കുട്ടിക്കാലം മുതല്ക്കേ, ഒട്ടുമിക്ക എല്ലാവരേയും പോലെ പ്രേതം, പിശാച്, യക്ഷി, ഗന്ധര്വ്വന്, പറക്കും തളിക തുടങ്ങി വ്യക്തമായ ഉത്തരം കിട്ടാത്ത പ്രഹേളികളിലെല്ലാം എനിക്ക് ഭയങ്കര താല്പര്യമാണ്. അതിനെപ്പറ്റി അറിയാനും കേള്‍ക്കാനും കാണിക്കുന്ന ആ താല്പര്യത്തിന്റെ പകുതി, എന്തിന് കാല് ഭാഗം പോലും എനിക്ക് മറ്റൊന്നിനോടും ഇല്ലായിരുന്നു.അക്കാലത്ത് ദൂരദര്‍ശനില്‍ ഒരു പ്രേതസീരിയല്‍ തുടങ്ങി. ആഹത്തേം എന്നോ മറ്റോ ആയിരുന്നു അതിന്റെ പേരെന്നാണ് എന്റെ ഓര്‍മ്മ. അത് രാത്രി 10.30ന് ആയിരുന്നു. അന്നത്തെ സൂപ്പര്‍ ഹിറ്റ് സീരിയലായിരുന്ന ‘ഓം നമഃ ശിവായ’ കഴിഞ്ഞാണ് ഇപ്പറഞ്ഞ ‘ആഹത്തേം’. ഒന്നാം ക്ലാസുകാരിയായ ഞാന്‍ ആ സീരിയല്‍ ആസ്വദിച്ച് കണ്ടു കൊണ്ടിരിക്കുമ്പോള്‍ വില്ലനായി വന്ന് അച്ഛന് ടിവി ഓഫ് ചെയ്തു കളയും. അങ്ങനെ ഒരു ദിവസം പോലും ആ സീരിയല്‍ മുഴുവന്‍ കാണാന്‍ എനിക്ക് പറ്റിയിരുന്നില്ല. അങ്ങനെ പ്രേതത്തെപ്പറ്റി അറിയാന്‍ ദാഹിച്ചു മോഹിച്ചു നടക്കുമ്പോളാണ് ബാലരമയില്‍ ബ്രോം സ്റ്റോക്കറിന്റെ ഡ്രാക്കുള നോവലായി പ്രസിദ്ധീകരിക്കുന്നത്. അന്നത്തെ കാലത്ത് ബാലരമയും ബാലഭൂമിയും ഒക്കെ വരുന്ന ദിവസം പത്രക്കാരനെ നോക്കി രാവിലെ മുതല്‍ വീടിന് മുന്നില്‍ കാവല്‍ നില്ക്കുമായിരുന്നു. ഒറ്റയിരുപ്പിന് വായിച്ചിട്ട് സ്കൂളില്‍ പോയി ആദ്യമേ വായിച്ചല്ലോ എന്നു പറഞ്ഞ് ഷൈന്‍ ചെയ്യാന്‍. എനിക്കാണേല്‍ ഇഷ്ടപ്പെട്ട കഥ ഒറ്റയിരുപ്പിന് വായിക്കുന്നതാണിഷ്ടം. അല്ലാതെ ഓരോ ആഴ്ചയും ഇങ്ങനെ നോക്കിയിരുന്ന് ടെന്‍ഷനടിച്ച് വായിക്കുന്നത് ഒരു സമാധാനവും ഇല്ലാത്ത ഏര്‍പ്പാടാ.. എന്തായാലും പ്രേതകഥയല്ലേ എന്നു കരുതി വായിക്കും. എന്നിട്ട് സ്കൂള്‍ വാനില്‍ കയറുമ്പോള്‍ മറ്റ് കുട്ടികളുമായും ഈ വിഷയം ചര്‍ച്ച ചെയ്യും. അങ്ങനെ പ്രേതകഥകള്‍ ഉണ്ടാക്കി പറഞ്ഞും വല്ലപ്പോഴും ആകാശവാണിയില്‍ കേള്‍ക്കുന്ന പ്രേത സിനിമകളുടെ ശബ്ദരേഖകള്‍ കേട്ടും ഞാന്‍ വളര്‍ന്നു. പ്രായം കൂടി വരുന്തോറും അന്നത്തെ ആ താല്പര്യം പൂര്‍വ്വാധികം ശക്തമായി വളര്‍ന്നു വന്നു. ദൈവമുണ്ടെങ്കില്‍ പ്രേതമുണ്ടെന്ന് ഒരു കൂട്ടം സുഹൃത്തുക്കള്‍ അടിവരയിട്ടു പറഞ്ഞു. ചിലരൊക്കെ പറഞ്ഞു കേട്ട അനുഭവകഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു. അവര്‍ പറയുന്ന കഥകള്‍ക്കനുസരിച്ച് എന്റെ മനസില്‍ ഓരോ ഫ്രെയിമുകളിങ്ങനെ തെളിഞ്ഞു തെളിഞ്ഞു വന്നു.മഞ്ഞ കണ്ണുകളുള്ള ഒരു മുത്തശ്ശിയെ കണ്ടെന്നും, തീജ്ജ്വല മരത്തിന് മുകളിലൂടെ പറക്കുന്നത് കണ്ടെന്നും എന്തിന് പ്രേതം ചുണ്ണാമ്പ് ചോദിച്ചെന്ന് പോലും അനുഭവം (അതോ പുളുവോ) പറഞ്ഞ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരെ ആരേയും ഞാന്‍ അവിശ്വസിച്ചില്ല. അത് വിശ്വസിക്കുന്നത് എന്തോ ഒരു സുഖമാണ്.പത്താം ക്ലാസ് കഴിഞ്ഞാണ് ഞാന്‍ കടുത്ത നിരീശ്വരവാദികളുമായി ചങ്ങാത്തം കൂടുന്നത്. അവര്‍ പ്രേതകഥകളെയൊക്കെ ശാസ്ത്രത്തിന്റെ അടിവേരുകള്‍ ചികഞ്ഞ്, വായില്‍ കൊള്ളാത്ത പേരുകളൊക്കെ പറഞ്ഞ് പാവം എന്റെ ജിജ്ഞാസയെ തല്ലിക്കെടുത്തി. എന്നാല്‍ അതിനിടെ റിലീസായ അപരിചിതന് എന്ന സിനിമയാണ് പിന്നീട് അടുത്ത വഴിത്തിരിവായത്. അന്നാണ് ഓജോ ബോര്‍ഡ് എന്ന അത്ഭുത വസ്തുവിനെപ്പറ്റി കേള്‍ക്കുന്നത്. പിന്നെ ഞങ്ങള്‍ കൂട്ടുകാരികള്‍ നോട്ട്ബുക്കിന്റെ അവസാന പേജില്‍ ഓജോ ബോര്‍ഡ് വരച്ച് പേപ്പര്‍ ചുരുട്ടി ചെറിയ ബോളുകളാക്കി അതില്‍ വച്ച് ‘ഗുഡ് സ്പിരിറ്റ് പ്ലീസ് കം’ പറഞ്ഞ് കളിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഇത് രാത്രി ചെയ്തു നോക്കാന്‍ ഞങ്ങള്‍ തീരുമാനി്ച്ചു. എന്നാല്‍ കഷ്ടകാലത്തിന് ഞാനീ കാര്യം എന്റെ ഒരു കസിന് ചേട്ടനോട് പറഞ്ഞപ്പോള്‍ അവന് അത് വിലക്കി. അവരുടെ കോളേജിലെ ഏതോ കുട്ടി അവരുടെ വീട്ടില്‍ വച്ച് ഓജോ ബോര്‍ഡ് പരീക്ഷിച്ച് പേടിച്ചെന്നും പിന്നീട് ആ വീട്ടില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായെന്നും മന്ത്രവാദി വന്നെന്നും ഒക്കെ അവന് പറഞ്ഞു. അതോടെ ആ വഴിയും അടഞ്ഞു.പിന്നീടാണ് ഹോളിവുഡ് സിനിമകളിലേക്ക് എന്റെ കണ്ണ് പതിയുന്നത്. ലോകത്ത് ഇതുവരെ പുറത്തിറങ്ങിയ സകല ഹൊറര്‍ സിനിമകളും ഹൃദിസ്ഥമായൊരു ചങ്ങാതി എനിക്ക് കെട്ടുകണക്കിന് ഹൊറര്‍ സിനിമകളുടെ സിഡികള്‍ കൊണ്ടു തന്നു. പ്രേത സിനിമ കാണുമ്പോള്‍ എഫക്ട് കിട്ടാന്‍ മുറിയിലെ ലൈറ്റുകളെല്ലാം ഓഫാക്കി. ലാപ്പ്ടോപ്പിന്റെ സൗണ്ട് മാക്സിമം വച്ച്, ഹെഡ്ഫോണും കുത്തി കട്ടിലില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ആയിരിക്കും എന്നെ ചോറുണ്ണാന്‍ വിളിച്ചിട്ട് വിളികേള്ക്കാത്തതില് കുപിതയായി അമ്മ പിന്നില്‍ വന്ന് എന്റെ നട്ടപ്പുറത്തിട്ട് പൊത്തോ എന്നൊരടി തരുന്നത്. എന്റെ ദൈവമേ.. അതൊരു ഒന്നൊന്നര ഞെട്ടലാണ്..ഇപ്പോഴും ഹൊറര്‍ സിനിമകള്‍ എനിക്കൊരു ഹരമാണ്. അതിന് ഭാഷ ഒരു പ്രശേനമേയല്ല. അങ്ങനെയാണ് 2 വർഷം മുമ്പ് ഞാനും ഉണ്ണിചേട്ടനും കൂടി സെക്കന്റ് ഷോയ്ക്ക് “കാഞ്ചന 2” കാണാന്‍ പോയത്. സിനിമ കഴിഞ്ഞ് നട്ടപ്പാതിരാത്രി ഒറ്റപ്പെട്ട ഒരു വഴിയോര കടയില്‍ നിന്ന് തട്ടുദോശേം കഴിച്ച് ഞങ്ങള്‍ പരസ്പരം സിനിമയെപ്പറ്റി ചര്‍ച്ച നടത്തവെയാണ് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലൂടെയുള്ള വഴിയില്‍ പ്രേതമുണ്ടെന്നൊരു വാര്‍ത്ത മുമ്പ് കേട്ടിരുന്നതായി ഉണ്ണി പറയുന്നത്. ഇതില്‍പ്പരം ഒരു സ്ന്തോഷവാര്‍ത്ത കേള്‍ക്കണോ.. എന്നാല്‍ നമുക്ക് അത് വഴി പോകാമെന്ന് ഞാന്‍. ഓ.കെ എന്ന് ഉണ്ണി.അങ്ങനെ കരമന വഴി (എളുപ്പവഴി)പോകാതെ ഞങ്ങള്‍ ചുറ്റക്കറങ്ങി പാങ്ങോട് എത്തി. കുണ്ടും കുഴിയും നിറഞ്ഞ റോഡ് വിജനമായി കിടക്കുന്നു. ഹോ.. എന്തൊരു നിശബ്ദത. ബ്രിഗേഡിയര്‍ സമീര്‍ സലൂങ്കയുടെ വസതിക്ക് മുന്നില്‍ തോക്കേന്തിയ പാറാവുകാരന് ഗേറ്റിന് അടുത്ത് വന്ന് ഞങ്ങളെ എത്തിനോക്കി. പ്രേതത്തെ കണ്ടുപിടിക്കാനായി ഇരുവശവും ഞാന്‍ നോക്കി നോക്കി പോയി. പ്രേതം പോയിട്ട് ഒരു പൂച്ചക്കുഞ്ഞ് പോലും അവിടെ ഇല്ലായിരുന്നു. ഇടയ്ക്ക് പെട്ടെന്ന് ചീവീടിന്റെ ഒച്ച കേള്‍ക്കാതെയായി. ഇരുവശത്തും നില്ക്കുന്ന ചെടികള്‍ അനങ്ങുന്നില്ല. അതെന്താണെന്ന് നോക്കിയിരിക്കവെ ഞങ്ങള്‍ സഞ്ചരിച്ച ബൈക്ക് വള്ളം മറിയുന്നതു പോലെ ദാ പാളിപ്പോകുന്നു. എന്റെ സാരഥി ബൈക്കിനെ നിര്‍ത്തി അതിന്റെ ടയറൊക്കെ പരിശോധിച്ചു. എന്താണെന്ന് അറിയില്ല. ബൈക്ക് സ്റ്റാര്‍ട്ട് ആകുന്നില്ല. പെട്രോളുണ്ട്. മറ്റ് പ്രശ്നമൊന്നും കാണുന്നുമില്ല. ഒടുവില്‍ വണ്ടി ഉരുട്ടി നടക്കാന്‍ തീരുമാനിച്ചു. രാത്രിയില്‍ പ്രേതവഴിയെന്ന് വിശ്വസിക്കുന്ന ആ വഴിയിലൂടെ ഞങ്ങളിങ്ങനെ നടന്നു. അതു വരെ ഇല്ലാത്ത പോലെ പെട്ടെന്ന് കാറ്റ്. മഴക്കോളും..കയറി നില്ക്കാനാണേല് അവിടൊരു എസ്.ബി.ടി എറ്റിഎം ഉണ്ട്. ഉണ്ണിച്ചേട്ടന് ആകെ ടെന്‍ഷന്‍. എനിക്കാണേല്‍ ഭയങ്ക ത്രില്‍. ആകെ ഒരു പ്രേത എഫക്ട്. മഴയൊന്നും പെയ്തില്ല. ഞങ്ങള്‍ വീണ്ടും നടന്നു. രാത്രിയില്‍ പാത്തും പതുങ്ങി ഓരോരുത്തര് കൊണ്ടു കളയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നാന്‍ വരുന്ന പട്ടികളുടെ ഓരിയിടല്‍ മാത്രം ഒരു ചെറിയ പേടിയുണ്ടാക്കി.( എങ്ങാനും ആ പട്ടി കടിച്ചാല്‍ റാബീസ് ഇഞ്ചക്ഷന് എടുക്കേണ്ടേ). സത്യം പറയാമല്ലോ ഇത്രയും ഹൊറിഫിക്കലായ അന്തരീക്ഷത്തില്‍ അതും അര്‍ദ്ധരാത്രിയില്‍ ചുളുചുളാന്ന് വീശുന്ന കാറ്റും കൊണ്ട് പകല്‍ ഗതാഗതക്കുരുക്കു കൊണ്ട് വീര്‍പ്പ് മുട്ടുന്ന ആ റോഡിന്റെ ഒത്ത നടുക്കൂടെ ഇത്രയും റൊമാന്റിക്കായൊരു നടത്തം ..എ വോക്ക് ടു റിമെമ്പര്‍.. ഒടുവില്‍ മെയിന്‍ റോഡെത്തിയപ്പോള്‍ ഞങ്ങളുടെ ബൈക്ക് ഉണ്ണിച്ചേട്ടന് ചവിട്ടി സ്റ്റാര്‍ട്ടാക്കി. അതിനിടെ പലതവണ ശ്രമിച്ചിട്ടും സ്റ്റാര്ട്ടാകാതിരുന്നിട്ട് പെട്ടെന്ന് സ്റ്റാര്‍ട്ടായത് അത്ഭുതമെന്ന് എന്റെ മനസും ആകസ്മികമെന്ന് ബുദ്ധിയും പറഞ്ഞു. ചിലപ്പോള്‍ ആ നടത്തത്തിന് വേണ്ടിയാകും ബൈക്ക് നിന്നു പോയത്. അത് പ്രേതമാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാലും ഒരു അവിശ്വസനീയത. ഒരു വല്ലാത്ത അനുഭവം. ഭയങ്കര സന്തോഷം.
