May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

അമ്പിളിയുടെ കഥ

Spread the love

       .അമ്പിളിയുടെ വീട് പട്ടാമ്പിക്കടുത്തു വാടാനകുറുശ്ശി ഭാഗത്തുള്ള ഒരു വലിയ തറവാടാണ്. എന്റെ കസിൻ ബ്രതറിന്റെ ക്ളാസ്മേറ് ആണ് കഥാനായിക അമ്പിളി . ഒരുപാട് അംഗങ്ങൾ ഉള്ള തറവാട് ആണെങ്കിലും അവിടെ ഇപ്പൊ താമസമുള്ളത് അമ്പിളിയുടെ അച്ഛനും അമ്മയും പിന്നെ പ്രായമായ മുത്തശ്ശനും മാത്രമാണ്. മുത്തശ്ശി വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയിരുന്നു.അമ്പിളിക്കു ഓർമ്മ വെച്ച കാലം മുതലേ മുത്തശ്ശനു വാർധക്യ സഹജമായ അനാരോഗ്യവും അസുഖങ്ങളും ഒക്കെ ഉണ്ട്. അതുകൊണ്ട് പരസഹായം എപ്പോഴും വേണം പല കാര്യത്തിനും.അമ്മയും അമ്പിളിയും തന്നെയാണ് മുത്തശ്ശന്റെ ഒരു വിധം എല്ലാ കാര്യങ്ങളും നോക്കി പരിപാലിച്ചിരുന്നത്. ഈയിടെയായി സ്ഥിതി വളരെ മോശമായി ആള് കിടപ്പിൽ തന്നെയായി.സംസാരിക്കുമെങ്കിലും സ്വബോധത്തോടെയുള്ള വിനിമയം ഒക്കെ അപ്പോൾ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. രാത്രി വെള്ളം കുടിക്കാനോ എന്തെങ്കിലും അസ്വസ്ഥതകൾ വന്നാലോ അറിയാൻ വേണ്ടി മുത്തശ്ശൻ കിടക്കുന്നതിന് അടുത്തു തന്നെ ഒരു കട്ടിലിട്ടു അതിലായി പിന്നെ അമ്പിളിയുടെയും ഉറക്കം. മിക്ക ദിവസവും രാത്രി മുത്തശ്ശൻ എന്തെങ്കിക്കുമൊക്കെ ഒച്ചയുണ്ടാക്കുന്നതും സംസാരിക്കുന്നതും അതു കേട്ടു അവൾ ഞെട്ടി ഉണരുന്നതും ഒക്കെ പതിവാണ്. ആദ്യമൊക്കെ കുറെ അസ്വസ്ഥയായിരുന്നെങ്കിലും പിന്നീട് അത് ജീവിതത്തിന്റെ ഒരു ഭാഗം പോലെയായി. ഒച്ചപ്പാടും ബഹളവും ഒക്കെ പിന്നീട് അങ്ങനെ ഇല്ലാതായി പക്ഷെ രാത്രി കുറെ നേരം റൂമിന്റെ തെക്കു ഭാഗത്തേക്കുള്ള ജനലിൽ നോക്കി ഇരിക്കലും കൈ ഉയർത്തി ആംഗ്യങ്ങൾ കാണിക്കുകയും ചിരിക്കലും ഒക്കെ തുടങ്ങി.പകലും ഇതു പോലെ നോക്കിയിരിക്കൽ തുടങ്ങി. ഇതു ഒരു പതിവായപ്പോൾ ഒരിക്കൽ ഭക്ഷണം കൊടുക്കുമ്പോൾ അമ്മ ചോദിച്ചു എന്താ അച്ഛാ ആ ഭാഗത്തേക്ക് ഇങ്ങനെ നോക്കിയിരിക്കുന്നെ എന്നു. അപ്പൊ പറഞ്ഞത് മുത്തശ്ശി അവിടെ വന്നു എന്നെ നോക്കാറുണ്ട് ഞങ്ങൾ തമ്മിൽ സംസാരിക്കുറുണ്ട് എന്നൊക്കെയാണ്. സ്വബോധം നഷ്ടപ്പെട്ട ഒരാളുടെ തോന്നലായി ഒരു തമാശ പോലെ അതിനെ എല്ലാവരും എടുത്തു. (എന്റെ മുത്തശ്ശനും ഇതേ പോലെ ചെയ്തിരുന്നു അവസാന കാലത്ത് പക്ഷെ ആൾക്ക് അപ്പോൾ സംസാരശേഷി നഷ്ടപെട്ടതുകൊണ്ടു ചോദിച്ചറിയാൻ നിർവാഹമില്ലായിരുന്നു.😑). അധികം വൈകാതെ തന്നെ ആസന്നമായ ആ മരണം സംഭവിച്ചു.

തറവാട്ടിലെ അംഗങ്ങൾ പലരും അന്യനാടുകളിൽ ആണ് വളരെ അപൂർവമായേ അവർ തറവാട്ടിലേക്ക് വരാറുള്ളൂ വന്നാൽ തന്നെ എല്ലാവരും ഒരുമിച്ച് ഉണ്ടാവാറില്ല. കസിൻസ് ഒക്കെ ഒരുപാട് ഉണ്ടെങ്കിലും അമ്പിളിക്ക് കണ്ട് പരിചയം പോലെയുള്ള അടുപ്പമേ ഉള്ളു എല്ലാരുമായും.പൊതുവെ ഒരു അന്തർമുഖിയുമാണ് കക്ഷി. എന്തായാലും മരണം നടന്നതുകൊണ്ട് ഫുൾ ഫാമിലിയടക്കം എല്ലാവരും എത്തി. സംസ്കാരചടങ്ങുകൾ എല്ലാം കഴിഞ്ഞു. ആണ്മക്കളിൽ ഒരാൾ അന്ന് തന്നെ തിരിച്ചുപോയി. പെണ്മക്കളുടെ കുടുംബം അന്ന് രാത്രി അവിടെ താമസിച്ചു പിറ്റേന്ന് തിരിച്ചു പോകാമെന്നു തീരുമാനിച്ചു. പോലെയിരിക്കൽ ഉള്ളതുകൊണ്ട് പെണ്മക്കൾ കുറച്ച് ദിവസം അവിടെ തന്നെ ഉണ്ടാവും. ചടങ്ങിന്റെ തിരക്കെല്ലാം കഴിഞ്ഞു ആളുകളൊക്കെ ഒഴിവായപ്പോൾ കസിൻസ് പിള്ളേര് എല്ലാവരും കൂടി ഗാങ് ആയി തുടങ്ങി. കാലങ്ങൾക്ക് ശേഷം ഒന്നിച്ചു കണ്ടതിന്റെ സന്തോഷവും നാട്ടിൻപുറത്തെ അന്തരീക്ഷവും എല്ലാം കൂടി അവർ ഒരു പിക്നിക് മൂടിലായിരുന്നു. അതിൽ അമ്പിളിയുടെ അതേ പ്രായമുള്ള ഒരുത്തനുണ്ട്. അവരുടെ കുടുംബം ചെന്നൈയിലാണ് താമസം. ഇവനാണെങ്കിൽ ആള് വന്നപ്പോൾ മുതൽ വൻ ഷോ ഓഫ് ആണ്. സ്‌കൂളിൽ ചെയ്തു കൂട്ടിയ സംഭവങ്ങളും സിറ്റിയിലെ അടിച്ചുപോളിയും കുറെ ഗുണ്ട് കഥകളുമൊക്കെയായി ആള് കൂട്ടത്തിൽ സ്റ്റാർ ആവുകയാണ്. എല്ലാവരും ചിരിയും കളിയുമായി നടക്കുമ്പോഴും അമ്പിളി അതിൽ നിന്നൊക്കെ മാറിനിൽക്കുകയാണ്. കാരണം അവൾക്ക് അപ്പോഴും മുത്തശ്ശൻ മരിച്ചതിന്റെ വിഷമവും ഓര്മകളുമാണ്. ഇടക് ഇവരുടെ ബഹളവും കളിയും ചിരിയും ഒക്കെ അധികമായപ്പോൾ അവൾ ചെന്നു പറഞ്ഞു ഇതൊരു മരണവീടാണ് മരിച്ചത് നമ്മുടെ മുത്തശനാണ് ഒന്നു അടങ്ങു എന്നൊക്കെ. ഈ പറഞ്ഞ ഫ്രീക്കൻ കസിൻ വന്നു അവളെ കുറെ കളിയാക്ക്ുകയും ബാക്കി എല്ലാവരും പിന്നെ അവന്റെ കൂടെ കൂടി ആക്കാനും തുടങ്ങി അതോടെ അവിടെ നിന്നു പോയി റൂമിനകത്ത് കയറി ഇരിപ്പായി. വൈകുന്നേരങ്ങൾ ഒക്കെ അങ്ങനെ പോയി. രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാരും കിടക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പൊ.

ഒരുപാട് മുറികൾ ഉള്ള വീടായതുകൊണ്ട മുതിർന്നവർക്കെല്ലാം കിടക്കാനുള്ള റൂമുകൾ അവിടെ ഉണ്ട്. കസിൻസ് പിള്ളേരെയെല്ലാം തൽക്കാലം വിശാലമായ ഹാളിൽ പായ വിരിച്ചു കിടത്താം എന്നു തീരുമാനിച്ചു. അവർക്കും അതായിരുന്നു താല്പര്യം ഉറങ്ങുന്ന വരെ കഥയും പറഞ്ഞു ഇരിക്കാലോ. അങ്ങനെ പായയൊക്കെ വിരിച്ചു എല്ലാരും കിടന്നു അമ്പിളിയും കൂട്ടത്തിലെ മുതിർന്ന ഒരു ചേച്ചിയുടെ അടുത്താണ് കിടപ്പ്.റൂമിന്റെ മറ്റ് അറ്റതാണ് നമ്മുടെ ഫ്രീക്കനും ആണ്പിള്ളാരുടെ സംഘവും കൂടി ചരുണ്ടുകൂടിയത്. കുറച്ചു നേരം കൂടി എല്ലാരും കത്തിയൊക്കെയാടിച്ചു അങ്ങനെ പോയി പിന്നീട് രാത്രിയുടെ യാമങ്ങളിലേക്ക് ഓരോരുത്തരായി വീഴാൻ തുടങ്ങി. ശബ്ദത്തിനു മേൽ നിശബ്ദത ആധിപത്യം സഥാപിച്ചു.

ഇനിയാണ് എന്നെ കുറെ കാലങ്ങൾക്കിപ്പുറവും മനസ്സിൽ ഭീതി നിറക്കുന്ന ആ സംഭവം നടക്കുന്നത്. ഉറക്കത്തിലേക്ക് വീണു പോയ അമ്പിളി പിന്നെ ഏതോ അവ്യക്തമായ ശബ്ദം കേട്ടു തുടങ്ങിയത്തിലാണ് ഉണർന്നത്. ഉണർന്നെങ്കിലും ഒരു പാതി ബോധത്തിലാണ് ഉണ്ടായിരുന്നത് കാരണം നല്ല ഗാഢനിദ്രയിളായിരുന്നു അതുവരെ്. ശബ്ദത്തെ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് തൻറെ മുത്തശ്ശന്റെ ശബ്ദമാണ് കേൾക്കുന്നത് !!! പക്ഷെ ഉറക്കച്ചടവിന്റെ ബോധമില്ലായ്മയോ സ്ഥലകാലബോധത്തിലേക്ക് വരാത്തതോ എന്തുകൊണ്ടോ ആ സമയത്ത് മരണപെട്ട കാര്യമോ ഒന്നും ഓര്മയിലേക്ക് വന്നില്ല. പഴയ റൂമിൽ കിടക്കുമ്പോൾ ഇതുപോലെ മുത്തശ്ശൻ എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയാൽ അടുത്ത ചെന്നു ചോദിക്കാറുണ്ട്. ആ ഒരു ശീലത്തിന്റെ ഓർമയിൽ ഇവൾ ശബ്ദം കെട്ടിടത്തേക്ക് നടന്നു നീങ്ങുകയാണ്. ഹാളിന്റെ ഒരു പകുതിയോളം നടന്നപ്പോഴാണ് സ്വബോധം കുറച്ചെങ്കിലും വരുവാൻ തുടങ്ങിയത്. ഒരു നിമിഷം അങ്ങനെ സ്തബ്ധയായി നിന്നുപോയി. പക്ഷെ മുത്തശ്ശന്റെ ശബ്ദം അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് കണ്ട കാഴ്ച അവളുടെ എല്ലാ സമനിലയും തെറ്റിക്കാൻ പൊന്നതായിരുന്നു. ശബ്ദം വരുന്നത് വേറെവിടെ നിന്നുമല്ല. മുൻപ് പറഞ്ഞ അവളുടെ ഫ്രീക്കൻ കസിൻ ഉറക്കത്തിൽ ഇരുന്നു സംസാരിക്കുന്നതാണ് കണ്ണുകൾ പാതി തുറന്ന് മുകളിലോട്ടു പിടിച്ചു, കിടക്കുന്ന വിരിപ്പിൽ മുറുകെ പിടിച്ചുകൊണ്ടാണ് ആള് സംസാരിക്കുന്നത് മുത്തശ്ശൻ സംസാരിക്കുന്ന അതേ ശബ്ദത്തിൽ അതേ രീതിയിൽ. ഒരു വട്ടമേ അങ്ങോട്ടു നോക്കിയുള്ളൂ ഭയന്നു വിറച്ചു ഒച്ചയിടാനുള്ള ശബ്ദം പോലും വരുന്നില്ല. വിറങ്ങലിച്ചു നിൽക്കുന്ന ആ സമയത്തും മുത്തശ്ശന്റെ ശബ്ദം കേട്ടുകൊണ്ടെ ഇരിക്കുകയാണ്. എങ്ങാനൊയൊക്കെയോ നടന്നെത്തി അവസാനം കിടക്കുന്ന സ്ഥലത്തു തന്നെ തലയണയുടെ അടിയിൽ തലവെച്ചു കിടന്നു. തൊട്ടടുത്തു കിടക്കുന്ന ചേച്ചിയെ വിളിക്കാനോ ഉണർത്താണോ ഉള്ള പാങ് അപ്പോ ഇല്ലായിരുന്നു ഭയന്നു വിറച്ചു തളർന്ന നിമിഷങ്ങളിൽ എപ്പോഴോ അങ്ങനെ ഉറങ്ങിപ്പോയി.

എല്ലാവരും കൂടി കുലുക്കി എഴുന്നേല്പിക്കാൻ നോക്കുന്നതാണ് പിന്നെയുള്ള ഓർമ. എഴുന്നേറ്റപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി ആകെ വിറങ്ങലിച്ച മുഖവുമായി അവശയായിരുന്നു നല്ല പനിയും ഉണ്ട്. എന്തോ പറ്റിയിട്ടുണ്ടെന്ന എല്ലാവർക്കും മനസ്സിലായി പക്ഷെ ആരോടും അപ്പോൾ ഒന്നും പറഞ്ഞില്ല. അമ്മയുടെ അടുത്ത പോയി രഹസ്യമായാണ് കാര്യങ്ങൾ എല്ലാം പറഞ്ഞത്. ഒന്നും പേടിക്കേണ്ട എല്ലാം നിനക്ക് തോന്നിയതാണ് നല്ല ക്ഷീണമുണ്ട് അച്ഛനോട് പറഞ്ഞു ഇന്ന് തന്നെ ഡോക്ടറെ കാണാൻ പോവാം എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നു അമ്മ.കസിൻസിൽ ആരോ സംഭവം അറിഞ്ഞു അതും പറഞ്ഞു പിന്നെയും അവിടെയൊരു പരിഹാസകഥാപാത്രമായി. എന്നെ ഒന്നും ബാധിച്ചില്ല എന്ന മട്ടിൽ ഫ്രീക്കൻ അപ്പോഴും പതിവ് പരിപാടിയുമായി അരങ്ങു തകർക്കൽ തുടർന്നു.

ഇതാണ് എന്നെ ഏറെക്കാലം ഹൊണ്ട് ചെയ്ത ആ അനുഭവ കഥ. എത്രത്തോളം നിങ്ങളിൽ എത്തിക്കാൻ പറ്റി എന്നറിയില്ല. ഈ സംഭവത്തിനു ശേഷം ഇവൾക്ക് പല സൈക്യാട്രിക് ട്രീറ്മെന്റും നടത്തിയിട്ടുണ്ട് പക്ഷെ അതൊന്നും അന്ന് കണ്ടതും കേട്ടതും വെറും തോന്നല്കളായിരുന്നു എന്നു മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. എന്തിനായിരിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് എന്നതിന് ഒരു ഉത്തരവും ഇല്ല.

നബി: ഇപ്പോഴും അടുത്തു കിടക്കുന്ന ആരെങ്കിലും രാത്രി ഉറക്കത്തിൽ സംസാരിക്കുന്നത് കേട്ടാൽ ഈ സംഭവമാണ് ഭീതിയോടെ ഓര്മയിലേക്ക് വരുക. നമ്മുടെ അടുത്തു കിടക്കുന്ന ആൾ വേറൊരാളുടെ ശബ്ദത്തിൽ സംസാരിക്കുന്നത് കേൾക്കേണ്ടി വരുന്ന ആ അവസ്ഥയെപ്പറ്റി ഒന്നാലോചിച്ചു നോക്കു. അതും ആ ശബ്ദം നമുക്ക് പ്രിയപ്പെട്ട മരിച്ചുപോയ ഒരാളുടെ ആണെങ്കിൽ !!!!!!!!😑

Leave a Reply

%d bloggers like this: