January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

പ്രേത ഭൂത പിശാജുകളുടെ ആവാസ കേന്ദ്രമാണവിടം

Spread the love

റജി ഓട്ടോ ഡ്രൈവര്‍ ആണ്. അത്യാവിശം ചെറുപ്പക്കാരുടെതായ അലമ്പും ഒക്കെയായി ജീവിതം അടിച്ചുപൊളിച്ചു നടക്കുകയായിരുന്നു. ഇപ്പോള്‍ ടിപ്പര്‍ ഓടിക്കുന്നു. കുടുംബവും കുട്ടികളും ആയി ഹാപ്പിയായി തങ്കമണി എന്ന സ്ഥലത്ത് താമസിക്കുന്നു.  അവന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം അവന്‍റെ തന്നെ ഭാഷയില്‍ നമ്മുക്ക് കേള്‍ക്കാം.
            കാലം 1996  ഏപ്രില്‍ മാസം.  അന്നൊരു ബുധനാഴ്ച, വൈകിട്ട് പോലീസ് സ്റ്റേഷനില്‍ പോയി രാത്രി ഓടുന്നതിനുള്ള ബുക്കില്‍ ഒപ്പിട്ടുകൊടുത്തു.  രാത്രി ഓടുന്നതിനാല്‍ ഒരു ജാക്കെറ്റ്‌ ഒക്കെ ഇട്ടിട്ടുണ്ട്
            സമയം രാത്രി പത്തുമണി.  ഇതുവരെ ആകെ ഇരുനൂറു രൂപക്കെ ഓടിയിട്ടുള്ളൂ. തട്ടുകടയില്‍ കയറി ഒരു കട്ടനോക്കെ കുടിച്ചിട്ടിരിക്കുമ്പോള്‍, എന്‍റെ കൂട്ടുകാരന്‍ സിജു വന്നു ഓട്ടം വിളിക്കുന്നു എട്ടാംമൈലിന്. അവന്‍റെ ഭാര്യാ വീട്ടില്‍ പോകണം അമ്മായിയച്ചനു സുഖമില്ല. അവര് രണ്ടു പേരേ ഉള്ളു താനും. ഉടനെ തന്നെ ഞങ്ങള്‍  യാത്ര ആരംഭിച്ചു
            ഡബിള്‍കട്ടിംഗ് കഴിഞ്ഞു കുറെ മുകളിലേക്ക് ചെന്നാല്‍ ഒരു ചെറിയ നീര്‍ച്ചാല്‍ ഉണ്ട് അവിടം കഴിഞ്ഞു ഒരു നൂറു മീറ്റര്‍ മാറിയപ്പോഴേക്കും പെട്ടന്ന് വണ്ടി ഇരച്ചു കൊണ്ടങ്ങു നിന്നു.
അവിടെയാണെങ്കില്‍ ചെറിയ ഒരു കേറ്റവും കൂടിയാണ്.  പെട്രോള്‍ മെയിന്‍ തീര്‍ന്നതായിരിക്കും എന്ന് കരുതി ഞാന്‍ റിസര്‍വ്‌ ആക്കിയ ശേഷം കിക്കെര്‍ അടിച്ചു നോക്കി നോ രക്ഷ.
പതിയെ ഗിയറിലിട്ടിട്ടു പുറകോട്ടു ഉരുട്ടി നോക്കി ഊ… ഹു.. പഴേ പടി തന്നെ . ഒരു പത്തന്‍പത് മീറ്റര്‍ കൂടി മുന്നോട്ടു പോയാല്‍ ഇറക്കമാണ് അതുകൊണ്ട് ഇറങ്ങി തള്ളാം എന്ന് സിജു പറഞ്ഞു, എന്നാല്‍ അങ്ങനെ ആകട്ടെ എന്ന് വിചാരിച്ചു ഞങ്ങളെല്ലാം വണ്ടിയില്‍ നിന്നും ഇറങ്ങി. ഞാന്‍ ഹാണ്ടിലിലും മുന്നിലെ ഗ്ലാസ്‌ ഫ്രൈമിലുമായി പിടിച്ചു. മറ്റവര്‍ രണ്ടും പുറകു വശത്തു നിന്നും തള്ളാനാരംഭിച്ചു.
         ഞങ്ങള്‍ തള്ളുന്നുണ്ടെങ്കിലും വണ്ടി കാര്യമായി നീങ്ങുന്നില്ല.
         “എടാ ഗിയര്‍ ന്യൂട്ടര്‍ ആക്കെടാ പൂ…. ” പുറകില്‍ നിന്നും സിജു കലിപ്പോടെ വിളിച്ചു പറഞ്ഞു
         “ന്യൂട്ടെര്‍ തന്നെയാ..”ഞാന്‍ എങ്കിലും ചെറിയൊരു സംശയം എനിക്കും തോന്നാതിരുന്നില്ല ഞാന്‍ ഒന്ന് കൂടി കൈ എത്തിച്ചു ഗിയര്‍ ഇളക്കി ന്യൂട്ടര്‍ ആണോ എന്ന് ഉറപ്പു വരുത്തി.
         കിന്‍റെല്‍ കണക്കിന് ഭാരം വെച്ചുകൊണ്ട് തള്ളുന്നതുപോലെ വണ്ടി പതിയപ്പതിയെയാണ് നീങ്ങുന്നത്. ഒരു പത്തു മീ. നീങ്ങിയപ്പോഴേക്കും ഞങ്ങള്‍ ശരിക്കും വിയര്‍ത്തു.
           പുറകില്‍ നില്‍ക്കുന്നവര്‍ പിന്നിലേക്ക്‌ പിടിച്ചു വലിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.
           “നിങ്ങളെന്താ പിടിച്ചു വലിക്കുവാണോ…” എന്നു ചോദിച്ചു കൊണ്ട് പുറകോട്ടു നോക്കിയ എന്‍റെ വാ പൊളിഞ്ഞപടി തന്നെ ഇരുന്നു പോയി. പുറകിലെ സീറ്റില്‍ മതിയായ വലിപ്പമുള്ള ഒരു പട്ടി കയറി കുത്തിയിരുന്ന് എന്നെ നോക്കുന്നു. ആ ഇരുട്ടിലും ചുവന്നു തിളങ്ങി നില്ക്കുന്ന കണ്ണുകള്‍.  എന്‍റെ രക്തയോട്ടം ഒറ്റ നിമിഷത്തേക്ക് നിന്നു പോയി.
             വാ അടയുകയും “അമ്മേ….” എന്ന് ഞാന്‍ നിലവിളിക്കുകയും ഒരോപ്പമായിരുന്നു
          “എന്താടാ…” എന്‍റെ കാറിച്ച കേട്ട് വണ്ടിയുടെ വലതു വശത്തു കൂടെ മുന്നോട്ടു നോക്കിയ സിജുവിന്‍റെ മുന്‍പിലൂടെ ഒരു കന്നുകാലി കിടാവിന്‍റെ വലിപ്പമുള്ള ആ ജന്തു പറന്നെന്നവണ്ണം കുതിച്ചു ചാടി, മാണ്ടി യിലേക്ക് കയറി അപ്രത്യക്ഷമായി. അവന്‍ പേടിച്ച് കാറുകയും വണ്ടിയില്‍ നിന്നും കൈ വിടുകയും ഒപ്പം ചെയ്തു. നേരത്തെ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നുമുള്ള പിടുത്തം വിട്ടിരുന്നു. ന്യുട്ടറില്‍ ആയിരുന്ന വണ്ടി ഒരാളുടെ പിടുത്തത്തില്‍ നില്‍ക്കാതെ പുറകോട്ടു ഉരുളാല്‍ തുടങ്ങി. വാണ്ടി വന്നു ദേഹത്ത് തട്ടിയപ്പോഴാണ് സിജുവിനു ബോധം വീഴുന്നത്. അവന്‍ ചാടിപ്പിടിച്ചു. ഒരുമാതിരി റിലെ കിട്ടിയ ഞാനും ചാടി വണ്ടിയില്‍ കയറി ബ്രേക്ക് ചവിട്ടി, വണ്ടി നിറുത്തി. ഗിയറില്‍ ഇട്ടതിനു ശേഷം പുറത്തിറങ്ങി.
           സിജുവിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് ഉപയോഗിച്ച് അവിടമെല്ലാം അടിച്ചു നോക്കി എന്നാല്‍ യാതൊരു വിധ അനക്കാമോ ആ ജന്തുവിനെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനെക്കാളെല്ലാം അതിശയം സീറ്റില്‍ അത്തരമൊരു ജീവി ഇരുന്നതിന്‍റെ യാതൊരുവിധ അടയാളവും ഉണ്ടായിരുന്നില്ല എന്നതാണ്.
            ഏതൊക്കെയായാലും ഒന്നുകൂടി കിക്കര്‍ അടിച്ചു നോക്കാം എന്ന് വിചാരിച്ചു ഞാന്‍ കിക്കര്‍ വലിച്ചു, ഒരു കുഴപ്പവും കൂടാതെ വണ്ടി സ്റ്റാര്‍ട്ട് ആയി. വണ്ടി മുന്നോട്ടു എടുത്തു. ഞങ്ങള്‍ കണ്ടത് സ്വപ്നമാണോ അതോ തോന്നലായിരുന്നോ ഒന്നും അറിയില്ല. ഞാന്‍ പിറ്റേന്ന് നേരം വെളുത്തതിനു ശേഷം മാത്രമാണ് തിരിച്ചുപോന്നത്. പിന്നീടൊരിക്കല്‍ പോലും ആവഴി രാത്രിക്ക് ഒറ്റയ്ക്ക് പോന്നിട്ടുമില്ല പോരാനൊട്ടു ധൈര്യവിമില്ല. ആ സംഭാവത്തോട് കൂടി ഞാന്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകാനും, അച്ഛനെ കണ്ടു ഒരു കൊന്തയും വെഞ്ചിരിച്ചു വാങ്ങി കഴുത്തിലിടാനും തുടങ്ങി. അലമ്പും നിര്‍ത്തി മര്യാദക്കാരനായി.
………………………………………………………………………………………………….
               ഈ കഥയില്‍ പറഞ്ഞിരിക്കുന്ന പട്ടിയെ അവര്‍ കണ്ടോ ഇല്ലയോ നമ്മുക്കറിയില്ല. എങ്കിലും അവന്‍റെ സ്വഭാവം അപ്പാടെ മാറി എന്നുള്ളത് ശരിയാണ്.
              എന്നാല്‍ ഇതേ സ്ഥലത്ത് വച്ച് ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായതായി മറ്റൊരാള്‍ കൂടി പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട് അതിതാണ്, ആ അനുഭവം കൂടി നമ്മുക്കൊന്നു കേള്‍ക്കാം
……………………………………………………………………………………………………………..
            ” എന്‍റെ പേര് സന്തോഷ്‌ തൊഴില്‍ ആശാരിപ്പണി, കടകളുടെയും ഓഫീസുകളുടെയും ഇന്റിരിയല്‍ വര്‍ക്കാണ് കൂടുതലും ചെയ്യുന്നത്. 2006 ല്‍ ആണ് ഞാനീപ്പറയുന്ന സംഭവം നടന്നത്.  എന്‍റെ വീട് ഇടുക്കിയില്‍ ആണ്. ഭാര്യ വീട് കട്ടപ്പനയിലും. ആ സമയം ഭാര്യ പ്രസവിച്ചു കിടക്കുകയാണ്. ഞാന്‍ പണിയുന്നത് ചെറുതോണിയിലും. കൊട്ടേഷന്‍ വര്‍ക്ക്‌ ആയതിനാല്‍ നിര്‍ത്തുമ്പോള്‍ പത്തു പതിനൊന്നു മണിയാകും. പിന്നെ നേരെ കട്ടപ്പനക്ക് വിടുകയായി. ഹീറോ ഹോണ്ടയുടെ സ്പ്ലെണ്ടെര്‍ ആണ് വാഹനം.
           അന്ന് ഒരു വ്യാഴാഴ്ച പണി നിര്‍ത്തിയപ്പോള്‍ രാത്രി പതിനൊന്ന്. കാലും മുഖവുമൊക്കെ കഴുകി എന്ന് വരുത്തി തുണിയും മാറി. ബൈക്ക് എടുക്കുമ്പോള്‍ സമയം പതിനൊന്നരയോളം ആയി. തന്നെ യായതുകൊണ്ട് കൈ പരമാവധി പിരിച്ചുപിടിച്ചാണ് പോകുന്നത്. പോരാത്തതിന് സ്ഥിരം പോകുന്ന വഴി ആയതിനാല്‍ ഒരു ചെറിയ കുഴി വരെ കാണാപ്പാഠമാണ്.
           ഡബിള്‍കട്ടിംഗ് കഴിഞ്ഞു രണ്ടു വളവുകള്‍ കഴിഞ്ഞു കുറച്ചു മുന്നോട്ടു നീങ്ങിയതെ, പെട്ടന്ന് വണ്ടി ഇരച്ചങ്ങു നിന്നു, എന്‍ജിന്‍ ഓഫ്‌ ആകാതെ കുഴിയില്‍ ചാടി കറങ്ങുന്നതുപോലെ. മുന്നോട്ടു നീങ്ങാതെ വെറുതെ നിന്നു കറങ്ങുകയാണ്. ഇതെന്തു കൂത്താണ് എന്ന് വിചാരിച്ച്.  എന്‍ജിന്‍ ഓഫ്‌ ചെയ്ത ശേഷം വീണ്ടും സ്റ്റാര്ട്ടാക്കി. ഇപ്രാവിശം റെയ്സിംഗ്കാരുടെ ബൈക്ക് പോലെ മുന്ചക്രം അന്തരീക്ഷത്തിലേക്ക് ഉയരുകയാണ്. ആരോ ശക്തമായി പിന്നില്‍ നിന്നും പിടിച്ചിരിക്കുന്നതുപോലെ.  ഞാന്‍ പെട്ടെന്നു തന്നെ കൈ കുറച്ചു കാലു കുത്തി വണ്ടി ബാലന്‍സ് ചെയ്തു നിര്‍ത്തി. പതിയെ എന്റെ കാലും കൈയും വിറക്കാന്‍ തുടങ്ങി. ഒന്നുകൂടെ ശ്രമിച്ചു നോക്കി ഒരു രക്ഷയുമില്ല പഴയത് പോലെ തന്നെ. ഞാന്‍ എന്‍ജിന്‍ നിര്‍ത്തി വണ്ടി ഒരു വിധത്തില്‍ സ്റ്റാന്‍റില്‍ വച്ചു.
             എനിക്കാണെങ്കില്‍ പേടിച്ചിട്ടു വിറ നിര്‍ത്താനും പറ്റുന്നില്ല. വിറയ്ക്കുന്ന കൈ കൊണ്ട് പോക്കറ്റില്‍ നിന്നും സിഗരറ്റും ലാമ്പും എടുത്തു. സിഗരറ്റ് ചുണ്ടില്‍ വച്ചു തീ കൊളുത്തി.  ഒരു പുകയെടുത്തുകൊണ്ട് ചുറ്റും നോക്കി. എപ്പോഴും ചുളു ചുളുപ്പന്‍ കാറ്റുള്ള  അവിടെ അപ്പോള്‍ ഒരു ഇലപോലും അനങ്ങുന്നില്ല. മൊത്തത്തില്‍ ഭയപ്പെടുത്തുന്ന നിശബ്ദത.
           ഒരു പത്തു മിനിട്ടോളം ഞാനവിടെ നിന്നു. പടപടെന്നു മൂന്നു സിഗരറ്റ് വലിച്ചു തീര്‍ത്തു. അപ്പോഴാണ്‌ കട്ടപ്പന ഭാഗത്ത് നിന്നും ഒരു ജീപ്പ്‌ വരുന്നത്. ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ അതിനു കൈ കാണിച്ചു. എന്തോ ദൈവ ഭാഗ്യത്തിന് അവര്‍ നിര്‍ത്തി.
             “എന്ത് പറ്റി ? ” ജീപ്പ് ഡ്രൈവര്‍
             “വണ്ടി സ്റ്റാര്‍ട്ടാകുന്നില്ല” ഞാന്‍
             ജീപ്പിന്റെ ഡ്രൈവര്‍ ഇറങ്ങി വന്നു കിക്കര്‍ അടിച്ചു, ആദ്യത്തെ അടിക്കു തന്നെ വണ്ടി സ്റ്റാര്‍ട്ടായി.
           “ഇത് ഓക്കേ ആണല്ലോ കേറി എടുത്തു നോക്ക് ” എന്നോടായി പറഞ്ഞു
           ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് ബൈക്കില്‍ കയറി ഗിയറിലിട്ടു വണ്ടി മുന്നോട്ടെടുത്തു യാതൊരു കുഴപ്പവും കൂടാതെ വണ്ടി മുന്നോട്ടു നീങ്ങി.
            “പെട്രോളിനകത്ത് കരട് കയറിയതായിരിക്കും ഇനി നിര്‍ത്തണ്ട വിട്ടോ”ജീപ്പ് ഡ്രൈവര്‍ പറഞ്ഞു
            അവരോടൊരു താങ്ക്സും പറഞ്ഞു ഞാന്‍ ബൈക്ക് മുന്‍പോട്ട് എടുത്തു പിന്നെ ഒരു മരണപ്പോക്കായിരുന്നു പത്തു മിനിട്ട് കൊണ്ട് കട്ടപ്പനയില്‍ ചെന്നു. ബസ്‌ സ്റ്റാന്റിലെ നൈറ്റ് കടയുടെ മുന്‍പില്‍ ചെന്നാണ് നിറുത്തുന്നത്. ആ തണുപ്പത്തും അവിടനിന്നും രണ്ടു ഗ്ലാസ്‌ പച്ചവെള്ളം മേടിച്ചു കുടിച്ചപ്പോഴാണ് പരവേശം മാറിയത്. എന്ത് പറ്റി എന്ന് തിരക്കിയ കടക്കാരനോട് വണ്ടി ഇടക്കൊന്നു പാളി മറിയാന്‍ തുടങ്ങി പേടിച്ചുപോയി എന്ന് പറഞ്ഞൊപ്പിച്ചു പിന്നെ അങ്ങേരുടെ വക കുറെ കത്തി ഉപദേശം സഹിക്കേണ്ടി വന്നു. വിറയോക്കെ ഒരു വിധം മാറിയശേഷമാണ് പിന്നെ വണ്ടിയുമെടുത്തുകൊണ്ട് വീട്ടിലേക്കു പോയത്.
            അന്നതെന്താണ് സംഭവിച്ചതെന്ന് എനിക്കിന്നും പിടിയില്ല. എങ്കിലും അതില്‍ പിന്നെ തന്നെ ആ വഴി ഞാന്‍ രാത്രി പോയിട്ടില്ല
………………………………………………………………………………………………………………
            ഈ സംഭവങ്ങള്‍ രണ്ടും ഏകദേശം ഒരേ സ്ഥലത്താണ് നടന്നതായി പറയുന്നത് ഇതിന്റെ വിസദീകരണം എനിക്കറിയില്ല എന്താണെന്നും.

Leave a Reply

%d bloggers like this: