January 15, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

എല്ലാ ഡ്രൈവർമാർക്കും ഇത്തരം അനുഭവം ഉണ്ട് .

Spread the love

ഈ അടുത്തയിടെ ഏകദേശം ഒരു മാസത്തോളം ആയിക്കാണും, ഞാന്‍ ചെറുതോണിയില്‍ നിന്നും ഏറണാകുളത്തിനു പോകുവാന്‍ നില്‍ക്കുകയാണ്. ഒരാഴ്ചയായി നല്ല മഴയാണ് , അതുകാരണം നേരിയമംഗലം റൂട്ടില്‍ മണ്ണിടിഞ്ഞു വീണു വഴി ബ്ലോക്കാണ്. തൊടുപുഴ വഴിയെ ബസ്സ്‌ ഓടുന്നുള്ളൂ. ഇതറിയാതെ ലാസ്റ്റ്‌ ബസിനു പോകാനാണ് ഞാന്‍ വന്നത്. എനിക്കാണെങ്കില്‍ അത്യാവിശ്യമായിട്ട് പോകുകയും വേണം. എന്ത് ചെയ്യണമെന്നറിയാതെ ഇങ്ങനെ നില്‍ക്കുകയാണ്. ഏതെന്കിലും വണ്ടി വരും ലോറിയോ, ജീപ്പോ, കാറോ എന്തെങ്കിലും, പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. സമയം പത്തുമണി.

               ഈ സമയം ദൈവം കൊണ്ടുവന്നതുപോലെ എന്റെ സുഹൃത്തു സുബൈറിന്റെ ലോറി കൊണ്ടുവന്നു ഞാന്‍ നില്‍ക്കുന്ന തട്ട് കടയുടെ മുന്‍പില്‍ നിര്‍ത്തുന്നു. അവന്‍ തടി ലോഡുമായി പെരുമ്പാവൂരിന് പോകുകയാണ്. കൂടെ തടിയുടെ ഉടമസ്ഥനും അതോ എന്റെ അയല്‍വാസിയും, ഞാനും അവരോടൊപ്പം കയറി.

              കാട്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു, മീന്മുട്ടി ഇറക്കം ഇറങ്ങാന്‍ തുടങ്ങി, അപ്പോഴാണ്‌ ഞാന്‍ ആകാഴ്ച കാണുന്നത്. റോഡില്‍ നിന്നും ഏകദേശം നൂറു മീറ്ററോളം അകലയായി ഒരു മരത്തിന്റെ കവരയില്‍ ഏതാണ്ട് ഒരു ഫുഡ്‌ബോളിന്റെ വലിപ്പത്തില്‍ നീല നിരത്തില്‍ എന്തോ ജ്വലിച്ചു നില്‍ക്കുന്നു. പയ്യെ പയ്യെ അത് ആളുന്നുമുണ്ട്. ഞാന്‍ കൂടെയുള്ളവരെ അത് കാണിച്ചു കൊടുത്തു. അവരും അത് കണ്ടു.

              ഞാന്‍ സുബൈരിനോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു, എന്താണെന്ന് അറിയാമല്ലോ. പക്ഷെ അവന്‍ സമ്മതിച്ചില്ല. ഇങ്ങനെ പല കാഴ്ചകളും രാത്രി വണ്ടി ഓടിക്കുമ്പോള്‍ കാണാറുള്ളതാണെന്നായിരുന്നു അവന്റെ മറുപടി. ഞങ്ങളുടെ കാഴ്ച മറയുന്നെടം വരെ അതവിടെ തെളിഞ്ഞു നില്പുണ്ടായിരുന്നു അപ്പോള്‍ സമയം പതിനൊന്നോടടുത്തിരുന്നു.

    അതെന്താണെന്ന് എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല .

             ആ ഭാഗത്തെങ്ങും ഏറുമാടമോ ഒന്നും ഇല്ല പോരാത്തതിന് റോഡരികും എ ആര്‍ ക്യാമ്പിന്റെ അടുത്തുമായതിനാല്‍ നായാട്ടുകാരും ആയിരിക്കില്ല.

             “ഇതിനെക്കാളും വിചിത്രവും പേടിപ്പിക്കുന്നതുമായ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ടെടാ ഈ വഴിയില്‍” എന്റെ ചിന്തയെ മുറിച്ചു കൊണ്ട് സുബൈറിന്റെ ശബ്ദം മുഴങ്ങി.

     പിന്നെ അവന്റെ കഥ കേള്‍ക്കാനായി ഞങ്ങളുടെ ശ്രദ്ധ, അവന്‍ പറഞ്ഞു തുടങ്ങി.



ഒരു രണ്ടു വര്‍ഷം മുന്‍പ് ഒരു വേനല്‍ കാലം,

                 രാത്രി തടിയുമായി കൊല്ലത്തിനു പോകുന്നു. നറ ലോഡ്‌ ഒരു 22 ടണ്‍ എങ്കിലും വരും, വണ്ടിയാണെങ്കില്‍ വളരെ വിഷമിച്ചാണ് വലിക്കുന്നത്. മുത്തിയുരുണ്ട അടുക്കാറായപ്പോഴേക്കും എന്‍ജിന്‍ ശരിക്കും ചൂടായി. ലോറിയില്‍ ഞാനും കിളിയും മാത്രം. അവനാനെന്കില്‍ പണിപടിക്കാന്‍ തുടങ്ങിയതേയുള്ളൂ, കഷ്ടി പതിനാറു വയസ്സും കാണും. അതുകൊണ്ട് പയ്യെ ഒന്ന് വിശ്രമിച്ചിട്ട് പോകാമെന്ന് തീരുമാനിച്ചു. അത്യാവിശ്യം കാറ്റ് കിട്ടുന്ന ഇടമായതുകൊണ്ട്, മുത്തിയുരുണ്ടക്ക് അപ്പുറത്തുള്ള രണ്ടു വശവും തുറന്നു കിടക്കുന്ന ഭാഗത്തായി വണ്ടി ഒതുക്കി നിര്‍ത്തി.

                ഞാന്‍ സീറ്റിലേക്ക് നീണ്ടുനിവര്‍ന്നു കിടന്നു. കിളി പുറത്തിറങ്ങി ബോനെറ്റും പോക്കിവച്ചിട്ടു ലോറിയുടെ അടിയില്‍ പുറകുവശത്ത് തോര്‍ത്തും വിരിച്ചു കിടന്നു. ഞാന്‍ കിടക്കുമ്പോള്‍ സമയം ഒരു മണി ആയിട്ടുണ്ടാവും.

               ഒരു മയക്കം കഴിഞ്ഞു. ആരോ പിടിച്ചു കുലുക്കുന്ന പോലെ തോന്നി കണ്ണുതുറക്കുമ്പോള്‍, പയ്യന്റെ പെടിച്ചരണ്ടനിലവിളിയാണ് കേള്‍ക്കുന്നത്. ലോറി ആരോ പിടിച്ചു കുലുക്കുന്നതുപോലെ കുലുങ്ങുന്നുണ്ട്. ഭൂമി കുലുങ്ങുന്നതാണ് അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിവരുന്നതാണ് എന്നാണ് എനിക്കാദ്യം തോന്നിയത്.

                 “അണ്ണാ പിശാച്… പിശാച്… ” എന്ന് നിലവിളിച്ചുകൊണ്ട് കിളി ഓടി മുന്‍പിലേക്ക് വന്നു

എന്നാ പിന്നെ കണ്ടിട്ടുതന്നെ എന്ന് തീരുമാനിച്ചു ഞാന്‍ സീറ്റിനടിയില്‍ നിന്നും ജാക്കി ലിവറും എടുത്തോണ്ട് ക്യാബിനില്‍ നിന്നും പുറത്തേക്ക് ചാടി. അവന്റെ അടുത്തേക്ക് ചെന്നു

            “എവിടെഡാ ചാത്തന്‍ “

           “അറിയില്ലണ്ണാ വണ്ടി മാത്രം നിന്ന് കുലുങ്ങുന്ന കണ്ടോ ?”

             ഞാനപ്പോഴാണ് ശ്രദ്ധിക്കുന്നത് പ്രകൃതി മൊത്തം നിശബ്ദമാണ് ചീവീട് പോലും കരയുന്നില്ല. എപ്പോഴും കാറ്റുള്ള അവിടെ ഒരു ഇലപോലും അനങ്ങുന്നില്ല. വണ്ടി ആരോ നിന്ന് പിടിച്ചുകുലുക്കുന്നതുപോലെ കുലുങ്ങുന്നുണ്ട് എന്നാല്‍ യാതൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്റെ ധൈര്യമൊക്കെ പോയ വഴി കണ്ടില്ല അറിയാതെ വിളിച്ചുപോയി

              “അള്ളാ…. എന്താ ഇത്”

          പയ്യനാനെ പേടിച്ചിട്ടു കണ്ണും ഇറുക്കിയടച്ച് എന്നെ പൂണ്ടടക്കം പിടിച്ചിരിക്കുകയാണ്. എനിക്കെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല. ചെറുക്കന്‍ ഒരു കൈകൊണ്ട് കഴുത്തില്‍ കിടക്കുന്ന കൊന്തയില്‍ പിടിച്ചു എന്തെല്ലാമോ പ്രാര്‍ഥിക്കുന്നുണ്ട്. ഞാന്‍ ഒരു കൈയ്യില്‍ ജാക്കിലിവറും മുറുക്കിപിടിച്ചു മറ്റേ കൈകൊണ്ടു അവന്റെ കൊന്തയെലും പിടിച്ച് എനിക്കറിയാവുന്ന പ്രാര്‍ത്ഥനയും ചൊല്ലി. പേടിക്കുമ്പോള്‍ അള്ളായും യേശുവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് അന്നെനിക്ക് മനസ്സിലായി. ഏതാണ്ട് അരമണിക്കൂറോളം ഞങ്ങളാ നില്‍പ്പ് നിന്നെന്നാണ് തോന്നുന്നേ പക്ഷേ എനിക്കൊരു നൂറ്റാണ്ട് പോലാണ് തോന്നിയത്. ഒരു വണ്ടി പോലും ആ സമയത്ത് അതിലെ വന്നില്ല.

             കുറെ കഴിഞ്ഞപ്പോള്‍ കുലുക്കവും എല്ലാം നിന്നു. കാറ്റുവീശാന്‍ തുടങ്ങി. എല്ലാം സാധാരണ പോലെ കുറച്ചുനേരം കൂടെ ആ നില്‍പ്പ് നിന്ന ശേഷം ഞങ്ങള്‍ പയ്യെ ലോറിയില്‍ കയറി. ലോറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങുംപോളാണ് ബോണറ്റ് താഴ്തിയിട്ടില്ല എന്നോര്‍ക്കുന്നത്. അതിനേക്കാള്‍ അത്ഭുതം ക്യാബിനില്‍ ഉണ്ടായിരുന്ന യാതൊന്നിനും സ്ഥാനചലനമോ ഒന്നും ഉണ്ടായിട്ടില്ല ഈ കുലുക്കെല്ലാം കുലുങ്ങിയിട്ടും. ഒറ്റെക്ക് പുറത്തിറങ്ങാന്‍ ഭയമായതിനാല്‍ ഞങ്ങള്‍ ഒരുമിച്ചു പുറത്തിറങ്ങി ബോണറ്റ് അടച്ചു. തിരിച്ചു കയറി സമയം നോക്കുമ്പോള്‍ ഒന്നു പതിനഞ്ചു. പത്തോ പതിനഞ്ചോ മിനിട്ടിനുള്ളില്‍ നടന്നതാണിതെന്നു എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വണ്ടിയെടുത്തു വിട്ടു.

             ഈ സംഭവത്തിനുശേഷം ഞാന്‍ ഇത്തരത്തില്‍ എന്തുകണ്ടാലും വണ്ടി നിറുത്തില്ല. ഇത് ഞാന്‍ മറ്റു കൂട്ടുകാരെടെല്ലാം പറഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ക്കെല്ലാം സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. ആളുകള്‍ കളിയാക്കുമെന്നു പേടിച്ചിട്ടാണ് ആരും പുറത്തുപറയാത്തത്.’

                സുബൈര്‍ പറഞ്ഞു നിര്‍ത്തി ഇപ്പൊ വണ്ടി ഏകദേശം മുത്തിയുരുണ്ടയോട് അടുക്കാറായി ഈ പറഞ്ഞ സ്ഥലത്തോട് അടുക്കും തോറും എന്റെ ശരീരത്തിലൂടെ ഞാന്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടും കഴിയാത്ത ഒരു വിറയല്‍ കടന്നുവരുന്നുണ്ടായിരുന്നു .

             ഇന്നും അവിടെ വച്ച് എന്തെന്കിലും സംഭവിക്കുമോ, വാച്ചില്‍ നോക്കിയ ഞാന്‍ ശരിക്കും ഞെട്ടി സമയം ഒരുമണി ആകാന്‍ നാല് മിനിട്ട് കൂടി മാത്രം !!!!!   ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി സുബൈറിനാണെന്കില്‍ ഒരു ഭാവ വ്യത്യാസവുമില്ല എന്നാല്‍ മറ്റേയാളുടെ ഇരിപ്പ് കണ്ടാലറിയാം എന്റെ അതെ അവസ്ഥയാണെന്ന്.
          ലോറി ഈ പറഞ്ഞ സ്ഥലത്തെത്തി
         “എന്താ ഇവിടൊന്ന്‍ ഇറങ്ങണമെന്നു തോന്നുന്നുണ്ടോ ? “എന്നോടായി സുബൈര്‍
          “ഏയ് ഇല്ലേ ഇല്ല വണ്ടി വിട്ടോ കാലുപോലും അയക്കണ്ടാ” ഞങ്ങള്‍ രണ്ടും ഒരുമിച്ചു പറഞ്ഞു പോയി
        ഞാന്‍ റോഡിന്റെ ഇരു വശത്തേക്കും നോക്കി, നല്ല കാറ്റ് വീശുന്നുണ്ട്, രണ്ടു വശവും കട്ടിയേറിയ മഞ്ഞിനാല്‍ പുതപ്പിക്കപ്പെട്ടു യാതൊന്നും അറിയാത്തത് പോലെ കാണപ്പെട്ടു. വണ്ടി നീങ്ങുന്നതനുസരിച്ചു ഞാന്‍ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. അറിയാതെ ദൈവത്തിനൊരു നന്ദിയും പറഞ്ഞു.

Leave a Reply

%d bloggers like this: