2005 ലാണ് ഞാൻ ആദ്യമായി വിദേശത്തു ജോലിക്കു പോകുന്നത്. ബഹ്റൈനിൽ. തലസ്ഥാനമായ മനാമയിലെ, മനാമ സെന്ററിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഐ സി ഐ സി ഐ ബാങ്കിൽ. ആദ്യമായി ലഭിച്ച സാലറിയിൽ നിന്നും ആദ്യമായി നടത്തിയ പർച്ചേസ് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. യതീം സെന്റർ ഷോപ്പിംഗ് മാളിൽ നിന്നും. BenQ DC 3410. വെറും 2 മെഗാപിക്സിൽ റെസല്യൂഷൻ ഉള്ള ഈ ക്യാമറയുടെ അന്നത്തെ വില 30 ബഹ്റൈൻ ദിനാർ ആയിരുന്നു. ഡിജിറ്റൽ / മൊബൈൽ ഫോൺ ക്യാമറകൾ അത്ര പോപ്പുലർ അല്ലാതിരുന്ന ആ കാലഘട്ടത്തിൽ ഇതൊരു നല്ലൊരു ക്യാമറ ആയിരുന്നു. എന്റെ ഫോട്ടോഗ്രാഫി തുടങ്ങുന്നത് ഈ ക്യാമറയിൽ നിന്നാണ്. ഇനി കാര്യത്തിലേക്കു വരാം. ബഹ്റൈനിലെ ജോലി കുറച്ചു കാലമേ ഉണ്ടായുള്ളൂ. തിരിച്ചു തൃശൂർ ബ്രാഞ്ചിലേക്കു വന്നു ജോയിൻ ചെയ്തു. വന്ന സമയം തൃശൂർ പൂരം ആയിരുന്നു. ഫോട്ടോഗ്രാഫിക്കുള്ള മികച്ച അവസരം… ക്യാമറയുമായി സഹപ്രവർത്തകനുമായി നഗരത്തിലേക്കിറങ്ങി. അദ്ദേഹത്തിനും ഫോട്ടോഗ്രാഫിക്ക് താല്പര്യമുള്ള കൂട്ടത്തിലാണ്. ഫോട്ടോകൾ എടുത്തു ചുറ്റിനടന്നു ഒടുവിൽ നായ്ക്കനാലിലെ ഗോപുരപ്പന്തലിനു ചുവട്ടിൽ എത്തി. അവിടെ വലിയ ഒരു ആൽ മരമുണ്ട്, ആളുകൾ അവിടെ നാളികേരം ഉടയ്ക്കുന്നതു കാണാം. ആൽത്തറയിൽ ഒരു കോവിലും ഉണ്ട്. അകത്തു ശാന്തിക്കാരൻ ഇരിക്കുന്നു. സഹപ്രവർത്തകൻ അദ്ദേഹത്തോട് ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു. ഷൂ അഴിച്ചു വച്ച് ഫോട്ടോ എടുക്കാൻ അദ്ദേഹം അനുവദിച്ചു. മനോഹരമായ ഏതാനും ചിത്രങ്ങൾ എടുത്തു. പുറത്തിറങ്ങിയപ്പോൾ താൽക്കാലിക ഗോപുരപ്പന്തലിനു ചുവട്ടിലെത്തി. അതിന്റ വർക്ക് നടക്കുകയാണ്. അനവധി പണിക്കാർ മുകളിൽ ഇരിക്കുന്നു. ഫോട്ടോ എടുക്കണം എന്ന് കരുതിയെങ്കിലും വേണ്ട എന്നൊരു തോന്നൽ. തിരിച്ചു നടക്കുമ്പോൾ ഏതാനും പണിക്കാർ വിളിച്ചു പറഞ്ഞു “ഫോട്ടോ എടുത്തോ ചേട്ടാ…”. അങ്ങനെ ഗോപുരപ്പന്തലിന്റെ അകത്തു നിന്നും ഏതാനും ചിത്രങ്ങൾ എടുത്തു. അടുത്ത ദിവസം തൃശൂർ പൂരം… ഉച്ചക്ക് ഗംഭീര കാറ്റും മഴയും. തൃശൂർ പൂരം അലങ്കോലപ്പെട്ടു. കുറച്ചു ആളുകൾക്ക് പരിക്കുപറ്റി. തലേന്ന് ഫോട്ടോ എടുത്ത ആല്മരത്തറയിൽ ഉള്ള കോവിലിനു മുകളിലേക്ക് ആൽമരത്തിന്റെ വലിയ ഒരു കൊമ്പ് ഒടിഞ്ഞു വീണു… കോവിൽ തകർന്നു. കൂടെ ആ വലിയ ഗോപുരപ്പന്തൽ ആല്മരത്തിലേക്കു ചരിഞ്ഞു വീണു. അതും നശിച്ചു!അതേ വർഷം, ആഗസ്റ്റ് മാസം. പുതിയ കാർ വാങ്ങിയ സമയം. ഒരാഴ്ചയേ ആയിട്ടുള്ളൂ. നമ്പർ പോലും ലഭിച്ചിട്ടില്ല. കാർ വീടിനു മുന്നിൽ പാർക്ക് ചെയത് ഏതാനും ഫോട്ടോ എടുത്തു. അന്ന് ഉച്ചതിരിഞ്ഞു ഇരിഞ്ഞാലക്കുട വരെ പോകേണ്ടി വന്നു. മടങ്ങി വരുമ്പോൾ റോഡിനു വലതുവശത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്കു തിരിയണം. ഇൻഡിക്കേറ്റർ മിന്നിച്ചുകൊണ്ടു തിരിഞ്ഞു. പുറകിൽ ദൂരെ നിന്നും വന്നിരുന്ന ഒരു ബൈക്ക് അതിവേഗതയിൽ വന്നു കാറിലിടിച്ചു. വലതുവശത്തെ പുറകിലെ ഡോർ അകത്തേക്ക് വളഞ്ഞു പോയി. ബൈക്ക് തെറിച്ചും പോയി. ഭാഗ്യത്തിന് ബൈക്ക് യാത്രികർക്ക് പരിക്കേറ്റില്ല. കാറിന്റെ ഡോർ ഇൻഷുറൻസിൽ റീപ്ലേസ് ചെയ്യേണ്ടി വന്നു. അന്ന് ഉച്ചയ്ക്ക് ഫോട്ടോ എടുത്ത അതേ ഭാഗത്തായിരുന്നു അപകടം! ഇതോടെ ഈ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താൽ അപകടങ്ങൾ ഉണ്ടാകും എന്ന് സംശയം തോന്നിത്തുടങ്ങി. വസ്തുക്കളുടെ ചിത്രങ്ങളിലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. തുടർന്ന് ഈ ക്യാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി കുറയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ മറ്റൊരു സഹപ്രവർത്തകൻ ഒരു Wagon R കാർ വാങ്ങിയത് (Brown). അത് ഡെലിവറി എടുക്കുമ്പോൾ ഫോട്ടോ എടുക്കണമെന്ന് അദ്ദേഹത്തിന് വളരെ നിര്ബന്ധം. ഒടുവിൽ മനസ്സില്ലാമനസ്സോടെ ഈ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ തീരുമാനിച്ചു. സീതാറാം മാരുതി ഷോറൂമിൽ നിന്നും ഉച്ചതിരിഞ്ഞു കാർ ഡെലിവറി എടുത്തു. ഏതാനും ഫോട്ടോകൾ എടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ മറ്റൊരു അഭ്യർത്ഥന… ഈ കാറിൽ ഓഡിയോ സിസ്റ്റം ഘടിപ്പിക്കാൻ അപ്പോൾ തന്നെ ആദം ബസാർ എന്ന ഷോപ്പിംഗ് സെന്ററിൽ പ്രവർത്തിക്കുന്ന ഓഡിയോ ലാൻഡിൽ കൊണ്ട് പോകുകയാണ്. അപ്പോൾ ഫോട്ടോ എടുക്കണം. ആദ്യം പല അസൗകര്യങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധം മൂലം സമ്മതിച്ചു. ആദം ബസാർ U ഷേപ്പ് ബിൽഡിംഗ് ആണ്. നടുവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഓഡിയോ ലാൻഡ് അകത്താണ്. കാർ അതിനു മുന്നിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഈ പുതിയ കാർ അവിടെ പാർക്ക് ചെയ്തു. ഓഡിയോ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങി. ഫോട്ടോസും എടുത്തു. അപ്പോൾ മറ്റൊരു Wagon R കാർ (Blue) ഈ കാറിന്റെ പിന്നിൽ പാർക്ക് ചെയ്തു. അതിലും ഓഡിയോ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യണം. ഫോട്ടോകളിൽ ഈ കാറും പതിഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ഒരു ഓട്ടോറിക്ഷ അകത്തെ പാർക്കിങ്ങിലേക്കു വന്നു പുതുതായി വന്നു നിർത്തിയ കാറിനു പുറകിൽ (Blue one) ഒരിടി! അതിന്റെ ബമ്പർ അകത്തേക്ക് വളഞ്ഞു. എന്റെ സുഹൃത്തിന്റെ പുതിയ കാർ, ഈ കാർ പുറകിൽ ഉണ്ടായിരുന്നത് കൊണ്ട് ഓട്ടോറിക്ഷയുടെ ഇടിയിൽ നിന്നും രക്ഷപ്പെട്ടു എന്നാശ്വസിച്ചുകൊണ്ട് താമസിയാതെ ഞാൻ എന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ സുഹൃത്തിന്റെ ഫോൺ കാൾ. അടിയന്തിരമായി കാണണം. എന്റെ വീട്ടിലേക്കു വരാൻ പറഞ്ഞു. താമസിയാതെ അദ്ദേഹം വന്നു. കാർ കണ്ടപ്പോൾ വിഷമം തോന്നി. ഇടതുഭാഗത്ത് മിററിനു സമാന്തരമായി മുൻഭാഗം മുതൽ പുറകുവശം വരെ ഏകദേശം ഒരിഞ്ചു ആഴത്തിൽ ബോഡി കീറിപ്പോയിരിക്കുന്നു! ഒരു ലോറി ഉരഞ്ഞു പോയതാണ്. ഓഡിയോ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തതിനു ശേഷം അദ്ദേഹം പാലസ് റോഡിലെ ATM ൽ പോകാനായി റോഡ് സൈഡിൽ നിർത്തിയപ്പോൾ സംഭവിച്ചതാണ്… ഏതായാലും എന്റെ ക്യാമറയുടെ പ്രശ്നമുള്ള കാര്യം അദ്ദേഹത്തോട് പറഞ്ഞില്ല. ഈ സംഭവത്തിന് ശേഷം ഈ ക്യാമറ ഉപയോഗിക്കുന്നത് പൂർണമായി നിർത്തിവച്ചു. താമസിയാതെ ഇതിന്റെ ബാറ്ററി കേടായി. ബിൽറ്റ് ഇൻ ബാറ്ററി ആണ്. ക്യാമറ തുറന്നു ബാറ്ററി എടുത്തു. ആ മോഡൽ ബാറ്ററി നാട്ടിലും, ഷാർജയിലും, ദുബായിലും തിരഞ്ഞു. കിട്ടിയില്ല. കൃത്യമായ വലിപ്പത്തിൽ ഉണ്ടെങ്കിൽ മാത്രമേ അത് സര്ക്യൂട്ട് ബോര്ഡില് ഇരിക്കുകയുള്ളൂ. ഏതായാലും ആ ക്യാമറ ഉപയോഗിക്കേണ്ടെന്നു തീരുമാനിച്ചു. ഇപ്പോഴും അതുണ്ട്. ഒരോർമ്മക്കായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ ക്യാമറ – BenQ DC 3410 – ഇങ്ങനെ എന്ന് മനസ്സിലാകുന്നില്ല. ചില ഉപകരണങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരിക്കാം… അതിപ്പോഴും ദുരൂഹമായി തുടരുന്നു!
