Scary Night Ghost Story | Real Childhood Fear
Malayalam Ghost Stories – മദ്രസയിൽ പഠിക്കുന്ന കാലത്ത് എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു; അവൻ എന്റെ അയൽക്കാരൻ കൂടിയായിരുന്നു. മദ്രസയിലെ വികൃതികളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരായിരുന്നു ഞങ്ങൾ രണ്ടുപേരും. ഞങ്ങളുടെ ഭാഗത്തേക്ക് വീട്ടിലേക്ക് പോകാൻ പത്തോളം കുട്ടികളുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരും ലീവായി. ഞങ്ങളുടെ ഭാഗത്തേക്ക് ഞങ്ങൾ രണ്ടുപേർ മാത്രം, വേറെ ആരുമില്ല.
നല്ല മഴക്കാറുള്ള രാത്രിയായിരുന്നു; നല്ല ഇരുട്ടും. ഞങ്ങൾ മദ്രസയിലേക്ക് പോകുമ്പോൾ ടോർച്ച് കൊണ്ടുപോകില്ല, പകരം ചൂട്ട് കത്തിച്ചാണ് യാത്ര. ചൂട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലി അതിന്റെ തീപ്പൊരി പാറിച്ചുകൊണ്ടാണ് നടക്കുക.
അങ്ങനെ ഞങ്ങൾ രണ്ടാളും ഒരു ഐഡിയ ഉണ്ടാക്കി: “നമുക്ക് ഉസ്താദിനെ പറ്റിച്ചു വീട്ടിൽ പോകാം.” പക്ഷേ എന്ത് പറഞ്ഞു പോകും? മനസ്സിൽ ലഡ്ഡു പൊട്ടി—ഒരു നുണ പറഞ്ഞാലോ? “ഇന്ന് നമ്മുടെ ഭാഗത്തേക്ക് വേറെ ആരുമില്ല. നേരം വൈകിയാൽ ഞങ്ങൾക്ക് പേടിയാകും, അതുകൊണ്ട് ഇന്ന് നേരത്തെ പോകണം” എന്നങ്ങു പറഞ്ഞു. പാവം ഉസ്താദ്: “മക്കൾ പൊയ്ക്കോ, പേടിയാവണ്ട, വേഗം പൊയ്ക്കോള്ളൂ.”
ഉസ്താദിനെ പറ്റിച്ച സന്തോഷത്തോടെ അങ്ങനെ പോരുന്ന വഴി വിജനമായ ഒരു ശ്മശാനത്തിന്റെ (ശവപ്പറമ്പിന്റെ) അടുത്തുകൂടിയായിരുന്നു. അവിടെ എത്തിയപ്പോൾ, ശവപ്പറമ്പിന്റെ തൊട്ടടുത്ത് ഒരാളുടെ ഉയരത്തിലുള്ള ഒരു പറമ്പുണ്ട്. അവിടെ എത്തിയപ്പോൾ എന്റെ കൂട്ടുകാരൻ പെട്ടെന്ന് നിന്നു. എന്നോട് പറഞ്ഞു: “എടാ നോക്കെടാ, വഴിയിൽ ആന! പ്രേതമാകും. നമ്മൾ ഇപ്പോഴല്ലേ ഇതിലെ പോയത്, അപ്പോൾ ഇവിടെ ആനയില്ലായിരുന്നല്ലോ.”
ഞാൻ പറഞ്ഞു: “നോക്കട്ടെ, ചൂട്ട് മുന്നിലേക്ക് പിടിക്ക്, കാണാം.” അപ്പോൾ ഞാനും കണ്ടു—ഒരു വലിയ ആന ഇങ്ങനെ നിൽക്കുന്നു! ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി; തുമ്പിക്കൈ ആട്ടുന്നുണ്ട്.
അവൻ പറഞ്ഞു: “നമുക്ക് തിരിഞ്ഞു മദ്രസയിലേക്ക് ഓടിയാലോ?”“ഹേയ്, അത് വേണ്ട. നമ്മളെ അവർ ഭീരുക്കൾ എന്ന് വിളിക്കും. നമുക്ക് മുന്നോട്ട് ഓടാം. ആനയ്ക്ക് നമ്മളെ പിടിക്കാൻ എത്തില്ല. നമുക്ക് ഈ ഓരം ചേർന്ന് ഓടാം.”
ഹോ, പിന്നെ ഒരു ഓട്ടമായിരുന്നു! ഒരു കുന്നിൻ പ്രദേശമായിരുന്നു ആ സ്ഥലം. എങ്ങനെ ഓടിക്കയറി എന്ന് ഓർമ്മയില്ല. ഈ ഓട്ടത്തിനിടയിൽ തമ്മിൽ വേർപിരിയാതിരിക്കാൻ എന്റെ തുണിയുടെ തല അവന്റെ കയ്യിലും അവന്റെ തുണിയുടെ തല എന്റെ കയ്യിലും പിടിച്ചാണ് ഓടിയത്.
വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ഭയന്നു. ഈ സമയത്ത് മദ്രസയിലേക്ക് പോയ ഞങ്ങൾ ഓടിക്കിതച്ചു വരുന്നത് കണ്ട് ഉപ്പ മുറ്റത്തേക്ക് ഇറങ്ങി: “എന്തിനാ നിങ്ങൾ ഓടിയത്?”
പറയാൻ ഞങ്ങൾക്ക് വാക്കുകൾ കിട്ടുന്നില്ല; തൊണ്ടയിൽ ഉമിനീർ പോലും വറ്റിയിരുന്നു. വെള്ളം കുടിച്ചപ്പോൾ സംസാരിക്കാൻ കഴിഞ്ഞു. ഒരുവിധം പറഞ്ഞു ഒപ്പിച്ചു: “ശവപ്പറമ്പിൽ ആന നിൽക്കുന്നു, പ്രേതം ആണെന്ന് തോന്നുന്നു.”
ഉപ്പയും ഉമ്മയും ആശ്വസിപ്പിച്ചു: “അവിടെ ആന വരില്ല, എവിടുന്നാ അവിടെ ആന വരുക?” അപ്പോൾ ഞങ്ങൾ രണ്ടാളും ഉറപ്പിച്ചു: അത് പ്രേതം തന്നെയാണ്!
അങ്ങനെ ഉപ്പ ടോർച്ചും കൊണ്ട് ഞങ്ങൾ പറഞ്ഞ അടയാളം തിരഞ്ഞുപോയി. ചെന്നു നോക്കുമ്പോഴാണ് സത്യം അറിയുന്നത്. എന്റെ വേറൊരു കൂട്ടുകാരനാണ് രാജീവ്; അവർക്ക് കൃഷിപ്പണിയും കന്നുകാലികളുമൊക്കെയുണ്ട്. അവന്റെ ഏട്ടൻ വയലിൽ നിന്നും വന്നപ്പോൾ വൈക്കോൽക്കറ്റ കൊണ്ടുവന്ന് ആ ഉയരമുള്ള ഭാഗത്ത് വെച്ച്, പീടികയിലോട്ട് എന്തോ വാങ്ങാൻ പോയതാണ്. തിരികെ വരുമ്പോൾ എടുക്കാൻ പാകത്തിൽ വെച്ചുപോയ വൈക്കോൽക്കറ്റയിലെ തൂങ്ങിനിൽക്കുന്ന അല്പം വൈക്കോലാണ് ഞങ്ങൾക്ക് തുമ്പിക്കൈ ആയി തോന്നിയത്!
ഉപ്പ വീട്ടിൽ വന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു: “എടാ, അത് വൈക്കോൽക്കറ്റ ആണെടാ, പ്രേതമോ ആനയോ അല്ല. ഇനി ഒരിക്കലും ഊഹാപോഹം വെച്ചു ചിന്തിക്കരുത്.”
പിന്നെ ചിരിയായി. ഞാൻ അകത്തേക്ക് വലിഞ്ഞു; കൂട്ടുകാരൻ പോയില്ല, അവന് പേടിയായി. ഉപ്പ വിളിച്ചു: “ഇവിടെ വാടാ, ഇവനെ കൊണ്ടുപോയി വീട്ടിലാക്ക്. ടോർച്ചും കൊണ്ടുപോയാൽ മതി, പേടിത്തൊണ്ടൻമാർ.” അങ്ങനെ ചിരിച്ചുചിരിച്ച് അവനെ വീട്ടിൽ കൊണ്ടുപോയി ആക്കി.
പിറ്റേ ദിവസം രാവിലെ മുതൽ തുടങ്ങി രണ്ടാൾക്കും പനി—പനിയെന്നു പറഞ്ഞാൽ ഒടുക്കത്തെ പനി! (നുണ പറയരുത് എന്ന് ഞങ്ങളെ പഠിപ്പിച്ച ഗുരുനാഥനെ അന്ന് ഞങ്ങൾ നുണ പറഞ്ഞു പറ്റിച്ചതിന്റെ ശിക്ഷയാവാം അത്. ഒരിക്കലും ഗുരുനാഥന്മാരെയും മാതാപിതാക്കളെയും വയസ്സിനു മൂത്തവരെയും ധിക്കരിക്കരുത്, വലിയ ദോഷം ചെയ്യും.)
ഉപ്പയുടെയും ഉമ്മയുടെയും ഉപദേശവും ഒരു ജീവികളെയും പേടിക്കരുത് എന്ന താക്കീതും കിട്ടിയപ്പോൾ അന്നുതൊട്ട് പിന്നെ പേടി തോന്നിയിട്ടില്ല, ഏത് പള്ളിക്കാട്ടിൽ പോകാനും. പ്രേതവും ജിന്നും ഒക്കെ ഉള്ള കാര്യം തന്നെയാണ്, അതിനെ നമ്മൾ പേടിക്കേണ്ട. അതും ദൈവത്തിന്റെ സൃഷ്ടികൾ തന്നെയാണ്. ഭയം അത് മനസ്സിൽ ഉണ്ടാക്കുന്ന തോന്നലുകൾ കൊണ്ടാണ് നമുക്ക് എല്ലാത്തിനെയും പേടി തോന്നുന്നത്. അതുകൊണ്ട് ഇനി എന്റെ മക്കൾ പേടി കൂടെ കൊണ്ടുനടക്കരുത്. ഇങ്ങനെയുള്ള സന്ദർഭം മക്കൾക്ക് ഉണ്ടായാൽ നിങ്ങൾ അതിനെ എങ്ങനെ നേരിടണം എന്നുള്ള ചിന്തയാണ് മനസ്സിൽ കൊണ്ടുവരേണ്ടത്, അല്ലാതെ പേടിച്ചു ഓടുന്ന ചിന്ത ഒരിക്കലും മനസ്സിൽ കടക്കാൻ അനുവദിക്കരുത്—അങ്ങനെ ഒരു നീണ്ട ക്ലാസ്സ് തന്നെ നടന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഈ കഥ രാജീവിനോട് പറഞ്ഞു; ഞങ്ങൾ തമാശയിൽ അവനെ രണ്ടു പൊട്ടിക്കുകയും ചെയ്തു. അവൻ ചിരിച്ചുചിരിച്ച് ഇരുന്നുപോയി!
Scary Night Walk: Ghost Elephant Mistake in Kerala
Malayalam Ghost Stories – Step into a tense, real-life childhood memory from rural Kerala where a dark, stormy night turns an ordinary walk home into pure terror. Two mischievous madrasa friends trick their ustad to leave early, only to spot a towering figure near a quiet burial ground that looks like a swaying elephant trunk—a ghost in the shadows. Fear takes over as they sprint across hilly ground, clutching each other’s cloth so nobody gets separated, until a flashlight reveals a simple bundle of straw left by Rajeev’s elder brother. Blending folklore, fear, parental lessons, and unforgettable suspense, this story captures how the mind creates monsters in the dark.
Malayalam Ghost Stories, Childhood Fear, Night Walk, Burial Ground, Folklore, Suspense
#MalayalamGhostStories #GhostStories #ScaryStories #Paranormal #HorrorStories #KeralaFolklore #SpookyNight #TrueScaryStory #FearInTheDark #ChildhoodMemories #Supernatural #CreepyTales #MalayalamStories #HauntedNight #Folklore #NightTerror #SuspenseStory #VillageHorror #GhostTales #DarkNight


