എന്തു കാര്യവും സാധിക്കാനും ബോധിധർമ്മന് കഴിഞ്ഞു.
ശത്രുവിനെ ഒറ്റനോട്ടം കൊണ്ട് ബോധരഹിതനാക്കാനുള്ള സിദ്ധി ബോധിധർമ്മന് ലഭിച്ചു.
ഇതിനെ ‘നോക്കുമർമ്മം’ എന്നാണ് വിളിക്കുന്നത്.
ഒരാളെ വിരൽ ചൂണ്ടി മരവിപ്പിച്ചു നിര്‍ത്താനുള്ള സിദ്ധിയും ബോധിധർമ്മൻ വികസിപ്പിച്ചെടുത്തു. ഇതിനെ ‘ചൂണ്ടുമർമ്മം’ എന്നു വിളിക്കും. ചൂണ്ടുമർമ്മവും നോക്കുമർമ്മവും ബോധിധർമ്മനിൽ കൂടിയാണ് ലോകത്തിൽ പ്രചരിച്ചത് എന്നാണ് വിശ്വസം.

ബോധിധർമ്മൻ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വരികയും അവിടെ നിന്നും കളരിപയറ്റ് പഠിച്ചു എന്നും പറയപ്പെടുന്നു.
ഈ നാട്ടിൽ നിലവിലുണ്ടായിരുന്ന ആയുർവേദ സിദ്ധവൈദ്യശാസ്ത്രങ്ങളിൽ അദ്ദേഹം പരിശീലനം നേടി.
ഒരു നൂറ്റാണ്ടിനു ശേഷം വരുന്ന രോഗങ്ങളെ കുറിച്ചും ,,അതിനുള്ള മരുന്നുകളെ കുറിച്ചും അദ്ദേഹത്തിന് ദീർഘ ദൃഷ്ടി ഉണ്ടായിരുന്നു .
അതെ ,,,ഒരുതരം ഏഴാം അറിവ് തന്നെ .
എല്ലാ ശാസ്ത്രശാഖയിലും നിപുണനായ ബോധിധർമ്മൻ തന്റെ ഗുരുവായ പ്രചനധാരയുടെ നിർദ്ദേശപ്രകാരം
ചൈനയിലേക്ക് പോയി.
ബുദ്ധമതം പ്രചരിപ്പിക്കാനാണ് അങ്ങോട്ട് പോയത്.

ചൈനയിലെത്തിയ ബോധിധർമ്മനെ അവിടുത്തെ ചക്രവർത്തി സ്‌നേഹപൂർവം സ്വീകരിച്ചു. അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. അന്ന് ബോധിധർമ്മന് കേവലം 22 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
ബോധിധർമ്മൻ ജനങ്ങളെ പഠിപ്പിച്ചത്
മനസിനെ നിയന്ത്രിച്ച് മനസിന്റെ അപാരശക്തി പുറത്തെടുക്കാനുള്ള മാർഗങ്ങളായിരുന്നു .
യോഗ, കളരി തുടങ്ങിയവയ്ക്ക് പുറമെ ഷാവോലിൻ എന്ന ആയോധനകലയും അദ്ദേഹം വികസിപ്പിച്ചെടുത്തു.
ഷാവോലിൻ എന്ന വിദ്യയാണ് പിന്നീട് കുങ്ങ്ഫൂ ആയി വികസിച്ചത്.

1500 വർഷങ്ങൾക്ക് മുമ്പ് ചൈന ഭരിച്ചിരുന്ന ചക്രവർത്തി ബുദ്ധമതത്തിന്റെ നല്ലൊരു രക്ഷാധികാരി ആയിരുന്നു.
ബുദ്ധമതത്തിന്റെ സന്ദേശം തന്റെ നാട്ടിലുള്ള ജനങ്ങളെ പഠിപ്പിക്കാൻ അനുയോജ്യനായ ഒരു ഗുരുവിനെ ഏറെ നാളുകളായി അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു.
എന്നാൽ അങ്ങനെയൊരു ഗുരുവിനെ കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചതുമില്ല.
അവസാനം അദ്ദേഹത്തെ തേടി ആ സന്തോഷവാർത്ത എത്തി.
ഹിമാലയൻ മലനിരകൾക്കും അപ്പുറത്ത് നിന്നുകൊണ്ടു രണ്ടു യോഗികൾ ബുദ്ധസന്ദേശം പ്രചരിപ്പിക്കാൻ വരുന്നുണ്ട് എന്നായിരുന്നു ആ വാർത്ത.

ബോധിധർമ്മനും അദ്ദേഹത്തിന്റെ ശിഷ്യനുമായിരുന്നു അവർ .
22 വയസ് മാത്രമുള്ള ഒരാളെയല്ലായിരുന്നു ചക്രവർത്തി പ്രതീക്ഷിച്ചത്.
എങ്കിലും തന്റെ മനസിലെ സംശയങ്ങൾ തീർക്കാനായി ചക്രവർത്തി ബോധിധർമ്മനോടു മൂന്ന് ചോദ്യങ്ങൾ ചോദിച്ചു.
ആദ്യത്തെ രണ്ടു ചോദ്യത്തിനും അദ്ദേഹത്തിന് തൃപ്തികരമായി ഉത്തരം നല്കിയ ബോധിധർമ്മൻ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചോദ്യത്തിന് നല്കിയ മറുപടി ചക്രവർത്തിയെ രോക്ഷാകുലനാക്കുകയാണ് ചെയ്തത്.
” ഞാൻ മരിച്ചാൽ സ്വർഗത്തിൽ പോകുമല്ലോ അല്ലേ “
എന്നായിരുന്നു ആ ചോദ്യം ..
” ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി നാം ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. സാധുജനങ്ങൾക്ക് ധാരാളം ധനം നല്കുകയും ചെയ്തു.
എനിക്ക് സ്വർഗം ലഭിക്കാൻ പിന്നെ എന്താണ് തടസം ..? “

അപ്പോൾ ബോധിധർമ്മൻ പറഞ്ഞു. ‘താങ്കൾ നരകത്തിൽ പോകും ,,എന്നു മാത്രമല്ല ,നരകത്തിന്റെ ഏറ്റവും മോശമായ ഏഴാമത്തെ അടിത്തട്ടിലാണ് എത്തിപ്പെടാൻ പോകുന്നത്.’
ചക്രവർത്തി ഞെട്ടലോടെ ചോദിച്ചു.
‘ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ നരകത്തിൽ പോകുന്നത് എന്തുകൊണ്ടാണ്?’
അപ്പോൾ ബോധിധർമ്മൻ പറഞ്ഞു. ‘നിങ്ങൾ ഈ ചെയ്യുന്നതൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ്. ജനങ്ങളുടെ മുന്നിൽ മേനി നടിക്കാനും വളരെ ധർമ്മിഷ്ടനെന്നു ജനങ്ങളെ ധരിപ്പിക്കാനുമാണ്.
സ്വർഗവും നരകവും ഒരാൾക്ക് ലഭിക്കുന്നത് അയാളെന്തു കർമ്മം ചെയ്യുന്നു എന്നു നോക്കിയാണ്. ഈശ്വരൻ ഒരാളുടെ മനസിലേക്കാണ് നോക്കുന്നത്.
അതുകൊണ്ടുതന്നെ താങ്കളുടെ പ്രവൃത്തികൾ ഒന്നും തന്നെ മുക്തിക്ക് കാരണമാകുന്നില്ല.’
ബോധിയുടെ വാക്കുകൾ കേട്ടപ്പോൾ ചക്രവർത്തിക്ക് വളരെ ലജ്ജതോന്നിയെങ്കിലും അദ്ദേഹത്തെ അവിടെ തുടരാൻ അനുവദിക്കുകയാണ് ചെയ്തത്.

ശരീരത്തിനും മനസിനും ശക്തി പകരുന്നതിനുള്ള മാർഷൽ ആർട്‌സിന്റെ ആദിമരൂപം വികസിപ്പിച്ചെടുത്തത് ബോധിധർമ്മൻ ആണെന്നാണ് പറയപ്പെടുന്നത്. ഭക്ഷണക്രമീകരണം, യോഗ, ധ്യാനം, സ്വയം രക്ഷയ്ക്കുളള ആയുധപരിശീലനം തുടങ്ങിയവ ചൈനയിലെ ജനങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചു.
ജനങ്ങളിൽ അതുവരെ നിലനിന്നിരുന്ന മൗഢ്യം വിട്ടകലുകയും മനസിനും ശരീരത്തിനും പുത്തനുണർവ് ഉടലെടുക്കുകയും ചെയ്തു.
ധാരാളം ആളുകള്‍ ബുദ്ധമതത്തിൽ ആകൃഷ്ടരായി ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. ചൈനയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ഐശ്വര്യം നിറഞ്ഞതായി തീര്‍ന്നു.
വർഷങ്ങൾ കടന്നുപോയപ്പോൾ ചൈനയിൽ തന്റെ ദൗത്യം പൂർത്തിയായതായി ബോധിധർമ്മന് തോന്നി.

താൻ ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം ചക്രവർത്തിയെയും ജനങ്ങളെയും അറിയിച്ചു.
എന്നാൽ ,ബോധിധർമ്മൻ ചൈന വിട്ടുപോകുന്ന കാര്യം ചിന്തിക്കാൻ പോലും ചക്രവർത്തിക്കും ശിഷ്യന്മാർക്കും താല്‍പര്യം ഇല്ലായിരുന്നു.
കാരണം ബോധിധർമ്മൻ എത്തിയതിന് ശേഷമാണ് ചൈനയിലെ ജനങ്ങളിലെ ശാരീരിക മാനസികനില മെച്ചപ്പെടുകയും ചൈനയിൽ ഐശ്വര്യം ഉണ്ടാകുകയും ചെയ്തത്.
അതുവഴി ചൈനയിൽ സാമ്പത്തികഭദ്രത കൈവരികയും ചെയ്തു.
എന്നാൽ പോയേ തീരൂ എന്ന ബോധിധർമ്മന്റെ ആവശ്യത്തിന് മാറ്റമുണ്ടായില്ല.

ബോധിധർമ്മൻ മരിച്ചാൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ സാന്നിദ്ധ്യം പോലും ചൈനയിൽ ഐശ്വര്യം നിലനിർത്തുമെന്ന് രാജാവും ശിഷ്യന്മാരും കരുതി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശരീരമെങ്കിലും തങ്ങളുടെ രാജ്യത്ത് ഉണ്ടാകുവാൻ വേണ്ടി അവർ ബോധിധർമ്മന് ഭഷണത്തിൽ വിഷം ചേർത്തുനൽകി.
എന്നാൽ ഭക്ഷണം മുന്നിൽ വന്നപ്പോഴേ അതിൽ വിഷം കലർന്നിട്ടുണ്ട് എന്ന് തന്റെ ജ്ഞാന ദൃഷ്ടിയാൽ ബോധിധർമ്മൻ തിരിച്ചറിഞ്ഞു.
“താൻ പിന്നീട് കഴിച്ചോളാം “.
എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഭക്ഷണം വാങ്ങി വയ്ക്കുകയും ആരുമറിയാതെ കളയുകയും ചെയ്തു. അവിടെ നിന്നും പലായനം ചെയ്യാനുള്ള അവസരം ഇതാണെന്ന് അദ്ദേഹത്തിന് മനസിലായി.

മനസിനെ നിയന്ത്രിച്ച് ,,ശരീരത്തിനെ വരുതിയിൽ നിർത്താനുള്ള കഴിവ് ഉപയോഗിച്ച് അദ്ദേഹം മരിച്ചതുപോലെ കിടന്നു.
മരിച്ചു കിടന്നപ്പോൾ ഉണ്ടായിരുന്ന ചെരുപ്പും വസ്ത്രങ്ങളും അടക്കം ശിക്ഷ്യന്മാർ അദ്ദേഹത്തെ ഒരു ഗുഹയിൽ അടക്കം ചെയ്തു.
വളരെ വർഷങ്ങൾക്ക് ശേഷം ചൈനയിലെ ഒരു ഉദ്യോഗസ്ഥൻ ഹിമാലയസാനുക്കളിൽ വച്ച് ബോധിധർമ്മനെയും ശിഷ്യന്മാരെയും കണ്ടു.
ആ സമയം ബോധിധർമ്മന്റെ ഒരു കാലിൽ മാത്രമേ ചെരിപ്പ് ഉണ്ടായിരുന്നുള്ളൂ.
എന്താണ് ഒരു കാലിൽ മാത്രം ചെരിപ്പു ധരിക്കുന്നത് എന്ന് ഉദ്യോഗസ്ഥൻ അദ്ദേഹത്തോട് ചോദിച്ചു.
നിങ്ങൾ ചക്രവർത്തിയോട് ചോദിക്കൂ എന്നാണ് ബോധി ധർമ്മൻ മറുപടി പറഞ്ഞത്.

ഉദ്യോഗസ്ഥൻ ചൈനയിലേക്ക് മടങ്ങിച്ചെന്നു ചക്രവർത്തിയോട് വിവരങ്ങൾ പറഞ്ഞു.
ചക്രവർത്തി ഭടന്മാരെ വിളിച്ചു കാര്യങ്ങൾ ആരാഞ്ഞു.
അവർ ബോധിധർമ്മനെ അടക്കം ചെയ്ത ഗുഹ തുറന്നു നോക്കിയപ്പോൾ അടക്കം ചെയ്ത സമയത്ത് ഉണ്ടായിരുന്നതിൽ ഒരു ചെരുപ്പ് മാത്രമേ കാണുവാൻ സാധിച്ചുള്ളൂ.
ബോധിധർമ്മൻ മരിച്ചിരുന്നില്ല എന്നും അദ്ദേഹം കല്ലറയിൽ നിന്നും അപ്രത്യക്ഷനായി ഇന്ത്യയിൽ ഹിമാലയസാനുക്കളിൽ എത്തിയെന്ന് ചക്രവർത്തിക്കും ശിഷ്യന്മാർക്കും മനസിലായി.
അതിനുള്ള അടയാളമായിട്ടാവണം ഒരു ചെരിപ്പ് ഗുഹയിൽ ഉപേക്ഷിച്ചതും.

ഒരിക്കൽ ബോധിധർമ്മനോട് ശിഷ്യന്മാർ ചോദിച്ചു.
ജീവിതത്തിൽ വിജയിക്കാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന്.
ബോധി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.
”മനസാണ് എല്ലാം.
മനസിന്റെ ശക്തി അപാരമാണ്. നിങ്ങൾ എന്തു ചിന്തിക്കുന്നുവോ നിങ്ങൾ അതായി തീരും.
നിങ്ങൾ ഇന്നലയെക്കുറിച്ചു ചിന്തിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
നാളെയേ കുറിച്ചു സ്വപ്നം കണ്ടിരുന്നതുകൊണ്ടും യാതൊരു കാര്യവുമില്ല.
നിങ്ങളുടെ മനസ് ഇന്നിൽ കേന്ദ്രീകരിക്കൂ.
ഇന്ന് വിതക്കുന്ന വിത്തുകളാണ് നാളെ കൊയ്‌തെടുക്കാനാവുന്നത്….”

മനുഷ്യന് മനസിനെയും ശരീരത്തെയും സ്‌നേഹിക്കാൻ ആവുമ്പോഴും അവയെ നിയന്ത്രിക്കാനും നിലനിർത്താനുമുള്ള അറിവ് നല്കാൻ നിയോഗിതനായ ഒരാൾ എന്ന അര്‍ഥത്തിൽ ബോധിധർമ്മൻ പൂർണ്ണനായ ഒരു
ഗുരുവായിരുന്നു.

കടപ്പാട് :പ്രജീഷ്….

Leave a Reply

%d bloggers like this: