May 24, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

രാത്രി വീണു കിട്ടിയ ആ ധൈര്യം

Spread the love

സ്കൂളിൽ പഠിക്കുന്ന കാലത്തു അവധിക്ക് അമ്മവീട്ടിൽ നിക്കാൻ പോകുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്, അമ്മാമ്മക്ക് 10 മക്കളാണ്. അതുകൊണ്ടു തന്നെ അമ്മമ്മയുടെ ആ വലിയ ഓടിട്ട 2 നിലവീട്ടിൽ എല്ലാകാലത്തും ധാരാളം ആളുകളുണ്ടാകും, അന്നൊന്നും ഇന്നത്തെപോലെ മൊവീലൊന്നും പ്രചാരത്തിലില്ലല്ലോ, അതുകൊണ്ടുതന്നെ അവധിക്കാലം തള്ളിനീക്കാൻ അമ്മവീടിനേക്കാൾ ബെറ്റർ ഓപ്ഷൻ എനിക്കുണ്ടായിരുന്നില്ല.

അന്നൊരു തിങ്കളാഴ്‌ചയായിരുന്നു, രാത്രി അത്താഴത്തിനു ശേഷം, പിള്ളേരെല്ലാവരും കൂടെ അന്താക്ഷരിയൊക്കെ കളിച്ചു ഒരു പത്തുപത്തരയായപ്പോളേക്കും ഉറങ്ങാൻ കിടന്നു, അംഗസംഖ്യ കൂടുതലുള്ളതുകൊണ്ടു ഞങ്ങൾ മുതിർന്ന കുട്ടികളെല്ലാം നടപ്പുരയിലാണ് കിടക്കുന്നത്, കൂട്ടിന് അമ്മമ്മയും ഉണ്ട്. (അച്ചച്ചൻ നേരത്തെ മരിച്ചുപോയിരുന്നു)

അമ്മമ്മ കട്ടിലിൽകിടക്കും, ഞങ്ങൾ താഴെ നിലത്തു പായവിരിച്ചുംകിടക്കും, അതാണ് പതിവ്.

അന്നത്തെ ദിവസം രാത്രി ഏറെവൈകി എന്തോഒരുശബ്‌ദം കേട്ട് ഞാൻ ഞെട്ടിഎണീറ്റു, പൊതുവെ ആസ്ഥാന പേടിത്തൊണ്ടനായിരുന്ന എനിക്ക്,വിനയന്റെ വെള്ളിനക്ഷത്രംപോലും കണ്ടുമുഴുവനാക്കാനുള്ള മനശക്തി അന്ന് ഉണ്ടായിരുന്നില്ല,പകൽപോലും ഒറ്റക്ക്നടക്കാൻ ഭയപ്പെട്ടിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റത്.

ഉറങ്ങികഴിഞ്ഞാൽ പിന്നെ മുള്ളാൻപോലും എണീക്കാത്ത ഞാൻ അന്ന് എന്തുകൊണ്ടാണ് ആ സമയത്തു എണീറ്റതെന്ന് ഇന്നും എനിക്കറിയില്ല,

പക്ഷെ എനിക്കപ്പോൾ അതിൽ അസ്വഭാവികമായി, ഒന്നും തോന്നിയതുമില്ല

വീണ്ടും ഉറക്കത്തിലേക്ക് തെന്നിവീഴാൻ തുടങ്ങുമ്പോളായിരുന്നു എന്നെഞെട്ടിച്ചുകൊണ്ട് പുറത്തുനിന്നും ഒരലർച്ചകേട്ടത്, തോന്നിയതാവും എന്ന് ആശ്വസിച്ചുകൊണ്ട് അതിനെ ബോധപൂർവംമറക്കാൻ ഒരുശ്രമം നടത്തുന്നതിനിടയിൽ, തോന്നിയതല്ല എന്ന് ഊട്ടിഉറപ്പിച്ചുകൊണ്ടു വെളിയിലാരോ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി, ഞാൻ ജീവിത്തിൽ അന്നോളം കേട്ടിട്ടില്ലാത്ത ഒരുഭാഷയായിരുന്നു അത്, (എന്റെ ജീവിതത്തിൽ പിന്നീടും ഞാൻ അതുപോലൊരു ഒരുഭാഷ കേട്ടിട്ടില്ല, )

ഞാൻ ഞെട്ടിഎണീറ്റു, സ്വപ്‌നമാണെന്ന്‌ വിശ്വസിക്കുവാൻ ശ്രമിച്ചെങ്കിലും സ്വപ്നമല്ലെന്ന യാഥാർഥ്യം എന്നെപേടിപ്പെടുത്തി. പിന്നീടവിടെസംഭവിച്ചതെല്ലാം എന്നിലെ

ജിതിൻ എന്ന വ്യെക്തിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ്, ഒരില അനങ്ങിയാൽ പോലുംപേടിച്ചുവിറയ്ക്കുന്ന ഞാനന്ന് എവിടെനിന്നോ എനിക്ക്കിട്ടിയ ധൈര്യത്തിന്റെപുറത്തു വാതിൽതുറന്നു മുറ്റത്തേക്കിറങ്ങി, അടുത്ത്കിടന്നു കൂർക്കം വലിച്ചുറങ്ങുന്ന അമ്മമ്മയെയും സഹോദരങ്ങളെയും കുറച്ചുനേരത്തേക്ക് ഞാൻ മറന്നുപോയി. ഞാൻ പുറത്തിറങ്ങിയതും ആ ശബ്‌ദം സ്വിച്ചിട്ടപോലെനിന്നു. നല്ല നിലാവുള്ള രാത്രിയായിരുന്നു അന്ന്. അമ്മവീടിനു അൽപ്പം വടക്കുമാറിഒരു കുളമുണ്ടായിരുന്നു, എനിക്കപ്പോൾ അതിനടുത്തേക്ക് പോകാൻതോന്നി. എനിക്കപ്പോൾ തോന്നിയവികാരം എന്താണെന്നറിയില്ല. ഞാനാ കുളത്തിലേക്ക് പോയി കാലുംമുഖവും കഴുകി വീണ്ടും മുറ്റത്തേക്ക്വന്നു. കുറച്ചുനേരം മുകളിലേക്ക് നിലാവും നോക്കിനിന്നു, പിന്നെ തടമെടുത്തിട്ടതെങ്ങിന്റെ കടക്കൽ നിന്ന് മുള്ളി, വീണ്ടും വീട്ടിൽ അകത്തുവന്നു ലൈറ്റിട്ടുനോക്കി, സമയം രണ്ടേമുക്കാല് കഴിഞ്ഞിരുന്നു.

പെട്ടെന്ന് പിന്നിൽനിന്നും വീണ്ടുമൊരു ശബ്‌ദംകേട്ടു,

ചേട്ടാ ലൈറ്റ് ഓഫ് ചെയ്യ്,…

അനിയത്തിയാണ് …

പക്ഷെ അപ്പോൾ ഞാൻശരിക്കും ഞെട്ടിപ്പോയി,

ലൈറ്റ്അണച്ചുകിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു.

പിറ്റേന്നെണീക്കുമ്പോൾ ഞാൻ മാമന്റെമുറിയിലായിരുന്നു,

രാവിലെ ആരേലും എടുത്തു കിടത്തിയതാകും.

അന്നുതന്നെ ഞാൻ വീട്ടിലേക്ക്പോന്നു, അനിയത്തിക്ക് ചിക്കൻനടിച്ചതായിരുന്നു കാരണം, (ചിക്കൻ പോക്സ് അന്നത്തെരാത്രിയിലെയാസംഭവം ഇതുവരെയും ഞാൻ ആരോടും പറഞ്ഞിട്ടില്ല,

രണ്ടുകാര്യങ്ങൾ ഉറപ്പാണ് അന്ന്ഞാനാ ശബ്‌ദം കേട്ടിരുന്നു, അതുപോലെതന്നെ ജിതിൻ എന്ന അന്നത്തെ പതിനാലുകാരൻപയ്യന് ഒരിക്കലും ആ രാത്രിയിൽ കുളക്കരയിൽ പോയി വരാൻപറ്റില്ല.

അതിനുള്ള ധൈര്യം അവനു അന്നുണ്ടായിരുന്നില്ല.

ഒട്ടുമിക്ക ഹൊറർ മൂവീസിലും കാണുന്ന ഒരുരംഗമുണ്ട്. നിഴൽപോലുള്ള ഒരുരൂപം (പ്രേതം തന്നെ) മുന്നിലൂടെ കടന്നുപോകുമ്പോൾ അത് കാണുന്ന ആളുകൾ അതിനെ പിന്തുടരുന്നത്.,

ഇവരെന്തിനാണതിനെ പിൻതുടരുന്നതെന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്.

ഞാനെങ്ങാനും ആയിരിക്കണം, മൂടി പുതച്ചു കിടക്കുകയെ ഉള്ളൂ. ആളുകളെ കൂടുതൽഭയപ്പെടുത്തുന്നതുകൊണ്ടായിരിക്കണം ഈ രംഗം ഹൊറർ സിനിമകളിലെ ക്‌ളീഷേ ആയി ഇന്നും തുടർന്ന് പോരുന്നു. സിനിമയിൽ അതുപോലുള്ള രംഗങ്ങൾ തിരുകിക്കേറ്റുന്നത് ഭയപ്പെടുത്താനായിരിക്കും, പക്ഷെ റിയൽലൈഫിൽ അതുപോലത്തെ അവസ്ഥയിൽ നമ്മളെത്തുമ്പോൾ നമ്മൾ ചെയ്യുന്നതൊന്നും നമ്മുടെ കയ്യിൽ നിക്കുന്ന കാര്യങ്ങളല്ല…

(ഞാൻ സ്വപ്നംകണ്ടതല്ല എന്ന് 100% ഉറപ്പാണ്, കാരണം പിറ്റേന്ന് രാവിലെപോയാണ് കുളക്കരയിൽനിന്നും എന്റെ വീവാർ ചെരുപ്പ് എടുത്തുകൊണ്ട്വന്നത്, ഞാൻ കാലും മുഖവും കഴുകിവന്നപ്പോൾ ചെരിപ്പിടാൻ മറന്നിരുന്നു,, പിന്നെ മറ്റൊരുകാര്യം അന്ന് കുളത്തിനടുത്തു കുറച്ചുമാറി ഒരു കാവ് ഉണ്ടായിരുന്നു, ഇപ്പൊ കാവ് മുറിച്ചു അവിടത്തെ നാഗങ്ങളെ അമ്പലം പണിത് അവിടേക്ക് മാറ്റി പ്രതിഷ്ഠിച്ചു.)

ഇന്നുമെന്റെ ജീവിതത്തിലെ ചുരുളഴിയാത്ത ഒരേടായി കിടക്കുന്ന അന്നത്തെ ആ രാത്രിക്ക് ശാസ്ത്രീയമായോ അശാസ്ത്രീയമായോ ഉള്ള വിശദീകരണങ്ങൾ തരാൻ കഴിവുള്ളവർ ഉണ്ടെങ്കിൽ CMT ബോക്സിലേക്ക് ക്ഷണിക്കുന്നു…

Leave a Reply

%d bloggers like this: