September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ബി ടെക്ന് പ്രവേശനപരീഷയും അഭിമുഖവും ഒക്കെ കഴിഞ്ഞു നിൽക്കുന്ന കാലം. കൂട്ടകാരുമൊത്തു സിനിമക്കു പോയി വൈകിട്ട് വീട്ടിൽ വന്നു. പോസ്റ്റ് മാൻ ഒരു രജിസ്റ്റേർഡ് കത്ത് കൊണ്ടുവന്നെന്നും അത് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്നാണെന്നും അമ്മുമ്മ പറഞ്ഞപ്പോൾ പിടികിട്ടി കാര്യം. ഞാനില്ലാത്തത് കാരണം തിരികെ കൊണ്ടുപോയി. അടുത്തദിവസം രാവിലെ തന്നെ കുളിച്ചൊരുങ്ങി , ചന്ദനം തൊട്ടു മത നിരപേക്ഷമായി എന്നാൽ ചെറുതായി ഹിന്ദു ദൈവങ്ങൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടും അറിയാവുന്ന ദൈവങ്ങളെ ഒക്കെ പ്രാർഥിച്ചുകൊണ്ട് പോസ്റ്റോഫീസിലേക്ക് ഓടി. കാത്തുവാങ്ങി ,പോസ്റ്റ് മാന് ഇരുപതു രൂപ കൈ മടക്കു കൊടുത്ത് ,അദേഹത്തിന്റെ അനുഗ്രഹവും വാങ്ങി വീട്ടിലെത്തി.

ആദ്യമായി വീടുവിട്ട് നിൽക്കാൻ പോകുന്നു. ലോട്ടറിക്കാർ പറയുന്നതുപോലെ ഏതാനും ദിവസം മാത്രം ബാക്കി അഡ്മിഷൻ എടുക്കുവാൻ. ഒരായിരം കിനാവുകൾ മനസ്സിലൂടെ. ഊണും ഉറക്കവും ഇല്ലാത്ത കിനാവുകാണൽ. ഹോസ്റ്റൽ ജീവിതവും , ക്യാംപസ് പ്രേമവും, പിന്നെ പഠിച്ചുകഴിഞ്ഞു ജോലികിട്ടി അധ്വാന വർഗ്ഗത്തിനുമുകളിൽ അധികാരം ഉറപ്പിക്കുന്നതും ഒക്കെയായിരുന്നു ആ കിനാവുകളിലെ പ്രമേയം.

അങ്ങനെ ആ ദിവസം വന്നു. അഡ്മിഷൻ എടുത്തു. ഇനി ഹോസ്റ്റൽ എടുക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് നീങ്ങുവാനുള്ള നിർദേശം. എന്തോ ഒരു അങ്കലാപ്പ്. അഭിമുഖത്തിന് വന്നപോൾ വളരെ കാര്യമായി പെരുമാറിയ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർഥികൾ പലരും മുഖംതിരിച്ചു പോകുന്നു. സംസാരിക്കുന്ന ചിലർ ഗൗരവത്തിൽ ഏതു ഹോസ്റ്റൽ എന്ന് അന്യോഷിക്കുന്നു. കാര്യം പിടികിട്ടി. റാഗിംഗിനുള്ള പുറപ്പാടാണ്. കിനാക്കളൊക്കെ അസ്തമിക്കുന്നുവോ? പിന്നെയും മതനിരപേക്ഷമായി ദൈവത്തെ പ്രാർത്ഥിച്ചു.

ക്യാന്റീനിന് മുകളിലുള്ള ഹോസ്റ്റൽ ഓഫീസിൽ എത്തി. ഹോസ്റ്റൽ ഇൻ- ചാർജ് വളരെ നല്ല ഒരു മനുഷ്യൻ. അദ്ദേഹം പട്ടിക നോക്കി പറഞ്ഞു മുറി ഒഴിയാൻ ഒരാഴ്ച്ക കൂടി എടുക്കുമെന്ന്. പിന്നെ ഞാൻ ഒന്ന് കെഞ്ചി. അദ്ദേഹം വീണ്ടും പട്ടിക വിശദമായി ഒന്ന് നോക്കി. പിന്നെ പറഞ്ഞു സരോവർ ഹോസ്റ്റലിൽ എഴുപത്തെട്ടാം നമ്പർ ഒഴിവാന്നെന്ന് . അപ്പോൾ അടുത്തിരുന്ന ഒരു മാഡം ‘ അത് ആ മുറിയല്ലേ?’. അദ്ദേഹം എന്നോട് പറഞ്ഞു ‘ ആ മുറി കുട്ടി എടുക്കേണ്ട. ഞാൻ ഒന്നുകൂടി നോക്കട്ടെ’. അദ്ദേഹം ആരോടോ ഫോണിൽ സംസാരിച്ചു. എഴുപത്താറാം നമ്പർ മുറി താത്ക്കാലികമായി ഒഴിവാന്നെന്നും അതിൽ പ്രവേശിക്കാനും അദ്ദേഹം പറഞ്ഞു. ആ മുറിയിൽ എന്നെ കുടാതെ നിയമത്തിൽ ഉപരിപഠനം നടത്തുന്ന ഒരു മൂർത്തിയും ഉണ്ടായിരുന്നു. ബ്രാഹ്മണനായ അദ്ദേഹം എന്നേക്കാൾ പ്രായവും ,വിവാഹിതനും ആയിരുന്നു. ഒരു അനിയനോടുള്ള മാതിരിയുള്ള പെരുമാറ്റം. അദ്ദേഹത്തിന്റെ കൂട്ടുകാരൻ ധുരു എന്നു പേരുള്ള ഒരു നൈജീരിയ സ്വദേശി ആയിരുന്നു. ധുരു ഇടക്കിടക്കു മുറിയിൽ വരാറുണ്ടായിരുന്നു. മൂർത്തി ഇടക്കിടക്ക് ശ്ലോകങ്ങൾ ചൊല്ലൂമായിരുന്നു.ക്രിസ്തുമത വിശ്വാസിയായ ധുരു അദ്ദേഹത്തിന്റെ വക ഇംഗ്ലീഷ് പ്രാർത്ഥനയും. അദ്ദേഹത്തോട് ചോദിച്ചാൽ പറയും ആ ഇംഗ്ലീഷ് പ്രാർത്ഥന പ്രേതത്തെ അകറ്റാൻ ആണന്നു.

ഇങ്ങനെ നല്ല ആൾക്കാരെ കിട്ടിയ സന്തോഷം തീരുന്നതിനു മുൻപേ റാഗിംഗിനായി ഞങ്ങളെ കൊണ്ടുപോയി .കുറച്ചു ദിവസം റാഗിങ്ങ് തുടർന്നു. നല്ലവരായ മൂർത്തിയും ധുരുവും എന്നെ ആശ്വസിപ്പിച്ചു , ധൈര്യം തന്നു.
ഇടക്കിടെ എഴുപത്തി എട്ടാം നമ്പർ മുറിയിലേക് ഞാൻ നോക്കും. ചെറിയൊരു താഴുകൊണ്ട് എപ്പോഴും ആ മുറി പൂട്ടിയിട്ടിരിക്കുന്നു. ഇതു ആരുടെ മുറിയാണ ന്നറിയാണുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു.

ഞങ്ങളുടെ റാഗിങ്ങ് കഴിഞ്ഞു . അവിടത്തെ കീഴ്വഴക്കം അനുസരിച്ചു ‘സീനിയേഴ്സിന് പാർട്ടി ‘ കൊടുത്തതോടെ റാഗിങ്ങ് ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ടു അവർ ഞങ്ങളുടെ കൂട്ടുകാരായി. അങ്ങനെയിരിക്കെ എഴുപത്തി എട്ടാം നമ്പർ മുറിയെക്കുറിച്ചു ഞാൻ അവരോടു ചോദിച്ചു. അവരിൽ ഒരുവൻ ‘ നീ അവിടെങ്ങും പോകല്ലേ ചെറുക്കാ. ഒരുത്തൻ അതിൽ തൂങ്ങിമരിച്ചിട്ടു രണ്ടു വർഷം പോലും ആയിട്ടില്ല.’ ബാക്കിയുള്ളവരുടെ വക കുറെ പ്രേതകഥകളും. ഞാൻ അവിടെത്തന്നെ അവരുടെ കൂടെ ഇരുന്നു. മുറിയിൽ പോകാനുള്ള പേടി കാരണം. പിന്നെ ധെെര്യം സംഭരിച്ചു മുറിയിലേക്ക് പോയി.പോകുന്ന വഴിയിൽ ആ മുറിയും ചെറിയ പണ്ടെന്നോ ഇട്ട താഴും. താഴ് ചെറുതായി ഒന്നനങ്ങിയതുപോലെ തോന്നി. തോന്നലായിരിക്കണെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മുറിയിൽ കയറി കതകടച്ചു. കതകിൽ ആരോ കൊട്ടി. പേടിച്ചു പേടിച്ചു തുറന്നു. ആശ്വാസം, മൂർത്തിയായിരുന്നു. സന്തോഷം അധികം നീണ്ടുനിന്നില്ല. വെള്ളിയാഴ്ച ആയതുകൊണ്ട് അദ്ദേഹം വീട്ടിലേക്കു പോകുന്നു.

എന്റെ ധമനികളിൽ പേടി എന്ന വികാരം ചോരയിൽ ലയിച്ചുകൊണ്ട് ഒഴുകുന്നുവോ?
അതുതാങ്ങാൻ ഉള്ള ശക്തി എന്റെ ഹൃദയത്തിനു നഷ്ടപ്പെടുന്നുവോ? അറിയില്ല. ഞാൻ അമ്പരന്നു പോയി. ശരീരം നിശ്ചലം ആകുന്നതുപോലെ. ധൈര്യം വീണ്ടെടുത്തു. രണ്ടും കല്പിച്ചു. തലയിണയും മെത്തയും കൊണ്ടുവന്നിട്ടിലായിരുന്നതുകൊണ്ട് ബെഡ് ഷീറ്റ് വിരിച്ചു തട്ടിക്കട്ടിലിൽ കിടന്നു. തലയിണക്കു പകരം കൈ തലക്കിഴിൽ വച്ചു്. ഉറക്കം വരുന്നില്ല. കണ്ണു തുറന്നാൽ മുകളിലെ ഫാനിൽ തുങ്ങിനിൽക്കുന്ന ഒരു മനുഷ്യ ശരീരം. കാലുകൾ മുന്നോട്ടും പുറകോട്ടും ആടുന്നു. കാലിന്റെ പെരുവിരളിൽ നീണ്ട നഖം. പുറകിലേക്ക് നീണ്ട നാവു പല്ലുകൊണ്ടു കടിച്ചിരുന്നു. ഉടുത്തിരുന്ന ലുങ്കി താഴെ കിടക്കുന്നു. എങ്ങനെയോ ഞാൻ ഉറങ്ങി. ഉറക്കത്തിലും ആ രൂപം. കയർ താഴേക്ക് അഴിഞ്ഞു ഇറങ്ങുന്നു. ആൾ രൂപം എന്റെ കഴുത്തിൽ മുറുകെ പിടിച്ചു. ഞാൻ അലറി വിളിച്ചുകൊണ്ടുനർന്നു. ഉണർന്നിട്ടും പിടി വിടുന്നില്ല. ഞാൻ വീണ്ടും വീണ്ടും അലറി വിളിച്ചു. ഉണർന്നെന്നു വീണ്ടും ഉറപ്പുവരുത്തി. വിടാത്ത പിടി കഴുത്തിൽ. തലയിൽ വച്ച് രക്തയോട്ടം നിലച്ചു മരവിച്ച എന്റെ ഇടതു കൈ കഴുത്തിൽ നിന്ന് മാറുന്നതുവരെ ഞാൻ നിലവിളി തുടർന്നു.

Leave a Reply

%d bloggers like this: