May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

രണ്ടടി ഉയരമുള്ള കറുത്ത മനുഷ്യൻ

Spread the love

വർഷം 1999. ഞാൻ ഒരു ആവശ്യത്തിന് തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു. എന്റെ സ്ഥലം മാവേലിക്കരക്ക് അടുത്ത് ആണ് . മാവേലിക്കരയിൽ നിന്നും ആറ് കിലോമീറ്റർ ദൂരം. ഞാൻ പഠിച്ചിരുന്നത് തിരുവനന്തപുരത്ത് ആയിരുന്നു .ഈ സംഭവം നടക്കുമ്പോൾ പഠനകാലഘട്ടം കഴിഞ്ഞ് ഏകദേശം ഒരു വർഷം ആയിട്ടുണ്ടാകും . കൂട്ടുകാരുടെ കൂടെ കൂടി നേരം പോയതിനാൽ തിരുവനന്തപുരത്ത് നിന്നും താമസിച്ചാണ് പുറപ്പെട്ടത്. ബസ്സിൽ കായങ്കുളം എത്തിയപ്പോൾ സമയം രാത്രി ഏകദേശം പന്ത്രണ്ടര .കായങ്കുളത്തു നിന്നും മാവേലിക്കര വരെ ഏകദേശം പത്ത് കിലോമീറ്റർ ഉണ്ട് .രാത്രി ഗതാഗത സൗകര്യം ഒന്നും ഇല്ല. അന്ന് സ്വന്തം വരുമാനം ഒന്നും ഇല്ല . കൈയ്യിൽ കാശും കുറവ് .വിഷമത്തോടെ പതുക്കെ നടന്ന് തുടങ്ങി .ഏതായാലും അധികം ചെല്ലുന്നതിന് മുമ്പെ മാവേലിക്കരക്ക് പോകുന്ന ഒരു പച്ചക്കറി വാൻ കിട്ടി. അവർ എന്നെ മാവേലിക്കര റെയിൽവേ സ്റേറഷന് സമീപം ഇറക്കി. ഇനി ഒരു ആറ് കിലോമീറ്റർ നടക്കണം . റയിൽവേ ട്രാക്കിൽ കുടി നടന്നാൽ ഒരു രണ്ട് കിലോമീറ്റർ ലാഭിക്കാം .പക്ഷേ വഴി വിജനവും പാടത്തിന് നടുവിൽ കൂടിയും ഒക്കെ ആണ് .പകലായിരുന്നെങ്കിൽ ഒന്നും ആലോചിക്കേണ്ടിയിരുന്നില്ല .ഇതിപ്പോൾ രാത്രി ഏകദേശം രണ്ടു മണി . ഏതായാലും ഞാൻ റയിൽവേ ട്രാക്കിലൂടെ നടക്കുവാൻ തുടങ്ങി . നല്ല നിലാവ് ഉള്ളതിനാൽ കാഴ്ചപ്രശ്നം ഒന്നു ഇല്ല .ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ട് കാണും എതിരെ ഒരു വെളിച്ചം വരുന്നത് കണ്ടു .വെളിച്ചം എന്നാൽ കനൽ ജ്വലിക്കുന്നത് പോലെ നല്ല ചുവപ്പ് നിറത്തിൽ കാണാം .ഏകദേശം നിലംപററിയാണ് വരവ് . അൽപം കൂടി അടുത്ത് എത്തിയപ്പോൾ സംഗതി കുറെ കൂടി വ്യക്തമായി. ഏതാണ്ട് രണ്ടടി മാത്രം ഉയരം ഉള്ള ഒരു കറുത്ത മനുഷ്യൻ തലയിൽ ഒരു ചട്ടി നിറയെ തീക്കനലുമായി എതിരെ വരുന്നു. കൂടെ ഒരു നായയും ഉണ്ട് . അയാളെക്കാൾ ഉയരം ഉണ്ട് നായക്ക് . ഒരു കറത്ത നായ .അടുത്ത് എത്തിയപ്പോൾ ഒഴിഞ്ഞ് തരാൻ ഭാവം ഇല്ലാത്തത് പോലെ അയാൾ എന്നെ തന്നെ നോക്കി കൊണ്ട് ട്രാക്കിന്റെ ഒത്ത നടുവിൽ ആയി നിന്നു .സാധാരാണ അങ്ങനെ ഒരു അവസ്ഥയിൽ എന്നാൽ ഒന്നു നോക്കാം എന്ന മട്ടിൽ വാശി പിടിച്ച് മാറാതെ നിൽക്കുക എന്നതാണ് നമ്മുടെയും പതിവ് .എന്നാൽ എതിരെ വന്ന സെറ്റപ്പും പട്ടിയും ഒക്കെക്കൂടെ കണ്ട് ദേഹത്ത് എങ്ങും മുട്ടണ്ട എന്ന് കരുതി ഞാൻ ഒഴിഞ്ഞ് നിന്നു.(അത് നന്നായി എന്ന് പിന്നീട് മനസിലായി ) .അയ്യാൾ എന്നെ കടന്ന് പോയി . അതു വരെ എന്റെ മനസിൽ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല .എന്നാൽ അയാൾ പോയ ഉടനെ ഇത് എന്തോ പന്തികേട് ആണല്ലോ എന്ന ഒരു ചിന്ത എന്റെ മനസ്സിൽ കയറിക്കൂടി . മനസിൽ ചെറുതായി ഭയം കയറി തുടങ്ങി .ഞാൻ നടത്തത്തിന് വേഗത കൂട്ടി . വീണ്ടും ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ട് കാണും , അൽപം മുന്നിലായി ട്രാക്കിന് സമീപം നിൽകുന്ന ഒരു മരം ശക്തിയായി ഉലയുന്നത് ഞാൻ കണ്ടു .ഭയം കൊണ്ടോ എന്തോ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ നിൽക്കാതെ വേഗം നടന്നു .ഞാൻ ആ മരത്തിനെ മറികടന്നതു. എന്തോ ഒന്ന് ശക്തിയായി മരത്തിൽ നിന്നും താഴേക്ക് ചാടി .ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പ് കണ്ട ആ മനുഷ്യനും നായയും എനിക്ക് പിന്നിലാക്കി നിൽക്കുന്നു. തീച്ചട്ടി ഇപ്പഴും തലയിൽ തന്നെ ഉണ്ട്. ഞാൻ പിന്നെ ഒന്നും നോക്കിയില്ല,, ഓടി … അയ്യാളും പിന്നാലെ ഓടി വരുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. പെട്ടന്ന് വീട്ടിൽ അപ്പൂപ്പനും മററും പറഞ്ഞിട്ടുള്ളത് ഓർമ്മ വന്നു ഇങ്ങനെ ഉള്ള സാധനങ്ങൾക്ക് നെല്ല് വിളഞ്ഞ് കിടക്കുന്ന പാടത്ത് ഇറങ്ങാൻ സാധിക്കില്ല എന്ന്. ഞാൻ കുടുംബക്ഷേത്രത്തിലെ ദേവിയെ മനസിൽ വിചാരിച്ച് കൊണ്ട് ഇടത് വശത്ത് ഉള്ള വയലിലേക്ക് ചാടി . പെട്ടെന്ന് പിന്നാലെ വന്ന സാധനം എന്തോ എടുത്ത് എന്നെ എറിഞ്ഞു എന്ന് എനിക്ക് മനസിലായി . അത് എന്റെ ചെവിക്കരികിലൂടെ മൂളികൊണ്ട് കടന്ന് പോയി. ഏതായാലും അന്ന് നേരം വെളുക്കുന്നത് വരെ ഞാൻ അവിടെ തന്നെ കിടന്നു . രാവിലെ ഞാൻ കിടന്നതിന് അൽപം മാറി നെല്ല് ചാഞ്ഞ് കിടക്കുന്നത് കണ്ട് അവിടെ പരിശോധിച്ചപ്പോൾ ഏതോ മൃഗത്തിന്റെ കൊമ്പ് പോലെ ഒന്ന് കിടക്കുന്നത് കണ്ടു .അത് വെച്ചാണന്ന് തോന്നുന്നു എന്നെ എറിഞ്ഞത് . ഞാൻ അതും എടുത്ത് വീട്ടിൽ കൊണ്ടു പോന്നു. വീടിന് പുറത്തായി ചെറിയ ഒരു വിറക്പുര ഉണ്ട് . അത് അവിടെ ഒരു സൈഡിൽ കൊണ്ടു വെച്ചു . നടന്ന സംഭവം ഒന്നും ആരോടും പറഞ്ഞില്ല. ഇടക്ക് അമ്മയോ മറ്റോ ഇത് കണ്ടിട്ട് വൃത്തികെട്ട സാധനങ്ങൾ പെറുക്കി വീട്ടിൽ കൊണ്ടു വെച്ചിരിക്കുന്നു എന്ന് പറഞ്ഞ് എന്നെ വഴക്കും പറഞ്ഞു .ഏതായാലും അത് അവിടെ തന്നെ ഇരുന്നു .

ഈ സംഭവത്തിന് പിന്നീട് ഒരു ട്വിസ്റ്റ് ഉണ്ടാകുന്നത് ഒരു അഞ്ച് വർഷം കഴിഞ്ഞാണ് .ഒരു ദിവസം രാവിലെ ഒരു മെലിഞ്ഞ കാഷായ വസ്ത്രധാരി ഭിക്ഷക്ക് വന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല . സാധാരണ ഇങ്ങനെ ഉള്ളവരോട് എനിക്ക് ഒരു പുച്ഛമനോഭാവം ആണ് .ഞാൻ കൈയ്യിൽ കിട്ടിയ കുറെ ചില്ലറ എടുത്ത് അയാൾ നേരേ നീട്ടി .പെട്ടെന്ന് അയ്യാൾ പറഞ്ഞു , കുഞ്ഞേ ഞാൻ ഇതിനല്ല വന്നത് .നീ ഇവിടെ ആവശ്വമില്ലാത്ത ഒരു വസ്തു കൊണ്ടുവന്ന് വെച്ചിട്ടുണ്ട് . അത് എനിക്ക് തന്നേരെ . അത് സൂക്ഷിക്കുന്നത് നിനക്ക് നല്ലതിനല്ല. ഞാൻ ആകെ അങ്കലാപ്പിലായി . അത് എന്ത് കുന്തമാണ് എന്ന് പുള്ളിയോട് തന്നെ ചോദിച്ചു. അദ്ദേഹം വീണ്ടും പറഞ്ഞു അത് വീടിനുള്ളിൽ അല്ല പുറത്താണ് . കുഞ്ഞ് അനുവദിച്ചാൽ ഞാൻ എടുത്ത് കൊള്ളാം എന്ന് . ശരി നടക്കട്ടെ എന്ന് ഞാൻ പറയുകയും അദ്ദേഹം നേരേ വിറക്പുരയിൽ ചെന്ന് മുമ്പ് പറഞ്ഞ കൊമ്പ് എടുത്ത ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചു . എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു അന്ന് രക്ഷപെട്ടത് മോന്റെ മിടുക്കല്ല മോനെ രക്ഷിച്ചതാ .

ഞാൻ ആകെ പകച്ച് കുറച്ച് നേരം നിന്നു . അയ്യാൾ പെട്ടെന്ന് പോകുകയും ചെയ്തു .ഏതായാലും അമ്പരപ്പ് മാറിയപ്പോൾ ഞാൻ ബൈക്കും എടുത്ത് പുള്ളി പോയ വഴിയേ വിട്ടു നോക്കി . കുറച്ച് ദൂരം പോയി നോക്കി എങ്കിലും ആരെയും കണ്ടെത്താൻ ആകാതെ ഞാൻ തിരികെ പോന്നു.

Leave a Reply

%d bloggers like this: